LoginRegister

ഇരുണ്ട യാമങ്ങള്‍

ജഷീന പുലാമന്തോള്‍

Feed Back

വേരറുക്കപ്പെട്ടവന്‍റെ ഇരുണ്ട യാമങ്ങളെ കുറിച്ച് നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേവലാതിയുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ഒന്ന് കരകയാറാനുള്ള കിതപ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ടോ ? അനന്തു, അതാണവന്‍റെ പേര്. ഇടമുറിയാത്തൊരു ഇടവപ്പാതി അതിന്‍റെ സകല സങ്കടങ്ങളും പെയ്തൊഴിച്ചൊരു രാത്രിയിലാണ് ഇരുട്ടിന്‍റെ മറപറ്റി ആരോ അവനെ ആ അനാഥാലയത്തിന്‍റെ ഇടുങ്ങിയ വരാന്തയില്‍ കൊണ്ടിട്ടത്, അന്ന് അറുത്തുമാറ്റിയ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍റെ മുറിവ് ഇന്നുമങ്ങനെ ഉണങ്ങാതെ കിടപ്പുണ്ട് അവന്‍റെ യുള്ളില്‍.
ജൂണ്‍ മാസത്തിലെ നനഞ്ഞു കുളിര്‍ത്തൊരു പ്രഭാതത്തില്‍ അനാഥാലയത്തിലെ കാര്‍ത്തുച്ചേച്ചിയുടെ കയ്യും പിടിച്ചായിരുന്നു ആദ്യമായിട്ടവന്‍ പള്ളിക്കൂടവരാന്തയിലെത്തിയത്, അച്ഛനമ്മമാരോടൊപ്പം തുള്ളിച്ചാടുന്ന സമപ്രായക്കാരെ അന്നാദ്യമായി ശ്രദ്ധിച്ചുതുടങ്ങിയപ്പോള്‍ ഉള്ളിന്‍റെയുള്ളില്‍ നഷ്ടങ്ങളുടെ ആദ്യ കണക്ക് പുസ്തകം തുറക്കപ്പെടുകയായിരുന്നെന്ന് വേണമെങ്കില്‍ പറയാം. പേരിനൊപ്പം മാതാപിതാക്കളുടെ പേര് ചോദിച്ച ക്ലാസ് ടീച്ചര്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഉത്തരമില്ലാതെ ഉഴറുന്ന അവന്‍റെ കുഞ്ഞു കണ്ണുകളില്‍ നിന്നുതിര്‍ന്നുവീണ കണ്ണീര്‍മഴയിലൂടെ എന്തോ തിരഞ്ഞ ടീച്ചര്‍ രജിസ്റ്ററിലേക്ക് ഒന്നുകൂടി തലതാഴ്ത്തിയിട്ട് അല്‍പ്പം വിഷമത്തോടെ പതിയെ മന്ത്രിച്ചു, 'സോറി ഓര്‍ഫനാണല്ലേ...' ആ പറഞ്ഞതെന്താണെന്ന് അവനോ മറ്റു കുട്ടികള്‍ക്കോ അന്നൊരിക്കലും പിടികിട്ടിയതുമില്ലായിരുന്നു. കണ്ടുമടുത്ത ചുറ്റുപാടുകളും ചെയ്തു ശീലിച്ച ദിനചര്യകളും... ഇത് മാത്രമായിരുന്നു ലോകം. ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്യാന്‍ സ്വന്തമായ് ഒന്നുമുണ്ടായിരുന്നില്ല, ദിനരാത്രങ്ങളുടെ നീണ്ട യാമങ്ങളില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ എന്നുമൊരു നീറ്റലായ് ബാക്കിയായി.
ഇടവപ്പാതികളും ഉഷ്ണകാറ്റുകളും പിന്നെയും കുറേ പോയ്മറഞ്ഞു. എഴുതപ്പെടുന്ന അവന്‍റെയാ പുസ്തകത്താളുകള്‍ അപ്പോഴേക്കും നഷ്ടഭാരത്താല്‍ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിരുന്നു. സ്കൂള്‍ ജീവിതത്തോട് വിടപറഞ്ഞ് കോളേജ് മുറ്റത്തിന്‍ പടിവാതിലിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുമ്പോഴാണ് മറ്റൊന്ന് ചിന്തിച്ചുതുടങ്ങിയത്, ഓര്‍മ്മവെച്ചനാള്‍ മുതല്‍ അന്നമൂട്ടിയിരുന്ന ആ അനാഥാലയത്തിന് ഇനിയും താനൊരു ഭാരമാവാന്‍ പാടില്ല, പഠനത്തോടൊപ്പം സ്വന്തമായൊരു ജോലി കണ്ടെത്തണം.
വേനല്‍ക്കാലത്തിന്‍റെ ആലസ്യത്തിനിടക്ക് അറിയാതെ എത്തിയൊരു പുതുമഴ, ചൂടകറ്റാന്‍ കയ്യില്‍ കരുതിയ കുട പതിയെ തുറന്ന് മഴയുടെ സംഗീതവും ആസ്വദിച്ചങ്ങനെ നടക്കുമ്പോഴാണ് എവിടെ നിന്നോ ബീരാനിക്ക ഓടി വന്നാ കുടയില്‍ കയറിയത്.
'കുട്ട്യേ ഇജ്ജ് ബസ്റ്റോപ്പില്‍ ക്ക് അല്ലേ? ഞമ്മളുണ്ട് അന്‍റൊപ്പം.' ബസ് സ്റ്റോപ്പിനടുത്ത് ചായക്കട നടത്തുന്ന ബീരാനിക്കാനെ അനന്തുവിന് ആദ്യമേ നന്നായി അറിയാം, ആ കൊച്ചു കടയിലെ പലഹാരങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക രുചിയാണ്. പലപ്പോഴും ചോദിക്കാന്‍ തോന്നിയ ചോദ്യം ഇന്നവന്‍ അയാളോട് ചോദിച്ചു.
'ഇക്കാ, നിങ്ങളെ കടയിലെ പലഹാരത്തിനൊക്കെ എന്തൊരു സ്വാദാ... ആരാ ഇതൊക്കെ ഉണ്ടാക്കുന്നെ?' 'അതൊക്കെ മ്മടെ ബീവിയെന്നെ, ഓള്‍ക്കും വേണ്ടേ നേരം പോവ്വാ?' 'അപ്പൊ മക്കള്‍?'
ആ ചോദ്യത്തിന്‍റെ മുന്‍പില്‍ അയാളുടെ മുഖം വാടുന്നത് കണ്ടപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. 'ഇല്ല കുട്ട്യേ... പടച്ചോന്‍ ഞമ്മക്കാ ഭാഗ്യം തന്നില്ല.' പെട്ടന്ന് അയാളുടെ ശ്രദ്ധ തിരിക്കാന്‍ എന്തുപറയണം എന്ന് ആലോചിക്കുമ്പോഴാണ് ഒരു മിന്നല്‍ പിണര്‍പോലെ അവന്‍റെ മനസ്സില്‍ ആ ആശയം മിന്നി മറഞ്ഞത്. നടക്കുമോന്നറിയൂല്ല, എന്നാലും... 'ഇക്കാ, ഞാനൊരു കാര്യം പറഞ്ഞോട്ടെ, നിങ്ങളുടെ ബീവീടെ കൈപ്പുണ്യം നമുക്ക് ഈ കടയില്‍ ഒതുക്കിയാല്‍ മതിയോ ? കുറച്ച് എനിക്ക് ഉണ്ടാക്കി പാക് ചെയ്തു തരൂ.. ഞാന്‍ അത് ഒഴിവുദിവസങ്ങ ളില്‍ പുറത്തൊക്കെ കൊണ്ടുപോയി വില്‍പ്പന നടത്താം.. ഒരു പരീക്ഷണം, വിജയിച്ചാല്‍ നമുക്ക് വീണ്ടും തുടരാം..' അതൊരു തുടക്കമായിരുന്നു, അനന്തു എന്ന അനാഥന്‍ ആദ്യമായ് ലാഭത്തിന്‍റെ കണക്കെഴുതിയ തുടക്കം... എം ബി എ ക്ക് പഠിക്കുന്ന കാലം, പഠനഭാരത്തിന്‍റെ ചൂടുമായ് വിയര്‍പ്പൊഴുക്കുന്ന കാലത്താണ് ഒരു കുളിര്‍മഴപോലെ അവന്‍റെ ജീവിതത്തിലേക്ക് അവളൊന്നെത്തി നോക്കിയത്, പ്രണയവര്‍ഷത്തിന്‍റെ തുലാമഴയില്‍ നനഞ്ഞു കുതിര്‍ന്നാ പഠനകാലം. ഒടുവില്‍ കണ്ണും കരളും കവര്‍ന്നതൊരു വലിയ നദിയായങ്ങനെ ഒഴുകിപ്പരക്കുകയായിരുന്നു.
ദരിദ്രയായ നീനുവിന്‍റെ വീട്ടുകാര്‍ക്ക് അവളെ കൈപിടിച്ചു കൊടുക്കാന്‍ കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു. എല്ലാത്തിനും ബീരാനിക്ക മുമ്പേ ഉള്ളതുകൊണ്ട് അവരാരും അനന്തുവിന്‍റെ അടിവേര് ചികഞ്ഞില്ല, അവന് ജീവിക്കാന്‍ ഒരു ഫുഡ് സപ്പ്ളയിങ് യൂണിറ്റുണ്ട്, സ്വന്തമായൊരു കൊച്ചുവീടുണ്ട്, അവളെ നന്നായി സ്നേഹിക്കാനുള്ള മനസ്സുണ്ട്, അത് മതിയായിരുന്നു അവര്‍ക്ക്... ഇന്ന് ആ വലിയ സദസ്സില്‍ ആയിരങ്ങള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു, ജീവിതത്തിന്‍റെ പല മേഖലകളിലും ഉന്നത വിജയം കൈവരിച്ചവരെ ആദരിക്കുകയാണവിടെ.
'ഇരുന്നൂറില്‍പരം ശാഖകളുമായി രാജ്യത്തെ പ്രമുഖ പട്ടണങ്ങളില്‍ വേരുകളാഴ്ത്തി പടര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന നീനുസ് ഫുഡ് ബ്രാന്‍ഡിന്‍റെ എം ഡി മിസ്റ്റര്‍ അനന്തുവിനെ ഈ വര്‍ഷത്തെ മികച്ച ബിസിനസ്സ് മാന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ക്ഷണിച്ചു കൊള്ളുന്നു.' ആങ്കറുടെ വാക്കുകള്‍ക്കൊപ്പം മുഴങ്ങിയ കരഘോഷങ്ങള്‍ക്കിടയില്‍ അവാര്‍ഡ് വാങ്ങിയ അനന്തു മൈക്കിന് മുന്‍പില്‍ നിന്ന് ആ ചോദ്യം എല്ലാവരോടുമായി ചോദിച്ചു. 'വേരറുക്കപ്പെട്ടവന്‍റെ ഇരുണ്ട യാമങ്ങളെ കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?'
ഒരു പെരുമഴ പെട്ടെന്ന് നിലച്ചപോലെ സദസ്സ് നിശബ്ദമായി. ഒരായിരം കാതുകള്‍ ആ കഥ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.
സ്വന്തം ജീവിതാനുഭവങ്ങളുടെ ഓര്‍ത്തുവെക്കാനിഷ്ടപ്പെടാത്ത ഇരുണ്ട ദിനങ്ങള്‍ക്കൊടുവില്‍ പ്രകാശത്തിന്‍റെ പൗര്‍ണമിവരെ എത്തിയ ജീവിതത്താളുകളിലൂടെ ആ കഥ അവിടമാകെ പെയ്തൊഴിഞ്ഞു. അനന്തുവിന്‍റെ കണക്കുപുസ്തകത്തിലപ്പോള്‍ ലാഭങ്ങള്‍ കുറിക്കപ്പെടാന്‍ പേജുകള്‍ തികയാതെ വന്നിരുന്നു. എന്നിരുന്നാലും ഒരു വലിയ നഷ്ടക്കണക്ക് അപ്പോഴുമവിടെ നികത്തപ്പെടാതെ കിടപ്പുണ്ടായിരുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top