LoginRegister

ലോക്സഭയിലെ വനിതാ പ്രാതിനിധ്യം

സുരഭി

Feed Back


രാജ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് പൊതുവെ ആശ്വാസം പകര്‍ന്നുകൊണ്ടാണ് പൂര്‍ത്തിയായത്. ജനാധിപത്യ സംവിധാനത്തിന്റെ കള്ളികളിലൂടെ സ്വേച്ഛാധിപത്യം കടന്നുവരുന്ന അശുഭദിനങ്ങള്‍ക്കൊടുവിലാണ് ജനാധിപത്യത്തിന്റെ കരുത്തും വൈവിധ്യവും രാജ്യം പ്രകടിപ്പിച്ചത്.
അപ്പോഴും വനിതകളുടെ പ്രാതിനിധ്യം ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് മാറ്റു കുറയ്‌ക്കുന്നു എന്ന് പല കോണുകളില്‍ നിന്ന് അഭിപ്രായമുയരുന്നു. 2024ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെത്തിയത് 74 വനിതകള്‍ മാത്രമാണ്. തൊട്ടുമുമ്പത്തെ സഭയെ അപേക്ഷിച്ച് നാലു പേര്‍ കുറവ്. 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 78 വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്യത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് 72 വര്‍ഷം പിന്നിടുമ്പോള്‍, 1952നെ അപേക്ഷിച്ച് 52 വനിതകള്‍ കൂടുതല്‍ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 18ാം ലോക്‌സഭയിലെ സ്ത്രീ മെമ്പര്‍മാരുടെ അംഗസംഖ്യ ആകെ സീറ്റിന്റെ 13.6% മാത്രം. 1971ലാണ് ഏറ്റവും കുറഞ്ഞ വനിതാ പ്രാതിനിധ്യത്തിന് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. മൊത്തം അംഗസംഖ്യയുടെ 3.51% വനിതകള്‍ മാത്രമാണ് അംഗങ്ങളായെത്തിയത്.
2009ലാണ് ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം ആദ്യമായി രണ്ടക്കം പിന്നിട്ടത് (10%). 2019ലാണ് ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യമുണ്ടായത്. 14.36% (78 പേര്‍). ഇക്കാര്യത്തില്‍ ഇതര രാജ്യങ്ങളില്‍ പലതിനെയും അപേക്ഷിച്ച് രാജ്യം ഏറക്കുറെ പിന്നിലാണ്. ദക്ഷിണാഫ്രിക്കയില്‍ എംപിമാരില്‍ 46% പേരാണ് വനിതകള്‍. ബ്രിട്ടനില്‍ അത് 35%ഉം യുഎസില്‍ 29%വുമാണ്.
2024ലെ ലോക്‌സഭയില്‍ 14 പാര്‍ട്ടികളില്‍ നിന്നായാണ് 74 വനിതാ എംപിമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 31 എംപിമാര്‍ ഭരണകക്ഷിയായ ബിജെപിയില്‍ നിന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് 13 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 11 വനിതകളും സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അഞ്ചു പേരും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയില്‍ നിന്ന് മൂന്നു വനിതകളും എല്‍ജെപി ആര്‍വിയില്‍ നിന്നും ജെഡിയുവില്‍ നിന്നും രണ്ടു പേരുമാണ് വിജയം കണ്ടത്. മറ്റ് ഏഴു പാര്‍ട്ടികളില്‍ നിന്ന് ഓരോ വനിതകളും പാര്‍ലമെന്റിലേക്കു ടിക്കറ്റ് നേടി.
വനിതാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിയാണ് മുന്നിലെങ്കിലും എംപിമാരുടെ മൊത്തം എണ്ണത്തില്‍ ആനുപാതികമായി മുന്നിലുള്ളത് മമത ബാനര്‍ജി നയിക്കുന്ന ടിഎംസിയാണ്. ആ പാര്‍ട്ടിയുടെ എംപിമാരില്‍ 37.93%വും വനിതകളാണ്. കോണ്‍ഗ്രസ് എംപിമാരില്‍ 13.13%വും ബിജെപി എംപിമാരില്‍ 12.92%വും വരും വനിതകള്‍.
എംപിമാരുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും മത്സരാര്‍ഥികളുടെ കാര്യത്തിലും വനിതകള്‍ പിന്നില്‍ നില്‍ക്കുമ്പോള്‍ ചെറുപ്പം, വിദ്യാഭ്യാസം എന്നീ ഗണത്തില്‍ വനിതകള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരില്‍ 43 വനിതകള്‍ പുതുമുഖങ്ങളാണ്. പുതുമുഖ വനിതകളെ കൂടുതല്‍ തിരഞ്ഞെടുത്തത് ഈ തിരഞ്ഞെടുപ്പാണ് എന്നു കണക്കുകള്‍ പറയുന്നു (59%). ചെറുപ്പത്തിന്റെ കാര്യത്തിലും വനിതകളാണ് മുന്നില്‍. അവരുടെ ശരാശരി പ്രായം 50 ആണെങ്കില്‍ പുരുഷ എംപിമാരുടെ ശരാശരി വയസ്സ് 56 ആണ്. വിദ്യാസമ്പന്നരിലും കൂടുതല്‍ സ്ത്രീകളാണ്. വനിതാ എംപിമാരില്‍ 78% പേരും ബിരുദപഠനം പൂര്‍ത്തിയാക്കിയവരാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പു കണക്കു പരിശോധിക്കുമ്പോള്‍ പുരുഷ പ്രാതിനിധ്യത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന കാണിക്കുന്നുണ്ട്. വര്‍ധനയുടെ വേഗം വളരെ പതുക്കെയാണെന്നു മാത്രം. കഴിഞ്ഞ സഭയില്‍ 14.36 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യം. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 4.41% മാത്രമായിരുന്നു. 1957ല്‍ 45 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നതെങ്കില്‍ 2019ല്‍ 726 ആയി വര്‍ധിച്ചിട്ടുണ്ട്. മൂന്നു ശതമാനത്തില്‍ നിന്ന് 16 മടങ്ങ് വര്‍ധന.
1957ല്‍ മൊത്തം സ്ഥാനാര്‍ഥികളില്‍ 2.9% ആയിരുന്നു വനിതകള്‍. 2019 ആയപ്പോഴേക്കും അത് 9% മാത്രമായാണ് വര്‍ധിച്ചത്. പാര്‍ലമെന്റിലെ സ്ത്രീകളുടെ പ്രാതിനിധ്യം 1957ല്‍ 4.5% ആയിരുന്നത് 2019ല്‍ 14.4% ആയി ഉയര്‍ന്നു. 2024ല്‍ നേരിയ കുറവ് രേഖപ്പെടുത്തി, 13.63%.
സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരിക്കല്‍ പോലും 1000 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായ ഘട്ടം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലില്ല. അതേസമയം, പുരുഷന്മാരുടെ എണ്ണം 1957ലെ 1474ല്‍ നിന്ന് 2019 ആകുമ്പോഴേക്ക് 7322ലേക്കു വര്‍ധിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 8360 പേര്‍ മത്സരരംഗത്തുണ്ടായിരുന്നപ്പോള്‍ 10%ഓളം മാത്രമായിരുന്നു സ്ത്രീകള്‍. ആദ്യമായാണ് വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം 10% തൊട്ടത്. ഇത്തവണ മത്സരത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ഥികളില്‍ 16% സ്ത്രീകളെ ഉള്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് 13% വനിതകള്‍ക്ക് ടിക്കറ്റ് നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ അനുവദിക്കാറില്ലെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായ കണക്ക്. 1957ല്‍ മത്സരിച്ച 45 സ്ത്രീകളില്‍ 22 പേര്‍ വിജയം കണ്ടു. വിജയശതമാനം 48.88. എന്നാല്‍ 2019 എത്തുമ്പോഴേക്ക് അത് കുത്തനെ ഇടിഞ്ഞ് 10.74% എന്ന നിലയിലേക്ക് കൂപ്പുകുത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 726 സ്ത്രീകള്‍ മത്സരിച്ചെങ്കിലും 78 പേര്‍ മാത്രമാണ് ജയിച്ചത്.

പ്രതീക്ഷ
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനു വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചും അടിച്ചമര്‍ത്തപ്പെട്ടവരെ ഭരണകൂടത്തിന്റെ ഇരുമ്പു മറ തകര്‍ത്ത് ചേര്‍ത്തു പിടിച്ചും ജനവിരുദ്ധ ഭരണകൂടത്തിന്റെ മുഖത്തേക്ക് നേര്‍ക്കു നേരെ നിന്ന് കൃത്യമായ ചോദ്യങ്ങളുയര്‍ത്തിയും ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കിയവരില്‍ മുന്നില്‍ ഒരു വനിതയുണ്ടായിരുന്നു. പേര് പ്രിയങ്ക ഗാന്ധി. രാജ്യത്തൊട്ടാകെ ഓടിനടന്ന് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏക വനിതയും ഒരുപക്ഷെ അവരായിരിക്കും. ഫാസിസ്റ്റ് ഭരണകൂടത്തിനു നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്താന്‍ ചില സംസ്ഥാനങ്ങളില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സി പി എം നേതാവ് ബൃന്ദ കാരാട്ടുമുണ്ടായിരുന്നു.

കേരളം പിന്നില്‍
സ്ത്രീശാക്തീകരണത്തില്‍ താരതമ്യേന മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളമെങ്കിലും തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അത് തല കീഴാവുന്നു. ദേശീയ ശരാശരിയെക്കാളും വളരെ പിന്നിലാണ് രാഷ്ട്രീയ ഭാഗധേയത്വത്തിന്റെ കാര്യത്തില്‍ കേരളം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മാത്രമല്ല സംഘടനാരംഗത്തും ഈ പ്രാതിനിധ്യക്കുറവു പ്രകടമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് 1.34 കോടി പുരുഷ വോട്ടര്‍മാരും 1.43 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. വോട്ടര്‍ പട്ടികയില്‍ സ്ത്രീകളാണ് കൂടുതലെങ്കിലും സ്ഥാനാര്‍ഥിപ്പട്ടികയിലേക്കെത്തുമ്പോള്‍ അത് വല്ലാതെ ചുരുങ്ങുന്നു.
ഇത്തവണ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നിങ്ങനെ മൂന്ന് പ്രധാന രാഷ്ട്രീയ മുന്നണികളും കൂടി നിര്‍ത്തിയത് 9 വനിതകളെ മാത്രമാണ്. എന്‍ഡിഎ 5, എല്‍ഡിഎഫ് 3, യുഡിഎഫ് 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഇവരിലൊരാളും തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതാണ് വല്ലാത്ത കൗതുകം.
എല്‍ഡിഎഫില്‍ നിന്ന് കെ കെ ശൈലജ (വടകര), കെ ജെ ഷൈന്‍ (എറണാകുളം), ആനി രാജ (വയനാട്) എന്നിവരും യുഡിഎഫില്‍ നിന്ന് രമ്യ ഹരിദാസും (ആലത്തൂര്‍) എന്‍ഡിഎയില്‍ നിന്ന് എം എല്‍ അശ്വിനി (കാസര്‍ഗോഡ്), നിവേദിത സുബ്രഹ്മണ്യന്‍ (പൊന്നാനി), ടി എന്‍ സരസു (ആലത്തൂര്‍), ശോഭ സുരേന്ദ്രന്‍ (ആലപ്പുഴ), സംഗീത വിശ്വനാഥന്‍ (ഇടുക്കി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിലൊരാള്‍ക്കും പാര്‍ലമെന്റില്‍ കാലു കുത്താന്‍ അവസരം ലഭിച്ചില്ല.
1952 മുതല്‍ 2024 വരെയുള്ള 72 വര്‍ഷത്തിനിടെ കേരളത്തിൽ ‍നിന്നുണ്ടായത് 9 വനിതാ എംപിമാര്‍ മാത്രം. ആനി മസ്‌ക്രീന്‍ (തിരുവനന്തപുരം), സുശീല ഗോപാലന്‍ (അമ്പലപ്പുഴ, ആലപ്പുഴ, ചിറയിന്‍കീഴ്), ഭാര്‍ഗവി തങ്കപ്പന്‍ (അടൂര്‍), സാവിത്രി ലക്ഷ്മണന്‍ (മുകുന്ദപുരം), എ കെ പ്രേമജം (വടകര), അഡ്വ. പി സതീദേവി (വടകര), സി എസ് സുജാത (മാവേലിക്കര), പി കെ ശ്രീമതി (കണ്ണൂര്‍), രമ്യ ഹരിദാസ് (ആലത്തൂര്‍) എന്നിവരാണ് വിവിധ കാലത്ത് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍. സുശീല ഗോപാലന്‍ മൂന്നു തവണയും സാവിത്രി ലക്ഷ്‌മണനും എ കെ പ്രേമജവും രണ്ടു തവണയും പാര്‍ലമെന്റ് കണ്ടു.
സ്ത്രീ-പുരുഷ സ്ഥാനാർഥികളുടെ എണ്ണത്തിലുള്ള വലിയ അന്തരം, സ്ത്രീകള്‍ക്ക് മത്സരിക്കാനുള്ള അവസരങ്ങള്‍ വളരെ കുറവാണെന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ സ്ത്രീകള്‍ക്ക് വിജയിക്കാന്‍ സാധ്യത കുറഞ്ഞ സീറ്റുകളാണ് നല്‍കുന്നതെന്ന് വനിതകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഡയറക്ടര്‍ രഞ്ജനകുമാരി അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തുല്യമായ ഇടം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.
അസമും ബംഗാളും യുപിയും ഡല്‍ഹിയും രാജസ്ഥാനും പശ്ചിമ ബംഗാളും തമിഴ്‌നാടും ഒഡീഷയും ഗോവയും ബിഹാറും മധ്യപ്രദേശും ഗുജറാത്തും ജമ്മു കശ്മീറും വനിതാ മുഖ്യമന്ത്രിമാര്‍ക്ക് അവസരം നല്‍കിയപ്പോള്‍ പ്രബുദ്ധ-സാക്ഷര കേരളത്തില്‍ ഇനിയുമൊരു വനിതാമുഖ്യമന്ത്രി ഭരണത്തിന്റെ തലപ്പത്തിരുന്നിട്ടില്ല. മന്ത്രിമാരുടെ എണ്ണത്തിലും വനിതകള്‍ ഏറെ പിന്നിലാണ്. സംസ്ഥാനത്ത് പുരോഗമനം അവകാശപ്പെടുന്ന പാര്‍ട്ടികളും അല്ലാത്തവരും വനിതകളെ മത്സരിപ്പിക്കുന്നതിലും മന്ത്രിയാക്കുന്നതിലും വല്ലാത്ത വിമുഖത പ്രകടിപ്പിക്കുന്നു.
രാജ്യത്തെ ആദ്യ വനിതാ മുഖ്യമന്ത്രി 1963 ഒക്ടോബര്‍ 3ന് യുപിയില്‍ അധികാരമേറ്റ സുചേത കൃപലാനിയാണ്. 1980 ജൂണ്‍ 30ന് അസം മുഖ്യമന്ത്രിയായി അധികാരമേറ്റ സെയ്ദ് അന്‍വറ തൈമൂറാണ് രാജ്യം കണ്ട ആദ്യ വനിതാ മുഖ്യമന്ത്രി. പിന്നീട് ജമ്മു കശ്‌മീര്‍ ഭരിച്ച മെഹ്ബൂബ മുഫ്‌തിയാണ് മുസ്‌ലിംകളില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേറിയ മറ്റൊരാള്‍.
അപ്പോഴും വനിതകളുടെ പ്രാതിനിധ്യം ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് മാറ്റു കുറയ്ക്കുന്നു എന്ന് പല കോണുകളില്‍ നിന്ന് അഭിപ്രായമുയരുന്നു. 2024ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെത്തിയത് 74 വനിതകള്‍ മാത്രമാണ്. തൊട്ടുമുന്‍പത്തെ സഭയെ അപേക്ഷിച്ച് നാലു പേര്‍ കുറവ്. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 78 വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വോട്ടര്‍മാരില്‍ കൂടുതലുണ്ടായിട്ടും മതിയായ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ജനാധിപത്യ-തിരഞ്ഞെടുപ്പു പ്രക്രിയ കരുത്തു കാട്ടിയിട്ടില്ലെന്നു ചുരുക്കം. കൂടുതല്‍ വനിതകള്‍ക്ക് മത്സരരംഗത്തു വരാനും വിജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ നല്‍കാനും പാര്‍ട്ടികള്‍ തയ്യാറായാലേ പ്രശ്‌നത്തിനു പരിഹാരമുണ്ടാകൂ. സ്ത്രീ വോട്ടര്‍മാരുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദം ഉയരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു കരുതാം.
”അവര്‍ നിങ്ങള്‍ക്ക് മേശയില്‍ ഇരിപ്പിടം നല്‍കുന്നില്ലെങ്കില്‍ ഒരു മടക്ക കസേര കൊണ്ടുവരിക” എന്ന് യുഎസ് അഭിഭാഷകയും പ്രതിനിധി സഭാംഗവുമായിരുന്ന ഷിലേ അനിറ്റ ചിഷോം പറയുന്നുണ്ട്. മതിയായ അവകാശം ചോദിച്ചുവാങ്ങേണ്ടിവന്നാല്‍ അതിനു തയ്യാറാവേണ്ടിവരുമെന്നു ചുരുക്കി പറയാം.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top