LoginRegister

ഇവര്‍ കാവല്‍ മാലാഖമാര്‍

ബഷീര്‍ കൊടിയത്തൂര്‍

Feed Back

കോവിഡ് മഹാമാരി മരണം വിതക്കുമ്പോള്‍ നമുക്കായി ഉറങ്ങാതിരുന്ന ഒരു വിഭാഗം ആളുകളുണ്ട് നമുക്ക് ഓര്‍മിക്കാന്‍. രണ്ടു ലെയര്‍ മാസ്കും ധരിച്ച് രാവും പകലുമില്ലാതെ രോഗികള്‍ക്ക് കൂട്ടുകിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജന സുരക്ഷക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണും നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ പാടുപെടുന്ന പൊലിസുകാര്‍, വാര്‍ത്തകളും തല്‍സമയ ദൃശ്യങ്ങളുമായി ജാഗരൂകരാവുന്ന മാധ്യമപ്രവര്‍ത്തകര്‍.... ഏത് മഹാമാരി കാലത്തും സ്വജീവന്‍ പണയപ്പെടുത്തി പൊതുജനങ്ങള്‍ക്കായി രാപ്പകല്‍ സേവനം ചെയ്യുന്ന ഇവരാണ് യഥാര്‍ഥ പോരാളികള്‍.

എന്നെ പരിചരിച്ച ഡോക്ടറും നഴ്സും മലയാളികളായിരുന്നു. സെലിന്‍ എന്ന് പേരുള്ള ആ നഴ്സിന്‍റെ പരിചരണം മറക്കാനാവാത്തതാണ്. തുടക്കത്തിലുള്ള എന്‍റെ ആശങ്കകളകറ്റിയും സമാധാനിപ്പിച്ചും അവര്‍ നല്‍കിയ സ്നേഹപരിചരണങ്ങള്‍ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല.
അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത്, ആശുപത്രിയും റൂമുകളും വൃത്തിയാക്കാന്‍ വരുന്ന ആളുകളാണ്. ദിവസവും മൂന്നു പ്രാവശ്യം രോഗികളുടെ റൂമുകള്‍ വൃത്തിയാക്കാന്‍ അവര്‍ വരും. ജാഗ്രതയോടെ, നിശ്ചിത അകലം പാലിച്ച്, മനസ്സുകളെ അടുപ്പിക്കുന്ന സേവനങ്ങളായിരുന്നു അവരുടേതെന്ന് എടുത്തു പറയണം. അവരങ്ങനെ സലാം പറഞ്ഞ് അഭിവാദ്യം ചെയ്ത് വരികയും ആത്മാര്‍ഥമായി തങ്ങളുടെ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്നു....
ഖത്തറില്‍ ക്വാറന്‍റെയിനില്‍ കഴിഞ്ഞ മലയാളി യുവതികളുടെ വാക്കുകളാണിത്. ഇങ്ങനെ എത്രയെത്ര പേരാണ് ആ മാലാഖമാരുടെ സാന്ത്വന പരിചരണത്തിന്‍റെ അനുഭൂതി നുകര്‍ന്നത്. ലോകം മുഴുവന്‍ രോഗശയ്യയിലേക്ക് ചുരുങ്ങിയപ്പോള്‍ രക്ഷയായതും ഇവരാണ്. ഡോക്ടറും നഴ്സും ഫാര്‍മസിസ്റ്റും മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ. ഫീല്‍ഡിലാണെങ്കില്‍ ജീവന്‍ പണയും വച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആംബുലന്‍സ് ഡ്രൈവര്‍മാരും.

ലോകത്തെ ഒന്നടങ്കം രോഗശയ്യയിലാക്കാന്‍ ഒരു വൈറസിനാവുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയതല്ല. എല്ലാ വിഭാഗക്കാരുടെയും ജീവിതക്രമം ഒറ്റയടിക്ക് കൊറോണ വൈറസ് തകിടം മറിച്ചിരിക്കുന്നു. ലോകത്ത് ഭീതിപടര്‍ത്തിയും നാടിനെ മരണഭൂമിയാക്കിയും വിലസുന്ന വൈറസിനു മുന്നില്‍ ശാസ്ത്രവും സാങ്കേതികതകളും മുട്ടുമടക്കിയിരിക്കുകയാണ്. 200 രാജ്യങ്ങളില്‍ 25 ലക്ഷത്തോളം പേരെ ബാധിച്ച വൈറസ് ഇതിനകം എടുത്തത് ഒന്നേ മുക്കാല്‍ ലക്ഷം ജീവനുകളാണ്. അര ലക്ഷത്തിലധികം പേര്‍ വിവിധ രാജ്യങ്ങളില്‍ അത്യാസന്ന നിലയിലാണ്. കോവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടെത്താത്തത് പ്രതിസന്ധിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
എന്നാല്‍ രോഗികളായവര്‍ക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്തി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പോരാടിയ ആരോഗ്യ പ്രവര്‍ത്തകര്‍ പനിയെയും പ്രമേഹത്തേയും നേരിടാനുള്ള പരിമിത സൗകര്യങ്ങള്‍കൊണ്ടാണ് അദൃശ്യമായ മഹാമാരിയെ നേരിട്ടത്.
പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. വെന്‍റിലേറ്റര്‍ സൗകര്യം പരിമിതമായതിനാല്‍ ഭൂരിപക്ഷവും പുറത്തായി. അറുപതു കഴിഞ്ഞവരെ ചികില്‍സ നല്‍കാതെ അവഗണിച്ച വാര്‍ത്തകളും പലയിടത്തുനിന്നുമുണ്ടായി.

കാവല്‍ മാലാഖമാരെ പോലെയാണ് നഴ്സുമാരുടെ പ്രവര്‍ത്തനം. വെള്ള വസ്ത്രത്തിന്‍റെ വിശുദ്ധിയും പ്രതീക്ഷയും രോഗികളുടെ മനസില്‍ ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു ഇവര്‍. കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് 14 മുതല്‍ 28 ദിവസം വരെയാണ് ഏകാന്തവാസവും ചികില്‍സയും. രോഗപകര്‍ച്ച അതിതീവ്രമായി നിലനില്‍ക്കുന്ന രോഗമായിട്ടും അവര്‍ പകച്ചില്ല. പരിമിതമായ സൗകര്യങ്ങളാണ് ലഭിച്ചതെങ്കിലും അവര്‍ പിന്‍മാറിയില്ല. 14 ദിവസത്തോളം ഒരാളുടെ ഡ്യൂട്ടിനീണ്ടപ്പോഴും അവര്‍ ക്ഷീണിച്ചില്ല. കുഞ്ഞുങ്ങളെ കാണാതെ, പ്രായമായ സ്വന്തം മാതാപിതാക്കളെ പരിചരിക്കാനാവാതെ, ഭര്‍ത്താവിനെ പരിഗണിക്കാതെ അവര്‍ ആ വാര്‍ഡുകളില്‍ സജീവമായി. ലോക്ക്ഡൗണും യാത്രാവിലക്കും നിയന്ത്രണങ്ങളും കാരണം വീട്ടുകാര്‍ പ്രയാസത്തിലായപ്പോഴും അതൊന്നും തന്‍റെ സേവനത്തെക്കാള്‍ വലുതാണെന്ന് നിനച്ചില്ല. പുഞ്ചിരിച്ചും സമാശ്വാസ വാക്കുകള്‍ ചൊരിഞ്ഞും അവര്‍ മറ്റൊരു പ്രതീക്ഷയുടെ ലോകം പണിയുകയായിരുന്നു. മരണം മാത്രം മുന്നില്‍ കണ്ട് സമയം എണ്ണിക്കിടന്ന ഓരോരുത്തര്‍ക്കും അവര്‍ പ്രതീക്ഷയുടെ മാലാഖമാരായി. ലഭ്യമായ മരുന്നുകളാണ് നല്‍കാനുള്ളത്. എങ്കിലും അതിന് മൃതസഞ്ജീവനിയുടെ കരുത്തുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. ദിനങ്ങള്‍ ഓരോന്ന് കൊഴിഞ്ഞു വീഴവേ പ്രതീക്ഷയുടെ പൊന്‍വെട്ടം രോഗികളില്‍ ഉദിച്ചുവരുന്നത് അവര്‍ നിറകണ്ണുകളോടെ കണ്ടു. നിരാശയുടെ മുഖത്ത് പുഞ്ചിരി പതിയെ വിരിഞ്ഞുതുടങ്ങി. അവശതമാറി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം പറയുന്നത് മറക്കാനാവാത്ത പരിചരണത്തെക്കുറിച്ചാണ്. ജീവിതത്തിനും മരണത്തിനുമിടക്ക് നാം യാഥാര്‍ഥ്യ ബോധത്തോടെ കണ്ടെത്തുന്ന തുരുത്താണ് ഓരോ നഴ്സും. മറ്റാരും തുണയില്ലാത്തപ്പോള്‍ സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ ഊണും ഉറക്കവുമില്ലാതെ രോഗീപരിചരണം ഫലപ്രദമായി നിര്‍വഹിക്കുമ്പോള്‍ ഇവരുടെ മനസില്‍ എന്തായിരിക്കും? എന്തുതന്നെയായാലും അവരത് പറയാന്‍ നില്‍ക്കില്ല. ചോദിച്ചാലും പറയില്ല. അതിനു പകരം ബെഡ് ഷീറ്റ് മാറ്റിയിട്ട് പുതിയൊരു രോഗിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരിക്കും ഈ കരുതലിന്‍റെ മാലാഖമാര്‍. ലോകത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയും നഴ്സുമാരാണ്. ഈ വര്‍ഷത്തെ ആരോഗ്യദിനം ഇവര്‍ക്കാണ് സമര്‍പ്പിച്ചത്. അതേസമയം പരിമിതമായ സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്ന പ്രയാസമാണ് ഇവരെ അലട്ടുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഉള്ള സൗകര്യത്തിലാണ് ജോലി ചെയ്യേണ്ടി വരിക. രോഗികളുമായി ഇടപഴകേണ്ടി വരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതിനാല്‍ ഇവരും രോഗബാധിതരാവുന്നു. ഈ കോവിഡ് കാലത്ത് മുഖ്യമായും ധരിക്കേണ്ട മുന്‍കരുതല്‍ സംവിധാനമായ വ്യക്തി പരിരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇ) പോലും ലഭ്യമാക്കാതെയാണ് അമേരിക്കയിലും ബ്രിട്ടനിലും ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യേണ്ടി വന്നത്. ഇതിനാല്‍ ബ്രിട്ടനില്‍ മാത്രം 100 ലധികം ആരോഗ്യ ജീവനക്കാര്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. ഗള്‍ഫിലും ഡല്‍ഹി, മുംബെ തുടങ്ങി ഇതരസംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മലയാലി നഴ്സുമാരുടെ സ്ഥിതിയും ഇതുതന്നെ. രോഗികളെ പരിചരിച്ചതിന്‍റെ പേരില്‍ രോഗബാധിതരാവുകയാണ് ഇവര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 22,700 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് ..

ഉണര്‍ന്നിരുന്ന്
ഫാര്‍മസി വിഭാഗം
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ഇ.എസ്.ഐ ആശുപത്രികളിലും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉപയോഗിക്കുന്ന മാസ്ക്കുകളും പി.പി.ഇ കിറ്റുകളും മുതല്‍ മരുന്നുകളും ഉപകരണങ്ങളും ക്ളീനിംഗ് സാമഗ്രികളും തുടങ്ങി സകല വസ്തുക്കളും യഥാസമയം ശേഖരിച്ച് ആവശ്യാനുസരണം നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഔഷധ കലവറ സൂക്ഷിപ്പുകാരായ ഫാര്‍മസിസ്റ്റുമാര്‍ക്കു വിശ്രമമില്ലാത്ത നാളുകളാണിത്. വാര്‍ഡിലും ഒപിയിലും വേണ്ട മരുന്നുകളും മറ്റു ചികിത്സാസാമഗ്രികളും ലാബ് ടെസ്റ്റ് കിറ്റുകള്‍ എന്ന് വേണ്ട ശുചിയാക്കാനുള്ള ചൂലുകള്‍ വരെ ലഭ്യമാക്കന്‍ ഇവര്‍ വേണം. ഓരോ ഇടത്തുനിന്നും ഇവക്കുള്ള ഫോണ്‍ വിളികളാണ് ഇടതടവില്ലാതെ ഡ്രഗ് സ്റ്റോറിലേക്കെത്തുന്നത്. ഊണും ഉറക്കവുമൊഴിഞ്ഞാണ് ഇക്കാലയളവില്‍ ഇവരുടെ പ്രവര്‍ത്തനം. ആശുപത്രികളിലെ ഔഷധ കലവറകള്‍ ഒഴിയുമ്പോള്‍ ഇവരുടെ നെഞ്ചിടിപ്പേറും. പിന്നെ കിട്ടാന്‍ സാധ്യതയുള്ള നീതിസ്റ്റോറുകള്‍, കാരുണ്യ ഫാര്‍മസികള്‍, മറ്റു വിതരണക്കാര്‍ എന്നിവരെ കണ്ടുപിടിച്ചു സാധനങ്ങള്‍ എത്തിക്കാനുള്ള തത്രപ്പാ ടാണ്.
വാങ്ങുന്ന സാധനങ്ങള്‍ എത്ര ചെറുതായാലും യഥാവിധി കണക്കില്‍ ചേര്‍ക്കണം. നല്‍കുന്നവരുടെ വിവരങ്ങളെല്ലാം രേഖപ്പെടുത്തണം. ദിവസവും നൂറു കണക്കിന് സാധനങ്ങള്‍ എത്തുന്ന മെഡിക്കല്‍ കോളജുകളിലും മറ്റു മേജര്‍ ആശുപത്രികളിലുമൊക്കെ ഏതെങ്കിലുമൊന്ന് കണക്കില്‍ ചേര്‍ക്കാന്‍ വിട്ടുപോയാല്‍ ഓഡിറ്റ് നടക്കുമ്പോള്‍ അതിന്‍റെ തുകയത്രയും ജീവനക്കാരന്‍ കീശയില്‍ നിന്നെടുത്തു അടക്കേണ്ടി വരും.
കണക്കുകള്‍ മാത്രമല്ല മരുന്നുകളുടെയും മറ്റും സൂക്ഷിപ്പും വലിയ പ്രശ്നമാണ്. മതിയായ സ്റ്റോര്‍ സൗകര്യങ്ങള്‍ ഭൂരിഭാഗം ആശുപത്രികള്‍ക്കും ഇല്ല. സ്ഥലമില്ലാതെ വരാന്തകളിലും മറ്റും സാധന സാമഗ്രികള്‍ വെച്ചാല്‍ അതിനു വിശദീകരണം ചോദിക്കലായി.അതിനാല്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിയാലും ഫാര്‍മസിസ്റ്റുമാരുടെ നെഞ്ചിടിപ്പേറും. 2 മുതല്‍ 8 ഡിഗ്രി വരെ താപനിലയില്‍ സൂക്ഷിക്കേണ്ടവ, 8 മുതല്‍ 25 ഡിഗ്രി വരെ താപനിലയില്‍ സൂക്ഷിക്കേണ്ടവ, സൂര്യ പ്രകാശം ഏല്‍ക്കാന്‍ പാടില്ലാത്തവ തണുപ്പ് പറ്റാത്തവ തുടങ്ങി വിവിധതരം മരുന്നുകള്‍ക്കനുയോജ്യമായ സൂക്ഷിപ്പ് സംവിധാനം ഒരുക്കണം. എന്നാല്‍ സ്റ്റോറുകള്‍ക്കു സൗകര്യമൊരുക്കുന്നതില്‍ ഏറ്റവും അവസാനത്തെ പരിഗണനയെ കിട്ടാറുള്ളു. മരുന്നുകളും സാധന സാമഗ്രികളും തരംതിരിച്ചു സൂക്ഷിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളജ് പോലുള്ള സ്ഥാപനങ്ങളില്‍ അവ തിരഞ്ഞുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ നിശ്ചിത അകലവും കളര്‍ കോഡുകളുമൊക്കെ കൊടുത്തു കംപ്യൂട്ടറില്‍ എന്‍റര്‍ ചെയ്തു വെക്കണം. സ്റ്റോര്‍ സൂപ്രണ്ട്, സ്റ്റോര്‍കീപ്പര്‍, സീനിയര്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ്, അറ്റെന്‍ഡര്‍മാര്‍ എന്നിവരാണ് വലിയ ആശുപത്രി സ്റ്റോറുകളില്‍ ഉള്ളത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഫാര്‍മസിസ്റ്റ് മാത്രമാവും സ്റ്റോര്‍ സൂക്ഷിപ്പിനും രോഗികള്‍ക്ക് മരുന്ന് നല്‍കാനും ഉള്ളത്. സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍മാര്‍, സ്റ്റോഴ്സ് ഓഫീസര്‍മാര്‍, അസിസ്റ്റന്‍ഡ് ഡയറക്റ്റര്‍ ഫാര്‍മസി സര്‍വീസ് എന്നിവര്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ മരുന്ന് സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവരൊന്നും ഒരു ദിവസം പോലും വിശ്രമമില്ലാതെയാണ് കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്നത്. ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങി സ്ഥിരം മരുന്ന് കഴിക്കുന്നവരുടെ പല മരുന്നുകളും കിട്ടാതായതോടെ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങ ളില്‍ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ അവ എത്തിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും ഫാര്‍മസിസ്റ്റുമാര്‍ നടത്തി വരുന്നു. വിശ്രമമില്ലാതെയും ,മാനസിക പിരിമുറുക്കം അനുഭവിച്ചും ജോലി ചെയ്യുമ്പോഴും കര്‍ട്ടനു പിറകില്‍ ആയതിനാല്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ ആരും ശ്രദ്ധിക്കാറില്ല. എല്ലാം കഴിഞ്ഞു പോരാളികളെ ആദരിക്കുമ്പോള്‍ ഫാര്‍മസി വിഭാഗത്തെ ആരും ഓര്‍ക്കാറില്ലെന്നതാണ് മുന്‍കാല ചരിത്രം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top