നാടിന് വേണ്ടിവന്നപ്പോഴൊക്കെ ഐതിഹാസികമായ സമരങ്ങള്‍ നടത്തിയവരാണ് മണിപ്പൂരിലെ സ്ത്രീകള്‍. ബ്രിട്ടീഷുകാരുടെ അടിമത്തൊഴിലിനെതിരെ, അനധികൃത ധാന്യക്കടത്തിനെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, ലഹരിക്കെതിരെ, പട്ടാള കരിനിയമങ്ങള്‍ക്കെതിരെയെല്ലാം നെഞ്ചുവിരിച്ച് സമരം ചെയ്തവരാണ് മണിപ്പൂരിലെ സ്ത്രീകള്‍. 1980കളില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ആംഡ്‌ഫോഴ്‌സ് ആക്റ്റ് നിലവില്‍ വന്നത് മണിപ്പൂരിലാണ്. നിരോധിത സംഘടനയുടെ പ്രവര്‍ത്തകയെന്ന് ആരോപിച്ച് അസം റൈഫിള്‍സ് വെടിവെച്ച് കൊന്ന തങ്ജം മനോരമയെന്ന യുവതിയെയും മനോരമക്ക് നീതി തേടി പട്ടാളബാരക്കിനു മുന്നില്‍ വിവസ്ത്രരായി ‘ഞങ്ങളെയും ബലാല്‍സംഗം ചെയ്യൂ’ എന്ന മുദ്രാവക്യം വിളിച്ച് സമരം ചെയ്ത അമ്മമാരുടേയും അഫ്‌സ്പ എന്ന നിയമം എടുത്തുകളയാന്‍ ഒന്നരപതിറ്റാണ്ടിലേറെ നിരാഹാരസമരം നടത്തിയ ഇറോം ശര്‍മിളയുടെയും ഇച്ഛാശക്തിയുള്ള ഓര്‍മകള്‍ മതി മണിപ്പൂര്‍ എന്ന സംസ്ഥാനത്തിന്റ സംഘര്‍ഷങ്ങളുടെയും പോരാട്ടത്തിന്റയും ചരിത്രം മനസ്സിലേക്ക് തെളിഞ്ഞുവരാന്‍.
മണിപ്പൂര്‍ ഇന്നും സംഘര്‍ഷഭരിതമാണ്. ഇത്തവണയും ഇംഫാല്‍ താഴ്‌വരയിലെ ജനങ്ങളും മലയോര ഗോത്രവിഭാഗങ്ങളും നേര്‍ക്കുനേര്‍ നിന്നാണ് പോരാട്ടം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി മണിപ്പൂരിലെത്തിയപ്പോള്‍ ‘ഇന്ത്യയുടെ രത്‌നം’ എന്നാണ് മണിപ്പൂരിനെ വിശേഷിപ്പിച്ചത്. ഒമ്പതുകുന്നുകളാല്‍ ചുറ്റപ്പെട്ട് മധ്യത്തില്‍ ഓവല്‍ ആകൃതിയിലൊരു രത്‌നം പോലെ കിടക്കുന്ന ഇംഫാല്‍ താഴ്‌വര. ചുറ്റിനും പച്ചപ്പരവതാനിവിരിച്ചതുപോലെ കുന്നുകള്‍, തിങ്ങിനിറഞ്ഞ വനം. മണിപ്പൂര്‍ സത്യത്തില്‍ ഇന്ത്യയുടെ രത്‌നമായിരുന്നു. അതാണ് അപ്പോള്‍ രാജ്യത്തിന്റെ ചുടുചോരയായി ചിന്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ സൈന്യത്തോട് മാത്രം പോരാടിയിരുന്ന മണിപ്പൂര്‍ ജനത ഇപ്പോള്‍ മതാടിസ്ഥാനത്തില്‍ പരസ്പരം പോരാടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
മെയ് 3ന് ആള്‍ മണിപ്പൂര്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ മണിപ്പൂരില്‍ ഓഹ്വാനം ചെയ്ത ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതാണ് മണിപ്പൂരിലെ കലാപത്തിന്റെ തുടക്കം. പിന്നെ നാം കണ്ടത് മണിപ്പൂര്‍ നിന്നു കത്തുന്നതാണ്. പെട്ടെന്നു തന്നെ അവിടം ഒരു കലാപഭൂമിയായി.
തങ്ങളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂരിലെ ഹിന്ദുവിഭാഗമായ മെയ്‌തേയ്കളുടെ കാലങ്ങളായുള്ള ആവശ്യത്തെ മണിപ്പൂര്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഏപ്രില്‍ 14ന് ശരിവച്ചതോടെയാണ് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് മണിപ്പൂര്‍ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങള്‍ ശക്തിയുക്തം എതിര്‍ത്തു. അത് മണിപ്പൂരിലെ ഇംഫാല്‍ താഴ്‌വരയില്‍ കഴിയുന്ന മെയ്‌തേയ്കളും മലയില്‍ താമസിക്കുന്ന കുക്കി, നാഗ എന്ന ഗോത്രവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് തിരികൊളുത്തി.
മണിപ്പൂരില്‍ ഏറ്റവും കൂടുതല്‍ വരുന്ന വിഭാഗം മെയ്‌തേയ്കളാണ്. എന്നാല്‍ കുക്കിയെന്നും നാഗയെന്നുമൊക്കെ വിളിക്കപ്പെടുന്ന 34 അറിയപ്പെടുന്ന ഗോത്രവിഭാഗങ്ങളും മണിപ്പൂരിലുണ്ട്. സംസ്ഥാനത്തിന്റെ മധ്യത്തിലുള്ള ഇംഫാല്‍ താഴ്‌വര മണിപ്പൂരിന്റെ മൊത്തം 10 ശതമാനമേ വരൂ. അവിടെയാണ് മെയ്‌തേയ്കളും മെയ്‌തേയ് പംഗലുകളും പ്രധാനമായും അധിവസിക്കുന്നത്. ഭൂമിശാസ്ത്രപരമായി ബാക്കിവരുന്ന മണിപ്പൂരിന്റെ 90 ശതമാനം പ്രദേശവും ഇംഫാല്‍ താഴ്‌വരയെ ചുറ്റിക്കിടക്കുന്ന മലമ്പ്രദേശങ്ങളാണ്. അവിടെയാണ് മണിപ്പൂരിന്റെ ജനസംഖ്യയുടെ 35.4 ശതമാനം വരുന്ന ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്നത്.
17ാം നൂറ്റാണ്ടില്‍ ഹിന്ദുമതം സ്വീകരിച്ച തദ്ദേശീയരാണ് മെയ്‌തേയ്കള്‍. 1949ല്‍ നാട്ടുരാജ്യമായ മണിപ്പൂരിനെ ഇന്ത്യന്‍ യൂനിയനിലേക്ക് ചേര്‍ക്കുന്നതിനുമുമ്പ് മെയ്‌തേയ് വിഭാഗം ഗോത്രവിഭാഗമായിരുന്നെന്നും ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചതോടെ അതിന്റെ ഗോത്രപദവി നഷ്ടപ്പെട്ടുവെന്നുമാണ് മെയ്‌തേയ് വിഭാഗത്തിന്റെ അവകാശവാദം. മെയ്‌തേയില്‍ ഭൂരിഭാഗവും ഹിന്ദു സമുദായക്കാരും ബാക്കി മെയ്‌തേയ് പംഗല്‍ എന്ന അറിയപ്പെടുന്ന മുസ്‌ലിംകളുമാണ്. അതേസമയം ഗോത്രവര്‍ഗക്കാരില്‍ ഭൂരിഭാഗവും ക്രൈസ്തവ സമുദായക്കാരാണ്. കാലങ്ങളായി മണിപ്പൂരിലെ ഗോത്ര പട്ടികയില്‍ കയറാന്‍ കിണഞ്ഞു ശ്രമിക്കുന്നവരാണ് മെയ്‌തേയ്കള്‍.
മെയ്‌തേയ്കളുടെ ഈ ആവശ്യങ്ങളെ കാലങ്ങളായി ഗോത്രവിഭാഗങ്ങളും എതിര്‍ത്തു വരികയാണ്. ജനസംഖ്യയിലും രാഷ്ട്രീയ പ്രാതിനിധ്യത്തിലും മെയ്‌തേയ്കളുടെ സ്വാധീനമാണ് ഒരു കാരണം. സംസ്ഥാനത്തെ ആകെ 60 നിയമസഭാസീറ്റുകളില്‍ 40ഉം മെയ്‌തേയ്കള്‍ക്കിടയിലാണ്. ഉയര്‍ന്ന സമുദായമായ മെയ്‌തേയ്കള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതോടെ തങ്ങളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ആശങ്ക ഗോത്രവിഭാഗങ്ങളെ അലട്ടുന്നുണ്ട്. മെയ്‌തേയ് വിഭാഗത്തെ ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദുവായി കണക്കാക്കി അവരെ പട്ടികജാതിയെന്നും ഒബിസി എന്നും തരംതിരിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗോത്രവിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്.
സംവരണം വഴിയുള്ള ജോലിക്കോ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനോ നികുതി ഇളവിനോ വേണ്ടിയല്ല പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നത് എന്നാണ് മെയ്‌തേകളും പറയുന്നത്. മറിച്ച് ഈ പദവി ലഭിച്ചാല്‍ മാത്രമേ സംരക്ഷിത പദവി ലഭിക്കൂ. അതുവഴി മാത്രമേ തങ്ങളുടെ ഭൂമിയും സംസ്‌ക്കാരവും ജനങ്ങളുടെ സ്വത്വവും നിലനിര്‍ത്താന്‍ സാധിക്കൂ. തങ്ങള്‍ക്ക് മലമ്പ്രദേശങ്ങളില്‍ ഭൂമി വാങ്ങാന്‍ വിലക്കുള്ളപ്പോള്‍ താഴ്‌വരയില്‍ ഭൂമി വാങ്ങാന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് യാതൊരു വിലക്കുമില്ലെന്നാണ് മെയ്‌തേയ്കള്‍ വാദിക്കുന്നത്.
മെയ്‌തേയികള്‍ക്ക് പട്ടിക വര്‍ഗ സംവരണം അനുവദിക്കുന്നതിനെതിരേ മെയ് മൂന്നിന് സമാധാനപൂര്‍ണമായി നടക്കുകയായിരുന്ന സോളിഡാരിറ്റി മാര്‍ച്ചിനിടയിലേക്ക് എവിടെ നിന്നോ 150 ഓളം വരുന്ന അക്രമികള്‍ ഇരച്ചുകയറി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. അതാണ് പിന്നീട് കലാപമായി മാറിയത്. 16 ജില്ലകളില്‍ എട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടുമാസമായി മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവരെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാന്‍ പറ്റാതിരുന്ന ഒരു സമൂഹത്തെ അതും പറഞ്ഞ് ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ തനത് സ്വത്വത്തിലും സംസ്‌കാരത്തിലും വളരെയധികം ഊറ്റം കൊള്ളുന്നവരാണ് മണിപ്പൂരികള്‍. ഇന്ന് അവര്‍ പരസ്പരം പോരാടാന്‍ തുടങ്ങിയെങ്കില്‍ അത് മറ്റൊരു അജണ്ട ആ സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനോട് പറഞ്ഞത് മണിപ്പൂരിന് വേണ്ടി 25 വര്‍ഷത്തെ പദ്ധതിയുമായിട്ടാണ് ഞാന്‍ വരുന്നത് എന്നാണ്. അത്രയും കാലം കാത്തിരിക്കേണ്ടിവന്നില്ല, ബിജെപിയുടെ മണിപ്പൂര്‍ പ്ലാന്‍ പുറത്തുവരാന്‍. രണ്ടുമാസത്തിലേറെയായി മണിപ്പൂര്‍ നിന്നു കത്തുകയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 150 പേര്‍ കൊല്ലപ്പെട്ടു. 250ലേറെ ക്രിസ്തീയ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തീവച്ച് നശിപ്പിക്കപ്പെട്ടു. 40000ത്തോളം പേര്‍ ഭവനരഹിതരായി. നിരവധി പേര്‍ പലായനം ചെയ്തു. വിദേശമാധ്യമങ്ങളെല്ലാം മണിപ്പൂര്‍ കലാപത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ത്യയിലെ ഗോദിമീഡിയ പലപ്പോഴും വാര്‍ത്തകളെ കണ്ടില്ലെന്ന് നടിച്ചു. മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ നിര്‍ത്താന്‍ അമേരിക്ക മുന്‍കൈ എടുക്കാം എന്നുവരെ പ്രസ്താവനയിറക്കി. യൂറോപ്യന്‍ യൂനിയന്‍ മണിപ്പൂര്‍ വിഷയത്തില്‍ ആറു പ്രമേയങ്ങളാണ് പാസാക്കിയത്. ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുകയും ആകുലപ്പെടുകയും നടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുകയായിരുന്നു. കലാപം കൊടുമ്പിരികൊള്ളുമ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു. പിന്നീട് 79 ദിവസങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ അതിക്രമങ്ങളുടെ വീഡിയോ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് പ്രധാനമന്ത്രി മണിപ്പൂരിനുവേണ്ടി ഒരു പ്രസ്താവനയിറക്കിയത്.
മണിപ്പൂരിലെ വംശീയ കലാപത്തിനിടെ കുക്കി വംശജരായ രണ്ടു യുവതികളെ നഗ്‌നരാക്കി മെയ്‌തേയ് അക്രമി ആള്‍ക്കൂട്ടം നടുറോഡിലൂടെ നടത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഞെട്ടലോടെയാണ് ലോകം മുഴുവനും കണ്ടത്. മെയ്‌തേയ് -കുക്കി വിഭാഗങ്ങള്‍ക്കിടിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് അടുത്ത ദിവസമായ മെയ് നാലിനാണ് കാങ്‌പോക്പി ജില്ലയിലെ ബിഫയ്‌നോം ഗ്രാമത്തില് അതിദാരുണമായ ഈ സംഭവം നടന്നത്. ജൂലൈ 19നാണ് വീഡിയോ വൈറലായത്.
പ്രകോപനം വ്യാജവാര്‍ത്ത
മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ചുരാചന്ദ്പൂരില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഒരു യുവതിയുടെ മൃതദേഹവും ഒരു ഒഴിഞ്ഞ സ്യൂട്ട്‌കേസും ലഭിച്ചു എന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ടത് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനിയാണെന്നും ആശുപത്രിക്കകത്ത് വച്ച് കുക്കി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ക്യാപ്ഷനിട്ടായിരുന്നു ഈ വാര്‍ത്ത പ്രചരിപ്പിച്ചത്.
അതേസമയം, 2022 നംവംബറില്‍ ഡല്‍ഹിയില്‍ മാതാപിതാക്കള്‍ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച ആയുഷി ചൗധരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് മണിക്കൂറുകള്‍ക്കകം തന്നെ സ്ഥിരീകരിച്ചു. ചുരാചന്ദ്പൂരില്‍ ഒരു പെണ്‍കുട്ടിയും ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസും തന്റെ മകള്‍ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലായ ഇംപാക്റ്റ് ടിവിയിലൂടെ, കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്ന നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ പിതാവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും വാജവാര്‍ത്ത പടരുകയും കുക്കി വനിതകള്‍ക്കെതിരെ മെയ്‌തേയ് ആള്‍ക്കൂട്ടം മാരകമായ അതിക്രമങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു. കലാപങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അധികം ആരും സംസാരിക്കാറില്ല. കാങ്‌പോക്പി ജില്ലയിലെ മദ്യപിച്ച് ലക്കുകെട്ട 15 വയസ്സുള്ള കൗമാരക്കാരടക്കം വരുന്ന ഒരു സംഘമാണ് കുക്കി യുവതികളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിച്ചത്. കുക്കി പുരുഷന്മാര്‍ ഞങ്ങളുടെ പെണ്‍കുട്ടികളോട് ചെയ്തത് ഞങ്ങള്‍ നിങ്ങളോടും ചെയ്യും എന്ന് ഉറക്കെ അലമുറയിടുകയായിരുന്നു അക്രമാസക്തരായ ജനക്കൂട്ടം.
എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായി പറയാനാവുന്നില്ല. അക്രമികളെല്ലാം മദ്യപിച്ചിരുന്നു. എന്താണ് അവര്‍ ചെയ്യുന്നത് എന്ന് അവര്‍ക്ക് പോലും തിരിച്ചറിയാനാവാത്തവിധം അവര്‍ ലഹരിയിലായിരുന്നു. അക്രമങ്ങള്‍ക്കിരയായ നാല്‍പ്പതുകാരിയായ യുവതിയടക്കം ഒരു സ്ത്രീയും ഇതുവരെയും അക്രമികള്‍ക്കെതിരെ പൊലിസില്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നാണ് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യതത്. ബലാല്‍സംഗം കൊണ്ടുണ്ടാവുന്ന നാണക്കേടും ഹുമിലിയേഷനും സ്റ്റിഗ്മയും നേരിടാന്‍ ഇന്നും ഇന്ത്യന്‍ സ്ത്രീകള്‍ക്കാവുന്നില്ല. ഈ കേസെല്ലൊം ഇവിടെ തന്നെ കുഴിച്ചുമൂടപ്പെടും എന്നാണ് മണിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരും ആശങ്കപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിലും സ്ത്രീകളും കുട്ടികളും എന്നും അധികാരത്തിന്റെ ഇരകളായിത്തീരുന്നത് നാം കണ്ടതാണ്. ബില്‍ക്കീസ് ബാനുവിന് ഇന്നും അര്‍ഹമായ നീതി ലഭിച്ചിട്ടില്ല. ബില്‍ക്കീസ് ബാനുവിന്റെ മൂന്നു വയസ്സുള്ള കുഞ്ഞടക്കം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി, ബാനുവിനെ ബലാല്‍സംഗം ചെയ്ത ഹിന്ദുത്വ അക്രമിസംഘത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് ചെയ്ത് നല്‍കിയതിനനെതിരേ ബില്‍ക്കീസ് ബാനു ഇന്നും കോടതി കയറിയിറങ്ങുകയാണ്.
മണിപ്പൂരില്‍ കുക്കി സ്ത്രീകളെ മെയ്‌തേയ് അക്രമികള്‍ ബലാല്‍സംഗം ചെയ്ത ഏകദേശം ആറു കേസുകളാണ് ദി പ്രിന്റിന് നേരിട്ടറിവുള്ളത്. 18 വയസ്സുള്ള കുക്കി യുവതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലാല്‍സംഘം നടന്നതായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അവരും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല. ഇംഫാലിലെ കാര്‍ വാഷ് കേന്ദ്രത്തില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സുഹൃത്തുക്കളായ രണ്ടു കുക്കി വനിതകളുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരും ഇതുവരെ പരാതി ഫയല്‍ ചെയ്തിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.
”ഞങ്ങളുടെ ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൊലിസ് അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്നു. പൊലിസ് ഞങ്ങളെ അടുത്തുള്ള വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. പിന്നെ ഞങ്ങളെ ഗ്രാമത്തില്‍ നിന്ന് കുറച്ചകലെ മാറി റോഡില്‍ ആള്‍ക്കൂട്ടത്തോടൊപ്പം വിട്ടു. പൊലിസാണ് ഞങ്ങളെ അവര്‍ക്ക് പിടിച്ചുകൊടുത്തത്.” കുക്കിസോമി വിഭാഗത്തിലെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് ലൈംഗികതിക്രമം നടത്തിയ സംഭവം പുറത്തറിഞ്ഞതോടെ ഇരകളില്‍ ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിക്കുകയായിരുന്നു. മണിപ്പൂരിന്റെ അമ്മമാര്‍ എന്നു പറയുന്ന സ്ത്രീകള്‍ തന്നെയാണ് ഞങ്ങളെ മെയ്‌തേയ് അക്രമികള്‍ക്ക് കൊല്ലാനായി കൊടുത്തത് എന്നാണ് ഇരകള്‍ പറയുന്നത്.
മെയ് നാലിന് തന്നെയാണ് ഇംഫാലിലെ കാര്‍ വാഷ് കമ്പനിയില്‍ ജോലിചെയ്തിരുന്ന രണ്ടു കുക്കി യുവതികളെത്തേടി അക്രമികള്‍ വന്നത്. സ്ഥാപനത്തിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന യുവതികള്‍ക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല. രണ്ടു മണിക്കൂറാണ് ഏഴു യുവാക്കള്‍ യുവതികളെ മുറിയില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്. പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു. അവരുടെ മുടിയും ചോരയും ആ മുറിയില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് നിസ്സഹായരായ സഹപ്രവര്‍ത്തകര്‍ പറയുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ തങ്ങളുടെ മക്കളുടെ മൃതദേഹം പോലും ആ മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.
കാങ്‌പോക്പിയില്‍ സ്ത്രീകളെ നഗ്നരായി നടത്തിക്കൊണ്ടുപോകുന്ന വിഷയത്തില്‍ ജൂണ്‍ 12ന് അതായത് 38 ദിവസം മുമ്പ് ദേശീയ വനിതാ കമ്മീഷന് ഒരു പരാതി അയച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ക്ക് ഒരു പ്രതികരണമോ, എക്‌നോളജ്‌മെന്റോ കമ്മീഷനില്‍ നിന്ന് ലഭിച്ചില്ല. വിദേശത്ത് പ്രവര്‍ത്തിക്കുന്ന മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷനിലെ രണ്ടു മണിപ്പൂരി വനിതകളാണ് ദേശീയ വനിതാകമ്മീഷന് പരാതി അയച്ചത്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന നിരവധി അക്രമങ്ങളെക്കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിച്ചിട്ടും ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചില്ലെന്നാണ് ആരോപണം. ഇതുപോലുള്ള നൂറുകണക്കിന് കേസുകളുണ്ടെന്നും അതുകൊണ്ടാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് ഇന്ത്യാടുഡെ ചാനലിനോട് പ്രതികരിക്കവെ വ്യക്തമാക്കിയിരുന്നു.
സുപ്രിംകോടതി ഇടപെടല്‍
സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തില്‍ ജൂലൈ 20ന് സുപ്രിംകോടതി സ്വമേധയാ ഇടപെട്ടു. പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തുവെന്നുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണയെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെയും അഭിസംബോധന ചെയ്ത് ചീഫ് ജസ്റ്റിസ് പറഞ്ഞത്, മനസ്സിനെ വളരെ ആഴത്തില്‍ പിടിച്ചുലക്കുന്ന വീഡിയോ ആണ് മണിപ്പൂരിലെ യുവതികളെ നഗ്നരാക്കി നടത്തിയത് എന്നാണ്. ഞങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടിയെടുക്കേണ്ട സമയമായി. ഭരണഘടനയിലൂന്നിയ ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരിക്കലും അനുവദിക്കാനാവില്ല.
സ്ത്രീകളെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ആയുധമാക്കുന്നത് വളരെയധികം ആശങ്കാജനകമാണ്. മനുഷ്യാവകാശത്തിന്റെയും ഭരണഘടനയുടെയും കൊടിയ ലംഘനമാണിത്. വീഡിയോ മെയ് നാലിലെയാണെങ്കിലും അത് യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് നടപടിയെടുക്കേണ്ടിവരും എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.