വേനൽക്കാലം പകർച്ചവ്യാധികളുടെ കൂടി കാലമാണ്. ചൂടുള്ള കാലാവസ്ഥ രോഗാണുക്കളെ ശക്തരാക്കും. അതുകൊണ്ടു ചൂടുകാലത്ത് കൂടുതൽ കരുതൽ വേണം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധ രക്ഷിതാക്കൾ പുലർത്തണം.
ജലജന്യ രോഗങ്ങൾ
അന്തരീക്ഷത്തിലെ താപനില ഉയർന്നുനിൽക്കുന്ന സമയമായതുകൊണ്ടു ദാഹം ശമിപ്പിക്കാനായി സാധാരണയിൽ നിന്ന് അധികം നമ്മൾ വെള്ളം കുടിക്കുന്നു. എന്നാൽ ഈ കുടിക്കുന്ന വെള്ളം മലിനമാണെങ്കിലോ? അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
മലിനജലത്തിലൂടെയും പഴകിയ ഭക്ഷണങ്ങളിലൂടെയും പകരുന്ന പകർച്ചവ്യാധികളാണ് ടൈഫോയ്ഡ്, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവ. ഇതൊരു പരിധി വരെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. വഴിയരികിൽ നിന്നുള്ള ജ്യൂസുകളും പാനീയങ്ങളും ഒഴിവാക്കുക.
. 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുട്ടികൾക്ക് നൽകുക.
. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
. ഭക്ഷണം ചൂടോടുകൂടി കഴിക്കുക.
. മാംസാഹാരങ്ങളുടെ അളവും കുറക്കുക.
. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
. ഭക്ഷണത്തിനു മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കുട്ടികൾ കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ജലദോഷം, പനി
കുട്ടികളെ അലട്ടുന്ന പ്രശ്നമാണ് വിയര്‍പ്പു താണുണ്ടാകുന്ന ജലദോഷവും പനിയും. അതിനെ തുടർന്ന് നിർത്താതെയുള്ള ചുമയും ഉണ്ടാവും. വേനൽക്കാലത്ത് കുട്ടികൾക്ക് തണുത്ത പദാർഥങ്ങൾ അഥവാ ഐസ്ക്രീം പോലുള്ളവ കഴിക്കാനുള്ള ആഗ്രഹം കൂടുതലായിരിക്കും. ഇത് തൊണ്ടയിൽ അണുബാധയുണ്ടാകാനും അത് പിന്നീട് മറ്റ് അസുഖങ്ങളിലേക്കും നയിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. തണുത്ത പദാർഥങ്ങൾ കഴിവതും വേനൽക്കാലങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക.
. ഒരുപാട് നേരം വെയിലത്തുള്ള കളികൾ ഒഴിവാക്കുക.
. വിയർത്തിരിക്കുന്ന സമയങ്ങളിൽ കുട്ടിയെ കുളിപ്പിക്കാതിരിക്കുക.
. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കുട്ടിക്ക് നൽകുക. കുട്ടിയുടെ രോഗപ്രതിരോധശേഷിയെ ഇത് വർധിപ്പിക്കും.
ചെങ്കണ്ണ്
കണ്ണിന്റെ ഏറ്റവും പുറമേയുള്ള വെളുത്ത ഭാഗമായ കൺജക്ടിവക്ക് ഉണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജക്റ്റിവിറ്റീസ് അഥവാ ചെങ്കണ്ണ് എന്ന് അറിയപ്പെടുന്നത്.
ഇത് രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂട്ടുന്നു. അങ്ങനെ കണ്ണിനു ചുവന്ന നിറം ഉണ്ടാകുന്നു. പിങ്ക് ഐ എന്നും ഇത് അറിയപ്പെടുന്നു. കണ്ണിന് ചുവപ്പുനിറം, വേദന, കണ്ണിൽ നിന്ന് വെള്ളം വരിക, പീളകെട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. രോഗി ഉപയോഗിച്ച തൂവാലയോ മറ്റു സാധനങ്ങളോ മറ്റുള്ളവർ തൊടാതിരിക്കുക.
. കുട്ടിക്ക് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ കുട്ടിയെ സ്കൂളിലും കളിസ്ഥലത്തേക്കും വിടാതിരിക്കുക.
. അസുഖം ഭേദമാകുന്നതുവരെ കുട്ടിയെ വായന, ടിവി കാണൽ, മൊബൈൽ ഫോണ്‍ ഉപയോഗം എന്നിവയിൽ നിന്ന് പിന്തിരിപ്പിക്കുക.
. നന്നായി വിശ്രമിക്കാൻ അവസരം നൽകുക.
സൂര്യാഘാതം
സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. വിളര്‍ച്ച ബാധിച്ച പോലത്തെ ചർമം, ക്ഷീണം, ഓക്കാനവും തലകറക്കവും, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, വേഗം കൂടിയ ശ്വാസമെടുപ്പ്, പേശികളുടെ കോച്ചിപ്പിടിത്തം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടാതിരിക്കുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ഒഴിവാക്കുക.
. ധാരാളം വെള്ളം കൊടുക്കുക.
. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുക.
. ഇറുകിയതും കടുംനിറത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കുക.
. പുറത്തേക്കിറങ്ങുമ്പോൾ കുടയോ തൊപ്പിയോ മറ്റോ കരുതുക.
നിർജലീകരണം
നിർജലീകരണം എന്നത് ശരീരത്തിലെ മൊത്തം ജലത്തിന്റെ അഭാവമാണ്. ഇത് കൂടുമ്പോൾ ഒപ്പം ശരീരത്തിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവു കുറയും. തന്മൂലം തളർച്ച, ക്ഷീണം, ഓർമക്കുറവ്, മനോവിഭ്രാന്തി, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. കൈയിൽ എപ്പോഴും വെള്ളം കരുതുകയും ഇടയ്ക്കിടെ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കുക.
. ജലാംശം കൂടുതലുള്ള പഴങ്ങളായ തണ്ണിമത്തൻ, ഓറഞ്ച്, കുക്കുംബർ, മുന്തിരി തുടങ്ങിയവ കഴിക്കുക.
. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
. ഉപ്പിട്ട നാരങ്ങവെള്ളം, സംഭാരം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
ചൂടുകുരു
കുട്ടികളെയും മുതിർന്നവരെയും അലട്ടുന്ന മറ്റൊരു പ്രശ്നമാണ് ചൂടുകുരു. ചൂടു കൂടുമ്പോള്‍ വിയര്‍പ്പു ഗ്രന്ഥികളില്‍ തടസ്സം വരുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ ഗ്രന്ഥികളിൽ വിയർപ്പ് കൂടി തടസ്സമുണ്ടായാൽ വിയര്‍പ്പുതുള്ളികള്‍ പുറത്തേക്ക് വരാതെ തങ്ങി നില്‍ക്കും. ഇത് തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതിന് കാരണമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കുന്നതുകൊണ്ട് അത് അടങ്ങിയ ഭക്ഷണങ്ങൾ നൽകുന്നത് നല്ലതാണ്.
. പൗഡറുകൾ, എണ്ണകൾ, ക്രീമുകൾ തുടങ്ങിയവ വിയർപ്പ് ഗ്രന്ഥികളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
. തണുത്ത വെള്ളം കൊണ്ട് കഴുകുന്നതും തൈര്, അലോവേര ജെൽ, കരിക്കിൻവെള്ളം, തുടങ്ങിയവ ചൂടുകുരുവുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് അൽപസമയത്തിനു ശേഷം കഴുകിക്കളയുന്നതും നല്ലതാണ്.
. കുട്ടിയെ വായുസഞ്ചാരമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശ്രദ്ധിക്കുക.
. വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
. സോപ്പ് അമിതമായി ഉപയോഗിക്കാതിരിക്കുക.
. ചെറിയ കുട്ടികളെ പ്ലാസ്റ്റിക് ഷീറ്റുകളിൽ കിടത്താതിരിക്കുക.
മൂത്രാശയ അണുബാധ
വേനൽക്കാലങ്ങളിൽ കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിൽ വരുന്ന പ്രശ്നമാണ് മൂത്രാശയ അണുബാധ. മൂത്രം പിടിച്ചുവയ്ക്കുന്നതും പൂർണമായി മൂത്രമൊഴിച്ചു കളയാതിരിക്കുന്നതും അണുബാധയ്ക്ക് കാരണമാണ്.
മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ദുർഗന്ധമുള്ള മൂത്രം, അടിവയറ്റിലെ വേദന അല്ലെങ്കിൽ നടുവേദന, ഓക്കാനം, ഛർദി എന്നിവയ്‌ക്കൊപ്പം പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. മാതാപിതാക്കൾ കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകുക.
. വ്യക്തിശുചിത്വത്തെ കുറിച്ച് കുട്ടിക്ക് കൂടുതൽ അവബോധം നൽകുക.
. മലമൂത്ര വിസർജനത്തിനു ശേഷം മുന്നിൽനിന്ന് പിൻഭാഗത്തേക്കായി കഴുകുന്നത് അണുബാധ വരാനുള്ള സാധ്യത കുറയ്ക്കും.
. കുട്ടികൾ ദീർഘനേരം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കൃത്യമായ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കുക.
. രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃത്യമായ ചികിത്സ തേടുക.
ചിക്കൻപോക്സ്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗത്തിന്റെ ആരംഭത്തിൽ തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. ആവശ്യമായ വിശ്രമം എടുക്കുക.
. മറ്റുള്ളവർക്ക് പകരാതിരിക്കാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയതിനു ശേഷവും 4–5 ദിവസം വീട്ടിൽ തന്നെയിരിക്കുക.
.