ഇക്വഡോറിലാണ് കഥ നടക്കുന്നത്. അവിടെ കൊടുമുടി കയറാന്‍ വന്ന പര്‍വതാരോഹക സംഘത്തിന് വഴികാണിച്ചുകൊടുക്കാന്‍ പോയതായിരുന്നു ന്യൂനസ്. വളരെ പ്രയാസപ്പെട്ട് മല കയറിയ സംഘം മഞ്ഞുമൂടിയ ഒരു പാറക്കെട്ടില്‍ തമ്പടിച്ചു. അന്ന് രാത്രി ന്യൂനസ് കിഴുക്കാംതൂക്കായ മലയിടുക്കിലേക്ക് വഴുതിവീണു. ഹിമമേഘങ്ങള്‍ക്കിടയിലൂടെ ആയിരം അടി താഴേക്ക് പതിച്ച ന്യൂനസ് എല്ലുകളൊന്നും പൊട്ടാതെ ജീവനോടെ രക്ഷപ്പെട്ടു. ശരീരത്തിലെ മഞ്ഞുപാളികള്‍ നീക്കി ന്യൂനസ് നടന്നുനീങ്ങിയപ്പോള്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന മലഞ്ചരിവിലെത്തി. അകലെ ഒരു സമതലം കണ്ടു. അവിടെ പ്രവേശനദ്വാരങ്ങളുള്ള, എന്നാല്‍ ജനാലകളില്ലാത്ത വൃത്തിയുള്ള കുറേ കുടിലുകള്‍.
ന്യൂനസ് അവിടെ കണ്ടത് കുരുടന്മാരായ കുറേ മനുഷ്യരെയാണ്. അവരുടെ കണ്ണുകള്‍ കുഴിഞ്ഞതും കണ്‍പോളകള്‍ അടഞ്ഞതുമായിരുന്നു. കാഴ്ചയുമായി ബന്ധപ്പെട്ട ഒരു കാര്യവും അവര്‍ക്ക് അറിഞ്ഞുകൂടാ. നിറങ്ങളെക്കുറിച്ചോ നിലാവിനെക്കുറിച്ചോ അറിഞ്ഞുകൂടാ. കണ്ണു കാണാത്ത അവര്‍ക്കിടയില്‍ ലോകത്തെ മനോഹരമായി കാണാന്‍ കഴിയുന്ന ആളെന്ന അഹങ്കാരം ന്യൂനസിനെ പിടികൂടി. കുരുടന്മാരുടെ രാജാവായി അവിടെ കഴിഞ്ഞുകൂടാമെന്ന് ന്യൂനസ് കരുതി.
എന്നാല്‍ ന്യൂനസിന്റെ തുടിക്കുന്ന കണ്ണുകളില്‍ സ്പര്‍ശിച്ച അവര്‍ ഇതൊരു വിചിത്ര ജീവിയാണെന്ന് പറഞ്ഞ് മൂപ്പന്റെ അടുത്ത് അദ്ദേഹത്തെ ഹാജരാക്കി. കുരുടന്മാര്‍ തപ്പിത്തടയാതെ വഴികളിലൂടെ നടന്നപ്പോള്‍ ന്യൂനസ് പലപ്പോഴും വീഴാന്‍ പോയി. കാഴ്ചശക്തികൊണ്ടുള്ള ഗുണങ്ങള്‍ കുരുടന്മാരെ പഠിപ്പിക്കാന്‍ ന്യൂനസ് തീരുമാനിച്ചു. അയാള്‍ വഴിയില്‍ നിന്ന് രണ്ടടി വിട്ട് പുല്ലുകള്‍ക്കിടയിലൂടെ നടന്നു.
”ആ പുല്ലുകള്‍ ചവിട്ടി കേട് വരുത്താതെടോ. കുഞ്ഞിനെപ്പോലെ നിന്നെ കൈ പിടിച്ച് നടത്തണോ?”- അവരിലൊരാള്‍ ചോദിച്ചത് കേട്ട് ന്യൂനസ് അമ്പരന്നു.
”എനിക്ക് വഴി നന്നായി കാണാമെ”ന്ന് ന്യൂനസ് പറഞ്ഞപ്പോള്‍ ”കാണുക എന്നൊരു വാക്കില്ലെ”ന്നായി കുരുടന്‍. കുരുടന്മാര്‍ക്കിടയില്‍ ന്യൂനസ് ഒരു വിവരംകെട്ടവനും പ്രാകൃതനുമായി ചിത്രീകരിക്കപ്പെട്ടു.
ഒരു ദിവസം സഹികെട്ട് ന്യൂനസ് ഒരു കലാപത്തിന് ശ്രമിച്ചു. കാഴ്ചശക്തി കൊണ്ട് അവരെ അടിച്ചൊതുക്കാമെന്നാണ് കരുതിയത്. എന്നാല്‍ ഗ്രഹണശക്തികൊണ്ട് കുരുടന്മാര്‍ അയാളെ ആട്ടിയോടിച്ചു. പ്രാണനും കൊണ്ടോടിയ ന്യൂനസിന് രണ്ട് ദിവസം പട്ടിണി കിടക്കേണ്ടി വന്നു. തന്റെ കഴിവുകേട് തിരിച്ചറിഞ്ഞ് തിരിച്ചെത്തിയ ന്യൂനസിനോട് അവര്‍ ക്ഷമിച്ചു. അവിടെ ഒരു പെണ്‍കുട്ടിയുമായി ന്യൂനസ് പ്രണയത്തിലുമായി. അവരുടെ കൂട്ടത്തില്‍ ചേരണമെങ്കില്‍ കണ്ണ് കുത്തിപ്പൊട്ടിച്ച് കാഴ്ചശക്തി ഇല്ലാതാക്കണം. എന്നാല്‍ മാത്രമേ വിവാഹം നടക്കൂ. തനിക്കു വേണ്ടി ആ വേദന അനുഭവിക്കണമെന്ന് കാമുകി അയാളോട് പറഞ്ഞു. അങ്ങനെ ശസ്ത്രക്രിയക്കുള്ള തിയ്യതി തീരുമാനിച്ചു. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ കാമുകിയോട് ഗുഡ്‌ബൈ പറഞ്ഞ് ന്യൂനസ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
താന്‍ രാജാവാകുമെന്ന് കരുതിയ ദേശത്തുനിന്ന് താനൊന്നുമല്ലെന്ന തിരിച്ചറിവോടെ പിന്തിരിഞ്ഞോടിയ ന്യൂനസിന്റെ കഥയെഴുതിയത് വിഖ്യാത സാഹിത്യകാരന്‍ എച്ച് ജി വെല്‍സാണ്. മറ്റുള്ളവര്‍ക്കു നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നമുക്കു നേരെ മൂന്ന് വിരലുകളാണ് ചൂണ്ടപ്പെടുന്നത് എന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്ന കഥയാണിത്.
ഒന്നിനെയും ഒരാളെയും മുന്‍വിധിയോടെ സമീപിക്കരുത്. ഓരോ മനുഷ്യരും ഓരോ ജീവജാലങ്ങളും വ്യത്യസ്തവും ശക്തവുമായ ധര്‍മങ്ങളോടെയാണ് കഴിഞ്ഞുകൂടുന്നത്. ഒരു ജനതയെയും നിസ്സാരമായി കണ്ടുകൂടാ. ആദിവാസികളെ അപരിഷ്‌കൃതരായി കരുതുന്ന പലരും നമുക്കിടയിലുണ്ട്. തനത് സ്വത്വത്തെ കൈവിടാതെ കാടിന്റെ മക്കളായി ജീവിക്കുന്ന പല ആദിവാസി ഗോത്രങ്ങളും നഗരജീവികളായ മനുഷ്യരെ അപരിഷ്‌കൃതരായാണ് കരുതുന്നത്. കാഴ്ചപ്പാടുകള്‍ പല തരത്തിലാണ്.
നല്ല കാഴ്ചശക്തിയുള്ള ന്യൂനസ് കുരുടന്മാരുടെ നാട്ടിലെത്തിയപ്പോള്‍ താനാണ് മഹാനെന്ന് സ്വയം ധരിച്ചുപോയി. എന്നാല്‍ കുരുടന്മാര്‍ക്ക് അയാള്‍ ഒരു വിചിത്രജീവിയും അപരിഷ്‌കൃതനുമായിരുന്നു. ഇതാണ് കാഴ്ചപ്പാടുകളുടെ വ്യത്യാസം. മാറേണ്ടത് മറ്റുള്ളവരല്ല, നമ്മുടെ മനോഭാവമാണ്. എത്തിപ്പെടുന്ന സാഹചര്യങ്ങളോടുള്ള മനോഭാവത്തിലൂടെയാണ് നാം നിര്‍ണയിക്കപ്പെടുന്നത്. കൂടുതലാളുകളും വ്യവസ്ഥയെ പഴിചാരി സ്വന്തം മുരടന്‍ മനോഭാവത്തെ വെളിപ്പെടുത്തുന്നു. എന്നാല്‍ നല്ല മനോഭാവമുള്ളവര്‍ ഭാവനയോടെ വ്യവസ്ഥയെ തന്നെ മാറ്റുന്നു.
ന്യൂനസിന്റെ കഥയിലെ കുരുടന്മാരുടെ ജീവിതം വ്യത്യസ്തവും നാഗരികവുമാണ്. അവരുടെ ഭവനങ്ങള്‍ ഏറെ വൃത്തിയുള്ളതാണ്. അവരുടെ വഴികളും കൃഷിത്തോട്ടങ്ങളും മനോഹരമാണ്. ജീവിതത്തില്‍ അവര്‍ സംതൃപ്തരാണ്. അവരെ കുരുടന്മാരെന്ന് ആക്ഷേപിച്ച് ആളാകാന്‍ നോക്കിയ ന്യൂനസിനാണ് തെറ്റ് പറ്റിയത്. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നൊരു ചൊല്ലുണ്ടല്ലോ. എല്ലാവര്‍ക്കും അവരുടെ ജീവിതവും സംസ്‌കാരവുമാണ് മഹത്തരം. അതിലാണ് സംതൃപ്തി. പാശ്ചാത്യനും പൗരസ്ത്യനും സാംസ്‌കാരിക പിന്തുടര്‍ച്ചകളില്‍ വ്യത്യസ്തരാണ്. അവരുടെ ജീവിതരീതികളിലും ഭക്ഷണത്തിലുമെല്ലാം ആ വ്യത്യസ്തത കാണാം. നമുക്ക് അറപ്പെന്ന് തോന്നുന്ന ഭക്ഷണം പലര്‍ക്കും പ്രിയപ്പെട്ടതാണ്. പാറ്റയെയും പാമ്പിനെയും തിന്നുന്നത് ചിന്തിക്കാന്‍ പോലും നമുക്ക് കഴിയില്ല. എന്നാല്‍ ചൈനക്കാര്‍ക്ക് ഇത് രണ്ടും പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ്. കൈ കൊണ്ട് കുഴച്ച് ഉരുട്ടിയുരുട്ടി ഉണ്ണുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ മറ്റു ചില രാജ്യക്കാര്‍ ഇത് കണ്ടാല്‍ വാപൊൡ് ഓക്കാനിക്കും. മുള്ളും കത്തിയും ഉപയോഗിച്ച് കഴിക്കുന്നതേ അവന് പരിചയമുള്ളൂ. അതാണ് അവന്റെ സംസ്‌കാരം.
മറ്റുള്ളവരെക്കുറിച്ച് അനാവശ്യമായി കമന്റ് ചെയ്യുമ്പോള്‍ നമ്മളാരും നമ്മെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ഓര്‍ക്കാറേയില്ല. ഒരു മനുഷ്യനെക്കുറിച്ച് നമുക്കുള്ള ധാരണയാകില്ല മറ്റൊരാള്‍ക്കുള്ളത്. നമുക്ക് അനുഭവപ്പെടുന്നതുപോലെയാകില്ല മറ്റൊരാള്‍ക്ക് അനുഭവപ്പെടുന്നത്. ഓരോ മനുഷ്യരും അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നു. നമുക്ക് തെല്ലും താല്‍പര്യമില്ലാത്തവര്‍ക്കും നല്ല സുഹൃത്തുക്കളുണ്ടാകാം. നമ്മള്‍ തല്ലിപ്പൊളിയാണെന്ന് കരുതുന്നവര്‍ക്കും നല്ല ജീവിതമുണ്ടാകാം. നമുക്ക് ഇണയാക്കാന്‍ കൊള്ളാത്തവരെന്ന് തോന്നുന്നവര്‍ക്കും നല്ല ഇണകളുണ്ടാകാം.
നമ്മള്‍ വിചാരിക്കുന്നതേയല്ല ലോകം. ലോകം മനോഹരമാണ്.
വ്യത്യസ്ത മനുഷ്യരുടെ കൈയൊപ്പുകളാണ് ആ മനോഹാരിത.