LoginRegister

കുളത്തിലെ തവളകള്‍

സി കെ റജീഷ്‌

Feed Back

Files included:


അയാള്‍ സത്യസന്ധനായിരുന്നു. എല്ലാവര്‍ക്കും അയാളെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. ഒരു ദിവസം കുറച്ചു പേര്‍ തന്നെക്കുറിച്ച് മോശം പറയുന്നത് അയാള്‍ കേള്‍ക്കാനിടയായി. അന്നു മുതല്‍ അയാള്‍ക്കത് വലിയ വിഷമമായി. ഉറക്കം പോലും നഷ്ടപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ഗുരുവിനെ സമീപിച്ചു.
ഗുരു പറഞ്ഞു: ”ഇന്ന് നീ എന്റെ കൂടെ ആശ്രമത്തില്‍ താമസിക്കണം.”
അയാള്‍ സമ്മതിച്ചു. ഉറങ്ങാന്‍ കിടന്നപ്പോള്‍ തൊട്ടടുത്തുള്ള കുളത്തില്‍ നിന്ന് തവളകള്‍ കരയുന്ന ശബ്ദം വളരെ അരോചകമായി. പിറ്റേന്ന് രാവിലെ അയാള്‍ ഗുരുവിനോട് പറഞ്ഞു: ”കുളം മുഴുവന്‍ തവളയാണെന്ന് തോന്നുന്നു. അവയെ ഞാന്‍ പിടിച്ചോട്ടേ?”
ഗുരുവിന്റെ സമ്മതത്തോടെ അയാള്‍ തവളകളെ പിടിച്ചെങ്കിലും നാലെണ്ണത്തിനെ മാത്രമേ കിട്ടിയുള്ളൂ. അയാള്‍ ഗുരുവിനോട് ചോദിച്ചു: ”ഈ നാലെണ്ണമാണോ ഇത്രയും ശബ്ദം ഉണ്ടാക്കിയത്?”
ഗുരു പറഞ്ഞു: ”നിന്റെ കാര്യത്തിലും ഇങ്ങനെയാണ്. നാലു പേര്‍ കുറ്റം പറഞ്ഞതിന്റെ പേരിലാണ് നിന്റെ ഉറക്കം നഷ്ടപ്പെട്ടത്.”
വിമര്‍ശനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല. പെരുമാറ്റത്തില്‍ വിനയവും ജീവിതത്തില്‍ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവര്‍ പോലും വിമര്‍ശനങ്ങളെ നേരിടേണ്ടിവരും. അപവാദങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
ആര്‍ക്കും ആരെയും പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ഓരോരുത്തരും ബന്ധപ്പെടുന്ന സാഹചര്യത്തിന്റെയും സമയത്തിന്റെയും പരിമിതിക്കുള്ളില്‍ നിന്നാണ് ഓരോരുത്തരും മറ്റുള്ളവരെ വിലയിരുത്തുന്നത്. ഇവിടെ അളവുകോലും അളക്കപ്പെടുന്ന വസ്തുവും തമ്മിലുള്ള അവസ്ഥാന്തരം അളവിന്റെ കൃത്യതയെ നഷ്ടപ്പെടുത്തുന്നു. അതുകൊണ്ട് ചില കുറ്റപ്പെടുത്തലുകളുടെ കാരണം അജ്ഞതയോ അസൂയയോ ഒക്കെയാവാം. അനാരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക എന്നതാണ് നമ്മുടെ ആത്മവീര്യം തകരാതിരിക്കാന്‍ വേണ്ടത്.
എല്ലാ വെള്ളക്കെട്ടിലും തവളകള്‍ സ്ഥിരതാമസമാക്കുന്നു. അവ സ്ഥിരമായി ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. വെള്ളക്കുഴികളെ ഇല്ലാതാക്കാനോ തവളകളെ കൊന്നൊടുക്കാനോ നമുക്ക് സാധിക്കുകയില്ല. തങ്ങള്‍ ബന്ധപ്പെടുന്ന മേഖലകളിലെല്ലാം വിമര്‍ശനം തൊഴിലാക്കിയ ചിലരുണ്ട്. അവര്‍ വിമര്‍ശിച്ചു കൊണ്ടേയിരിക്കും. ഗുണകാംക്ഷാ നിര്‍ഭരമായ വിമര്‍ശനങ്ങളെ നമുക്ക് ഉള്‍ക്കൊള്ളാം. തിരുത്തേണ്ടത് തിരുത്തുകയുമാവാം. എന്നാല്‍ വിമര്‍ശനങ്ങളുടെ പേരില്‍ ഉറക്കം നഷ്ടപ്പെടുത്തി കര്‍മരംഗത്തുനിന്ന് പിന്‍വാങ്ങുന്നത് വിനാശകരമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top