കോഴിമുട്ടത്തോടിനുള്ളില്‍ മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരാളെക്കുറിച്ച് ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോ, ചിത്രംവരയില്‍ താല്‍പര്യമുള്ള മോള്‍ക്ക് കാണിച്ചുകൊടുത്തപ്പോള്‍ തുടങ്ങിയതാണ് എനിക്കും കോഴിമുട്ടയില്‍ ചിത്രം വരക്കണമെന്ന അവളുടെ മോഹം. അങ്ങനെയാണ് അടുക്കളയില്‍ നിന്ന് ഒരു കോഴിമുട്ട ഭാര്യയും കോഴിയുമറിയാതെ കട്ടെടുത്ത് മകള്‍ക്ക് കൊടുത്തത്. ഇതുവരെ പേപ്പറില്‍ മാത്രം വരയും കുറിയുമായി നടന്നിരുന്ന അവള്‍ക്ക് വരയ്ക്കാന്‍ പുതിയ മീഡിയം കിട്ടിയതിലുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല… മീഡിയം ഉമ്മയെ കാണിക്കരുതെന്ന കര്‍ശന നിര്‍ദേശം ഞാനവള്‍ക്ക് കൊടുത്തിരുന്നു. നമ്മളായിട്ടെന്തിനാ വെറുതെ ഒരു ശബ്ദമലിനീകരണത്തിന് വഴിയൊരുക്കുന്നത്.
വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോള്‍ മകള്‍ എന്റെയടുത്തു വന്നു സങ്കടം പറയുന്നു. അവള്‍ക്ക് ചിത്രം വരയ്ക്കാനായി കൊടുത്ത കോഴിമുട്ട കാണാനില്ലത്രെ. എവിടെയാ വെച്ചിരുന്നതെന്നതെന്ന എന്റെ ചോദ്യത്തിന്, ഉമ്മ കാണാത്ത രീതിയില്‍ മുറ്റത്തൊരു മൂലയിലൊളിപ്പിച്ചാണ് വെച്ചിരുന്നതെന്ന് അവള്‍ മറുപടി നല്‍കി.
അതു വല്ല കാക്കയോ പൂച്ചയോ കൊത്തിക്കൊണ്ട് പോയിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം മ്ലാനമായി.
നീയതില്‍ എന്തെങ്കിലും വരച്ചിരുന്നോയെന്ന എന്റെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി.
എനിക്ക് ഒരു മുട്ട കൂടി എടുത്തുതരുമോയെന്ന അവളുടെ ചോദ്യത്തില്‍ നിന്ന്, ഈ ആഴ്ചയിലെ അവളുടെ മുട്ട ക്വാട്ട കഴിഞ്ഞെന്നും ഇനി അടുത്തയാഴ്ച നോക്കാമെന്നും പറഞ്ഞൊഴിഞ്ഞു ഞാന്‍.
നല്ലൊരു കുളിയും പാസാക്കി ചുണ്ടിലൊരു മൂളിപ്പാട്ടുമായി അടുക്കളയിലെത്തി.
”നിങ്ങളിങ്ങനെ പാട്ടും പാടി നടന്നോളി… വിവരം വല്ലതും അറിഞ്ഞോ നിങ്ങള്..?”
”അതെന്താ എന്റെ പാട്ടിനെ കുറ്റം പറയാന്‍ മാത്രം വലിയ വിശേഷം..?” ഞാനും ആകാംക്ഷാഭരിതനായി.
”ഞാന്‍ മുറ്റം അടിച്ചുവാരുന്ന നേരത്താ സംഗതി കണ്ടത്…”
അവളുടെ കണ്ണിലെ കൃഷ്ണമണി ഇപ്പൊ പുറത്തുചാടുമെന്ന മട്ടിലായി.
”നീ ബേജാറാക്കാതെ കാര്യം പറയുന്നുണ്ടോ?”
എനിക്ക് ദേഷ്യം വരാന്‍ തുടങ്ങിയെന്ന് കണ്ട അവള്‍ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു.
”നമ്മുടെ മുറ്റത്ത് ആരോ കോഴിമുട്ടയില്‍ കൂടോത്രം ചെയ്ത് കുഴിച്ചിട്ടിരിക്കുന്നു. ആര് ചെയ്തതാ പടച്ചോനറിയാം.
”അപ്പൊ അതാ കേസ്… അതാരാ ചെയ്തതെന്ന് എനിക്കറിയാം…”
ഉള്ളില്‍ പൊട്ടി വന്ന ചിരി പുറത്തേക്ക് വരാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു..
കട്ടന്‍ ചായയുടെ ഗ്ലാസ് എന്റെ നേരെ നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു.
”നിങ്ങക്കെല്ലാം തമാശയാ…”
”ഇത് തമാശ തന്നെയാ…”
”ഒന്നുമറിയാതെ ഓരോന്ന് പറയണ്ട… മുട്ട കിട്ടിയപ്പൊ തന്നെ പൊട്ടിക്കാതെ ഞാനതൊരു തുണിയില്‍ പൊതിഞ്ഞെടുത്ത് നമ്മുടെ മുസ്‌ലിയാരുടെ അടുത്തേക്ക് പോയതുകൊണ്ട് രക്ഷപ്പെട്ടു.”
പടച്ചോനെ…! ഇത് കേട്ടതോടെ എന്റെ ആശയും തമാശയുമൊക്കെ എങ്ങോ പോയി.
”എന്നിട്ട് മുസ്‌ലിയാര്‍ എന്ത് പറഞ്ഞു?”
”അങ്ങനെ വഴിക്ക് വരീ… ഇപ്പൊ ഇങ്ങക്ക് ഇതിന്റെ ഗൗരവം മനസ്സിലായില്ലേ…. കൂടിയ ഇനമാന്നാ മുസ്‌ലിയാര് പറഞ്ഞത്.. കുറിക്ക് കൊടുക്കാന്‍ വെച്ച രണ്ടായിരം ഉറുപ്പിക കൈയില്‍ കരുതിയതുകൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടൂന്ന് പറഞ്ഞാല്‍ മതിയല്ലോ… അതുകൊണ്ട് പ്രതിവിധി ചെയ്തുതരാമെന്ന് ഉസ്താദ് ഏറ്റപ്പഴാ എനിക്ക് സമാധാനമായത്.”
കൈയില്‍ നിന്നു ചായ ഗ്ലാസ് എപ്പോഴോ നിലത്തു വീണുകഴിഞ്ഞിരുന്നു. കണ്ണില്‍ ഇരുട്ടു കയറിയ ഞാന്‍ പതിയെ വരാന്തയിലേക്ക് നടക്കവെ പിറകില്‍ നിന്ന് ഭാര്യ പറയുന്നത് കേട്ടു:
”നാലായിരം രൂപ കൂടി ചെലവാക്കി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കൊടുത്താല്‍ ഇതാരാ ചെയ്തതെന്നു കൂടി നോക്കി പറഞ്ഞുതരാന്‍ പറ്റുമെന്നാ മുസ്‌ലിയാര്‍ പറഞ്ഞത്…”
ചിത്രം വരക്കാരി മോള്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോയിരുന്നതുകൊണ്ട് എന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിന്നും അവള്‍ കഷ്ടിച്ചു രക്ഷപ്പെട്ടുവെന്ന് പറയാം.