LoginRegister

കൃഷിയും പരിസ്ഥിതിയും

ജയപ്രകാശ് നിലമ്പൂർ

Feed Back


‘കര്‍ഷകന്‍ കടത്തില്‍ ജനിക്കുന്നു, കടത്തില്‍ ജീവിക്കുന്നു, കടത്തില്‍ മരിക്കുന്നു’ എന്നത് കൂടുതല്‍ പേരിലേക്ക് പടരുന്ന ഇക്കാലത്തും കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് ഭൂമിയുണ്ടെങ്കില്‍ ഏതൊരാള്‍ക്കും വളരെ പെട്ടെന്ന് ഇറങ്ങിത്തിരിക്കാവുന്ന മേഖല.
ഒരേ സമയം സാംസ്‌കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവുമായ കാര്‍ഷിക മേഖലയില്‍ ഇന്ന് കര്‍ഷകര്‍ നേരിടുന്ന ഭീഷിണികളും പ്രതിസന്ധികളും ഒട്ടെറെയാണ്. എന്നാല്‍ ഇതെല്ലാം സമർഥമായി മറികടന്ന് വിജയകരമായി കൃഷി ചെയ്യുന്ന കര്‍ഷകരും നമ്മുടെ നാട്ടിലുണ്ട്. കാലത്തിനൊപ്പം മുന്നേറി കാര്‍ഷിക വിജയഗാഥകള്‍ തീര്‍ക്കുന്നവര്‍, അവര്‍ വെട്ടിത്തെളിച്ച കഠിന പ്രയത്‌നത്തിന്റെ വഴികളിലൂടെ വിജയം വരിച്ചവര്‍ കൂടിയാണ്.
‘താളും തകരെം മുമ്മാസം, ചേനേം ചേമ്പും മുമ്മാസം, ചക്കേം മാങ്ങേം മുമ്മാസം, അങ്ങനെം ഇങ്ങനെം മുമ്മാസം’ – ഇതായിരുന്നു മലയാളി ജനതയുടെ ഭക്ഷണ രീതികളെക്കുറിച്ചുള്ള പാരമ്പര്യ ഈരടി. എന്നാല്‍ വർധിച്ച ജനസംഖ്യയും ആയുര്‍ദൈര്‍ഘ്യവും രണ്ടാം ലോക മഹായുദ്ധ ശേഷമുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും കുടിയേറ്റവും സ്വകാര്യ വന ഭൂമിദേശസാല്‍ക്കരണവും ഏക വിളവല്‍ക്കരണവും എല്ലാം ചേര്‍ന്ന് കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യേണ്ട സാഹചര്യം രൂപപ്പെട്ട അറുപതുകളിലും എഴുപതുകളിലും ഹരിതവിപ്ലവത്തിന്റെ കൂടി പിന്‍ബലത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വളരെയധികം വർധിക്കുകയുണ്ടായി.
എന്നാല്‍ പിന്നീട് നിർമാണമേഖല തഴച്ചതോടെ ഗള്‍ഫ് പണത്തിന്റെയും റബര്‍ വിലയുടെയും പിന്‍ബലത്തില്‍ എണ്‍പതുകള്‍ മുതല്‍ ഭക്ഷ്യോല്‍പാദനത്തില്‍ നിന്ന് നാം തിരിഞ്ഞു നടക്കാന്‍ തുടങ്ങി. 1970-71 ല്‍ 8.81 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്ന കേരളത്തില്‍ 2022-23 ല്‍ അത് 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ഉണ്ടാക്കുന്ന നെല്ല് അരിയാക്കിയാല്‍ 16 ദിവസമാണ് കേരളത്തിന്റെ ഭക്ഷണ സ്വയംപര്യാപ്തത
എല്ലാം അടച്ചിട്ട കോറോണക്കാലം പൂർണമായും ഉപഭോക്തൃ സംസ്ഥാനമായി കഴിഞ്ഞ കേരളത്തിന്റെ ദൗര്‍ബല്യങ്ങള്‍ വെളിവാക്കിയ നാളുകള്‍ കൂടിയായിരുന്നു. വിഷമേറിയ ഇനങ്ങള്‍ നിത്യേന ഭക്ഷണമാക്കുന്ന മലയാളി ജനതയിലെ നിത്യേന വർധിക്കുന്ന രോഗാതുരത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എന്നാല്‍ വിപണി ഭക്ഷണം നിത്യശീലമാക്കിയ വലിയൊരു വിഭാഗം മധ്യ വർഗ- ഉപരിവർഗ ജനത വര്‍ഷാവര്‍ഷം രോഗചികിത്സക്കായി ചിലവഴിക്കുന്ന കോടികള്‍ സമൂഹത്തിന് കൂടി വലിയ ബാധ്യതയാവുകയാണ്. ജങ്ക് ഫുഡുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തലമുറകളോളം നിലനില്‍ക്കുന്നവയാണ്. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിച്ചാല്‍ അത് എത്തിനില്‍ക്കുന്നത് വികല ഭക്ഷണ- ജീവിത രീതികളിലും പോഷണകുറവിലും വിളര്‍ച്ചയിലും ആരോഗ്യ ക്ഷമതയില്ലായ്മയിലും കാര്‍ഷിക രംഗത്തെ പോരായ്മകളിലുമാണ്.
എന്തും വിപണിയില്‍ നിന്ന് വാങ്ങാമെന്ന പരസ്യ തന്ത്രങ്ങളില്‍ മയങ്ങി ആധുനികതയില്‍ അഭിരമിക്കുന്ന മലയാളി ജനത ദിനേന മാരക രോഗങ്ങളുടെ പടുകുഴിയില്‍ വീഴുന്നതില്‍ സഹജ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചതിന് മുഖ്യ പങ്കുണ്ട്.
വന വിസ്തൃതി വര്‍ഷാവര്‍ഷം കൂടുന്നു എന്നു പറയുമ്പോഴും യഥാർഥത്തില്‍ നൈസര്‍ഗികകാടുകള്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരത്ത് 3-4 ശതമാനം മാത്രമാണ് ബാക്കിയുള്ളത്. മഴ പെയ്താല്‍ കടുത്ത വെള്ളപ്പൊക്കവും മഴ കഴിഞ്ഞാലുടനെ വരള്‍ച്ചയും പരക്കുന്ന കേരളത്തിൽ വന്യ ജീവികള്‍ കൂട്ടത്തോടെ ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങുന്നതിന്റെ കാരണവും ശോഷിക്കുന്ന യഥാർഥ വന വ്യാപ്തിയാണ്.
കുറുക്കന്‍മാര്‍ ഇല്ലാതായതോടെ വർധിച്ച കാട്ടുപന്നികളും തവളയും തുമ്പിയും കുറഞ്ഞതോടെ വ്യാപകമായ കൊതുകു പ്രശ്‌നവും നമ്മുടെ മുന്‍കാഴ്ചയില്ലാത്ത പ്രവര്‍ത്തനഫലം തന്നെയാണ്. 2016-17ല്‍ മാത്രം കേരളത്തിലെ കൊതുകുതിരി കച്ചവടം 17000 കോടി രൂപയിലധികമായിരുന്നു! എണ്‍പതുകളിലെ തവളപിടുത്തവും തവളക്കാല്‍ കയറ്റുമതിയും എന്തിനാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്.
നാം ശല്യക്കാരായി കാണുന്ന തേരട്ടകളും മണ്ണിരകളും വിത്ത് മുളക്കല്‍ പ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്നു എന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. കാട്ടിലെ കടുവകളാണ് പുഴകളുടെ ഒഴുക്ക്എക്കാലത്തും നിലനിര്‍ത്തുന്നതില്‍ മികച്ച പങ്കു വഹിക്കുന്നത്.

യാതൊരു പരിസ്ഥിതി പഠനവുമില്ലാതെ നിർമിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നമ്മുടെ നാടിനെയും കാട്ടാനകളുടെ വിഹാരകേന്ദ്രമാക്കിയിരിക്കുന്നു. ഇനി അഞ്ചെണ്ണം കൂടി ചാലിയാറില്‍ പണിയാനാണ് നീക്കം. പന്ത്രണ്ടു മാസവും നിറഞ്ഞൊഴുകിയിരുന്ന ചാലിയാര്‍, നീലഗിരി മേഖലകളിലെ വനനാശം മൂലം ഇപ്പോള്‍ വേനല്‍ക്കാലത്ത് പലയിടത്തും ഒഴുക്ക് നിലക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആയിരകണക്കിന് നീര്‍ചാലുകള്‍ ഒഴുകിയെത്തിയിരുന്ന ചാലിയാര്‍ തടത്തിലെ, നൂറ് വര്‍ഷം മുന്‍പുണ്ടായിരുന്ന അറുപതിനായിരത്തിലേറെ ഏക്കര്‍ നെല്‍പാടങ്ങള്‍ ഇന്ന് രണ്ടായിരം ഏക്കറിലും താഴെയായിരിക്കുന്നു. നീർച്ചാലുകളുടെ നാശം ചാലിയാറിന്റെയും, ചാലിയാര്‍ തീരത്തെ വൈവിധ്യമേറിയ കാര്‍ഷിക രീതികളുടെയും നാശമായിരിക്കുന്നു.
നമ്മുടെ കാര്‍ഷിക സംസ്‌കൃതികളെ എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചോദ്യം മിക്കപ്പോഴും ഉയരുന്നത് കൂട്ടായ തുടര്‍ച്ചകളില്ലാതെ അവസാനിക്കുകയാണ്. കക്ഷി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ കര്‍ഷകരെ നിരന്തരം അവഗണിക്കുന്ന നിലപാടുകള്‍ തുടരുന്നതും കര്‍ഷകര്‍ സംഘടിതരല്ല എന്നതും ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ തീവ്രതരമാക്കിയിട്ടുണ്ട്.
രൂക്ഷമായ വന്യജീവി ശല്യം, ഉല്‍പാദനക്ഷമത കുറവ്, രോഗബാധ, കീടബാധ, പണിക്കാരെ കിട്ടാത്ത അവസ്ഥ, വർധിച്ച കൂലി ചിലവ്, വിപണിയില്ലായ്മ എന്നിവയാണ് ഇന്ന് കര്‍ഷകര്‍ നേരിടുന്ന മുഖ്യഭീഷിണികള്‍.
വന്യജീവി ശല്യം മൂലം കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. വന്യജീവികള്‍ക്ക് വിശക്കുന്നു, വനം വകുപ്പിന്റെ കൈവശം പണമില്ല എന്നീ രണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ, വന്യജീവികള്‍ ഭക്ഷണവും വെള്ളവും തേടി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന പ്രവണത അവസാനിക്കാന്‍ പോകുന്നില്ല.
കാട് കാടായും നാട് നാടായും ഫലപ്രദമായി സംരക്ഷിക്കാന്‍ കഴിയാത്ത കാലത്തോളം വന്യജീവി ശല്യം, പ്രത്യേകിച്ചും കാര്‍ഷിക മേഖലയില്‍ വലിയ ഉല്‍പാദന കുറവിനാണ് കാരണമാകുന്നത്. ആന, കാട്ടുപന്നി, കുരങ്ങ്, മയില്‍, മുള്ളന്‍പന്നി, അണ്ണാന്‍, ഓന്ത്, കിളികള്‍ തുടങ്ങി കര്‍ഷകര്‍ നിരന്തരം നേരിടേണ്ടി വരുന്ന വന്യ ജീവികള്‍ ഒട്ടെറെയാണ്.
ഏകവിള തോട്ടങ്ങള്‍ നിറഞ്ഞ, കാട്ടില്‍ ഭക്ഷണ- ജലലഭ്യത ഉറപ്പാക്കി മാത്രമേ അവ നാട്ടിലിറങ്ങുന്നത് തടയാനാവു. എന്നാല്‍ ഈ രംഗത്ത് ഇന്നും കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. മറിച്ച് തൊലിപ്പുറമേയുള്ള ചികിത്സയായി ഒരാഴ്ചകൊണ്ട് പ്രവര്‍ത്തനം അവതാളത്തിലാവുന്ന ദീര്‍ഘ നീള സൗരോർജവേലി പോലുള്ളവയാണ് അനേകകോടികള്‍ ചിലവഴിച്ച് നിർമിക്കപ്പെടുന്നത്.
കാര്‍ഷിക മേഖല ഒട്ടും ആകര്‍ഷകമല്ലാതാക്കിയ സമകാലിക സമീപനങ്ങളും വരുമാനകുറവും സ്വീകാര്യതയില്ലായ്മയും പുതിയ തലമുറ ഈ മേഖലയില്‍ നിന്ന് അകന്നു പോകുന്നത് സമീപഭാവിയില്‍ തന്നെ നമ്മുടെ സമൂഹത്തിന് വലിയ വിപത്തുകളാണ് വരുത്തിവെക്കുന്നത്.
ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡ് തല കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തകരെ കുരിക്കിയിടുന്നത് രോഗ കീടബാധകളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സാങ്കേതികജ്ഞാനം കൈമാറുന്നതില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെടുന്നുണ്ട്. കാര്‍ഷിക സർവകലാശാലകളിലെ ഗവേഷണ മികവ് ദൗര്‍ഭാഗ്യവശാല്‍ കര്‍ഷകരിലും കൃഷിയിടങ്ങളിലും എത്തിപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ ആത്മപരിശോധന ആവശ്യമുണ്ട്.
മണ്ണുപരിശോധന നടത്താത്ത വളപ്രയോഗവും അനാവശ്യത്തിലാവുന്ന കീടനാശിനി – കുമിള്‍നാശിനി പ്രയോഗവും മണ്ണും വെള്ളവും വിഷമയമാവാന്‍ കാരണമായിരിക്കുന്നു.
മാരക കളനാശിനികളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തില്‍ വലിയ അവബോധമില്ല. മലയോര മേഖലയില്‍ ഇവ വ്യാപകമായി ഇന്നും അനിയന്ത്രിതമായി ഉപയോഗിക്കുന്നത് കടലു വരെ വിഷലിപ്തമാക്കിയിരിക്കുന്നു.
കാര്‍ഷിക നാട്ടറിവുകള്‍ക്ക് മൂല്യം കല്‍പ്പിക്കാത്ത നവകാര്‍ഷിക രീതികളില്‍ തദ്ദേശിക അറിവുകള്‍ വിസ്മരിക്കപ്പെടുന്നത് സങ്കടകരമാണ്. ലോകത്തെമ്പാടും പ്രാദേശിക അറിവുകളുടെ നാശമാണ്, കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ആധുനിക ജനത നേരിടുന്ന വലിയ വെല്ലുവിളി എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
എണ്ണമറ്റ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കണ്ണില്‍ എണ്ണയൊഴിച്ച്, ഉറക്കമിളച്ച് കാത്തിരുന്ന് ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ വിപണിയിലെത്തിച്ചാല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എണ്ണമറ്റതാണ്. വിപണിയിലെ ചൂഷണങ്ങള്‍ തടയാന്‍ സ്വാശ്രയ സഹായ സംഘങ്ങളുടെ പ്രവര്‍ത്തനം ഏറെ പ്രസക്തമാണ്.
വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്ലാസിലും ഉള്‍പ്പെടുത്തി മണ്ണും വെള്ളവും ജൈവസമ്പത്തും ജീവന്റെ ഭാഗമായി സംരക്ഷിക്കേണ്ടതാണെന്ന തിരിച്ചറിവും ഹരിത ബോധ്യത്തിന്റെ ഉൾക്കാഴ്ചയും പുത്തന്‍ തലമുറകളില്‍ ആത്മാർഥമായി സൃഷ്ടിച്ചു മാത്രമേ നമ്മുടെ ആരോഗ്യ ജീവിതവും സമത്വസുന്ദര കേരളവും ഉറപ്പുവരുത്താനാവു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top