”ഒന്ന് താഴേക്ക് ഇറങ്ങിവാ കനകം.. ഈ വയ്യാത്ത കാലും കൊണ്ട്…”
കഴിഞ്ഞ കുറേ ദിവസങ്ങളായി മുകളിലേക്ക് ദിവസവും കയറിയിറങ്ങുകയാണ് അവള്‍. കാലിലെ നീര്‍ക്കെട്ടും തടിപ്പും വകവെയ്ക്കാതെയാണ് കുത്തനെയുള്ള ഗോവണിയിലൂടെയുള്ള കയറ്റിറക്കം.
“ദാ വന്നു.”
ശബ്ദത്തിലെ കിതപ്പ് ഇവിടെനിന്നുതന്നെ അറിയാനാവുന്നുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ കൂടെക്കൂടെ അലട്ടുമ്പോഴും അത് മറച്ചുവെക്കുന്നതാണവള്‍ക്ക് ഇഷ്ടം.
ക്ഷീണിച്ച് അവശമായ ശരീരത്തിലെ രക്തധമനികളില്‍ രണ്ട് മാസം മുമ്പാണ് ആൻജിയോ നടത്തി തടസ്സം നീക്കിയത്. ഡോക്ടര്‍ നിർദേശിച്ച വിശ്രമത്തിന്റെ സമയം കഴിയുന്നതേയുള്ളു.
ഉപയോഗിക്കാതെയിട്ടിരിക്കുന്ന അനുവിന്റെ കിടപ്പുമുറി എന്നും തുടച്ച് വൃത്തിയാക്കിയിടണമെന്ന് കനകത്തിന് വല്ലാത്ത നിര്‍ബന്ധമാണ്.
അനുവിന്റെ ഫോണ്‍വിളിയില്ലാതായാല്‍ അവള്‍ക്ക് കടുത്ത അസ്വസ്ഥതയാണ്.യു കെയിലെത്തി ആദ്യ ഒരു മാസം ദിവസേന ഒരു പ്രാവശ്യമെങ്കിലും അവന്‍ ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്ന് ഓര്‍ത്തു. വിളിക്കുമ്പോള്‍ അമ്മയുമായാണ് ആദ്യ സംസാരം. മകന്റ ഫോണ്‍ വിളി തീരുമ്പോഴേക്ക് കനകം സന്തോഷംകൊണ്ട് പൂത്തുലഞ്ഞിട്ടുണ്ടാവും. അവസാനമാണ് തനിക്ക് ഫോണ്‍ തരിക.
ഒരു വര്‍ഷം കഴിഞ്ഞതോടെ പതിയെ ഫോണ്‍ കോളുകളുടെ ഇടവേളകള്‍ വർധിച്ചതായി അറിഞ്ഞു.
”നിനക്കൊന്ന് അങ്ങോട്ടും വിളിക്കാലോ..”
വിഷാദഭാവത്തില്‍ അവളൊന്നു നോക്കി.
സുമോദ് ഡൗണ്‍ലോഡ് ചെയ്ത്കൊടുത്ത മൊബൈല്‍ ആപ്പ് വഴി ഇടക്ക് വീഡിയോ കാള്‍ ചെയ്തു. ഒരിക്കല്‍ അങ്ങേതലയ്ക്കല്‍ ഫോണെടുത്തത് ഏതോ ഒരു പെണ്‍കുട്ടിയായിരുന്നു. അതോടെ ഒന്നു വല്ലാതായി. അതിനുശേഷം അങ്ങോട്ടുള്ള വിളികളും കുറഞ്ഞു.
ഒരിക്കല്‍ കനകം തന്നെയാണത് ഓർമിപ്പിച്ചത്:
”മുകളില്‍ ഒരു അറ്റാച്ച്ഡ് മുറികൂടി പണിയേണ്ടേ?”
”ങാ…വേണം.”
കുറേക്കാലമായി അവള്‍ പറഞ്ഞിരുന്നതാണ്. വീണ്ടും അതാവര്‍ത്തിച്ചു. തന്റെ താല്‍പര്യക്കുറവ് അവള്‍ക്ക് ഏറെ വിമ്മിഷ്ടമുണ്ടാക്കിയിട്ടുണ്ടാവണം.
അനുമോദ് നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞതോടെ വീടുപണി തകൃതിയാക്കി. അതേവരെ താഴെ രണ്ട് കിടപ്പുമുറികള്‍ മാത്രമാണല്ലോ ഉണ്ടായിരുന്നത്.
യു കെയിലേക്ക് പോവുന്നതിന് മുമ്പേ അനുമോദും സുമോദും കഴിഞ്ഞിരുന്നത് താഴെ ഹാളിനോട് ചേര്‍ന്ന ചെറിയ മുറിയിലായിരുന്നു. രണ്ടുപേരും ഇടക്കിടെ അവിടെ വഴക്കടിച്ച് ഞെരുങ്ങിക്കഴിഞ്ഞു.
ചേട്ടന്റെ യു കെ യാത്രയോടെ അവിടം സുമോദിന്റെ ബി ടെക് പഠനമുറിയായി. കന്യാകുമാരിക്കാരന്‍ സത്യന്‍ മുകളിലെ എടുപ്പിന്റെ പണി പെട്ടെന്ന് ചെയ്തു തന്നു. എങ്ങനെയൊക്കെയോ ഒരു മാസം കൊണ്ട് ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയും ഹാളും പെട്ടെന്ന് ഒരുക്കി.
ഒരോ രാത്രിയിലും വിളിക്കുന്നതും കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിളി. അനുമോദ് നാട്ടിലേക്ക് വരുന്നുവെന്ന്.
മഴ തിമര്‍ത്തുപെയ്യുന്ന ഒരു തിങ്കളാഴ്ച മുറ്റത്ത് ഒരു കാര്‍ വന്നുനിന്നു. ഗേറ്റ് കടന്നു വന്ന യൂബര്‍ ടാക്സിയില്‍ നിന്ന് അനുവിനൊപ്പം കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടിയും. ഫോണിലെ പെണ്‍ശബ്ദത്തിന്റെ ഉടമ!
കൂടെയുള്ളതാരെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അനുമോദിന്റെ മുഖത്തെ ഗൗരവഭാവം കണ്ട് നിശ്ശബ്ദത പാലിച്ചു. കനകം വല്ലാതായിരുന്നു.
കൂടരഞ്ഞിയിലെ ഒരു കര്‍ഷക കുടുംബാംഗമാണ് ജിന്‍സിയെന്നറിഞ്ഞു. അനുവിനൊപ്പം യു കെയിലെത്തിയതാണെന്നും കേട്ടു.
പിന്നീടുള്ള ഒരാഴ്ചക്കുള്ളില്‍ എന്തൊക്കെയോ സംഭവിച്ചു.
റിസപ്ഷനും അതിന്റെ തിരക്കും ബഹളവും പെട്ടെന്ന് കഴിഞ്ഞു. ഒറ്റക്കിരുന്ന് കരയുന്ന കനകത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല.
മഴമാറിനിന്ന സന്ധ്യാ സമയത്ത് അനുമോദ് അമ്മയോട് മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
”നാളെ മടങ്ങുകയാണമ്മേ”
മുഖത്ത് നോക്കാതെയാണവന്‍ പറഞ്ഞത്.
രാവിലെ നേരത്തേ ഉണര്‍ന്നിരുന്നു.
മുകളിലെ മുറിയില്‍ നിന്ന് യാത്രക്കുള്ള ഒരുക്കത്തിന്റെ ആരവം കേട്ടു. രണ്ടു പേരും ഗോവണിയിറങ്ങി വന്നു. എയര്‍പോര്‍ട്ടിലേക്ക് കഷ്ടി അര മണിക്കൂര്‍ യാത്രയേയുള്ളു..
ഇറങ്ങാന്‍ നേരവും ഒന്ന് ചിരിച്ചെന്നു വരുത്തിയല്ലാതെ അവന്‍ ഒന്നും മിണ്ടിയില്ല. അന്നേരം അവന്റെ മുഖത്ത് നിഴലിച്ച നിർവികാരത എന്നെ വല്ലാതെ ഭയപ്പെടുത്തി.
അന്നേരം കനകത്തിന്റെ മുഖത്ത് കാര്‍മേഘം പോലെ പടര്‍ന്ന സങ്കടഭാവം കണ്ടില്ലെന്ന് നടിച്ചു. കാറിനകത്ത് നിന്ന് ഇരുവരും യാന്ത്രികമായി പുറത്തേക്ക് നോക്കി കൈവീശുന്നുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി വാഹനം വേഗത്തില്‍ അകലേക്ക് മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഒന്നും മിണ്ടാതെ നനഞ്ഞ കണ്‍പോളകള്‍ തുടച്ച് അവള്‍ അകത്തേക്ക് നടന്നു.
.