ജന്മദിനാശംസകള്, സഹോദര മതസ്ഥരുടെ വിശേഷ ദിനാശംസകള്‍, പ്രത്യേക ദിനാശംസകള്‍ എന്നിവ നേരാന്‍ മുസ്ലിമിന് പാടുണ്ടോ? നമ്മുടെ ജന്മദിനത്തിന് മറ്റുള്ളവരുടെ ആശംസകള്‍ സ്വീകരിക്കാന്‍ പാടുണ്ടോ?
ജന്മ-ചരമദിനങ്ങള്ക്ക് മതപരമായി ഒരു പ്രാധാന്യവുമില്ല. അത് ആഘോഷിക്കാനും ആചരിക്കാനും പാടില്ല. എന്നാല്‍ ബഹുസ്വര സമൂഹത്തില്‍ ഈ വിഷയത്തിലുള്ള സമീപനങ്ങള്‍ അല്പം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരുടെ ജന്മദിനത്തിന് ആശംസകള്‍ അറിയിക്കുന്നതില്‍ നിന്ന് നമുക്ക് വിട്ടുനില്ക്കാവുന്നതേയുള്ളൂ. എന്നാല്‍ നമ്മുടെ ജനന തിയ്യതി ഓര്‍ത്തുവെച്ച് ഒരു അമുസ്ലിം സുഹൃത്ത് അന്ന് നമുക്ക് ആശംസകള്‍ നേരുമ്പോള്‍ അയാള്‍ക്കു നേരെ മുഖം കറുപ്പിക്കേണ്ടതില്ല. ബഹുസ്വര സമൂഹത്തിലെ മനുഷ്യബന്ധങ്ങള്‍ സൂക്ഷിക്കാന്‍ ഈ സമീപനമാണ് അഭികാമ്യം. അപ്രകാരം ഒരു അമുസ്ലിം സുഹൃത്തിന്റെ അല്ലെങ്കില്‍ അമുസ്ലിമായ അയല്ക്കാരന്റെ വിശേഷദിവസങ്ങളില്‍ നാം അവര്‍ക്ക് ആശംസകള്‍ കൈമാറുന്നത് ഈ ഗണത്തിലാണ് പരിഗണിക്കേണ്ടത്. സാമൂഹിക-സാംസ്കാരിക തലങ്ങളില്‍ വിവിധ പ്രമേയങ്ങളുമായി നിരവധി ദിനങ്ങള്‍ ആചരിക്കപ്പെടാറുണ്ട്. അധ്യാപക ദിനം, മനുഷ്യാവകാശ ദിനം, മാതൃദിനം, തൊഴിലാളി ദിനം തുടങ്ങിയ പേരുകളിലായി ഐക്യരാഷ്ട്ര സഭ പോലുള്ള ഏജന്‍സികള്‍ വിവിധ ദിനങ്ങള്‍ ഓരോ വര്‍ഷവും ആചരിക്കാറുണ്ട്. അത്തരം ദിവസങ്ങള്‍ വരുമ്പോള്‍ ആ പ്രമേയവുമായി ബന്ധപ്പെട്ട ആശംസകള്‍ കൈമാറുന്നതില്‍ തെറ്റില്ല. അത് മതപരമായ ഒരു ആചാരമായോ കര്‍മമായോ നാം കാണേണ്ടതില്ല. അല്ലാഹു അഅ്ലം.
(കടപ്പാട്: ഖത്തറിലെ ജവാബ് ഡോട്ട്കോമില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നല്കിയ ഉത്തരം)