LoginRegister

ഖവാലി സംഗീതത്തിനൊരു സുവര്‍ണ താരോദയം

ഷബീര്‍ രാരങ്ങോത്ത്

Feed Back

തൊണ്ണൂറുകളുടെ മധ്യത്തിലാണ്. ശാന്തമായ ഒരു ദിനം. കൊല്ലം ജില്ലയിലെ സാധാരണ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെത്തേടി ഒരു ഫോണ്‍കോളെത്തി. മദ്രാസ് എ വി എം സ്റ്റുഡിയോയില്‍ നിന്നായിരുന്നു ആ ഫോണ്‍. ആകെ ഒരമ്പരപ്പായിരുന്നു. തന്നെ ആരോ കാര്യമായി പറ്റിക്കുകയാണെന്നാണ് ആ പെണ്‍കുട്ടി ആദ്യം കരുതിയത്. തൊട്ടടുത്ത ദിവസം തന്നെ സ്റ്റുഡിയോയിലെത്തണം എന്ന ആവശ്യം കൂടിയായതോടെ അമ്പരപ്പ് വര്‍ധിച്ചു. സംഗതി യഥാര്‍ഥ്യം തന്നെയാണെന്ന് തിരിച്ചറിയാന്‍ ആ പെണ്‍കുട്ടിക്ക് ഒരല്പം സമയം വേണ്ടി വന്നു. ഏറെ ചെറുപ്പത്തിലേ സംഗീത ലോകത്തേക്ക് ചേക്കേറിയ ആ പെണ്‍കുട്ടി തന്‍റെ ഏഴാം വയസില്‍ പാടിയ ലളിത ഗാന കാസറ്റ് കേട്ടായിരുന്നു ആ വിളി വന്നത്. അവളുടെ അമ്മാവന്‍ അദ്ദേഹത്തിന്‍റെ സുഹൃത്ത് വഴി സംഗീത സംവിധായകന്‍ ഔസേപ്പച്ചന് നല്‍കിയ ആ ലളിതഗാന കാസറ്റ് യാദൃച്ഛികമായി സംവിധായകന്‍ കമലിന്‍റെ കയ്യില്‍ പെടുകയായിരുന്നു. പാട്ടും ശബ്ദവും ഇഷ്ടപ്പെട്ട കമല്‍ ഉടന്‍ ആ കുഞ്ഞുപെണ്‍കുട്ടിയെ എ വി എം സ്റ്റുഡിയോയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിദ്യാസാഗര്‍ സംഗീതം ചെയ്യുന്ന ഒരു സിനിമയിലേക്ക് ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ശബ്ദത്തില്‍ ഗായികയെ അന്വേഷിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. ഏറെ പരിഭ്രമത്തോടെ ആ പെണ്‍കൊടി എ വി എം സ്റ്റുഡിയോയിലെത്തി. സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ അവളോട് ഒരു ലളിതഗാനം പാടാനാവശ്യപ്പെട്ടു. ആരോഹണം അവരോഹണം എന്ന ലളിത ഗാനം അവള്‍ പാടി. പല്ലവി പാടിക്കഴിയലും വിദ്യാജി മതി എന്നു പറഞ്ഞു. എന്നിട്ടു ചുറ്റുമുള്ളവരോടായി പറഞ്ഞു. നമ്മുടെ അടുത്ത ചിത്രയാണിത്, ആളെ കാണുന്നതു പോലെയല്ല, ശബ്ദം പക്വതയാര്‍ന്നതാണ്. ആ വാക്കുകള്‍ അവളില്‍ വല്ലാത്ത ഊര്‍ജമാണ് നിറച്ചത്. വിദ്യാസാഗറിന്‍റെ ഈണത്തില്‍ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം പാടിയാണ് ആ കുഞ്ഞു ഗായിക വീട്ടിലേക്ക് തിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യ പെണ്‍ ഖവാലി ടീം രൂപീകരിച്ച് തരംഗമായി മാറിയ ശബ്നം റിയാസ് ആയിരുന്നു ആ ഗായിക. ശബ്നമിന്‍റെ ഉമ്മ നന്നായി പാടുമായിരുന്നു. വളരെ ചെറുപ്പത്തിലേ പാട്ട് കേട്ട് വളര്‍ന്നതു കൊണ്ടു തന്നെ സംഗീതത്തോട് ശബ്നമിന് വലിയ പ്രിയമായിരുന്നു. തൊട്ടില്‍ പ്രായത്തില്‍ ഉമ്മ പാടിത്തന്ന താരാട്ടുകള്‍ ശബ്നമിന് സംഗീതത്തിലേക്കുള്ള വിളിയായി മാറിയിട്ടുണ്ടാകണം. ഏതൊക്കെ പാട്ടുകള്‍ താരാട്ടായി പാടിയാലും പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം മദിച്ചു വാണിരുന്നു എന്ന ഗാനം കേട്ടാലേ ശബ്നം ഉറങ്ങുമായിരുന്നുള്ളൂ എന്ന് ഉമ്മയുടെ ഓര്‍മയിലുണ്ട്. ആ പാട്ടിനായി വീണ്ടും കരയുന്നതായിപ്പോലും ഉമ്മക്ക് അനുഭവപ്പെട്ടിട്ടുണ്ടത്രെ. അക്ഷരം പഠിച്ചുതുടങ്ങും മുന്‍പ് തന്നെ വായില്‍ വരുന്ന ശബ്ദങ്ങള്‍ കൊണ്ട് ട്യൂണ്‍ ചെയ്ത് പാടുമായിരുന്നു ശബ്നം. എല്‍ കെ ജി ക്ലാസില്‍ പഠിക്കുന്ന സമയം, വാര്‍ഷിക പരിപാടികള്‍ക്കായി കുട്ടികളെ ഒരുക്കുകയായിരുന്നു ടീച്ചര്‍മാര്‍. എല്ലാ കുട്ടികളെയും പാട്ടുകള്‍ പഠിപ്പിച്ചു. കൂട്ടത്തില്‍ ശബ്നത്തിനെയും പഠിപ്പിച്ചു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതിമനോഹരമായി കുഞ്ഞുശബ്നം പാടി. പാട്ടുകേട്ട ടീച്ചര്‍മാരും സദസ്യരും അത്ഭുതപരതന്ത്രരായി. അന്നു തൊട്ട് സംഗീത മത്സരങ്ങള്‍ക്കൊക്കെ ശബ്നം ഒരനിവാര്യഘടകമായി മാറുകയായിരുന്നു. ആലാപനത്തിലെ മാധുര്യം ശബ്നമിനെ ആസ്വാദകരുടെ മനസില്‍ ഉറപ്പിച്ചു നിര്‍ത്തി. ഏഴാം വയസില്‍ തന്നെ ആദ്യത്തെ ലളിതഗാന കാസറ്റ് പുറത്തിറങ്ങുകയും ചെയ്തു. വസന്തകാല മേഘങ്ങള്‍ എന്ന ആ ലളിത ഗാന കാസറ്റില്‍ ഉണ്ണിമേനോനോടൊപ്പമായിരുന്നു ശബ്നമിന്‍റെ അരങ്ങേറ്റം. നാലാം ക്ലാസില്‍ വെച്ച് സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായി ശബ്നം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആറാം ക്ലാസിലായിരിക്കുമ്പോഴാണ് അഴകിയ രാവണന്‍ എന്ന സിനിമയില്‍ പാടാനുള്ള അവസരം ശബ്നമിനെ തേടിയെത്തുന്നത്. വെണ്ണിലാ ചന്തനക്കിണ്ണം എന്ന ആ ഒരൊറ്റ ഗാനം ശബ്നമിനെ വലിയ പ്രശസ്തിയിലേക്കാണ് വഴി നടത്തിയത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഒത്തുചേര്‍ന്നപ്പോള്‍ ശബ്നമിനെ ആസ്വാദകര്‍ നെഞ്ചോടു ചേര്‍ത്തു. മാതൃഭൂമി പോലുള്ള സ്ഥാപനങ്ങളും ശബ്നമിന്‍റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ നടത്തുന്ന പരിപാടികളില്‍ പ്രാര്‍ഥനാ ഗാനങ്ങളാലപിക്കാനും മറ്റുമായി ശബ്നമിനെയും വിളിക്കുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറുടെ മുന്നിലും ശബ്നമിന് പാടാന്‍ അവസരം ഒത്തുചേര്‍ന്നു. ആ ഗാനമിഷ്ടപ്പെട്ട ടീച്ചര്‍ പാട്ടുകാരികളായ കുട്ടികളോട് കാണാനാവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ശബ്നം ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ സംഗീതമഭ്യസിച്ചു തുടങ്ങുന്നത്. വെണ്ണിലാ ചന്ദനകിണ്ണം എന്ന പാട്ടിനു ശേഷം നിരവധി സിനിമാ ഗാനങ്ങള്‍ ശബ്നമിന്‍റെ ശബ്ദത്തില്‍ പുറത്തു വന്നിട്ടുണ്ട്. നിറം എന്ന ചിത്രത്തിനു വേണ്ടി തന്‍റെ ഒന്‍പതാം ക്ലാസില്‍ വെച്ച് പാടിയ ഒരു ചിക് ചിക് ചിക് ചിക് ചിറകില്‍ എന്ന ഗാനമാണ് അതില്‍ പ്രധാനപ്പെട്ടത്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം ഹിറ്റായതോടെ ശബ്നമിനെ തേടി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകള്‍ വരാന്‍ തുടങ്ങി. ഓരോ സ്റ്റേജും വലിയ സന്തോഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു ശബ്നമിന്. തന്നെ ചേര്‍ത്തുപിടിച്ച് ഇതെന്‍റെ മകളായിരുന്നെങ്കില്‍ എന്ന് പറഞ്ഞ് കൈവിരലിലെ മോതിരം ഊരി നല്കിയ ഒരു ഉമ്മയെ ശബ്നം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വെണ്ണിലാ ചന്ദന കിണ്ണം എന്ന ഗാനം ദാസേട്ടനുമായി ചേര്‍ന്നാണ് പാടിയിരുന്നതെങ്കിലും റെക്കോര്‍ഡിംഗ് സമയത്ത് അദ്ദേഹത്തെ ശബ്നം കണ്ടിട്ടുണ്ടായിരുന്നില്ല. ദുബായില്‍ വെച്ച് നടന്ന ഷോക്കിടയിലാണ് ദാസേട്ടനെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ശബ്നമിനോട് ആ ഗാനം പാടാന്‍ പറഞ്ഞു. പാടിക്കഴിഞ്ഞ് പോകാനൊരുങ്ങിയ അവളെ തടഞ്ഞ് ഇനി നമുക്കൊരുമിച്ചു പാടാം എന്നു പറഞ്ഞ് കൂടെ പാടിയാണ് ആ വേദി വിട്ടത്. മിരവധി പ്രോഗ്രാമുകള്‍ പിന്നീട് ശബ്നമിനെ തേടിയെത്തി. മാപ്പിളപ്പാട്ടുകള്‍, വിവിധ മത വിഭാഗങ്ങളിലെ ഭക്തി ഗീതങ്ങള്‍ തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് അവര്‍ ശബ്ദമായി. ഏതെങ്കിലും ഒരു ഗാനശാഖയുടെ പേരില്‍ മാത്രം അറിയപ്പെടാതെ സംഗീതത്തിന്‍റെ പേരില്‍ അറിയപ്പെടാനായിരുന്നു ശബ്നത്തിന് ഇഷ്ടം. അതുകൊണ്ടു തന്നെ ഏതെങ്കിലും വിഭാഗത്തിന്‍റെ പേരില്‍ ലേബലൈസ് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനായി വളരെ സൂക്ഷ്മതയോടെയാണ് അവര്‍ ഇടപെട്ടിരുന്നത്. മാപ്പിളപ്പാട്ടുകാര്‍ എന്ന് ലേബല്‍ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നീടതില്‍ നിന്ന് ഒരിക്കലും മുക്തി ലഭിക്കില്ല എന്നുള്ള ഒരു കാലത്തായിരുന്നു ഇത്. ഇത്തരം പാട്ടുകള്‍ക്കൊപ്പം തന്നെ വിവിധ ഷോകള്‍ക്ക് അവതാരക വേഷത്തിലും ശബ്നം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ നിഴലുകള്‍ എന്ന ഒരു സീരിയലിനു വേണ്ടിയും ശബ്നം ഗാനമാലപിച്ചു. ഈ ഗാനം കേട്ട ഗായിക
ചിത്ര ആ ഗാനം താനായിരുന്നു പാടിയിരുന്നതെങ്കില്‍ എന്ന ആഗ്രഹവും പങ്കുവെച്ചിട്ടുണ്ട്. ആ ഗാനത്തിന് ശബ്നത്തിനെ തേടി ദൃശ്യ അവാര്‍ഡും ക്രിറ്റിക്സ് അവാര്‍ഡും എത്തുകയും ചെയ്തു. ബി എ മ്യൂസിക് പഠിച്ചു കൊണ്ടിരിക്കെയാണ് വിവാഹം. ആകാശഗംഗ എന്ന സിനിമയില്‍ നായകനായിരുന്ന റിയാസ് ആണ് ശബ്നമിനെ വിവാഹം ചെയ്യുന്നത്. ഏറെ വൈകാതെ തന്നെ ആദ്യത്തെ മകളെ ഗര്‍ഭിണിയാവുകയും ചെയ്തു. ഇതോടെ ഒരു നീണ്ട ഇടവേളയെടുക്കുകയായിരുന്നു ശബ്നം. മക്കളും കുടുംബവുമായി സന്തോഷത്തോടെ ജീവിതം മുന്നോട്ടുനീക്കി. ഇതിനിടയിലും പല അവസരങ്ങളും ശബ്നമിനെ തേടിയെത്തി. ഉള്ളില്‍ കിടക്കുന്ന മടി അവയോടെല്ലാം നോ പറയാനാണ് ശബ്നമിനെ പ്രേരിപ്പിച്ചത്. പട്ടുറുമാലിന്‍റെയും മൈലാഞ്ചിയുടെയുമെല്ലാം വിധി കര്‍ത്താവാകാനുള്ള ക്ഷണവും ഇങ്ങനെ നിരസിച്ചവയിലുണ്ടായിരുന്നു. ഒടുവില്‍ പാടാതിരിക്കാന്‍ മാത്രം എന്താണ് പ്രശ്നം എന്ന ചോദ്യം ശബ്നമിനു ചുറ്റും ഉയരാന്‍ തുടങ്ങി. ഈ ചോദ്യത്തിന്‍റെ ശക്തി കൂടി വന്നപ്പോഴാണ് മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് കുട്ടിപ്പട്ടുറുമാലിലും ജഡ്ജിന്‍റെ വേഷത്തില്‍ ശബ്നമെത്തി. ഇതിനിടയില്‍ മനോരമ മ്യൂസിക്സിനായി ഒരുപാട് മാപ്പിളപ്പാട്ടുകളും ശബ്നം പാടിയിട്ടുണ്ട്.

നിലച്ചു പോയ പഠനം തുടരാനും ശബ്നം തീരുമാനമെടുക്കുന്നത് ഈയൊരവസരത്തിലാണ്. അങ്ങനെയാണ് എം എ മ്യൂസിക്കിന് ചേരുന്നത്. വീട്ടില്‍ ഒറ്റ മോളായിരുന്നതു കൊണ്ടായിരിക്കാം ശബ്നം ഏറ്റവും ചെറുപ്പത്തിലേ തന്‍റെ സുഖ ദു:ഖങ്ങള്‍ ആദ്യം പങ്കുവെച്ചിരുന്നത് പടച്ചവനോടായിരുന്നു. പടച്ചവനോടുള്ള പ്രിയം പ്രകടിപ്പിക്കുന്ന ഖവാലികളെ നെഞ്ചോടു ചേര്‍ക്കാന്‍ അതു മാത്രം മതിയായിരുന്നു ശബ്നമിന് കാരണമായി. ചെറുപ്പത്തില്‍ തന്നെ കേട്ടിരുന്ന നുസ്റത് ഫതേഹ് അലി ഖാന്‍റെയൊക്കെ ഖവാലികള്‍ അതിന് പ്രചോദനം നല്കുകയും ചെയ്തു. ഖവാലി, സൂഫി സംഗീതം എന്നീ മേഖലകളിലുള്ള പഠനം ഒടുവില്‍ ഒരു പുസ്തകം പുറത്തിറക്കുന്നതില്‍ വരെയെത്തിച്ചു. സലാഹുദ്ദീന്‍ അയ്യൂബി മാസ്റ്ററെപോലുള്ളവര്‍ ആ പുസ്തകത്തിന്‍റെ പണിപ്പുരയില്‍ ഏറെ സഹായം ചെയ്തിട്ടുണ്ട്. വേലിക്കെട്ടുകള്‍ തകര്‍ത്ത് സംഗീതത്തെ നെഞ്ചോടു ചേര്‍ത്ത ടി എം കൃഷ്ണയെത്തന്നെ ആ പുസ്തകത്തിന്‍റെ പ്രകാശനത്തിന് ലഭിക്കുകയും ചെയ്തു. ആ പുസ്തകത്തിന്‍റെ പ്രകാശനത്തോടെ ശബ്നത്തിനെ തേടി ഖവാലി കണ്‍സര്‍ട്ടുകള്‍ വന്നു ചേരാന്‍ തുടങ്ങി. അങ്ങനെയാണ് ലയാലി സൂഫിയ എന്ന ബാന്‍റിലേക്ക് ശബ്നം ചെന്നെത്തുന്നത്. അത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീ ഖവാലി ബാന്‍റായി മാറുകയും ചെയ്തു.

ഏറെ ഇംപ്രൊവൈസേഷന് സാധ്യതകളുള്ള ഖവാലിയില്‍ നല്ല പരീക്ഷണങ്ങള്‍ തന്നെ ശബ്നം നടത്താറുണ്ട്. ഓരോ ഗാനത്തിലും തന്‍റേതായ മുദ്രകള്‍ ചാര്‍ത്താന്‍ ശബ്നം ശ്രമിക്കാറുണ്ട്. പടച്ചവനോടുള്ള സ്നേഹം ആലപിക്കുമ്പോഴൊക്കെയും അവന്‍റെ സ്നേഹം അനുഭവിക്കാനൊക്കാറുണ്ടെന്നാണ് ശബ്നമിന്‍റെ പക്ഷം. ഓരോ ഖവാലിയിലും അവര്‍ നടത്തുന്ന ഇംപ്രൊവൈസേഷന് ആസ്വാദകര്‍ നല്ല പ്രോത്സാഹനം തന്നെ നല്കാറുണ്ട്. സദസ്യരില്‍ നിന്ന് അപ്പപ്പോള്‍ ലഭിക്കുന്ന പ്രതികരണത്തോളം വലുതായി മറ്റൊന്നുമില്ലെന്നാണ് ശബ്നം കരുതുന്നത്.

ഗായിക എന്നതിനപ്പുറം പിയാനോയും വീണയുമെല്ലാം ശബ്നം അനായാസം കൈകാര്യം ചെയ്യാറുണ്ട്. നടനും സംവിധായകനുമായ റിയാസിന്‍റെ നാടകങ്ങള്‍ക്ക് ശബ്നം സംഗീത സംവിധാനം ചെയ്യാറുണ്ട്. ഭര്‍ത്താവ് റിയാസും മക്കള്‍ നഅ്മ സൈദ് റിയാസും അര്‍മാന്‍ സൈദ് റിയാസും എല്ലാ പിന്തുണയുമായി ശബ്നമിന്‍റെ ജീവിതത്തിന് വര്‍ണങ്ങളേകുന്നുണ്ട്. മകള്‍ നുഅ്മ നന്നായി പാടുകയും ഗിറ്റാര്‍ വായിക്കുകയും വരക്കുകയും ചെയ്യും. മകന്‍ അര്‍മാനാകട്ടെ നന്നായി ഡ്രംസ് വായിക്കുകയും ചെയ്യും.

അനേകം സംഗീതജ്ഞര്‍ നമുക്കിടയിലുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഒരുപാട് സിനിമകളില്‍ പാട്ടുപാടിയവര്‍. എന്നാല്‍ പലപ്പോഴും അവരുടെയൊന്നും പേരോ മുഖമോ ആരും ഓര്‍ക്കാറില്ല. ശബ്നമും അവരുടെ ഗാനവും പക്ഷേ, ഇന്നും എല്ലാ മനസുകളിലും തത്തിക്കളിക്കുന്നുണ്ട്. സംഗീത വഴിയില്‍ ഊര്‍ജം പകരാന്‍ അവര്‍ക്കിതു മാത്രം മതിയാകും. ഖവാലിയുടെ ലോകത്ത് വ്യത്യസ്തമായ മാതൃകകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കാവട്ടെ എന്ന് നമുക്കാശിക്കാം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top