LoginRegister

അധ്യായം അഞ്ച് - ഇരുട്ട് പൂക്കുന്ന പാതകള്‍

റൂബി നിലമ്പൂര്‍

Feed Back

കഥ ഇതുവരെ

ആനയും അമ്പാരിയുമുള്ള കേളികേട്ട കളത്തിങ്ങല്‍ തറവാട്ടിലെ സയ്യിദ് സാഹിബിന്‍റെയും ആമിയുടെയും പേരമകള്‍ സുമയ്യയുടെ വിവാഹം ആര്‍ഭാട പൂര്‍വം നടക്കുന്നു. മക്കളില്ലാത്ത കൃഷ്ണനുണ്ണി മാഷും ഭാര്യ ഗൗരിയും കുടുംബ സുഹൃത്തുക്കളുമായി എല്ലാ ഒരുക്കങ്ങള്‍ക്കും കൂടെ നില്‍ക്കുന്നു. വിവാഹ സല്‍ക്കാരത്തിന്‍റെ ഒരുക്കങ്ങള്‍ക്കിടെ സുമയ്യക്ക് അപകടം സംഭവിച്ചതായി ഫോണ്‍കോള്‍ വരുന്നു. ആശുപത്രിയില്‍ ഐ സിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെക്കണ്ട് സാഹിബ് തളര്‍ന്നുപോകുന്നു. തലയോട്ടിക്ക് പൊട്ടലുള്ളതായും തലയ്ക്കുള്ളില്‍ ഇന്‍റേണല്‍ ബ്ലീഡിംഗ് ഉണ്ടായതായും ഡോക്ടര്‍ അറിയിക്കുന്നു. ഓര്‍മശക്തിയില്‍ ചില വേരിയേഷന്‍ ഉണ്ടാവുന്നു. സ്വന്തം വീട്ടുകാരെ അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിനെയോ കുടംബത്തെയോ തിരിച്ചറിയാനമാവാതെ അവള്‍ അസ്വസ്ഥയാവുന്നു. പെട്ടെന്ന് ഹനിയാ, ഹനിയാ എന്ന അലറിക്കരച്ചില്‍ കേട്ട് ആമി സുമയ്യയുടെ അടുത്തേക്കോടുന്നു.

പഴയ ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ നീളന്‍ വരാന്ത കടന്ന് പനിനീര്‍ പൂക്കള്‍ വിടര്‍ന്നു ചിരിക്കുന്ന മുറ്റത്തേക്കിറങ്ങുമ്പോള്‍ ഹനിയ സുമയ്യയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു. "സുമീ, വെക്കേഷന്‍ തുടങ്ങാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടിടേയുള്ളൂ. എനിക്ക് പേടിയാവുന്നു." "ഇപ്രാവശ്യം നീ എന്‍റെ കൂടെ എന്‍റെ വീട്ടിലേക്ക് പോര് ഹനീ..." "ഇത്ത സമ്മതിക്കില്ല. ഇത്ത ഓഫീസില്‍ പോകുമ്പോള്‍ വീട്ടിലെ കാര്യം നോക്കാന്‍ ആളായല്ലോ എന്ന സമാധാനത്തില്‍ എന്നെയും കാത്തിരിക്കുകയാണ്. അവിടെ പകല്‍ മുഴുവന്‍ ഞാനൊറ്റക്ക്. ആ ചെകുത്താനെ പേടിച്ച്!"
"നിനക്ക് ഇത്തായോട് കുറച്ചെങ്കിലും സൂചിപ്പിച്ചുകൂടെ?"
"പറ്റില്ല സുമീ. ഞാന്‍ പലവട്ടം ആലോചിച്ചതാണത്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ കുടുംബജീവിതം തകരും. ഒരു കുഞ്ഞ് ഉള്ളതല്ലേ."
"എങ്കില്‍ നീ ഉമ്മായോട് കാര്യങ്ങള്‍ പറ."
അവര്‍ പോര്‍ച്ചിലെ ഉയരം കുറഞ്ഞ തിണ്ണയിലിരുന്നു.
ഹനിയ വിദൂരതയിലേക്ക് നോക്കി കുറേ നേരം ഒന്നും മിണ്ടാതെ നിന്നു. അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ അടര്‍ന്ന് സുമിയുടെ കൈത്തണ്ടയില്‍ പതിച്ചു.
"സുമീ, പറയാന്‍ എനിക്ക് വിഷമമുണ്ട്. നിനക്കറിയാമല്ലോ, സൗദിയിലായിരിക്കുമ്പോള്‍ ഒമ്പതാം ക്ലാസിലെ അവധിക്കാലത്താണ് ഉമ്മ എന്‍റെ നാട്ടിലേക്ക് പറിച്ചു നട്ടത്. അടുത്ത ഫ്ളാറ്റിലെ മിസ്രി പയ്യന്‍ ഒരു കത്ത് തന്നു എന്നതിന്‍റെ പേരിലാണ് ഉമ്മ എന്നെ നാട്ടിലേക്ക് തിരിച്ചയച്ച് ഇവിടത്തെ സ്കൂളില്‍ ചേര്‍ത്തത്." ഞാനന്ന് ഉമ്മയുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞതാണ്. ഞാന്‍ ആ വിഷയത്തില്‍ നിരപരാധിയാണെന്ന് എത്ര പറഞ്ഞിട്ടും ഇത്താത്ത പോലും വിശ്വസിച്ചില്ല. പത്തിലേക്ക് നാട്ടില്‍ അഡ്മിഷന്‍ വാങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. എന്നെ ഇത്തയുടെ വീട്ടില്‍ നിര്‍ത്തി വെക്കേഷന്‍ കഴിയും മുമ്പെ ഉമ്മ സൗദിയിലേക്ക് തിരിച്ചുപോയി.
പിന്നീട് പലവട്ടം ഉമ്മ നാട്ടില്‍ വന്ന് പോയെങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ നില്‍ക്കാറില്ല. എന്നെ പിന്നീടൊരിക്കല്‍ പോലും അവിടേക്ക് കൊണ്ടുപോയതുമില്ല. "നിനക്ക് ഉപ്പയോട് പറഞ്ഞ് സൗദിയിലേക്ക് തന്നെ തിരിച്ചു പോയ്ക്കൂടെ?" "ഉപ്പാനെ എനിക്ക് പേടിയാണ് സുമീ. ഭയങ്കര സ്ട്രിക്ടാണ്. ഉപ്പ പറയുന്നതിനപ്പുറം ഒരു വാക്ക് ഞങ്ങള്‍ക്ക് പറയാന്‍ പാടില്ല."
"നിനക്ക് ഉമ്മയും ഉപ്പയും കൂടെയില്ലെന്ന സങ്കടമേ ഉള്ളൂ. എനിക്ക് എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെപ്പോലെ ജീവിക്കേണ്ട അവസ്ഥയാണ്." "ഓരോ വരവിലും ആവശ്യത്തിലേറെ ഡ്രസ്സുകളും കോസ്മെറ്റിക്സും മറ്റു സാധനങ്ങളും കൊണ്ടുവന്നുതന്ന് എന്നോടുള്ള കടം വീട്ടുകയാണ് അവര്‍. എനിക്കതൊന്നും ആവശ്യമില്ല! ചില പെട്ടികള്‍ ഞാന്‍ തുറന്ന് നോക്കാറുപോലുമില്ല. നിനക്കറിയോ, എത്രയോ വര്‍ഷങ്ങളായി ഉമ്മ എന്നെയൊന്ന് ചേര്‍ത്തുപിടിച്ചിട്ട്. മുടിയിലൊന്ന് തലോടിയിട്ട്."
അവളുടെ തൊണ്ടയിടറി. നെഞ്ചു വിങ്ങുന്നത് സുമി അറിഞ്ഞു. സുമി തോളില്‍ കൈയിട്ട് അവളെ ചേര്‍ത്തുപിടിച്ചു.
"സ്നേഹത്തോടെ ഒരു വാക്കുപോലും ഉമ്മ എന്നോട് പറയാറില്ല. എനിക്കങ്ങോട്ടും സംസാരിക്കാന്‍ തോന്നാറില്ല. ഇപ്പോ. വിളിക്കുമ്പോഴെല്ലാം സമയാസമയങ്ങളിലെ നിസ്ക്കാരത്തെക്കുറിച്ചും പ്രാര്‍ഥനകളെക്കുറിച്ചും മാത്രം ഓര്‍മിപ്പിക്കും. ഭക്തി മൂത്ത് പ്രാന്തായ പോലെയാണ് ഉമ്മാക്ക്. പ്രാര്‍ഥനയെ ഒരു ഭ്രാന്തുപോലെ കൂടെക്കൂട്ടിയിരിക്കയാണ് ഉമ്മയെന്ന് പലപ്പോഴും തോന്നും. പള്ളിയും പ്രാര്‍ഥനയുമൊഴിഞ്ഞ് മറ്റൊന്നിനും ഉമ്മാക്ക് സമയം തികയാറില്ല. അതിനിടയില്‍ ഉമ്മ മക്കളെയും കുടുംബ ജീവിതത്തെയും മറക്കുകയാണ്. ഇത്ത വിവാഹം കഴിയുന്നതുവരെ സൗദിയില്‍ ഉമ്മയോടൊപ്പമാണ് ജീവിച്ചത്. അന്നൊന്നും ഉമ്മാക്ക് ഭക്തി ഒരു പ്രശ്നമായിരുന്നില്ല."
"നിന്‍റെ ഉപ്പാക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ലേ?"
"ഉപ്പ പലപ്പോഴും ഫ്ളാറ്റില്‍ ഉണ്ടാവാറില്ല. ബിസിനസും മീറ്റിങ്ങും യാത്രകളുമായി ഉപ്പ എപ്പോഴും തിരക്കുകളിലാണ്. റിയാലിനെക്കുറിച്ചും ബിസിസിനെക്കുറിച്ചുമല്ലാതെ ഉപ്പ സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കാറേയില്ല സുമീ... ഒരു ആങ്ങളയെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നെ മനസ്സിലാക്കാന്‍ ആരുമില്ല സുമീ.."
കൈകളില്‍ തല താങ്ങിയിരുന്ന് ഹനിയ നിര്‍ത്താതെ ഏങ്ങലടിച്ചു. സുമി അവളെ ചേര്‍ത്തുപിടിച്ച് മുടിയില്‍ തഴുകി. സുമിയുടെ കണ്ണുകള്‍ നിറഞ്ഞുതൂവി. ഹനിയ കാണാതിരിക്കാന്‍ അവള്‍ പാടുപെട്ടു. "ഹനീ.. എഴുന്നേല്‍ക്ക്. മേട്രന്‍ കണ്ടാല്‍ പിന്നെ അതിന് വിശദീകരണം കൊടുക്കേണ്ടി വരും." അവര്‍ മുറിയിലേക്ക് നടന്നു. ഞായറാഴ്ച ഉച്ച സമയമാണ്. മിക്ക കുട്ടികളും അവധിയായതിനാല്‍ നാട്ടില്‍ പോയിരിക്കുന്നു. അവരുടെ റൂമില്‍ ഒരാള്‍ കൂടിയുണ്ട്. കൊച്ചിക്കാരി നിമ്മി. അവള്‍ നാട്ടില്‍ പോയതാണ്. അവള്‍ ഉണ്ടാവുമ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കോളജ് മുഴുവന്‍ പാടിനടക്കും. ഹനിയ സുമയ്യയുടെ മുറിയിലേക്ക് മാറിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അന്ന് തുടങ്ങിയ കൂട്ടാണ്. ഹനിയ പൊതുവേ മൗനിയാണ്. എങ്കിലും പഠിക്കാന്‍ മിടുക്കിയാണ്. ബി എ ലിറ്ററേച്ചര്‍ രണ്ടാം വര്‍ഷം. സുമയേക്കാള്‍ ഒരു വര്‍ഷം താഴെയാണ്. അതുകൊണ്ടുതന്നെ ഒരനിയത്തിയെപ്പോലെയാണ് അവളെ സുമി നോക്കിയത്. അവളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ പോലും ശ്രദ്ധിച്ചിരുന്നു സുമി. "നീയിനി കരയരുത് ഹനീ. നിനക്ക് ഞാനില്ലേ.. നിനക്ക് എപ്പോള്‍ വേണമെങ്കിലും എന്‍റെ വീട്ടിലേക്ക് വരാമല്ലോ."
അവള്‍ പലതും പറഞ്ഞ് ഹനിയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. സുമിക്ക് ഇനി ഒരു മാസത്തെ ക്ലാസ് കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ ഹോസ്റ്റലിനോട് വിട പറയുകയാണ്. അടുത്ത മാസം കല്യാണമാണ്. അത് കഴിഞ്ഞാല്‍ പിന്നെ ഹനിയയെ കാണുമോ എന്നു പോലുമറിയില്ല. അവള്‍ ഭയപ്പെടുന്നത് ഇത്തയുടെ ഭര്‍ത്താവിനെയാണ്. ദുഷ്ടന്‍! ഹനിയയെ വരുതിക്ക് കിട്ടാത്തതിന്‍റെ ദേഷ്യമാണയാള്‍ക്ക്. ഒരിക്കല്‍ അയാളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതാണവള്‍. അന്ന് മുതല്‍ അവള്‍ക്ക് പേടിയാണ് അയാളെ. എന്തു ധൈര്യത്തിലാണ് അവള്‍ ആ വീട്ടിലേക്ക് പോകുന്നത്? അവള്‍ വല്ല കടുംകൈയും ചെയ്യുമോ എന്ന് സുമിക്ക് ഭയം തോന്നി.
വിവാഹത്തിന്‍റെ തലേന്നാള്‍ എത്താമെന്ന് പറഞ്ഞിട്ട് ഹനിയയെ വിവാഹത്തിന്‍റെ അന്നും കണ്ടില്ല. സുമി വേവലാതിപ്പെട്ടു. അന്ന് രാവിലെ അവളുടെ ഇത്തയുടെ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് വിളിച്ചുനോക്കി. ഫോണ്‍ ഡെഡാണ്. കോളജിലെ കൂട്ടുകാരികളില്‍ ചിലരൊക്കെ കല്യാണത്തിന്‍റെ അന്ന് രാവിലെ എത്തിയിരുന്നു. അവരിലൊരാള്‍ ഹനിയ ഏല്‍പ്പിച്ചതാണ് എന്ന് പറഞ്ഞ് ഒരു കത്ത് അവള്‍ക്ക് നല്‍കി. ഒരു യാത്ര പറച്ചിലിന്‍റെ മുഖവുരയോടെ. പറയാനാവാതെ എന്തെക്കെയൊ ഉള്ളില്‍ ഒളിച്ചുവെച്ച് എഴുതിയ ഏതാനും വരികള്‍. രണ്ടു വഴികളേ മുമ്പിലുള്ളൂ എന്നെഴുതിയിരിക്കുന്നു. ഒന്നുകില്‍ അവസാനം വരെ പ്രതിരോധിച്ച് നില്‍ക്കുക. അല്ലെങ്കില്‍ എന്‍റെ മനസ്സാക്ഷിയെ കൊന്നുകൊണ്ട് എല്ലാത്തിനും കീഴൊതുങ്ങുക. ആത്മഹത്യ ചെയ്യില്ല ഞാന്‍. ആത്മഹത്യ ചെയ്യുന്നവര്‍ ഖിയാമങ്ങള്‍ വരെ തൂങ്ങിപ്പിടഞ്ഞുകൊണ്ടേയിരിക്കുകയാവുമെന്ന് പണ്ട് ഉമ്മ പറയാറുള്ളത് ഓര്‍മയുണ്ട്. അവസാനം. ഇനി തമ്മില്‍ കാണുമോ എന്നറിയില്ലെന്ന് എഴുതിയിരിക്കുന്നു. കല്യാണത്തിന് വരാത്തതില്‍ ക്ഷമിക്കണമെന്നും. രണ്ടുമൂന്ന് ദിവസത്തിനകം സുമി ആ കത്തിന് മറുപടി അയച്ചിരുന്നു. അതവള്‍ക്ക് കിട്ടിയിരുന്നോ എന്നറിയില്ല. അതിനു ശേഷമാണ് സുമിക്ക് അപകടം സംഭവിച്ചതും ആശുപത്രിയില്‍ ആയതും. ആശുപത്രിക്കിടക്കയിലെ ഓര്‍മകള്‍ പാതിമറഞ്ഞ ഉറക്കത്തിനിടയിലെപ്പോഴോ അവള്‍ ദു:സ്വപ്നം കണ്ടതാണ് പ്രിയ കൂട്ടുകാരിയെ.
"ഉമ്മീ.. ഹനിയ... ഹനിയക്ക്.."
ആമി ഓടിവന്ന് കൈയില്‍ തൊട്ടപ്പോഴേക്ക് സുമി കിടക്കയില്‍ ഞെട്ടി എഴുന്നേറ്റിരുന്ന് വാവിട്ട് നിലവിളിക്കാന്‍ തുടങ്ങിയിരുന്നു. "സുമീ.. മോളേ.. എന്താ പറ്റിയെ?" "പറ."
"ഒരു ചുവന്ന കാറ് ഹനിയയെ റോഡില്‍ തട്ടിത്തെറിപ്പിച്ച് ഇട്ടിരിക്കുന്നു. ആകെ ചോരയാണ്." അത് പറയുമ്പോള്‍ അവള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ആമി എന്തു പറഞ്ഞിട്ടും കരച്ചില്‍ നിര്‍ത്തുന്നില്ല. ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് ഓടാന്‍ ശ്രമിച്ചപ്പോഴേക്കും നഴ്സ് ഓടി വന്ന് അവളുടെ കൈത്തണ്ടയില്‍ ബലമായി പിടിച്ചു. ഇന്‍ജക്ഷന്‍റെ മയക്കത്തില്‍ സുമി എല്ലാം മറന്ന് തളര്‍ന്നുറങ്ങി. ആമിയും സാഹിബും അവള്‍ക്കരികെ അവളെന്നെ നോക്കിക്കൊണ്ട് ഇരുന്നു. നെറ്റിയിലെ മുറിവ് ഒരു വിധം ഉണങ്ങിത്തുടങ്ങി. സ്റ്റിച്ച് വെട്ടിയിട്ടുണ്ട്. കണ്ണിന് ചുറ്റും പടര്‍ന്ന നീല നിറം കുറേശ്ശെ കുറയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്‍റേണല്‍ ഇന്‍ജുറി ഉണ്ടായതുകൊണ്ടാണ് അങ്ങനെ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പൂര്‍ണമായും മാറാന്‍ സമയമെടുക്കും. കൈമുട്ടുകളിലും മുറിവുണ്ടായിരുന്നത് കരിഞ്ഞുതുടങ്ങി. എത്ര പ്രസരിപ്പോടെ ഓടി നടന്ന കുട്ടിയാണ്. ഇപ്പോള്‍ വാടിയ താരമത്തണ്ട് പോലെയായിരിക്കുന്നു എന്‍റെ കുട്ടി. സാഹിബിന്‍റെ നെഞ്ചകം വിങ്ങി. രണ്ടിറ്റു കണ്ണുനീര്‍ ഇറ്റിവീണത് ആമി കാണാതെ അവള്‍ തുടച്ചു.
.... അജ്മല്‍ മുറുയിലേക്ക് കടക്കുമ്പോള്‍ സുമി കണ്ണടച്ച് മയക്കത്തിലായിരുന്നു. അവളെ ഉണര്‍ത്തേണ്ടെന്ന് പറഞ്ഞ അജ്മല്‍ ആമിയോടൊപ്പം മുറിക്ക് പുറത്തേക്കിറങ്ങി. മന്‍സൂര്‍ വീട്ടിലേക്ക് പോയതായിരുന്നു. ആമിക്കുള്ള മരുന്നുകള്‍ വാങ്ങാനായി അവര്‍ ഫാര്‍മസിയിലേക്ക് നടന്നു. വാപ്പച്ചിയുടെ പതിവുള്ള ചുമ കേട്ടാണ് സുമി കണ്ണുതുറന്നത്. മയക്കത്തിലായിരുന്നുവെങ്കിലും അവള്‍ ക്ഷീണത്തോടെ കണ്ണുകള്‍ വലിച്ചു തുറന്നു.
"വാപ്പിച്ചി.." അവര്‍ പതുക്കെ വിളിച്ചു. കൈ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.
"വേണ്ട, മോള് കിടന്നോളൂ."
സാഹിബ് അവളുടെ നെറ്റിയില്‍ തടവി. മൂര്‍ധാവില്‍ ഉമ്മവെച്ചു. പോക്കറ്റില്‍ നിന്ന് മിഠായിയുടെ ഒരു
പായ്ക്കറ്റെടുത്ത് അവളുടെ കൈയില്‍ വെച്ചുകൊടുത്തു. അവള്‍ ചെറിയ കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട്
അത് വാങ്ങി രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ചു.
"മോള്‍ക്കിത് കഴിക്കുവാന്‍ പാടുണ്ടോ? ആവോ? കട്ടിയുള്ളതൊന്നും ചവയ്ക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതാണ്."
"അതിനെന്താ വാപ്പച്ചീ.. എനിക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ."
"മോളെ, ഒരാള്‍ നിന്നെ കാണാന്‍ വന്നിട്ടുണ്ട്." അവള്‍ പതുക്കെ തലയാട്ടി.
സുമിയെക്കണ്ട് അജ്മല്‍ പെട്ടെന്ന് വല്ലാതായി. വിവാഹത്തിന്‍റെ ഒരു മാസം മുമ്പാണ് അവസാനമായി
അവളെക്കണ്ടത്. അന്ന് മുഖത്തുണ്ടായിരുന്ന പ്രസരിപ്പ് പാടേ വറ്റിയിരിക്കുന്നു. രക്തഛവി മാഞ്ഞ കവിളുകള്‍. കണ്ണിന് മുകളിലെ നീലിച്ച പാട് അവളുടെ മുഖച്ഛായ തന്നെ തിരിച്ചറിയാതാക്കിയിരിക്കുന്നു. ആമി അജ്മലിന്‍റെ കൈപിടിച്ചുകൊണ്ട് സുമിക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തി. ഒരു നിമിഷം അവള്‍ അജ്മലിനെ സൂക്ഷിച്ചു നോക്കി. കുറേ നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. പതിയെ നേര്‍ത്തൊരു പുഞ്ചിരി സുമിയുടെ ചുണ്ടില്‍ പാതി വന്ന് നിന്നു. ഓര്‍മകള്‍ യുഗാന്തരങ്ങള്‍ക്കപ്പുറത്തു നിന്നെന്നോണം അവളുടെ കൈപിടിച്ച് വലിച്ചു.
"സുമീ..." അജ്മല്‍ പതുക്കെ വിളിച്ചു.
"ഉം.."
അവള്‍ മുഖമുയര്‍ത്താതെ വിളി കേട്ടു. അവളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത വലയം അപ്പോള്‍ ഒരു വെളിച്ചം തിരയുകയായിരുന്നു. (തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top