LoginRegister

ഹിജ്റ വെറുമൊരു പലായനമല്ല

Feed Back


പ്രവാചകനും ഉറ്റ സുഹൃത്ത് അബൂബക്കറും മദീനയിലേക്ക് ഹിജ്റ പോകുന്ന സന്ദർഭം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ പല മാർഗങ്ങളും സ്വീകരിച്ചിരുന്നു. യാത്രക്കിടെ സൗർ ഗുഹയിൽ താമസമാക്കി. മൂന്ന് ദിവസമാണ് അവിടെ കഴിഞ്ഞതെന്ന് ചരിത്രം പറയുന്നു. ഈ മൂന്ന് ദിവസം പ്രവാചകനും അബൂബക്കറിനും വേണ്ടി വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നത് അസ്മാഅ് ബിൻത് അബീബക്കറായിരുന്നു. അതീവ ശ്രദ്ധ വേണ്ട ഉത്തരവാദിത്തമായിരുന്നു ഇത്. സൗർ ഗുഹയിലേക്കുള്ള സന്ദർശനം ശത്രുക്കൾ അറിയരുത്. ഓരോ ദിവസവും ഭക്ഷണവും വെള്ളവും എത്തിക്കുകയും വേണം. ശത്രുക്കൾ പ്രവാചകനെ അന്വേഷിച്ച് നടക്കുന്ന ഈ സമയത്തു തന്നെ, അസ്മാഅ് ഉത്തരവാദിത്തം സൂക്ഷ്മതയോടെ നിർവഹിച്ചു. രണ്ട് തുകലുകളിലായി വെള്ളവും ഭക്ഷണവും എത്തിച്ചു. ഈ മഹത്തരമായ ജോലി ഭംഗിയായി ചെയ്തതുകൊണ്ടു തന്നെ പ്രവാചകൻ അവരെ ദാത്തുനിതാഖൈൻ എന്നാണ് വിളിച്ചിരുന്നത്.
ഹിജ്റയുടെ ചരിത്രം ഇങ്ങനെയുള്ള ധാരാളം സ്ത്രീകളുടെ കൂടി ചരിത്രമാണ്. പ്രവാചകൻ ഹിജ്റ പോകാൻ എടുത്ത തീരുമാനം ഇസ്‌ലാമിക ചരിത്രത്തിലെ നിർണായക സംഭവമായിരുന്നു. അത് പൊടുന്നനെയുള്ള ഒരു നീക്കമായിരുന്നില്ല. മക്കയിലെ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമായിരുന്നില്ല. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരു സാമൂഹ്യക്രമത്തിലേക്കുള്ള ക്രമപ്രവൃദ്ധമായ വളർച്ചയിലാണ് ഹിജ്റ സംഭവിക്കുന്നത്. മദീന പ്രവാചകനെയും സംഘത്തെയും സ്വീകരിക്കാൻ തയ്യാറായി വന്ന ഒരു ഘട്ടത്തിലാണ് ഹിജ്റ പോകാനുള്ള അനുമതി ലഭിക്കുന്നത്. മദീനയിലെത്തിയ സമയം മുതൽ പ്രവാചകന്റെ ശ്രദ്ധ അവിടത്തെ തദ്ദേശീയ ജനതയിലാണ്. ഇസ്‌ലാം സ്വീകരിച്ചവരും അല്ലാത്തവരും അവരിലുണ്ടായിരുന്നു. പല ഗോത്രങ്ങളിലായി കഴിയുന്നവർ. വിവിധ ഗോത്രങ്ങളിലായി കഴിയുന്ന തദ്ദേശീയ ജനതക്ക് കേന്ദ്രീകൃത നേതൃത്വം ഉണ്ടായിരുന്നില്ല. സുരക്ഷയൊരുക്കാനും അഭയം നൽകാനും പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദേശിക്കാനും അവർക്കൊരു അത്താണി ഉണ്ടായിരുന്നില്ല. അവരെ പൊതുവായ ഒരു കരാറിലേക്ക് കൊണ്ടുവരാൻ തക്ക നേതൃശേഷി പ്രവാചകന് ഉണ്ടായിരുന്നു. മദീനാപള്ളി കേന്ദ്രനേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നു. അതൊരു യുഗപ്പിറവിയായിരുന്നു.
പ്രവാചകൻ കെട്ടിപ്പടുത്ത ഈ സമൂഹത്തിൽ കൃത്യമായ ഭാഗധേയം വഹിച്ചവരാണ് സ്ത്രീകൾ. അവർ കാഴ്ചക്കാർ മാത്രമായിരുന്നില്ല എന്ന് അസ്മാഇന്റെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. മക്കയിൽ നിന്ന് വന്നവർക്കും മദീനയിലുള്ളവർക്കും വ്യത്യസ്ത ഉത്തരവാദിത്തമാണ് പ്രവാചകൻ നിശ്ചയിച്ചുനൽകിയത്. സമൂഹ രൂപീകരണം വിജയകരമായിത്തീരുന്നത് വൈവിധ്യങ്ങളെ മനോഹരമായി സമന്വയിപ്പിക്കുമ്പോഴാണ്. പ്രവാചകന്റെ കേന്ദ്രനേതൃത്വവും മദീനാ പള്ളിയും വിവിധ ജനവിഭാഗങ്ങളിലെ പുരുഷന്മാരെയും സ്ത്രീകളെയും കോർത്തിണക്കി സമൂഹരൂപീകരണത്തിന് തുടക്കമിട്ടു. എല്ലാ കാലത്തുമുള്ള മുസ്‌ലിം സമൂഹത്തിൽ എന്നെന്നും ഓർമിക്കുന്ന വിധത്തിൽ ഹിജ്റ ഒരു ടേണിംഗ് പോയിന്റായി നിലകൊള്ളുന്നതിന്റെ അടിസ്ഥാനം ഈ സാമൂഹിക വിജയമാണ്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അഭിമാനവും സുരക്ഷിതത്വവും കണ്ടെത്താൻ സാധിക്കുമെന്നതാണ് ഹിജ്റയുടെ സമകാലിക പാഠം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top