LoginRegister

സ്വന്തത്തെ കണ്ടുമുട്ടിയിട്ടുണ്ടോ?

Feed Back


എപ്പോഴെങ്കിലുംസ്വന്തത്തെ കണ്ടുമുട്ടിയ അവസ്ഥയുണ്ടായിട്ടുണ്ടോ? ഇതാ യഥാര്‍ഥ ഞാന്‍ ഇതാണ് എന്നു പറയാവുന്ന ഒരു സന്ദര്‍ഭം!
മനുഷ്യജീവിതം പലപ്പോഴും പൊയ്മുഖങ്ങളുടെ സമാഹാരമാണ്. യഥാര്‍ഥമായ ഒരുവനെ ഒളിപ്പിച്ച് ചില മുഖം മൂടികളണിഞ്ഞാണ് മനുഷ്യന്റെ നടപ്പ്. സുഹൃത്തിന്റെ അടുത്തുള്ള അതേയാളല്ല കുടുംബത്തോടൊത്ത്. സന്ദര്‍ഭങ്ങള്‍ മാറുന്നതിനനുസരിച്ച് ആളും തരവും മാറിക്കൊണ്ടേയിരിക്കുന്നു. നാട്യങ്ങളുടെ ഒരു സര്‍വകലാശാലയാണ് മനുഷ്യന്‍ എന്നു പറയേണ്ടിയിരിക്കുന്നു.
ഒരു മനുഷ്യന്റെയുള്ളില്‍ തന്നെ നിരവധി വ്യത്യസ്തരായ മനുഷ്യരുണ്ടാവും. മനുഷ്യ പ്രകൃതം അങ്ങനെയാണ്. ചിലപ്പോള്‍ യഥാര്‍ഥ നമ്മെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമായിരിക്കും. ഈ നിരവധി വ്യക്തിത്വങ്ങളില്‍ ശരിക്കുള്ള താനേത് എന്നു തിരിച്ചറിയാന്‍ സാധിക്കാതെ വരുമ്പോഴാണ് കാലുഷ്യം മനസില്‍ കുമിഞ്ഞു കൂടുക.
സ്വന്തത്തെ തിരഞ്ഞുള്ള യാത്ര നമ്മെ കൂടുതല്‍ ബലവാനാക്കും. നമ്മുടെ നന്മകളെയും പോരായ്മകളെയും സ്വയം മനസ്സിലാക്കുക എന്നിടത്താണ് നമ്മെ ശക്തരാക്കുന്ന മരുന്നുള്ളത്. നല്ല വശങ്ങള്‍ ചെത്തിമിനുക്കി സൂക്ഷിക്കാനും പോരായ്മകള്‍ക്കു മേല്‍ നന്മയുടെ മാസ്‌കണിയാനും നാം ശ്രമിക്കും. അത് നമ്മെ കൂടുതല്‍ സുന്ദരമായ വ്യക്തിത്വത്തിലേക്ക് നയിക്കും.
അവയ്ക്കു മുകളില്‍ സ്‌നേഹത്തിന്റെ നിലാവു പരത്തുക കൂടി ചെയ്താല്‍ നമുക്കും നമുക്കു ചുറ്റുമുള്ളവര്‍ക്കും അതിന്റെ കുളിര്‍മ ലഭിക്കും. പാരസ്പര്യമാണല്ലോ മനുഷ്യന്റെ പ്രത്യേകത. ഓരോ വ്യക്തിയും തന്നിലെ കുറേക്കൂടി നല്ല വ്യക്തിയെ കണ്ടെത്തുന്നത് മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകും.
നാം കണ്ടെത്തുന്ന നാം യഥാര്‍ഥ നാമാണോ എന്ന ചോദ്യം അപ്പോഴും ഉയരും. ജിബ്രാന്‍ അതിനെ ഇങ്ങനെയാണ് വിവരിച്ചത്.
”ഞാനിതാ സത്യം കണ്ടെത്തിയിരിക്കുന്നു എന്നു പറയായ്ക; ഞാന്‍ ഒരു സത്യം കണ്ടെത്തിയിരിക്കുന്നു എന്നു പറയുവീന്‍. ആത്മാവിന്റെ വഴി ഞാന്‍ കണ്ടെത്തി എന്നു പറയായ്ക; എന്റെ വഴിയെ നടക്കുന്ന ആത്മാവിനെ ഞാന്‍ കണ്ടു മുട്ടി എന്നു മാത്രം പറയുവീന്‍.”
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top