ജീവന്റെ ജീവന്‍
കവിത
യഥാര്‍ഥത്തില്‍
ഓരോ പെണ്ണും
തന്റെ പുരുഷന്റെ
മുമ്പില്‍
കുട്ടിയായിരിക്കാനാണ്
ആഗ്രഹിക്കുന്നത്.
അവനോട്
ഒരു മൂന്നു വയസ്സുകാരിയെപ്പോലെ
വാശിപിടിക്കാനും
അഞ്ചു വയസ്സുകാരിയെപ്പോലെ
ചിണുങ്ങാനും
ഒമ്പതു വയസ്സുകാരിയെപ്പോലെ
കെറുവിക്കാനുമാണ്.
പോയി വരുമ്പോള്‍ എന്ത്
കൊണ്ടുവരുമെന്നു ചോദിക്കാനും
തിരികെയെത്തിയാല്‍
ഒരു കൗമാരക്കാരിയുടെ
നിഷ്‌കളങ്കതയോടെ
അവന്റെ സഞ്ചിയില്‍ പരതാനുമാണ്.
അവന്‍ പറഞ്ഞു:
”എനിക്ക് മാത്രമേ
ഈ ഭൂലോകത്തെ
മധുരപ്പതിനേഴുകാരിയാക്കി
മാറ്റാനാവൂ…”
അവള്‍ മന്ദഹസിച്ചു:
”നിന്നോട് മാത്രമേ
ഞാന്‍
മധുരപ്പതിനേഴുകാരിയെപ്പോലെ
മിണ്ടാറുമുള്ളൂ!”
യഥാര്‍ഥത്തില്‍
അവന്റെ കുട്ടിയായിരിക്കാനാണ്
അവള്‍ ആഗ്രഹിക്കുന്നത്.
മറ്റുള്ളതെല്ലാം
അയഥാര്‍ഥമാണ്.
.
. പ്രണയപൂര്‍ണയായ പങ്കാളിയില്‍ നിന്ന് മൗനിയായ ഒരുവളായി അവള്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ മനസ്സിലാക്കേണ്ടത് അവള്‍ക്ക് അവളായി ജീവിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് .
. കൊഞ്ചലും പരിഭവവും സങ്കടവും സന്തോഷവും പങ്കുവെക്കാന്‍ എത്തുന്നില്ല എങ്കില്‍ അറിയുക, അവളെ ആഴത്തില്‍ അവന്‍ നിരാകരിച്ചുകൊണ്ടേയിരുന്നിരിക്കണം.
. തന്നിലെ പ്രതിഭയെ അവള്‍ അവഗണിക്കുന്നുണ്ടെങ്കില്‍, അവന്‍ അവളെ പലപ്പോഴും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാവണം.
. അവള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും അകലം പാലിക്കുന്നുണ്ടെങ്കില്‍, അവളെ ഉണര്‍ത്താന്‍ അവന്‍ സമയം കണ്ടെത്തിയില്ല എന്ന സത്യം സ്വയം ബോധ്യപ്പെടുക.
. ഒരുവള്‍ മരിച്ചു ജീവിക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കേണ്ടത്, അവന്‍ അധിപതിയായി അടിച്ചമര്‍ത്തിക്കൊണ്ടേയിരുന്നു എന്നതാണ്.
. അകാല വാര്‍ധക്യം ബാധിച്ചവളെപ്പോലെ ആയിട്ടുണ്ടെങ്കില്‍ അവളുടെ സൗന്ദര്യത്തെ, നന്മയെ, സ്‌നേഹത്തെ പ്രകീര്‍ത്തിക്കാന്‍ അവന്‍ ശ്രമിച്ചില്ല എന്നതു തന്നെയാണ്.
. നല്ല പാതിയെ മധുരപ്പതിനേഴുകാരിയെപ്പോലെ നിലനിര്‍ത്തണമെങ്കില്‍ അവളെ ഒരു കുഞ്ഞിനെപ്പോലെ തലോടുക, ചേര്‍ത്തുനിര്‍ത്തുക, ഉമ്മ വെക്കുക, ‘എന്റെ ജീവന്റെ ജീവനേ…’ എന്ന് ചെവിയില്‍ വല്ലപ്പോഴുമെങ്കിലും വിളിക്കുക, ഒരു കുഞ്ഞുസമ്മാനമെങ്കിലും വര്‍ണക്കടലാസില്‍ പൊതിഞ്ഞു നല്‍കി അവളെ അത്ഭുതപ്പെടുത്തുക!
. ദാമ്പത്യത്തില്‍ എന്റേത് നിന്റേത് എന്ന ധാര്‍ഷ്ട്യം പ്രകടമായി കണ്ടുതുടങ്ങിയാല്‍, അധികാരവും സ്വാര്‍ഥതയും നിന്നിലെ പ്രണയത്തെ കെടുത്തിക്കളയാന്‍ മത്സരിക്കുകയാണെന്ന് തിരിച്ചറിയുക.
. അസ്തമിക്കാന്‍ പോവുകയാണെന്ന് മനസ്സിലാവുമ്പോഴെങ്കിലും ദുര്‍വാശി വെടിഞ്ഞു പ്രണയോദയത്തെ പുല്‍കാനുള്ള വിശാലഹൃദയമുണ്ടാവുക.
. പരസ്പരം നിറഞ്ഞ്, ഒറ്റപ്രപഞ്ചമായി മാറുക.
(വിവാഹാനന്തര പ്രണയം ഒരു സങ്കല്‍പമാണെന്ന് വാദിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു. പ്രണയം ഇല്ലാതാവുകയല്ല, നമ്മള്‍ നഷ്ടപ്പെടുത്തുകയാണ് എന്ന ഓര്‍മപ്പെടുത്തലോടെ.)