പൂനയിലെ ഏണസ്റ്റ് ആന്റ് യങ് എന്ന ആഗോള കോര്‍പറേറ്റ് കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ചത് അമിത ജോലി ഭാഗമുണ്ടാക്കിയ സമ്മര്‍ദത്തിലാണ്. ചാര്‍ട്ടേഡ് അകൗണ്ടന്റായിരുന്നു 27 കാരിയായ അന്ന. ദിവസം 16 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടും അന്നക്ക് ജോലി തീര്‍ക്കാനായില്ലെന്നു മാത്രമല്ല സമ്മര്‍ദത്തിലാവുകയും ചെയ്തുവെന്ന് അന്നയുടെ അമ്മ കമ്പനി മേധാവിക്കയച്ച കത്തില്‍ പറയുന്നു. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് അന്നക്ക് സമ്മര്‍ദം നേരിടേണ്ടി വന്നത്. പകലും രാത്രിയും ഓഫിസില്‍ നിന്ന് വീട്ടിലെത്തിയ ശേഷവും ജോലി തന്നെ. പഠനത്തിലും സ്പോട്സിലും സാമൂഹിക പ്രവര്‍ത്തനത്തിലും മുന്നിലുണ്ടായിരുന്ന അവള്‍ ആഗ്രഹിച്ചു നേടിയ ജോലിയിലെ സമ്മര്‍ദത്തിലാണ് കുഴഞ്ഞുവീണു മരിച്ചത്.
ജോലിസമ്മർദം ആത്മഹത്യ ചെയ്ത ബാങ്ക് മാനേജറാണ് കെ എസ് സ്വപ്ന. കണ്ണൂര്‍ കൂത്തുപറമ്പിലെ കനറാ ബാങ്ക് മാനേജറായിരുന്നു 38 കാരിയായ സ്വപ്ന. ആരും സ്വപ്നം കാണുന്ന സ്ഥാനത്തായിരുന്നു സ്വപ്നയുടെ ജോലി. എന്നിട്ടും മേലുദ്യോഗസ്ഥരുടെ ഇടപെടലും ജോലി സമ്മർദവും കാരണം അവര്‍ ജീവനൊടുക്കി. മേലുദ്യോഗസ്ഥരുടെ പ്രതീക്ഷക്കൊത്ത് തനിക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്ന് എഴുതി വെച്ചാണ് 16ഉം 12ഉം വയസുള്ള കുട്ടികളെ തനിച്ചാക്കി സ്വപ്ന യാത്രയായത്. രണ്ടു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചത്. തൃശൂർക്കാരിയായ സ്വപ്നയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
പത്തനംതിട്ട പെരുമ്പട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ പി സി അനീഷിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞശേഷം ഒന്നാം നിലയിലേക്ക് കയറിപ്പോകുകയായിരുന്നു.
തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരനായ ഗീതു കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് സ്റ്റേഷനിലെ മുകള്‍ നിലയിലാണ്. കൊല്ലം സ്വദേശിയായ ഗീതു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട സമ്മർദമാണ് കണ്ണൂരില്‍ എ ഡി എം നവീന്‍ ബാബുവിന്റെയും ജീവനെടുത്തത്. യാത്രയയപ്പ് ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കിയത്. അഴിമതിക്കാരനായും മോശക്കാരനായും ചിത്രീകരിക്കാനുള്ള ശ്രമമാണ് നവീനുമേല്‍ ഉണ്ടായത്. രണ്ടു പെണ്‍കുട്ടികളെ തനിച്ചാക്കിയാണ് നവീന്‍ബാബു യാത്രയായത്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും ജോലി സമ്മർദവും മൂലം ജീവനൊടുക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. അമിത ജോലി ഭാരം, ആത്മാര്‍ഥമായി ജോലി ചെയ്താലും മേലുദ്യോഗസ്ഥന്റെ ശകാരം, സമയക്രമവുമായോ സഹപ്രവര്‍ത്തകരുമായോ പൊരുത്തപ്പെടാന്‍ കഴിയാതിരിക്കല്‍, പാരവെപ്പ്, ആശയവിനിമയ സൗകര്യമില്ലാതെ വരിക, കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം ലഭിക്കാതിരിക്കുക, സാമ്പത്തിക പ്രശ്നങ്ങള്‍, സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുക, ലിംഗ-ജാതി വിവേചനം, ജോലി നഷ്ടപ്പെടുമെന്ന ഭയം തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സമ്മർദങ്ങള്‍ക്ക് കാരണമാവുന്നു. അവധി നിഷേധിക്കുക, യഥാസമയത്ത് ശമ്പളം നല്‍കാതിരിക്കുക, ജോലിയില്‍ സുരക്ഷിതമല്ലെന്ന് തോന്നിപ്പിക്കുക, ചെയ്യുന്ന ജോലിയെ അംഗീകരിക്കാതിരിക്കുക, വിശ്രമത്തിനും വിനോദത്തിനുമുള്ള സമയം വെട്ടിക്കുറക്കുക, അനാവശ്യമായി കാരണം കാണിക്കൽ നോട്ടീസ് പോലുള്ള ശിക്ഷണനടപടികള്‍ കൈകൊള്ളുക, പ്രമോഷനും ആനുകൂല്യങ്ങളും തടയുക തുടങ്ങി അതീവ ഗുരുതരവും മനുഷ്യത്വരഹിതവുമായ സമീപനങ്ങളാണ് ഇന്ന് തൊഴിലിടങ്ങളില്‍ കാണപ്പെടുന്നത്.
അമിതമാവുന്ന
ചുമതലകള്‍
നിര്‍ബന്ധിത ടാര്‍ഗറ്റുകളും കൂടിയ ജോലിഭാരവും ജോലി സ്ഥലത്തെ അന്തരീക്ഷവും ഒക്കെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായാണ് പഠനങ്ങള്‍. ലോകത്താകെ 264 മില്യണ്‍ ജനങ്ങള്‍ ജോലി സ്ഥലത്തെ മോശം അവസ്ഥകള്‍ കൊണ്ടുള്ള മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍. ഇന്ത്യയില്‍ 70 ശതമാനം ആളുകള്‍ താങ്ങാന്‍ പറ്റാത്ത മാനസിക സമ്മർദങ്ങള്‍ ജോലിസ്ഥലത്തു നിന്ന് അനുഭവിക്കേണ്ടി വരുന്നതായാണ് കണക്ക്. ആഴ്ചയില്‍ ആറ് മുതല്‍ പത്ത് വരെ മണിക്കൂര്‍ ശമ്പളമില്ലാതെ അധിക ജോലി ചെയ്യേണ്ടി വരുന്നവര്‍ 46 ശതമാനമാണ്.
ടാര്‍ഗറ്റ് വെച്ചുള്ള ജോലികള്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദത്തിന്റെ കാലമാണ്. ബാങ്കിങ് മേഖലയിലടക്കം ലോണുകളുടെ തിരിച്ചടവ് വൈകുന്നതും നിക്ഷേപങ്ങള്‍ കുറയുന്നതും പലരുടെയും ജോലി സ്ഥിരതയെത്തന്നെ ബാധിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സമാന സാഹചര്യങ്ങള്‍ കൂടി വരികയാണ്. പുതുതായി ബാങ്കിങ് മേഖലയില്‍ ജോലി തേടി എത്തുന്നവരെ കാത്ത് ടാര്‍ഗറ്റ് മലകള്‍ തന്നെയുണ്ട്. ടാര്‍ഗറ്റ് എത്തിച്ചില്ലെങ്കില്‍ ജോലി പോകും എന്ന് പറഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്നിലുണ്ടാവും.
പൊതുവേ സ്ത്രീകള്‍ക്ക് സുരക്ഷിതമെന്ന് കരുതപ്പെടുന്ന അധ്യാപന മേഖലയും ഇപ്പോള്‍ ടെന്‍ഷനുകളുടെ പട്ടികയിലുണ്ട്. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപികമാരുടെ ജോലി ഭാരം പറഞ്ഞറിയിക്കാനാവാത്ത വിധമാണ്. പണ്ട് അഞ്ച് മണിക്കൂര്‍ ക്ലാസ് എടുത്തിരുന്ന അധ്യാപകര്‍ പലരും എട്ട് മണിക്കൂറിന് മുകളില്‍ ജോലി ചെയ്യണം. പുറമെ ഓണ്‍ലൈന്‍ ക്ലാസുകളും മറ്റു ജോലികളും. അതിനാല്‍ സമയത്തിനനുസരിച്ച് വീട്ടുജോലികളും മറ്റും ക്രമീകരിക്കാനാവാതെ ബുദ്ധിമുട്ടുന്നുണ്ട് ഇവര്‍. മാത്രമല്ല സ്വകാര്യ മേഖലയില്‍ ശമ്പളത്തിലും കുറവ് വന്നിട്ടുണ്ട്. ഏത് നിമിഷവും ജോലി പോകാമെന്ന ഭീഷണിയും.
കൂടുതല്‍ ജോലിയും കുറഞ്ഞ ശമ്പളവുമാണ് മാധ്യമ മേഖലയുടെ പ്രത്യേകത. നിയമവും നീതിയും പ്രഘോഷിക്കുന്ന മാധ്യമ മേഖലയില്‍ തൊഴിലാളികള്‍ക്ക് ദുരിതമാണ്. യാതൊരു തൊഴില്‍ സുരക്ഷയും മേഖലയില്‍ ഇല്ല. കുറഞ്ഞ ശമ്പളമാണ് ഇന്നു പല കമ്പനികളും നല്‍കുന്നത്. സ്ഥിരം നിയമനം ഇല്ലാതെയായി. ശമ്പള വര്‍ധന പേരിനു മാത്രമാണ്. പ്രമോഷന്‍ കിട്ടാക്കനി. മാനേജര്‍മാരുടെ വിളയാട്ടമാണ്. മേലുദ്യോഗസ്ഥരുടെ നെറികേട് കാരണം രാജിവെച്ചുപോകുന്നവരുടെ എണ്ണം അനുദിനം ഇരട്ടിയാണ്. രാത്രിയില്‍ ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാതെ മനുഷ്യത്വ രഹിതമായാണ് പല കമ്പനികളും പെരുമാറുന്നത്. ചാനലുകളിലും സമാന സ്ഥിതിയാണ്. വിശ്രമമില്ലാത്ത ജോലിക്കൊപ്പം മല്‍സര ഓട്ടവും അമിത ജോലിഭാരവുമാണ്. മുകളില്‍ നിന്നുള്ള സമ്മര്‍ദവും നടപടികളും വേറെ.
ഈ ലക്ഷണങ്ങള്‍
ശ്രദ്ധിക്കൂ…
ഇഷ്ടപ്പെടുന്ന ജോലിയായിട്ടും ആത്മവിശ്വാസം കുറഞ്ഞതായി തോന്നല്‍.
ജോലിക്കു പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ആധിയും ദേഷ്യവും.
ഒരു കാരണവുമില്ലാതെ ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും താന്‍ ഒന്നിനും കൊള്ളാത്തവനുമാണെന്ന തോന്നലുകള്‍.
വര്‍ക്ക് സ്ട്രെസ് മൂലം കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിലും സുഹൃദ്ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാവുന്നു.
ജോലി സമ്മർദത്തിന്റെ പേരില്‍ മദ്യം പോലെയുള്ള ലഹരി പദാർഥങ്ങളെ ആശ്രയിക്കാന്‍ തോന്നല്‍.
ജീവിതത്തില്‍ താനൊരു തോല്‍വിയാണെന്ന തോന്നലും ആത്മഹത്യാ ചിന്തകളും.
ഉറക്കക്കുറവ്, ക്ഷീണം, ശാരീരിക അവശതകള്‍, ഓർമക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്.
ജോലി ഉപേക്ഷിക്കാമെന്ന ചിന്ത.
ജോലിയില്‍ നിന്ന് അവധിയെടുക്കാനുള്ള പ്രവണത.
ഇവയൊക്കെ മാനസിക സമ്മര്‍ദത്തിന് അടിപ്പെടുന്നതിന്റെ അടയാളങ്ങളാണ്. ഇത് തുടര്‍ന്നാല്‍ കടുത്ത വിഷാദത്തിലേക്കാണ് എത്തുക. .
തൊഴിൽ സമ്മർദങ്ങൾ മറികടക്കാം
സമ്മർദങ്ങളെ നേരിടാനുള്ള വ്യക്തിയുടെ കഴിവിനെ ആശ്രയിച്ചാണ് അയാളുടെ വിജയവും പരാജയവും. ജീവിതത്തില്‍ പല കാര്യങ്ങളിലും മാനസിക സമ്മർദം പൂര്‍ണമായും ഒഴിവാക്കുക എന്നത് സാധ്യമല്ല. എന്നാല്‍, സമ്മര്‍ദങ്ങളില്‍ പതറിപ്പോകാതെ പിടിച്ചുനില്‍ക്കാനുള്ള കഴിവ് നേടിയെടുക്കുകയാണ് വേണ്ടത്.
മേലുദ്യോഗസ്ഥരുടെ നിലപാടുകളും സഹപ്രവര്‍ത്തകരുമായുള്ള പ്രശ്നങ്ങളും തിരിച്ചറിയുക. ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള ജോലികള്‍ ഏല്‍പിച്ചാല്‍ അതിന് നോ പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അതിനുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്തുക.
കടുത്ത മത്സരബുദ്ധി വേണ്ട.സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ സൗഹൃദം നിലനിര്‍ത്തുക.
മനസ്സിനെ മുറിവേൽപ്പിക്കുന്ന തരം കളിയാക്കലുകളുമായി ഓഫിസ് ബുള്ളികള്‍ എല്ലായിടത്തും ഉണ്ടാവും. നിങ്ങളുടെ സ്വകാര്യ ജീവിതത്തെയോ രൂപത്തെയോ നിങ്ങളുടെ രീതികളേയോ മുതല്‍ നിങ്ങളുടെ പരാജയങ്ങളെ വരെ ഇവര്‍ പരിഹസിക്കും. അത്തരം പരിഹാസങ്ങളെ അവഗണിക്കാം. അമിതമാകുന്നെങ്കില്‍ പരാതിപ്പെടാനും പ്രതികരിക്കാനും അവകാശമുണ്ട്.
കൃത്യമായി ഉറക്കം ശീലമാക്കാം. തണുത്ത വെള്ളത്തില്‍ കുളിക്കുക. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഫ്രീ ആവുക. കുറച്ചു നേരം വെറുതെ ഇരിക്കുകയോ വായിക്കുകയോ വളര്‍ത്തു ജീവികളോടം കുറച്ചു നേരം ചിലവഴിക്കുകയോ ചെയ്യാം.
ദിവസേന അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനോടൊപ്പം ഏകാഗ്രത മെച്ചപ്പെടാന്‍ സഹായിക്കുന്ന ഡോപമിന്റെ അളവ് കൂടും. വൈറ്റമിന്‍ ഡി യുടെ അളവ് രക്തത്തില്‍ കൂടുകയും അതുവഴി ശാരീരിക ക്ഷമതയും ഓര്‍മശക്തിയും രോഗപ്രതിരോധശേഷിയും മെച്ചപ്പെടുകയും ചെയ്യും.
മീ ടൈം കണ്ടെത്താം. ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യാന്‍ അല്‍പനേരം മാറ്റിവെക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അരമണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടൊപ്പം മനസ്സു തുറന്നു സംസാരിക്കാനുള്ള ക്വാളിറ്റി ടൈം കണ്ടെത്തണം.
അമ്മമാരായ ജീവനക്കാര്‍ക്ക് വീട്ടിലുള്ളവര്‍ പിന്തുണയും സഹായവും നല്‍കണം. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ളവ കൂടാന്‍ ജോലി സ്ഥലത്തെ സമ്മർദവും കാരണമാകും. കുഞ്ഞിനെ മറ്റാരെയെങ്കിലും ഏല്‍പിച്ച് ജോലിക്കു പോകേണ്ടി വരുന്ന അമ്മാര്‍ വലിയ കുറ്റബോധത്തിലൂടെ കടന്നുപോകാറുണ്ട്. ഇത്തരം ആളുകള്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പരിഗണനയും ആവശ്യമാണ്.
ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റാതെ നോക്കണം. ജോലി സമ്മർദം വീട്ടിലേക്ക് കൊണ്ടുപോകുന്നവരില്‍ ഉറക്കക്കുറവ് കൂടുതലായിരിക്കും. തൊഴില്‍ സമ്മർദമുള്ളയാള്‍ക്ക് മാനസിക പിന്തുണ കൊടുക്കണം.
തൊഴിലിടങ്ങളിലെ മാനസിക സമ്മർദം ആരെയും വലിപ്പച്ചെറുപ്പമില്ലാതെ ബാധിക്കാം. ഇത്രയൊക്കെ ചെയ്താലും ചില വ്യക്തികള്‍ വിഷാദം പോലെയുള്ള അവസ്ഥകളിലേക്ക് പോകാം. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ തീര്‍ച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക. ആത്മഹത്യയിലേക്ക് തിരിയാതെ മേഖല മാറ്റിപ്പിടിക്കുക.
.
തൊഴിലാളിയെ
പരിഗണിക്കുക
തൊഴിലാളിയുടെയും മുതലാളിയുടെയും ഇടയിലെ വര്‍ഗശത്രുതയല്ല, പരസ്പര സഹകരണമാണ് ഇസ്‌ലാമിലെ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനം. ഇസ്‌ലാം തൊഴിലാളിയെ ഏറെ ആദരവോടെ കാണുന്നു.
‘‘അവര്‍ നിങ്ങളുടെ സേവകന്‍മാര്‍ മാത്രമല്ല, സഹോദരങ്ങള്‍ കൂടിയാണ്. അവരെ അല്ലാഹു നിങ്ങളുടെ അധികാരത്തില്‍ വെച്ചിരിക്കുന്നു. അതിനാല്‍ അങ്ങനെ വല്ലവന്റെയും കീഴില്‍ വേലക്കാരുണ്ടെങ്കില്‍ തന്റെ ആഹാരത്തിലും വസ്ത്രത്തിലും അവനെ പങ്കാളിയാക്കട്ടെ. കഴിയാത്ത ജോലിചെയ്യാന്‍ നിര്‍ബന്ധിക്കാതിരിക്കട്ടെ. പ്രയാസകരമായ ജോലികളില്‍ സഹായിക്കട്ടെ” (ബുഖാരി).
ഇസ്‌ലാം തൊഴിലാളിക്ക് മാന്യമായ കൂലി ഉറപ്പുവരുത്തുന്നു. തൊഴിലാളിയും ഉടമയും തൊഴിലിനെയും കൂലിയെയും സംബന്ധിച്ച് നേരത്തെ തന്നെ കരാറില്‍ എത്തിയിരിക്കണം.ഒരാളെ ജോലിക്കുവിളിച്ചാല്‍ കൂലി അയാളെ അിറിയിക്കണമെന്ന് നബി(സ) ഉണര്‍ത്തി. ഇങ്ങനെ നിശ്ചയിച്ച കൂലിയില്‍ ഏകപക്ഷീയമായി കുറവുവരുത്താന്‍ പാടില്ലെന്നും അദ്ദേഹം താക്കീതുചെയ്തു.
റസൂല്‍ (സ) പറഞ്ഞു: ”പരലോകത്ത് ഞാന്‍ മൂന്നു വിഭാഗങ്ങള്‍ക്കെതിരായിരിക്കും. എതിര്‍കക്ഷിയായവനെ ഞാന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും. എന്നോട് കരാർ ചെയ്തശേഷം ചതിക്കുന്നവന്‍, സ്വതന്ത്രനെ അടിമയാക്കി വിറ്റ് അതിന്റെ വില ഭക്ഷിക്കുന്നവന്‍, ജോലി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് കൂലികൊടുക്കാത്തവന്‍” (ബുഖാരി).
തൊഴിലാളിക്ക് വിയര്‍പ്പുവറ്റുന്നതിന് മുമ്പ് കൂലികൊടുക്കണമെന്നാണ് പ്രവാചകൻ ആവശ്യപ്പെട്ടത് (ഇബ്നുമാജ). ജോലിക്കനുയോജ്യമായതായിരിക്കണം കൂലിയെന്നും അതില്‍ ഒരുതരം വിവേചനവും പാടില്ലെന്നതും തൊഴിലുകളിലോ തൊഴിലളികള്‍ക്കിടയിലോ ഉച്ചനീചത്വങ്ങള്‍ പാടില്ലെന്നതും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന നീതിസംഹിതയുടെ നിര്‍ബന്ധതാത്പര്യമാണ്.
തൊഴിലാളിക്ക് കഴിയുന്ന ജോലിയേ എടുപ്പിക്കാവൂ. അവര്‍ തങ്ങളുടെ ശരീരഭാഗം തന്നെയാണെന്നു മനസ്സിലാക്കി കഠിനജോലികളില്‍ അവരെ സഹായിക്കുകയോ ജോലിയില്‍ സന്ദര്‍ഭാനുസരണം ഇളവനുവദിക്കുകയോ വേണം (മുസ്‌ലിം). ഈ നഷ്ടത്തിന് പകരമായി പരലോകത്ത് അല്ലാഹു നല്കുമെന്നും നബി(സ) പ്രചോദിപ്പിക്കുന്നു (ഇബ്നു ഹിബ്ബാന്‍).
ഇസ്‌ലാം തൊഴിലുടമയുടേതു കൂടിയാണ്. അതിനാല്‍ തന്നെ തൊഴിലാളിക്കുള്ള അവകാശങ്ങള്‍ തെര്യപ്പെടുത്തുന്നതോടൊപ്പം അയാളുടെ ബാധ്യതകളും ഇസ്‌ലാം ഓര്‍മപ്പെടുത്തുന്നു. തൊഴിലാളി ശക്തനും വിശ്വസ്തനുമായിരിക്കണം (28:26). തനിക്കുചെയ്യാന്‍ കഴിയുന്ന ജോലികളേ ഏറ്റെടുക്കാവൂ എന്നും കൃത്യനിര്‍വഹണത്തില്‍ വിശ്വസ്തതപുലര്‍ത്തണമെന്നും ആത്മാര്‍ഥതയോടെ തൊഴില്‍ ചെയ്യണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നു. തൊഴില്‍ അമാനത്താണ്. ഉടമയുമായുണ്ടാക്കിയ കരാര്‍ മറ്റു കരാറുകള്‍ പോലെ അല്ലാഹുവുമായുള്ളതാണ്.
തൊഴിലാളിയുടെ അശ്രദ്ധയില്‍ തൊഴിലുടമക്ക് വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും തൊഴിലാളി നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥനാണെന്ന് നാലു ഖലീഫമാരും വിധിച്ചിരുന്നു. ഇത് സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നായിരുന്നു അലി(റ)വിന്റെ അഭിപ്രായം (ബൈഹഖി).
തൊഴില്‍, തൊഴിലുടമ, തൊഴിലാളി, ഉത്പന്നം എന്നീ മേഖലകളിലെല്ലാം ദൈവിക നിര്‍ദേശങ്ങളേ ആത്യന്തികമായ സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടൂ. ഇതില്‍ ആര്‍ അനീതി കാണിച്ചാലും അത് ദൈവ കാരുണ്യം തടയപ്പെടുന്ന അക്രമമാണ് എന്ന പൊതുതത്വത്തില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ പ്രയോഗവത്കരിക്കപ്പെട്ടത്. അതാണ് എക്കാലവും പ്രായോഗികവും. .