LoginRegister

മരണത്തണല്‍

ജലീല്‍ പരവരി

Feed Back

ഈത്തപ്പനയുടെ നാരു മുടഞ്ഞുണ്ടാക്കിയ കട്ടിലില്‍ കുറേ പഴയ തുണിക്കഷ്ണങ്ങള്‍ വലിച്ചിട്ട് അതിന്‍മേല്‍ ചടഞ്ഞിരുന്നു ബസ്മ. തല വെക്കാനുള്ള മുഹദ്ദയിന്‍മേല്‍ ഒരു വയസ്സന്‍ പ്രമാണിയുടെ വായിലെ കൊഴുത്ത ദ്രാവകം വീണയന്ന് മുതല്‍ അതെടുത്തിട്ടേയില്ല. പുകയിലയോ മറ്റേതെങ്കിലും മയക്കു മരുന്നോ ആയിരിക്കണമത്.
അന്നേരമനുഭവപ്പെട്ട പുളിച്ചൊരു മണം! അതോര്‍മ്മ വന്നപ്പോള്‍ കാലു കൊണ്ട് തട്ടി അവളത് കുറച്ചൂടെ ദുരേക്ക് മാറ്റിയിട്ടു.
മാറും കാല്‍മുട്ടും ഒന്നിച്ചു മറയാന്‍ മാത്രം വലിപ്പമെത്താത്ത ഒറ്റത്തുണി മേനിയില്‍ ചുറ്റിയിട്ടു. ഇന്നേത് ഗോത്രത്തലവനാണാവോ കാണാന്‍ വരുന്നത്..? ചിന്തകളുടെ അവ്യക്തമായ ചിത്രങ്ങളില്‍ നരച്ചു തുടങ്ങിയ നിറങ്ങള്‍ വാരിത്തേക്കുമ്പോഴും വരച്ചിട്ടവ ഉറപ്പിച്ചു വെക്കാന്‍ നിലമില്ലാത്ത അവസ്ഥ. ഇടക്ക് തലയുയര്‍ത്തിനില്‍ക്കുന്ന കള്ളിച്ചെടികള്‍ക്കിടയിലൂടെ വെയിലു പെയ്യുന്ന മരുഭൂമി കാണാം. പ്രവാചകന്‍മാരുടെ തിരു വജനങ്ങള്‍ തലമുറകളില്‍ തീര്‍ത്ത ഒത്തിരി ജീവസ്സുറ്റ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ കാറ്റിന് പോലും ഒട്ടും ദയാവായ്പില്ലാത്ത പകലുകള്‍.
അല്ലെങ്കിലും കാറ്റെന്തിനു കുളിരേകണം? ലക്ഷത്തിലധികം ഉദ്ബോധകര്‍ വന്നു പോയ മണ്ണില്‍ കള്ളും പെണ്ണും മയക്കുമരുന്നുമാണല്ലോ ഇപ്പോഴും ജീവിത മാര്‍ഗവും ലക്ഷ്യവും. അടിമത്വത്തിന്‍റെ ഉരഞ്ഞു വൃണപ്പെട്ട ചങ്ങലക്കിലുക്കമാണ് രാപ്പകലു പോലെ മാറി മാറി മുഴങ്ങുന്നതും തെളിയുന്നതും. ചെറിയ പഴുതു കണ്ടെത്തി അതു വഴി ടെന്‍റിനകത്തേക്ക് അടിച്ചു കയറുന്ന ചുടു കാറ്റ് തീര്‍ത്തും അസഹനീയം തന്നെ.
പുറത്ത് മുബ്രാക് (യജമാനന്‍റെ ഒട്ടകം) പൊടിമണലില്‍ കാലിട്ടടിച്ച് മുക്രയിടുന്നു. ആ നീഗ്രോ യുവാവ് (തമീം)അതിന് വെള്ളവും ഗോതമ്പു പുല്ലും കൊടുത്തു കാണില്ല. ഇന്നലെ തനിക്ക് വിലയിടാന്‍ വന്ന റഫൂം ഗോത്രത്തിലെ ഉയരം കുറഞ്ഞ വായ്നാറ്റമുള്ള താടിക്കാരന്‍റെ പക്കലുണ്ടായിരുന്ന ഗാവപ്പാത്രവും കുറച്ച് മുന്തിരിപ്പഴങ്ങളും മറന്നു വെച്ചതിനാല്‍ അവള്‍ക്ക് അത് കൊണ്ട് വിശപ്പകറ്റാന്‍ കഴിഞ്ഞു. മുഴുവന്‍ വിലക്കെടുക്കുന്നവര്‍ക്ക് മാത്രമായി അരക്കെട്ടിലെ ഗോപ്യതക്ക് നിയന്ത്രണമുള്ളതിനാല്‍ മാസത്തില്‍ മുറ തെറ്റാത വരുന്ന രക്തമിപ്പഴും മണലിന് കറുപ്പ്കലര്‍ന്ന ചുവപ്പ് നിറമേകുന്നു എന്നതൊഴിച്ചാല്‍ ബസ്മയുടെ ജീവിതമെന്നത് വൃത്തിഹീനമാക്കപ്പെട്ട ഒരറേബ്യന്‍ തെരുവോരം തന്നെയാണ്. അറബികളും അനറബികളും അഹ്റാബികളും ചവിട്ടി മെതിച്ചിട്ടു പോയ മണലിന് വിലപിക്കാന്‍ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ. കണ്ണെത്തും ദൂരത്തൊന്നും പൊടിക്കാറ്റു കൊണ്ടുവന്നിടുന്ന മണ്‍കൂനകള്‍ക്കിടയില്‍ ജീവല്‍ തുടിപ്പുള്ള ഒന്നും കാണാനില്ല.
ചുടുകാറ്റിന്‍റെ തീക്ഷ്ണതയില്‍ ഇടക്ക് പാകമായ ഈത്തപ്പഴത്തിന്‍റെ നറുമണം കൂട്ടിനെത്തുമെങ്കിലും തന്‍റെ ശരീര വടിവളക്കാന്‍ വരുന്നവരല്ലാതെ മറ്റാരെയുമിവിടെ കണ്ടിട്ടില്ല.
പകലിന്‍റെ ചൂട് വന്ന്യമായി കെട്ടിപ്പിണയുന്നത് വറ്റിവരളുന്ന ഒരു മസ്റയായി (കൃഷിയിടം) തന്‍റെ തൊണ്ടക്കുഴിയെ മാറ്റുമെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി..
ഹേയ് ബസ്മാ.. ലബന്‍ കുടിക്കുന്നോ ?
പുറത്ത് നിന്ന് തമീമിന്‍റെ ചോദ്യം!
മണ്‍കുടത്തില്‍ കുറച്ച് ലബനുമായി തമീം വന്നു നില്‍ക്കുന്നു. തന്നെക്കൂടാതെ യജമാനന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരടിമ. അവനവളെ പൂര്‍ണമായി കാണാനാവില്ല. ടെന്‍റിന്‍റെ ബലമുള്ള താര്‍പായകള്‍ കഴിവതും താഴ്ത്തിക്കെട്ടി അവളെ ചുറ്റുപാടുകളില്‍ നിന്നും മറക്കപ്പെട്ടവളാക്കാന്‍ യജമാനന്‍ കഴിവതും ശ്രമിക്കുന്നുണ്ട്. പായകള്‍ക്കിടയിലെ വിടവിലൂടെ അവനാ ലബന്‍ ബസ്മക്ക് നല്‍കി. മണ്‍പാത്രം കൈമാറുമ്പോള്‍ അവളുടെ കൈത്തടത്തില്‍ അവനല്‍പ്പനേരം തന്‍റെ പരുത്ത വിരലുകള്‍ ചേര്‍ത്തു വെച്ചു. അവള്‍ കൈ വലിച്ചെടുത്ത് പിന്‍വാങ്ങിയില്ല. കണ്ടു പരിചയിച്ച കാമത്തിന്‍റെ ഈര്‍ഷ്യതക്കിടെ ഒരു സ്നേഹത്തലോടല്‍ അത്രയേ തോന്നിയുള്ളു അവള്‍ക്ക്.
മുബ്രാക് മുക്രയിട്ടു കൊണ്ട് മണലില്‍ ചുറ്റിത്തിരിഞ്ഞു, പൊടിപടലം മേലേക്കുയര്‍ന്നു. സ്നേഹത്തോടെയുള്ള സ്പര്‍ശനം അടിമകളാക്കപ്പെട്ടവരുടെ മനസുകളില്‍ ജീവിതമെന്ന കറുത്ത സ്വപ്നത്തിന്‍ മീതെ ഒരു വെള്ളിരേഖ വരച്ചിട്ടു.
ഒട്ടകവെപ്രാളത്തില്‍ പറന്നു വന്ന മണ്‍ക്കാറ്റില്‍ അവര്‍ സ്വയമുണര്‍ന്നു. പൊടിപടലമുയര്‍ത്തി ഒരു സംഘം ിലേക്ക് കുതിച്ചു വരുന്നുണ്ടായിരുന്നു ,
ഏയ് ബസ്മാ ഉള്ളിലേക്കു പോ.. കുറേ പേര്‍ ഇങ്ങോട്ടു വരുന്നു, ആരാണെന്നറിയില്ല... കുറച്ചകലെ മറഞ്ഞിരുന്ന തമീം തെല്ല് ഭയത്തോടെ അവരെ വീക്ഷിച്ചു. എല്ലാവരും ചെറുപ്പക്കാര്‍ - ആഢ്യതയുടെ ലക്ഷണങ്ങളുണ്ടെങ്കിലും ഏതോ ലഹരിയുടെ പിരിമുറുക്കത്തിലാണെന്നത് അവരുടെ ചലനങ്ങളില്‍ നിന്നും അവന്‍ മനസിലാക്കി.
ആരോ പറഞ്ഞു കൊടുത്ത പോലെ അവര്‍ ബസ്മയുടെ കിടപ്പുമുറിക്കു നേരെ നടന്നു. ഭദ്രമായി പൂട്ടിയിട്ട വാതില്‍ തെല്ലിട കൊണ്ടവര്‍ തുറന്നു.
താന്‍ പോലും തന്‍റെതല്ലാത്ത ഒരടിമയുടെ പരിമിതിയുടെ അറ്റം തമീമിനെ വിഹ്വലനാക്കി. അങ്ങോട്ട് ചെന്നാല്‍ നിലവിളിക്കാന്‍ പോലുമാകാതെ മരിക്കേണ്ടി വരും. പാതിമനസിലെ ഒരു ധൈര്യത്തില്‍ അവന്‍ പുറത്തിറങ്ങി. കയ്യിലൊരു ഇരുമ്പ് ദണ്ഢു മുണ്ടായിരുന്നു.
കിഴക്ക് ഖൊഹ്മാന്‍ താഴ് വരയിലൂടെ ഒരാള്‍ കുതിരപ്പുറത്ത് അതിവേഗത്തില്‍ അവിടേക്ക് വന്നു, സമാധാനം. യജമാനന്‍ വന്നു..
അദ്ദേഹം തമീമിനെ നോക്കി കനത്തിലൊന്നു മൂളി.. ഊം..?
ആരൊക്കെയോ വന്നു..! ദാ അവിടെ..!
മുഴുമിപ്പിക്കും മുന്നെ മറുപടി വന്നു.
ഉം പോ ദൂരെ ! ഞാന്‍ പറഞ്ഞിട്ട് വന്നവരാ അവര്‍.
സംസാരം കേട്ട് പുറത്തുവന്ന യുവാക്കള്‍ അയാളുടെ തലയില്‍ ഉമ്മ വെച്ച് ബഹുമാനം പ്രകടിപ്പിച്ചു. കൂട്ടത്തില്‍ നേതാവെന്ന് തോന്നിപ്പിച്ച, മുടി പിരടിക്കു താഴെ വരെ നീട്ടിയ ഒരാജാനബാഹു മൂന്ന് കെട്ട് പണം കയ്യിലിട്ടു കൊടുത്തു.
'ചോദിച്ചതിലും കൂടുതലുണ്ട്. ഇനിയിവള്‍ ഞങ്ങളുടേതാണ്.' പണക്കിഴി നെഞ്ചോടു ചേര്‍ത്തു കുറച്ചപ്പുറത്തേക്ക് മാറി ഏതോ ഇഷ്ട ദൈവത്തിന് നന്ദി പറഞ്ഞു, അയാള്‍ ഒരു കുടവുമായി അവര്‍ക്കടുത്തേക്ക് വന്നു. നുരഞ്ഞു പൊന്തുന്ന മുന്തിരിക്കള്ള് കോപ്പകളില്‍ നിറച്ചു വെച്ചു. ആസ്വാദനത്തെ ജീവിത്തിന്‍റെ സകല വശങ്ങളുടേയും അവസാനവാക്കായ് കണ്ടവര്‍ വലിച്ചു കുടിച്ചു. ശബ്ദ കോലാഹലങ്ങള്‍ നിലച്ചതു കണ്ട തമീം പതുക്കെ വന്നു നോക്കി. ലഹരിയുടെ പിടിയിലമര്‍ന്ന് അന്തമില്ലാതെ കിടക്കുകയാണ് എല്ലാവരും. ഒരു ഞരക്കം കേട്ടപ്പോഴാണ് തമീം ബസ്മയുടെ കാര്യമോര്‍ത്തത് അങ്ങോട്ടടുക്കാന്‍ ധൈര്യമില്ല. യജമാനന്‍ കണ്ടാല്‍..? അവന്‍ എല്ലാവരെയും മാറിമാറി നോക്കി. മരിച്ച പോലെ ഉറക്കമാണ്. മദ്യത്തിനെന്തോ പാകക്കേടു വന്നിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങിനെ തലക്കു പിടിക്കില്ല.
വീണ്ടുമൊരു ശ്വാസമെടുക്കലിന്‍റെ ദീന ശബ്ദം. അവന്‍ പതുക്കെ ബസ്മയുടെ അടുത്തേക്കു ചെന്നു. നിലത്ത് മലര്‍ന്നു കിടക്കുകയാണവള്‍, ഒന്നെഴുനേല്‍ക്കാന്‍ പോലുമാവാതെ. അടിമസ്ത്രീ എന്ന അബലാലങ്കാരത്തിന്‍റെ സൂചിത്തുമ്പോളമെത്തിയ പിടച്ചില്‍, അത് മറ്റൊരു അടിമ മനസിനെ വല്ലാതെ അലോസരപ്പെടുത്തി. പതുക്കെ പിടിച്ച് കട്ടിലിന്‍റെ കാലില്‍ ചാരിയിരുത്തി. അവന്‍റെ കണ്ണുളിലേക്ക് ദയനീയമായി നോക്കിക്കൊണ്ട് പാതി മുറിയുന്ന വാക്കുകളില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.
'തമീം. ഇവരെന്നെ വിലക്ക് വാങ്ങിയതാണ്.. കുറഞ്ഞ സമയം കൊണ്ട് എന്‍റെ പാതി ജീവനെടുത്തു. ഇനി ഞാനവരുടെ അടിമയാണ്.'
ചുറ്റുപാടും ഒന്നു കൂടെ കണ്ണോടിച്ച് തമീം അവളെ താങ്ങിയെഴുന്നേല്‍പ്പിച്ച് പുറത്തേക്ക് നടന്നു. ആരും ഉണര്‍ന്നിട്ടില്ല ഒരു നാഴിക നേരത്തേക്ക് ആരും പൊങ്ങാനിടയില്ല. തന്‍റെ മേല്‍മുണ്ടെടുത്ത് അവളെ പുതപ്പിച്ചു.
നേരമിരുട്ടാന്‍ കൂടുതല്‍ നേരമില്ലിനി, ഏതു ദിശയിലേക്ക് നടക്കണമെന്നാലോചിക്കവേ പിന്നില്‍ നിന്നും മബ്രൂക്കിന്‍റെ കരച്ചില്‍. അവന്‍ കയര്‍ പൊട്ടിക്കാനുള്ള ശ്രമത്തിലാണ്. ബസ്മയെ വളരെ പണിപ്പെട്ട് ഒട്ടകപ്പുറത്തേക്ക് കയറ്റിയിരുത്തി. അവനും ഇരുന്നു. മബ്രൂക്കിന് ഇഷ്ടമുള്ളിടത്തേക്ക് നടക്കാമായിരുന്നു. രക്ഷപ്പെടുന്ന അടിമകളെ കിട്ടുന്നവര്‍ അവരെ വീണ്ടും അടിമകളാക്കുന്നൊരു കൂരാകൂരിരുട്ടിന്‍റെ കാലഘട്ടത്തില്‍ അവര്‍ക്കൊരു പ്രത്യേക ലക്ഷ്യമോ അഭയ സ്ഥാനമോ ഇല്ലായിരുന്നു.
കുളമ്പുകള്‍ തളരുവോളം മബ്രൂക്ക് നടന്നിട്ടണ്ടാകും. രക്ഷയില്ലാത്ത ആ നാട്ടില്‍ നിന്നും ഒരുപാടകലെ ഒരു കുന്നിന്‍ ചെരുവിലവന്‍ അവരെ ഇറക്കിയിട്ടുണ്ടാകും.
ദൗസാത് ഒട്ടകച്ചന്തയില്‍ കഴിഞ്ഞ ദിവസം ഒരൊട്ടകത്തിനെ ഖഹ്ഥാനി ഗോത്രത്തലവന്‍ മോഹന വിലക്ക് സ്വന്തമാക്കിയത് അവരുടെ ശത്രുക്കള്‍ക്കിടയില്‍ പോലും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടു. "ഉള്‍മരുഭൂമിയില്‍. ഒരു നീഗ്രോ അടിമയുടെ മടിയില്‍ കിടക്കുന്ന സുന്ദരിപ്പെണ്ണ്. വെള്ളവും ആഹാരവും കിട്ടാതെ അവരുടെ ശ്വാസം നിലച്ചിട്ട് മൂന്ന് ദിവസമെങ്കിലും ആയിക്കാണും. കത്തിയാളുന്ന സൂര്യനോട് പടവെട്ടി, ആ രണ്ടടിമകളുടെ റൂഹ് വേര്‍പ്പെട്ട ശരീരങ്ങള്‍ക്ക് തണലായ് ഒരേ നില്‍പ്പായിയിരുന്നത്രെ ഈ ഒട്ടകം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top