LoginRegister

എല്ലാ തോല്‍വികളും പരാജയമല്ല

മാരിയത്ത് സി എച്ച്‌

Feed Back


തിരിച്ചറിവ്
ഇന്നോ നാളെയോ എങ്ങനെ ആകുമെന്നത് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല. എന്നാല്‍ ഇന്നലെയുടെ അനുഭവങ്ങള്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജമാണ്. അതില്‍ നിന്ന് തള്ളേണ്ടതും കൊള്ളേണ്ടതും നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഏത് പരിമിതിയിലും ചെയ്യാന്‍ കഴിയുന്നത് ചെയ്തുകൊണ്ടിരുന്നാല്‍ നമുക്ക് വിജയിക്കാനുള്ള അവസരങ്ങളും വന്നുചേരും എന്ന് എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞതാണ്.
പരാശ്രയം
പരിമിതികള്‍ ഉള്ളവര്‍ എന്നും പരാശ്രയരാണ്. അതുകൊണ്ട് പലപ്പോഴും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം പല കാരണങ്ങള്‍ കൊണ്ട് മറ്റുള്ളവരുടെ സൗകര്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ടി വരാറുണ്ട്. എല്ലാറ്റിനും കഴിവുള്ളവര്‍ക്കിടയില്‍ ഭിന്നശേഷിയുള്ളവര്‍ ഒരു സഹതാപ ചിത്രമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് അവര്‍ ഇപ്പോഴും ഔദാര്യമായി നല്‍കുന്ന സഹായങ്ങള്‍ക്കായി യാചിക്കേണ്ടി വരുന്നത്.
നിരാശയെന്തിന്?
ചെറിയ ചില നഷ്ടങ്ങളില്‍ പോലും വല്ലാതെ സങ്കടപ്പെടുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ ചെറിയ നേട്ടത്തില്‍ സന്തോഷിക്കാന്‍ നമുക്ക് കഴിയാറുണ്ടോ? നമുക്ക് വേണ്ടത് തന്നെയാണ് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതാണ്, നമ്മെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതും. ചിലപ്പോഴൊക്കെ സ്വയം തിരിച്ചറിയലുകള്‍ക്ക് വേണ്ടി ചിലരുമായി ചില താരതമ്യങ്ങള്‍ നല്ലതാണ്. മറ്റുള്ളവരുമായി എല്ലാറ്റിനും, എല്ലായ്‌പ്പോഴും താരതമ്യപ്പെടുത്തുമ്പോഴാണ് നാം നിരാശരാവുന്നത്.
കുടുംബം
കൂടുമ്പോള്‍ ഇമ്പം കൂടുന്നത് മാത്രമല്ല കുടുംബം. കൂടെയുള്ളപ്പോഴും അല്ലാത്തപ്പോഴും അവരെ കുറിച്ചോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌നേഹത്തിന്റെയും അലിവിന്റെയും നനവു കൂടിയാണ് ബന്ധങ്ങള്‍. മാതാപിതാക്കളും മക്കളും തമ്മിലുള്ള പിണക്കങ്ങളില്‍ പോലും സ്‌നേഹത്തിന്റെ കനലുണ്ടാവും. എത്ര വഴക്കുണ്ടാക്കിയാലും പിണങ്ങിയാലും ഒന്ന് നേരില്‍ കണ്ടാല്‍, മിണ്ടിയാല്‍, മഞ്ഞ് പോലെ ഉരുകി ത്തീരുന്ന പരിഭവങ്ങളാണ് കൂടപ്പിറപ്പുകള്‍…
തോല്‍ക്കാം
എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നങ്ങളാക്കി പെരുപ്പിച്ചും പൊലിപ്പിച്ചുമാണ് പലരും ബന്ധങ്ങളുടെ കണ്ണികള്‍ മുറിക്കുന്നത്. ഏറ്റവും ഇഷ്ടത്തോടെയും താല്‍പര്യത്തോടെയും പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വിശ്വാസങ്ങളുടെയും ഇഴയടുപ്പം കൂട്ടാനാണ് നാം ശ്രമിക്കേണ്ടത്. ചിലപ്പോഴൊക്കെ തോറ്റുകൊടുക്കുന്നതാണ് വിജയം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top