LoginRegister

ജോലി പ്രധാനമാണ് കുട്ടികളുടെ ഭാവിയും

ആയിശ സി ടി

Feed Back


പുരുഷന്മാര്‍ക്ക് അനുവദിച്ച തൊഴിലുകള്‍ സ്ത്രീകള്‍ക്ക് നിരോധിച്ചതായി ഖുര്‍ആനിലും ഹദീസിലും നമുക്ക് കണ്ടെത്താനാവില്ല. ഇദ്ദാ കാലത്തു പോലും തന്റെ ജോലിക്കായി സ്ത്രീ പുറത്തു പോകുന്നതിനെ ഇസ്ലാം വിലക്കുന്നില്ല.
മാതാക്കള്‍ ജോലിക്കു പോകുമ്പോള്‍ മക്കളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. കാരണം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഓരോ കുട്ടിക്കും മാതാപിതാക്കളുടെ ലാളനയും പരിരക്ഷയും ആവശ്യമാണ്.
കുട്ടികളുടെ പരിപാലനവും ജോലിയും ഒരുപോലെ കൊണ്ടുപോകാന്‍ മാതാവിനു മാത്രമല്ല പിതാവിനും സാധിക്കേണ്ടതുണ്ട്. ജോലിക്കു പോകുന്ന മാതാവിനു മാത്രമല്ല, പിതാവിനും കുട്ടിയുടെ മേല്‍ ഒരുപോലെ ബാധ്യതയുണ്ട്. വീട്ടുജോലി സ്ത്രീയുടെ മേല്‍ നിര്‍ബന്ധിതമായ ഒരു കാര്യമല്ല. അവളത് നിര്‍വഹിക്കുന്നത് പുണ്യകര്‍മം മാത്രമാണെന്ന് ഇമാം നവവി വ്യക്തമാക്കുന്നു.
ഇന്ന് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ വര്‍ധിക്കുമ്പോള്‍, കുടുംബജീവിതവും തൊഴിലും നല്ല രൂപത്തില്‍ കൊണ്ടുപോവാനും വിജയിക്കാനും സാധിക്കേണ്ടതുണ്ട്.
ജോലിയുടെ സൗകര്യത്തിനു വേണ്ടി, നേട്ടങ്ങള്‍ക്കു വേണ്ടി കുട്ടികളുടെ അവകാശം നിഷേധിക്കരുത്. മുലകുടിപ്രായത്തില്‍ രണ്ടു വയസ്സുവരെ മുലയൂട്ടുകയെന്ന നിര്‍ദേശം പാലിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മക്കള്‍ക്ക് മാതാവില്‍ നിന്നു ലഭിക്കേണ്ട അലിവും സ്നേഹവും സുരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആദ്യത്തെ പാഠശാലയായ മാതാവിന്റെ സാമീപ്യം ഏറ്റവും കൂടുതലായി ലഭിക്കേണ്ട കുട്ടിക്കാലത്ത്, ജോലിയുടെ തിരക്കുകള്‍ക്കിടയില്‍ അതു നിഷേധിക്കപ്പെട്ടാല്‍ പിന്നീട് പരിഹരിക്കാന്‍ സാധിക്കുന്ന പോരായ്മയല്ല അത്.

സ്ത്രീകളുടെ ജോലിയുടെ കാര്യത്തില്‍ ഇസ്ലാം യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു കുടുംബത്തിന്റെ ഭരണാധിപയാണ് സ്ത്രീയെന്ന ഇസ്ലാമിക വിശേഷണത്തെ ഓരോ മാതാവും ഗൗരവമായി കാണേണ്ടതുണ്ട്. ജോലിക്കു പോകുമ്പോള്‍ കുട്ടികളെ സുരക്ഷിതമായ കൈകളില്‍ ഏല്‍പിക്കുകയും ബാക്കി സമയങ്ങളില്‍ അവര്‍ക്കു ലഭ്യമാക്കേണ്ട കരുതലും സ്നേഹവും ശിക്ഷണവും നല്‍കുകയും ചെയ്യേണ്ടതുണ്ട്.
കുട്ടിയും മാതാവും തമ്മിലുള്ള മുറിച്ചുകളയാനാവാത്ത ബന്ധം, പൊക്കിള്‍ക്കൊടി വഴിയുള്ള അടയാളം ശരീരത്തില്‍ ബാക്കിയായതുകൊണ്ട് മാത്രം തീവ്രമാകുന്നതല്ല. മറിച്ച്, കുഞ്ഞുന്നാള്‍ മുതല്‍ കുട്ടിക്കു ലഭിക്കുന്ന ചൂടും സുരക്ഷയും അലിവുമാണ് മാതാവ്. ഉപാധികളില്ലാത്ത സ്നേഹമാണ് മാതാവിലൂടെ കുട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനു മാതാവിന്റെ തൊഴില്‍ തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇസ്ലാമിക വീക്ഷണത്തില്‍ വീട്ടുജോലിയും കുടുംബഭാരവും സ്ത്രീയുടെ മാത്രം ബാധ്യതയല്ല. എന്നാല്‍ തന്റെ കുട്ടിയെ നല്ല രൂപത്തില്‍ പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതില്‍ നിന്ന് മാതാവിന്റെ മേല്‍, പിതാവിനുള്ളതു പോലെയോ അതിനേക്കാളുപരിയോ ബാധ്യതയുണ്ട്. കാരണം മാതൃത്വമെന്നത് ഒരിക്കലും നിര്‍വചിച്ചു തീര്‍ക്കാനാവാത്ത ഒന്നാണ്, മഹാസാഗരം പോലെ, അതിനുമപ്പുറത്ത് വിശാലമാണ്.
മാതാക്കളുടെ വിദ്യാഭ്യാസവും തൊഴിലും കുട്ടികളെ കൂടുതല്‍ സംസ്‌കാരസമ്പന്നരും ഉയര്‍ന്ന ലക്ഷ്യവുമുള്ളവരാക്കാന്‍ കൂടുതല്‍ പ്രയോജനപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാനും സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിരത നേടാനും സാധിക്കുന്നു എന്നതും വസ്തുതയാണ്.
കുടുംബത്തെയും സമൂഹത്തെയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും കൊണ്ട് സാധിക്കുമ്പോള്‍, വളര്‍ന്നുവരുന്ന കുരുന്നുകള്‍ക്ക് മാതാവിന്റെ സ്നേഹം നിഷേധിക്കാനോ മക്കളുടെ വളര്‍ച്ചയില്‍ മാതാവിന്റെ പങ്ക് ഒട്ടും കുറയാനോ ഇസ്ലാം അനുവദിക്കുന്നില്ല.
തൊഴിലില്‍ ശോഭിക്കുമ്പോഴും സാമ്പത്തിക നില ഭദ്രമാക്കുമ്പോഴും അത്രമേല്‍ തന്നെ കുടുംബത്തിന്റെ സന്തോഷവും മക്കളുടെ ആവശ്യവും പരിഗണിച്ചുകൊണ്ടും അതിനേറെ പ്രാധാന്യം കൊടുത്തും കൊണ്ടു പോകുന്ന മികച്ച പാരന്റിങ് നടക്കേണ്ടതുണ്ട്, ഓരോ വീട്ടിലും. കുടുംബാന്തരീക്ഷത്തില്‍ പരസ്പര സഹകരണത്തിന്റെയും പരിഗണനകളുടെയും ഊഷ്മളതയുണ്ടാവണം. അത് ഉപാധികളില്ലാത്ത സ്‌നേഹത്തിലൂടെ മാത്രമേ സാധ്യമാവൂ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top