LoginRegister

മഹാമാരികള്‍ തിരുനബിയുടെ പാഠങ്ങള്‍

വി എസ് എം

Feed Back

ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരില്‍ സജ്ജനങ്ങളുണ്ട്. നേരെ മറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാല്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവര്‍ തിരിച്ചുവന്നെങ്കിലോ? (അഅ്റാഫ് 168). പരീക്ഷണം ഒരു ദൈവിക ചര്യയാണ്. ഗുണങ്ങള്‍ നല്‍കിയും ദോഷങ്ങളിറക്കിയും അല്ലാഹു പരീക്ഷിക്കും. അവ നന്ദിയോടെയും ക്ഷമയോടെയും അനുഭവിക്കുക എന്നത് മാത്രമാണ് വിശ്വാസിക്ക് സ്വീകാര്യമായിട്ടുള്ളത്. മേല്‍പറഞ്ഞതിലെ 'ദോഷങ്ങളി'ല്‍ പെട്ടതാണ് രോഗങ്ങളും മഹാമാരികളും. ഇവയോടുള്ള ഇസ്ലാമിന്‍റെ നിലപാട് തിരുനബിയുടെയും അനുചരന്മാരുടെയും ജീവിതത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.

ശുചിത്വം
ഒരു മുസ്ലിം അടിസ്ഥാനപരമായി വിശ്വാസിയാണ്. ഏകനും പരമാധികാരിയുമായ അല്ലാഹുവിലായിരിക്കണമല്ലോ അവന്‍ വിശ്വസിക്കേണ്ടത്. ഈ വിശ്വാസം ഹൃദയത്തിലാണ് കുടികൊള്ളേണ്ടതെങ്കിലും അതിന്‍റെ ചില അടയാളങ്ങള്‍ അവന്‍റെ ജീവിതത്തില്‍ പ്രതിഫലിച്ചു കാണുകയും വേണം. ഈമാനി(വിശ്വാസം)ന് എഴുപതിലേറെ ശാഖകളുണ്ടെന്ന തിരുമൊഴി സുവിദിതമാണ്. ലജ്ജ, വഴിതടസ്സം നീക്കല്‍, തിന്‍മ തടയല്‍ ആദിയായവ വിശ്വാസത്തിന്‍റെ അടയാളങ്ങളില്‍ ചിലതാണ്. ഇക്കാര്യം പലപ്പോഴായി പ്രസ്താവിച്ചത് തിരുമൊഴികളില്‍ കാണാം. ഇതില്‍പെട്ട മറ്റൊന്നാണ് ശുചിത്വം. ശുചിത്വം ഈമാനിന്‍റെ പകുതിയാണെന്നു വരെ നബി(സ) പറഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ രണ്ടു തരം അവസ്ഥകളാണ് ആരോഗ്യവും രോഗവും. ഈ രണ്ടവസ്ഥകളിലും എന്താവണം നമ്മുടെ നിലപാട് എന്നത് ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇസ് ലാമിലെ ആരാധനകള്‍ ഓരോന്നും വ്യക്തിയെ വിശുദ്ധനാക്കാനുള്ളതാണ്. മാനസിക വിശുദ്ധിയോടൊപ്പം ശാരീരിക വിശുദ്ധികൂടി ആരാധനകള്‍ വഴി വിശ്വാസി നേടുന്നു. ദിവസം അഞ്ച് നേരം ആവര്‍ത്തിക്കുന്ന നമസ്കാരം തന്നെയാണ് ഇതില്‍ പ്രധാനം. നമസ്കാരത്തിന് അനിവാര്യമായത് ശുദ്ധിയാണ്. ശരീരം, വസ്ത്രം, സ്ഥലം എന്നിവ മാലിന്യ മുക്തമായിരിക്കണം. പ്രഭാത നമസ്കാരത്തിന് മുമ്പ് പല്ലും വായും വൃത്തിയാക്കണം. ഓരോ വുദൂവിന് മുമ്പും വായയും പല്ലിടകളും വൃത്തിയാക്കണം, മൂക്ക് വൃത്തിയാക്കണം തുടങ്ങിയവ പ്രവാചക നിര്‍ദേശങ്ങളാണ്. ശാരീരിക വിശുദ്ധി സ്വയം വരുത്തിയിട്ടേ മാനസിക വിശുദ്ധിക്കായുള്ള ആരാധനകള്‍ക്കൊരുങ്ങാവൂ എന്ന ദൈവിക നിര്‍ദേശത്തില്‍ ഇസ്ലാമിന്‍റെ ആരോഗ്യ വീക്ഷണം അടങ്ങിയിട്ടുണ്ട്. ഇത് മുസ്ലിം സമൂഹത്തിന് മൊത്തം ബാധകവുമാണ്.

രോഗവും പകര്‍ച്ചവ്യാധികളും
ഇങ്ങനെയൊക്കെ ആയാലും രോഗങ്ങള്‍ വരും. രോഗാവസ്ഥയില്‍ വിശ്വാസി നിയന്ത്രണങ്ങള്‍ പാലിച്ചേ പറ്റൂ. അത് വ്യക്തിയുടെ മാത്രമല്ല, കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ആരോഗ്യ സുരക്ഷക്ക് കൂടി അനിവാര്യമാണ്. രോഗത്തിന് ചികിത്സ തേടണം എന്ന് തന്നെയാണ് ഇസ്ലാമിക നിര്‍ദേശം. 'അല്ലാഹു രോഗങ്ങളും മരുന്നും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ രോഗങ്ങള്‍ക്കും ചികിത്സയുമുണ്ട്. അതുകൊണ്ട് നിങ്ങള്‍ ചികിത്സ തേടുക. നിഷിദ്ധമായ ചികിത്സ തേടരുത്.' (അബൂദാവൂദ്). പകര്‍ച്ചവ്യാധിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് രോഗബാധ തടയേണ്ട ബാധ്യത കൂടി രോഗിക്കുണ്ട്. ഈ വിഷയത്തിലുള്ള പ്രവാചക ശാസന തന്നെയാണ് ആധുനിക ലോകവും സ്വീകരിച്ചുവരുന്നത്. 'ഒരു നാട്ടില്‍ പ്ലേഗ് (പകര്‍ച്ച വ്യാധി) ഉണ്ടെന്നറിഞ്ഞാല്‍ അവിടേക്ക് നിങ്ങള്‍ പോകരുത്.നിങ്ങളുടെ നാട്ടിലാണ് ബാധയുണ്ടായതെങ്കില്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്ത് പോവുകയുമരുത്.' (ബുഖാരി ഉദ്ധരിച്ചത്). പകര്‍ച്ച വ്യാധിയുള്ളിടത്ത് നിന്ന് ഓടിപ്പോകുന്നത് ഒരു തരം സ്വാര്‍ഥതയാണ്. സ്വജീവന് മാത്രം വിലകല്പിക്കുന്നവരാണവര്‍. മാത്രമല്ല, ഓടിച്ചെല്ലുന്നിടത്തേക്ക് രോഗാണുവിനെ എത്തിക്കുക എന്ന സാമൂഹിക വിപത്ത് കൂടി അവനുണ്ടാക്കുന്നു. അതുകൊണ്ടാണ് തിരുനബി ഇത് വിലക്കിയത്. ഓടിപ്പോകാതെ ക്ഷമയോടെ അവിടെ കഴിഞ്ഞുകൂടുകയാണ് വേണ്ടത്. മഹാമാരി ബാധിച്ച് അവന്‍ അല്ലാഹുവിന്‍റെ വിധിക്ക് കീഴടങ്ങുന്ന പക്ഷം അവന് രക്തസാക്ഷിയുടെ പദവിയാണ് ദൂതര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. (ബുഖാരി) ഖലീഫ ഉമറിന്‍റെ ഭരണകാലത്ത് ഫലസ്തീനിലെ അംവാസ് എന്ന സ്ഥലത്ത് കോളറ പടര്‍ന്നു പിടിച്ചു. ഇതില്‍ 25,000 ലേറെ പേരാണ് മരിച്ചത്. ജനങ്ങളോട് മലകളിലും താഴ്വരകളിലും പോയി തനിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ അംറുബ്നുല്‍ ആസ്വ് മഹാമാരിയെ പ്രതിരോധിച്ചത്. വിവരമറിഞ്ഞ് അംവാസ് സന്ദര്‍ശിക്കാന്‍ തുനിഞ്ഞ ഖലീഫയെ മേല്‍ തിരുവചനം ഉണര്‍ത്തി അംറ് പിന്തിരിപ്പിച്ചതും കോളറ ബാധിച്ച അംവാസില്‍ നിന്ന് ഓടിപ്പോകാന്‍ വിസമ്മതിച്ച പ്രമുഖ സ്വഹാബി അബൂ ഉബൈദ രോഗം ബാധിച്ച് രക്തസാക്ഷിയായതും ചരിത്രത്തില്‍ കാണാം.

പരിസര ശുചിത്വം
തിരുനബി ഒരിക്കല്‍ അനുചരരെ ഇങ്ങനെ ഉണര്‍ത്തി: അല്ലാഹു വിശുദ്ധനാണ്.അവന്‍ വിശുദ്ധിയെ ഇഷ്ടപ്പെടുന്നു. അല്ലാഹു വൃത്തിയുള്ളവനാണ്, വൃത്തിയെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഔദാര്യമുള്ളവനാണല്ലാഹു, ഉദാരത കാണിക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. ധര്‍മിഷ്ഠനാണവന്‍, ദാനശീലരെ അവന് ഇഷ്ടമാണ്. ആയതിനാല്‍ നിങ്ങളുടെ വീടും പരിസരവും നിങ്ങള്‍ സദാ വെടിപ്പാക്കിവെക്കുക. നിങ്ങള്‍ ജൂതരെപ്പോലെ ആയേക്കരുത്. (തുര്‍മുദി ഉദ്ധരിച്ചത്). സാമൂഹിക ജീവിതത്തില്‍ ഗൗരവത്തോടെ കാണേണ്ടതാണ് പരിസര ശുചിത്വം. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയെന്നതു തന്നെയാണ് ഇസ് ലാമിക മര്യാദ. പൊതുനിരത്ത് വൃത്തിയോടെ സൂക്ഷിക്കേണ്ടത് മതപരമായ ബാധ്യതയാണ്. വഴിയിലെ തടസ്സങ്ങള്‍ നീക്കുന്നത് ഈമാനിന്‍റെ ഭാഗമാണെന്ന് പറഞ്ഞ നബി(സ), വഴിയില്‍ മാലിന്യം തള്ളുന്നത് ശപിക്കപ്പെടേണ്ട കാര്യമാണെന്നും ഉണര്‍ത്തിയിട്ടുണ്ട്. പുഴയുടെ തീരങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും പാതയോരത്തും തണലിടങ്ങളിലും മൂത്രമൊഴിക്കുന്നതും തിരുനബി വിലക്കിയതായി മുആദുബ്നു ജബല്‍ നിവേദനം ചെയ്തിട്ടുണ്ട് (അബൂദാവൂദ്). പാതയോരത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവന്‍റെ മേല്‍ അല്ലാഹുവും അവന്‍റെ മാലാഖമാരും ശാപം ചൊരിഞ്ഞുകൊണ്ടിരിക്കും (ബൈഹഖി) എന്നും ദൂതര്‍ പറഞ്ഞിട്ടുണ്ട്. പ്ലേഗ്, കോളറ, നിപ്പ, കോവിഡ് തുടങ്ങി മഹാമാരികള്‍ പേരുകള്‍ മാറി വന്നുകൊണ്ടേയിരിക്കും. അവയെ പഴിക്കുകയല്ല പ്രതിരോധിക്കുകയും നേരിടുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഒന്നുകില്‍ വിശ്വാസം വിമലമാകും അല്ലെങ്കില്‍ രക്തസാക്ഷിയാവും. ഇത് രണ്ടും സത്യവിശ്വാസിക്ക് ഗുണമാണ്.

categories
categories
കൂടുതൽ പംക്തികൾ
Back to Top