സുമുഖനും അരോഗദൃഢഗാത്രനുമായ യുവാവാണ് സലീല്‍. ഒരുവിധം തട്ടിയൊപ്പിച്ച് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സ്ഥാപനങ്ങളിലായി പല ജോലികളും പരീക്ഷിച്ചുനോക്കി. എന്നാല്‍ ഒരു ജോലിയിലും അധികനാള്‍ ഉറച്ചുനില്ക്കാന് അവന് സാധിക്കില്ല. എന്തെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ജോലി ഉപേക്ഷിക്കും. അതുമല്ലെങ്കില്‍ ജോലിയില്‍ കൃത്യത പാലിക്കാത്തതിന്റെ പേരില്‍ ഉടമസ്ഥര്‍ പിരിച്ചുവിടും. രണ്ടായാലും കുറേ നാള് ജോലിക്കൊന്നും പോവാതെ വീട്ടില്‍ മടിപിടിച്ചിരിക്കും. പിന്നെ ജോലിക്ക് പോവണമെങ്കില്‍ ബന്ധുക്കളോ കൂട്ടുകാരോ നിര്‍ബന്ധിക്കണം. കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷമായെങ്കിലും ഇപ്പോഴും കൃത്യമായി ജോലിക്ക് പോവാത്തതിന്റെ പേരില്‍ വിഷമിക്കുകയാണ് വീട്ടുകാര്‍.
ഭര്‍ത്താവ് ജോലിക്കൊന്നും പോവാതെ വീട്ടില്‍ തന്നെ കുത്തിയിരിക്കുന്നതില് ഭാര്യ ശാമിലക്ക് ഏറെ അസ്വസ്ഥതയുണ്ട്. ജോലിക്ക് പോവുന്നത് മാത്രമല്ല, പുള്ളിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും മടിയാണ് എന്നാണ് അവള് പറയുന്നത്. ഭര്‍ത്താവിന്റെ ഈ പെരുമാറ്റം കൊണ്ട് തനിക്ക് നാണക്കേടുണ്ടാകുന്നതായി അവള് സങ്കടപ്പെടുന്നു.
സലീലിന് ഏത് ജോലി ചെയ്യാനുമുള്ള സാമര്‍ഥ്യമുണ്ടെന്നും ആത്മവിശ്വാസമില്ലായ്മയും അലസതയുമാണ് ഇങ്ങനെ മടിപിടിപ്പിക്കുന്നതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു കുടുംബമൊക്കെ ആയില്ലേ, സാറേ, ഇനി ഇവന്റെ ഈ കുട്ടിക്കളി പറ്റില്ലല്ലോ? ഇവനെ മാറ്റിയെടുക്കാന്‍ എന്താണ് ഒരു മാര്‍ഗം എന്നാണ് അവര്‍ ചോദിക്കുന്നത്.
സുഖവും എളുപ്പവും തേടുന്ന പ്രകൃതമാണ് മനുഷ്യന്റേത്. ശ്രമകരമായ കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് പൊതുവെ ആളുകള്‍ക്ക് ഇഷ്ടം. കഴിവില്ലാത്തതുകൊണ്ടോ അവസരമില്ലാത്തതുകൊണ്ടോ അല്ല പലര്‍ക്കും വിജയിക്കാനാവാത്തത്. പഠനത്തിലും ജോലിയിലും ജീവിതത്തിലുമൊക്കെ പരാജയപ്പെടാന്‍ ആളുകള്‍ക്ക് തടസ്സമാവുന്നത് മടിപിടിച്ച അവരുടെ പ്രകൃതമാണ്. ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ? എല്ലാം ഒന്ന് റെഡിയാക്കണമെന്ന് എപ്പോഴും വിചാരിക്കും. പക്ഷേ, ഒടുക്കത്തെ മടിയാണ്. ഇതു കാരണം ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ പലതും മാറ്റിവെച്ച് മാറ്റിവെച്ച് ഒടുവില്‍ പ്രധാനപ്പെട്ട പലതും ഉപേക്ഷിക്കുന്നവരുമുണ്ട്.
മടിയുടെ സ്വഭാവത്തിലും രീതിയിലുമൊക്കെ വ്യക്തി വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. പഠനം, വായന, എഴുത്ത്, ശ്രദ്ധാപൂര്‍വമുള്ള മറ്റു കാര്യങ്ങള്‍ എന്നിവയില്‍ മാത്രം അലസത കാണിക്കുന്നവരുണ്ട്. ആളുകളുമായി ഇടപഴകുന്നതിലും കൂട്ടായി പ്രവര്‍ത്തിക്കുന്നതിലും ഒഴിഞ്ഞുമാറുന്നവരുമുണ്ട്. അധ്വാനം ആവശ്യമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു ചിലര്‍. അതേസമയം കലാ കായിക വിനോദ മേഖലകളില്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടാവുകയും ചെയ്യും. മറ്റു ചിലരാകട്ടെ പഠിക്കാനും ജോലിക്ക് പരിശ്രമിക്കാനും ആദ്യഘട്ടത്തില്‍ വളരെ ആവേശം കാണിക്കും. എന്നാല്‍ ഏതാനും പരാജയങ്ങള്‍ നേരിടുമ്പോള്‍ ആ പരിപാടി തന്നെ അവസാനിപ്പിച്ച് മടിയുള്ളവരായി കഴിയുകയും ചെയ്യും.
മനുഷ്യന് മടിയനും അലസനുമായി മാറുന്നതിന് കാരണങ്ങള്‍ പലതുണ്ട്. എളുപ്പവും സുഖകരവുമായ അവസ്ഥയില്‍ കഴിയാനാണ് മനസ്സ് കൊതിക്കുക. സ്വന്തമായി സൃഷ്ടിച്ച സുരക്ഷിത വലയത്തിനുള്ളില്‍ (കംഫര്‍ട്ട് സോണ്‍) ഒതുങ്ങിനില്ക്കാന് ഇഷ്ടപ്പെടുന്നതാണ് മടിയുടെ അടിസ്ഥാന കാരണം. ഈ സുരക്ഷിത കേന്ദ്രത്തിനുള്ളില്‍ ചുരുങ്ങിക്കൂടി ഇതാണ് യഥാര്‍ഥ സന്തോഷമെന്ന് ധരിച്ചിരിക്കുകയാണ് പലരും. അവിടെയിരുന്നുകൊണ്ട് അവര്‍ പറയും: എന്താണെന്നറിയില്ല, എനിക്കൊന്നും ചെയ്യാന്‍ തോന്നുന്നില്ല, ഒന്നിനും ഒരു താല്പര്യവുമില്ല. ഭയങ്കര മടി.
വളരാനും വിജയിക്കാനുമുള്ള സാധ്യതകളെ ഇല്ലാതാക്കി സ്വന്തം കഴിവുകള്‍ കുഴിച്ചുമൂടാന്‍ മാത്രമാണ് ഇത്തരം മടി സഹായിക്കുക. സുഖങ്ങള്‍ വെടിഞ്ഞ് സ്വസ്ഥവലയത്തിലെ താല്‍ക്കാലിക സുഖങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെങ്കില്‍ മാത്രമേ നമുക്ക് വിജയം നേടാനാവൂ.
ഒരു പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജം ലഭിക്കുന്നത് തീക്ഷ്ണമായ ആവശ്യം (ശിലേിശെ്ല ിലലറ) ഉണ്ടാകുമ്പോഴാണ്. ആവശ്യബോധത്തിന്റെ അഭാവമാണ് പലര്‍ക്കും ഒന്നും ചെയ്യാന്‍ മനസ്സിലാത്തത്. എന്തുകൊണ്ട് ആളുകള്‍ക്ക് ആവശ്യബോധമില്ലയെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതം: താന്‍ ആരാണ്, ഈ ജീവിതത്തില്‍ തന്റെ ദൗത്യമെന്ത് എന്ന് ഇതുവരെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സ്വന്തത്തെ മനസ്സിലാക്കാന്‍ ആദ്യം വേണ്ടത് സ്വയം അവബോധമാണ് (ലെഹള മംമൃലില)ൈ. നാം എപ്പോഴും മറ്റുള്ളവരെ നിരീക്ഷിക്കാന്‍ തല്പരരാണ്. എന്നാല്‍ സ്വയം നിരീക്ഷിക്കാനും വിലയിരുത്താനും നാം വിസ്മരിക്കുകയും ചെയ്യുന്നു. തന്നെക്കൊണ്ട് ഇതൊന്നും സാധ്യമല്ല എന്ന തോന്നല്‍ കാരണം മടിയന്മാരാവുന്നവരുമുണ്ട്. ഇപ്രകാരം ചിന്തിക്കുന്നവര്‍ തന്നെ ഒന്നിനും കൊള്ളില്ല എന്ന് മനസ്സില്‍ ഉറപ്പിക്കും. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനോ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനോ ഇവര്‍ക്ക് സാധിക്കില്ല. സ്വയം മതിപ്പ് കുറവായതുകൊണ്ടുതന്നെ മറ്റുള്ളവരില്‍ നിന്നുള്ള പരിഹാസവും തിരസ്കാരവും ഇവര്‍ക്ക് അനുഭവപ്പെട്ടിട്ടുമുണ്ടാകും. ഈ രീതിയിലുള്ള പ്രതികൂല അനുഭവങ്ങള്‍ കൂടിയാവുമ്പോള്‍ അവരുടെ അപകര്‍ഷബോധം വര്‍ധിക്കുകയും ചെയ്യും. സലീലിന് സംഭവിച്ചതും അതുതന്നെയായിരുന്നു. തന്റെ കായികമായ പ്രത്യേകതയും ഊര്‍ജസ്വലതയും തിരിച്ചറിയാന്‍ അവന് സാധിച്ചില്ല. താന്‍ പോരാ എന്ന ചിന്ത കാരണം ചെറുപ്പത്തില്‍ സമപ്രായക്കാരോട് കൂട്ടുകൂടാനും കളിക്കാനും മടിയായിരുന്നു. ചെറുപ്പത്തില്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ആളുകളുമായി ഇടപഴകിയപ്പോള്‍ പല അബദ്ധങ്ങളും സംഭവിച്ചു, പലരും കളിയാക്കി. ഒറ്റപ്പടല്‍ അനുഭവപ്പെട്ടു. ഇതോടെ സ്വയം മതിപ്പ് നഷ്ടപ്പെട്ടു. എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്തു.
ഓരോരുത്തര്‍ക്കും ദൈവം നിരവധി അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും മനോഹരമായ രൂപവും ഘടനയുമാണ് മനുഷ്യന് നല്കപ്പെട്ടിട്ടുള്ളത്.
”അവന് (അല്ലാഹു) നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കുകയും ചെയ്തു” (ഖുര്‍ആന്‍ 40:64).
ഒരു സത്യവിശ്വാസിക്ക് അലസനും മടിയനുമായി മാറാന്‍ സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ നിരന്തരം അധ്വാനിക്കാനായി പ്രേരിപ്പിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള അധ്വാനം ശ്രേഷ്ഠകരവും പ്രതിഫലാര്‍ഹവുമായ കാര്യമായാണ് തിരുനബി പഠിപ്പിച്ചത്. മടിയും അലസതയും മനുഷ്യസഹജമെന്ന് മനസ്സിലാക്കിയ റസൂല്‍(സ) സജീവതയ്ക്കും പരിശ്രമത്തിനും ഏറെ പ്രാധാന്യം നല്കി. മനസ്സിനെ മലിനമാക്കുകയും നിര്‍ജീവമാക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് സദാ അല്ലാഹുവിനോട് രക്ഷ തേടി. മനസ്സിന് ശക്തിയേകാനും നമ്മുടെ ഊര്‍ജസ്വലത കെടുത്തുന്ന മടി, അലസത, ദുര്‍ബലത എന്നിവയില്‍ നിന്ന് മോചനം തേടാനും സര്‍വശക്തനില്‍ അഭയം പ്രാപിക്കുക.
”അല്ലാഹുവേ, കഴിവില്ലായ്മ, അലസത, ഭീരുത്വം, ലുബ്ധ് എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷ തേടുന്നു” (മുസ്ലിം).