അംഗീകാരങ്ങളുടെ നിറവില്‍ എബിലിറ്റി
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ 2022ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള മികച്ച സര്‍ക്കാരിതര സംഘടനക്കുള്ള (ചഏഛ) പുരസ്‌കാരത്തിന് മലപ്പുറത്തെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് അര്‍ഹമായി. എല്ലാ വിഭാഗം ഭിന്നശേഷിക്കാരുടെയും സമഗ്രമായ ഉന്നമനത്തിനു വേണ്ടി 2009 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ് എബിലിറ്റി. കാഴ്ചപരിമിതര്‍, ശ്രവണപരിമിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, അരയ്ക്കു താഴെ ചലനശേഷി നഷ്ടമായവര്‍, പഠനവൈകല്യമുള്ളവര്‍, ഓട്ടിസമുള്ളവര്‍ തുടങ്ങി വിവിധ തരം പരിമിതികളുള്ളവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന കേരളത്തിലെ പ്രധാന അത്താണിയായി എബിലിറ്റി മാറിക്കഴിഞ്ഞിട്ടുണ്ട്.
വെറും 14 വര്‍ഷം കൊണ്ടുതന്നെ ദേശീയതലത്തിലടക്കം ശ്രദ്ധേയമായ നിരവധി പദ്ധതികളും പരിപാടികളുമായി എബിലിറ്റി കര്‍മമണ്ഡലത്തില്‍ സജീവമാണ്. ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഫോര്‍ ഹിയറിങ് ഇംപയേഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബധിരര്‍ക്കു വേണ്ടി മാത്രമായുള്ള ഏക അഫിലിയേറ്റഡ് കോളജാണ്. ഈ സ്ഥാപനത്തിന് 2019ല്‍ ബധിരര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ബധിരര്‍ക്കുള്ള ഭാഷാ വികസന ഫിനിഷിങ് സ്‌കൂള്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് പ്രോഗ്രാം, ആംഗ്യഭാഷാ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, സിവില്‍ സര്‍വീസ് പരിശീലനം, പിഎസ്‌സി പരിശീലനം, പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്, സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികള്‍ക്ക് ഭാഷാ വികസന പദ്ധതി (ഇശല്‍), സ്പീച്ച് തെറാപ്പി, കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ്, എംപ്ലോയബിലിറ്റി ട്രെയിനിങ് തുടങ്ങിയ സേവനങ്ങള്‍ എബിലിറ്റിയില്‍ ലഭ്യമാണ്.
കാഴ്ചാ പരിമിതര്‍ക്കുള്ള നൈപുണി വികസന കേന്ദ്രം, സ്‌ക്രീന്‍ റീഡര്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ്, ബ്രയില്‍ ലിപി പരിശീലനം, ബ്രയില്‍ ഉപകരണ വിതരണം, പ്രിന്റ് പുസ്തകങ്ങള്‍, ഓഡിയോ രൂപത്തിലേക്ക് പുസ്തകങ്ങള്‍ മാറ്റുന്നതിനുള്ള സംവിധാനം, ഓഡിയോ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന ഉറവ ടോക്കിങ് ബുക്ക് ലൈബ്രറി, അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പാചക പരിശീലനം അടക്കമുള്ള ഹോം സയന്‍സ് കോഴ്‌സ് എന്നിവയും എബിലിറ്റി കേന്ദ്രമായി നടന്നുവരുന്നു.
എബിലിറ്റി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് റഹ്മയില്‍ 2013 മുതല്‍ ജുമുഅഃ ഖുത്ബ ആംഗ്യഭാഷയിലും നടത്തിവരുന്നു. എന്‍ഡിടിവി അടക്കം പ്രക്ഷേപണം ചെയ്ത ഈ വാര്‍ത്ത ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
കാമ്പസിനകത്ത് മാത്രമല്ല, പുറത്തേക്കും എബിലിറ്റിയുടെ സേവനം വ്യാപിച്ചുകിടക്കുന്നു. വിവിധ സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള പോലീസ് എന്നിവര്‍ക്കെല്ലാം ആംഗ്യഭാഷാ പരിശീലനം നല്‍കിവരുന്നുണ്ട്. കോഴിക്കോട് സിറ്റി പോലീസിലെ ജീവനക്കാര്‍ ആംഗ്യഭാഷയില്‍ ദേശീയ ഗാനം അവതരിപ്പിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയപ്പോള്‍ ഇതിനു വേണ്ടി പരിശീലനം നല്‍കിയിരുന്നത് എബിലിറ്റിയിലെ അധ്യാപകരായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എബിലിറ്റിയുടെ മാസ്റ്റര്‍പീസ് പദ്ധതിയാണ് ‘പൊരുത്തം.’ വിവാഹപ്രായമെത്തിയ ഭിന്നശേഷിക്കാരുടെ വിവാഹസ്വപ്‌നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും എബിലിറ്റി കേന്ദ്രമാക്കി നടത്തിവരുന്ന വിവാഹസംഗമമാണ് ‘പൊരുത്തം.’ ജാതി-മതഭേദമെന്യേ കേരളത്തിന്റെ നാനാദിക്കുകളില്‍ നിന്നും ഈ സംഗമത്തിലേക്ക് ആളുകള്‍ എത്തിച്ചേരാറുണ്ട്. തങ്ങള്‍ക്ക് അനുയോജ്യമായ ജീവിതപങ്കാളികളെ കണ്ടെത്താന്‍ സാധിച്ചതിലൂടെ നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ വിവാഹസ്വപ്‌നമാണ് ‘പൊരുത്തം’ വഴി പൂവണിഞ്ഞത്.
എബിലിറ്റി കാമ്പസില്‍ നടന്നുവരുന്ന പിഎസ്‌സി കോച്ചിങിലൂടെ അനേകം പേര്‍ക്ക് സര്‍ക്കാര്‍ജോലി ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഓണ്‍ലൈന്‍ വഴി സിവില്‍ സര്‍വീസ്, കെ-ടെറ്റ്, സെറ്റ്, നെറ്റ് എന്നിവയ്ക്കും പരിശീലനം നല്‍കുന്നു. വൊക്കേഷനല്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനഫലമായി നിരവധി പേര്‍ക്ക് സ്വകാര്യ മേഖലയിലും ജോലി ലഭിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ബഹുമതികള്‍ എബിലിറ്റിയെ തേടിയെത്തിയിട്ടുണ്ട്. 2019ലും 2020ലും മികച്ച കാഴ്ചാപരിമിത ജീവനക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, 2019ല്‍ എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് ബധിരര്‍ക്കുള്ള മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ്, വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷ ബ്രയില്‍ ലിപിയിലേക്ക് പകര്‍ത്തിയതിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുരസ്‌കാരം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
കെ അഹമ്മദ് കുട്ടി പടനിലം (ചെയര്‍മാന്‍) , അഡ്വ. സലീം കൊനാരി (സെക്രട്ടറി ), എന്‍ എം അബ്ദുല്‍ ജലീല്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ഒരു സംസ്ഥാനതല സമിതിയാണ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്നത്.
പ്ലസ്ടുവിനു ശേഷം ബധിരര്‍ക്ക് എന്ത് എന്ന ചോദ്യത്തിന് ഉത്തരമെന്നോണം 2009ല്‍ ആരംഭിച്ച എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കേരളത്തിലെ തന്നെ ഈ മേഖലയിലെ പ്രഥമ സംരംഭമായിരുന്നു. എല്ലാ ആധുനിക സംവിധാനവും ഒരുക്കിയ ഈ സ്ഥാപനത്തിന് എയ്ഡഡ് പദവി ലഭിക്കേണ്ടതുണ്ട്. പ്രസ്തുത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വിദ്യാഭ്യാസത്തോടൊപ്പം 120 അന്തേവാസികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, ചികിത്സ എന്നിവക്ക് മാസംതോറും 10 ലക്ഷം രൂപ ചെലവുണ്ട്. കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് എബിലിറ്റിയുടെ സേവനം എത്തിക്കുന്നതിന് 3.2 കോടി രൂപ മതിപ്പ് ചെലവുള്ള ഒരു ഹോസ്റ്റല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സംഭാവന മാത്രമാണ് എബിലിറ്റിയുടെ ഏക വരുമാനം എന്നതിനാല്‍ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് സമൂഹത്തിന്റെ പിന്തുണ ഏറെ ആവശ്യമുണ്ട്.