LoginRegister

അവസാന ബസ്‌

ഇയാസ് ചൂരല്‍മല

Feed Back


അപ്രതീക്ഷിതമായാണ്
കുഞ്ഞിരാമേട്ടന്‍
മകളെയും കണ്ട്
തിരികെ വരാന്‍
ഇത്രയും വൈകിയത്.

വട്ടോളി ഗ്രാമത്തിലേക്കുള്ള
അവസാന ബസ്സെന്ന്
ആരോ പറഞ്ഞു കേട്ടപ്പോള്‍
ഇരു ഭാഗം നോക്കാതെ
കിതച്ചു പാഞ്ഞുകയറിയതാ.

പരിചിത മുഖങ്ങളില്‍
തട്ടിവീഴുമോ എന്ന് ഭയന്നെങ്കിലും
കണ്ടു മറന്ന ഒരു മുഖം
പുഞ്ചിരി ചേര്‍ത്ത്
എണീറ്റിരുത്തി.

പീടിക തിണ്ണയിലിരുന്ന്
ഏഷണി പറയുമ്പോള്‍
സ്ഥിരം നാവില്‍ കുരുങ്ങുന്ന
പല യുവത്വങ്ങളുടെയും
വിയര്‍പ്പു വറ്റിയ
അധ്വാനത്തിന്‍ മണം
കുഞ്ഞിരാമേട്ടന്റെ മൂക്കിലടിച്ചു.

കഞ്ചാവെന്നും, മരുന്നെന്നും
കാണുന്നവരിലൊക്കെയും
വിധി തീര്‍പ്പുകല്പ്പിച്ച
മുടി വളര്‍ന്നു മുഖം മറഞ്ഞ
ഒരുവനായിരുന്നു
എന്തെ ഇത്ര വൈകിയതെന്ന്
വിശേഷം തിരക്കിയത്.

അവനാള് കള്ളനാണെന്ന്
മറുത്തൊന്നും ചിന്തിക്കാതെ
പല ചെവികളില്‍ പറഞ്ഞു
സ്ഥിരം ക്രൂശിക്കുന്ന
സുപരിചിത മുഖമായിരുന്നു
ഇറങ്ങാന്‍ നേരം മറന്നു വെച്ച്
പണപ്പൊതി കയ്യില്‍ തന്നത്.

അവനെ കുറിച്ചാണെങ്കില്‍
ഒന്ന് നല്ലോണം അന്വേഷിക്കണേ
എന്നൊരു വാക്കില്‍
നിരവധി കല്യാണം മുടങ്ങിയ
ഒരു യുവത്വമായിരുന്നു
ബസ് സ്റ്റോപ്പില്‍ നിന്നും
വീട്ടുമുറ്റത്തു ഇറക്കി തന്നത്.

നേരം വെളുത്തപ്പോള്‍
കടയില്‍ പോവുന്നില്ലേ മനുഷ്യാ
എന്നുള്ള ചോദ്യത്തിന്
ഞാന്‍ കടയില്‍ പോക്ക്
ഇന്നലത്തോടെ നിര്‍ത്തി
എന്നു മാത്രമായിരുന്നു
കുഞ്ഞിരാമേട്ടന്റെ മറുപടി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top