LoginRegister

കാതോര്‍ക്കുക, മൃഗങ്ങള്‍ ചിരിക്കുന്നു

Feed Back

'അന്തിമയുദ്ധം' എന്ന പേരില്‍ ഒരു നാടകമുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനായ നീല്‍ ഗ്രാന്‍റ്1935 ല്‍ എഴുതിയ ഈ നാടകത്തില്‍ ലോക രാജ്യങ്ങള്‍ എല്ലാം അണിനിരക്കുന്ന ഒരു യുദ്ധമാണ് ചിത്രീകരിക്കുന്നത്. ഈ യുദ്ധത്തില്‍ രാജ്യങ്ങള്‍ പരസ്പരം ജൈവായുധങ്ങള്‍ പ്രയോഗിക്കുന്നു. മാരകമായ ബാക്ടീരിയകളും വൈറസുകളും അവര്‍ പുറത്തുവിടുന്നു. രോഗകാരികളായ വൈറസുകള്‍ ആക്രമിച്ച് കുറച്ചു ദിവസങ്ങള്‍ കൊണ്ട് ലോകത്തെ മനുഷ്യര്‍ കൂട്ടമായി ചത്തൊടുങ്ങുന്നു. ഒടുവില്‍ ഭൂമിയില്‍ ബാക്കിയാകുന്നത് കുറെ മൃഗങ്ങള്‍ മാത്രം.

മനുഷ്യര്‍ ഇല്ലാതായ ഭൂമിയില്‍ കുറെ മൃഗങ്ങള്‍ ഒരിടത്ത് ഒരുമിച്ചു കൂടുന്നു.'മനുഷ്യന്‍ ഇല്ലാതായത് നന്നായി' എന്ന അഭിപ്രായമാണ് നായ ഒഴികെ ബാക്കി എല്ലാ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ളത്. നായക്ക് മാത്രമാണ് തന്‍റെ യജമാനനോടുള്ള കൂറ് കൊണ്ട് മനസ്സ് നോവുന്നത്. യുദ്ധക്കളങ്ങളില്‍ മനുഷ്യരെ അനുഗമിക്കാറുണ്ടായിരുന്ന കുതിര, ഇത് താന്‍ മുന്‍കൂട്ടി കണ്ടിരുന്ന ദുരന്തമാണെന്ന് പറയുന്നു. തങ്ങളുടെ പിന്‍ഗാമികള്‍ക്ക് ഇത്ര വലിയ ക്രൂരതയും പൊട്ടത്തരവും ചെയ്യാനാകില്ലെന്നാണ് കുരങ്ങിന്‍റെ വാദം! വിശക്കുമ്പോഴല്ലാതെ താന്‍ ഒരു ജീവിയെയും കൊല്ലാറില്ലെന്നും എന്നാല്‍, മനുഷ്യന്‍ കടുത്ത അക്രമി ആയിരുന്നുവെന്നും സിംഹവും കുറ്റപ്പെടുത്തുന്നു.

ദൈവം മനുഷ്യനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ കാലം തൊട്ടേ മനുഷ്യരെ പഠിച്ചു കൊണ്ടിരിക്കുന്ന സര്‍പ്പം തന്‍റെ ഉള്‍ക്കാഴ്ച പങ്ക് വെക്കുന്നതിങ്ങനെയാണ്: 'മനുഷ്യന് ഒരു സ്വര്‍ഗം കൊടുത്താല്‍ അവന്‍ അത് വളരെ വേഗം മാലിന്യക്കൂമ്പാരമാക്കും. ചന്തമുള്ള മനസ്സാകട്ടെ, അവന്‍ അത് അഹന്ത കൊണ്ട് നിറക്കും. കരുത്തുള്ള അവന്‍റെ കരങ്ങള്‍ കൊണ്ട് അവന്‍ മറ്റുള്ളവരെ വക വരുത്താന്‍ ആയുധങ്ങള്‍ പണിയും. അവനെ നേര്‍വഴിയിലാക്കാന്‍ ഒരു പ്രവാചകനെ അയച്ചു കൊടുത്താലോ അവന്‍ അദ്ദേഹത്തെ ആട്ടിയോടിക്കും!'. ചുരുക്കത്തില്‍, പ്രപഞ്ചത്തിലെ ഏറ്റവും മണ്ടന്മാരായ ജീവിവര്‍ഗമായിരുന്നു മനുഷ്യര്‍ എന്ന നിഗമനത്തിലാണ് സമ്മേളനം എത്തിച്ചേരുന്നത്. ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സമാധാനമായിരുന്നു മൃഗങ്ങള്‍ക്ക്. മൃഗങ്ങള്‍ സമ്മേളനം അവസാനിപ്പിക്കുമ്പോഴാണ് മനുഷ്യകുലത്തെ തുടച്ചു നീക്കിയ വില്ലനായ വൈറസ് കടന്നുവരുന്നത്. ശത്രുക്കളെ ഉന്മൂലനം ചെയ്യാനായി മനുഷ്യരാണ് തന്നെ ലബോറട്ടറിയില്‍ വളര്‍ത്തിയെടുത്തതെന്നും ആ പാപത്തിന്‍റെ ശമ്പളമാണ് അവനു കിട്ടിയത് എന്നും വൈറസ് പറയുന്നു. ഏറ്റവും ഒടുവില്‍, മനുഷ്യരില്ലാത്ത ഭൂമി മുഴുവന്‍ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയ ശേഷം ഒരു മാലാഖ രംഗത്ത് വരുന്നു: 'മനുഷ്യന്‍ കെട്ടിപ്പൊക്കിയ അംബര ചുംബികളായ കെട്ടിടങ്ങളും മഹാസൗധങ്ങളും വിജനമായിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ താന്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്‍റെ സകല അഹന്തകളും തരിപ്പണമായിരിക്കുന്നു. അവന്‍ ദൈവത്തെ മറന്നു, മറ്റു മനുഷ്യരെ മറന്നു, പ്രകൃതിയെ മറന്നു. എല്ലാം തന്‍റെ ബുദ്ധിവൈഭവം കൊണ്ട് മാത്രമാണ് സാധിക്കുന്നത് എന്ന് അഹങ്കരിക്കുകയും എല്ലാ മൂല്യങ്ങളും കാറ്റില്‍ പറത്തുകയും ചെയ്തതിനുള്ള പരിണതിയാണ് ഈ ദുരന്തം'-മാലാഖ പറയുന്നു.

വൈറസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഭൂമിയില്‍ അവശേഷിക്കുന്ന ഏക മനുഷ്യനാണ് നാടകത്തിന്‍റെ അവസാന രംഗത്ത് കടന്നു വരുന്നത്. അപ്പോള്‍ അയാളെ വകവരുത്താനായി മൃഗങ്ങളെല്ലാം ചീറിയടുക്കുന്നു. മാലാഖ അവയെ തടയുന്നു. എന്നാല്‍, മനുഷ്യകുലത്തില്‍ ഏകനായി താന്‍ മാത്രം ഇനി ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നും തന്നെ കൊല്ലുകയാണ് ഭേദമെന്നും അയാള്‍ അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ പ്രപഞ്ചത്തോട് ചെയ്ത എല്ലാ അരുതായ്കകള്‍ക്കും മറ്റു ജീവജാലങ്ങളോട് അയാള്‍ മാപ്പു ചോദിക്കുന്നു. മാലാഖ അയാളെ താങ്ങിയെടുത്ത് കൊണ്ടുപോകുമ്പോള്‍ തിരശീല വീഴുന്നു.

കോവിഡ് 19 എന്ന വൈറസ് മനുഷ്യരുടെ ഉറക്കം കെടുത്തിക്കണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ നാടകമാണ് ഓര്‍മ വരുന്നത്. ഈ വൈറസ് മനുഷ്യര്‍ പടച്ചുണ്ടാക്കിയ ജൈവായുധമാണെന്ന് ആരും സ്ഥിരീകരിച്ചിട്ടില്ല; ചില ഊഹാപോഹങ്ങള്‍ അങ്ങനെ നിലനില്‍ക്കുന്നുണ്ടെങ്കിലും. അത് ശരിയായാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. അടുത്ത കാലത്തായി തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്ന പകര്‍ച്ച വ്യാധികള്‍ക്കും പരിസ്ഥിതിയില്‍ ഉണ്ടായ അപകടകരമായ മാറ്റങ്ങള്‍ക്കും പ്രധാന ഉത്തരവാദി മനുഷ്യരാണ്. അവന്‍റെ ദുരയും അഹന്തയും ഹിംസയും ഒടുങ്ങാത്ത മോഹങ്ങളുമാണ്. ഒരു നിസ്സാര സൂക്ഷ്മജീവിയെ പോലും തളയ്ക്കാന്‍ നമ്മള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്ന വലിയ പാഠം കൂടി ഓര്‍മിപ്പിക്കുന്നുണ്ട്, ഈ ഭയാനകമായ കാലം.

categories
categories
കൂടുതൽ പംക്തികൾ
Back to Top