ഇസ്രായേല്‍ ഭീകരാക്രമണത്തില്‍
രക്തസാക്ഷിയായ
ഫലസ്തീന്‍ കവിയും നോവലിസ്റ്റുമായ
ഹിബ കമാല്‍ അബു നദയുടെ
അവസാന കവിത
വിവ: അസീസ് തരുവണ
ഞങ്ങളിപ്പോള്‍
പറുദീസയുടെ
അത്യുന്നതങ്ങളിലാണ്.
ഞങ്ങളിവിടെയൊരു
പുതുനഗരം പണിയുകയാണ്;
രോഗികളില്ലാത്ത,
രക്തപങ്കിലമല്ലാത്ത
സ്നേഹത്തിന്റെ
പുതുനഗരം.
വിദ്യാര്‍ഥികള്‍ക്കുനേരെ
ആക്രോശിക്കുകയോ
തിരക്കുകൂട്ടുകയോ
ചെയ്യാത്ത അധ്യാപകര്‍,
വേദനയും സങ്കടവുമില്ലാത്ത
കുടുംബങ്ങള്‍,
സ്വര്‍ഗം ചിത്രീകരിക്കുന്ന
റിപ്പോര്‍ട്ടര്‍മാര്‍…
അനശ്വര പ്രണയം പാടുന്ന കവികള്‍
എല്ലാവരും ഗസ്സയില്‍
നിന്നുള്ളവരാണ്,
എല്ലാവരും.
സ്വര്‍ഗത്തിലിപ്പോള്‍
ഒരു പുതു ഗസ്സ
രൂപംകൊണ്ടിരിക്കുന്നു,
ഉപരോധമില്ലാത്ത ഗസ്സ.
ഒക്ടോബര്‍ 20ന് ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് 32കാരിയായ ഹിബ കമാല്‍ അബു നദ കൊല്ലപ്പെട്ടത്. കഥകളും കവിതകളും നോവലുകളും എഴുതി ഫലസ്തീനിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എഴുത്തുകാരിയായിരുന്നു ഹിബ. ഹിബയുടെ ‘ഓക്സിജന്‍ ഈസ് നോട്ട് ഫോര്‍ ദ ഡെഡ്’ (ജീവവായു മരിച്ചവര്‍ക്കുള്ളതല്ല) എന്ന നോവല്‍ അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധനേടുകയും ഷാര്‍ജ അവാര്‍ഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. 1991ല്‍ സുഊദി അറേബ്യയിലാണ് ഹിബ ജനിച്ചത്. ഫലസ്തീനിലെ സംഘര്‍ഷാവസ്ഥയില്‍ നിന്ന് രക്ഷ തേടി സുഊദിയിലേക്ക് പലായനം ചെയ്ത് കുടുംബത്തിലെ അംഗമായിരുന്നു ഹിബ.