ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ച് ചക്രക്കസേരയില്‍ തളരാത്ത മനസ്സുമായി മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശി ഷാദിയ. അബ്ദുല്‍ ജബ്ബാര്‍ സാജിദ ദമ്പതികളുടെ മകളായ ഷാദിയ ഏവര്‍ക്കും പ്രചോദനമായ മോട്ടിവേഷൻ സ്പീക്കർ കൂടിയാണിന്ന്.
ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചു സഞ്ചരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന ഷാദിയക്കു സഹപാഠികളും കുടുംബവും നല്കുന്ന കരുതലും തണലും വളരെ വലുതാണ്.
പരിമിതികളെ കൂട്ടുപിടിച്ചു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ അവള് മുന്നോട്ടു പോയി, ഒത്തിരിദൂരം. ആ യാത്രയാണ് പലരുടെയും ജീവിതത്തില്‍ വെളിച്ചം പകരുന്നത്.
പ്രസവ സമയത്ത് മറ്റുള്ളവര്‍ അനുഭവിക്കാത്ത ചില പ്രയാസങ്ങള്‍ ഷാദിയയുടെ ഉമ്മ നേരിട്ടെങ്കിലും എല്ലാ കരുതലുമായി കുടുംബം കൂടെനിന്നു. തനിക്ക് രണ്ട് ജന്മമുണ്ടെന്ന് ഷാദിയ പറയുന്നു. ഉമ്മയുടെ പ്രസവ സമയത്തുണ്ടായ അസുഖത്തെ തുടര്‍ന്ന് പുറത്തെക്ക് എടുത്തു വെച്ച തന്നെ വളര്‍ച്ച പൂര്‍ത്തീകരിക്കാന്‍ തിരിച്ചു വെച്ചു. പിന്നീടാണ് ശരിക്കുമുള്ള ജനനം. ജനന സമയത്ത് താന്‍ മരിച്ചു എന്നാണ് ആളുകള്‍ കരുതിയിരുന്നത്. മയ്യത്ത് കൊണ്ടുപോകാന്‍ വാഹനം തയ്യാറാക്കിയ സമയത്ത് ആരോ കണ്ട അനക്കത്തിന്റെ പുറത്താണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
പൊതിഞ്ഞു സൂക്ഷിച്ചാല്‍ അതിനിടയില്‍ താനുണ്ടോ എന്നറിയാന്‍ തുണി നീക്കി തുറന്നു നോക്കേണ്ട അത്രയും മെലിഞ്ഞതായിരുന്നു ശരീരം. ചെവിയൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കുളിപ്പിക്കുന്ന സമയത്ത് കഞ്ഞി പാട പോലെ എന്തോ കയ്യില്‍ തടഞ്ഞു പൊളിച്ചു നോക്കുമ്പോള്‍ തന്റെ ചെവിയായിരുന്നതെന്ന് ബന്ധുക്കൾ പറയുന്നത് ഷാദിയ കേട്ടിട്ടുണ്ട്. അത്രയും ദുര്‍ബലമായ ശരീരത്തില്‍ നിന്ന് ഉപ്പയുടെയും ഉമ്മയുടെയും തണലിലായിരുന്നു ഷാദിയയുടെ വളര്‍ച്ച.
പലയിടത്തും പതറുമ്പോഴും ഉമ്മയുടെ പ്രോത്സാഹനം അത്രയും വലുതായിരുന്നു.പഠനത്തിന്റെ കാര്യത്തിലോ അവസരങ്ങളുടെ കാര്യത്തിലോ മാതാപിതാക്കള്‍ തന്നോട് ഒരു വേര്‍തിരിവും കാണിച്ചില്ലെന്നും ഷാദിയ പറയുന്നു. പഠനത്തിന്റെ ആദ്യ നാളുകളില്‍ സ്വന്തം വണ്ടിയിലാണ് പിതാവ് സ്കൂളിലെത്തിച്ചത്. അതിനു വേണ്ടി പ്രവാസ ജീവിതം വരെ പിതാവ് ഉപേക്ഷിച്ചു. പലരുടെയും അകമഴിഞ്ഞ പിന്തുണയില്‍ പ്രതിസന്ധികള്‍ ഓരോന്നും അതിജീവിച്ചു.
കുറേ സര്‍ജറികള്‍ ചെയ്തിരുന്നു. ആദ്യം കുറച്ച് നടക്കുമായിരുന്നു. സര്‍ജറി പരാജയപ്പെട്ടതോടെ ജീവിതം വീല്‍ചെയറിലായി. വേദന മറക്കാന്‍ ശ്രമിച്ചതും ഒറ്റപ്പെടല്‍ മാറ്റിയതും പുസ്തകങ്ങളിലൂടെയാണ്. ഏഴാം ക്ലാസിലിരിക്കുമ്പോള്‍ ഒരു ആത്മകഥ എഴുതിയിരുന്നു. സര്‍വ ശിക്ഷാ അഭിയാന് ആണ് അത് പ്രസിദ്ധീകരിച്ചത്.
കുടുംബത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എന്ന ചിന്തയാണ് ലുംപാനിക്സ് ബുക്സ് സ്റ്റോര്‍ എന്ന പേരില്‍ ഒരു സംരംഭം തുടങ്ങുന്നത്. ഓൺലൈനായി പുസ്തകങ്ങളുടെ ഓർഡറെടുത്ത് ആവശ്യക്കാർക്ക് തപാൽ വഴി എത്തിച്ചുകൊടുക്കും. പുസ്തകം എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പലരോടും ചോദിച്ചു മനസ്സിലാക്കി. ചിലർ നിരുൽസാഹപ്പെടുത്തി. തന്നെക്കൊണ്ട് ഇത് സാധിക്കുമോ എന്നായി. ചെയ്തു കാണിക്കാന്‍ തന്നെയായിരുന്നു ഷാദിയയുടെ തീരുമാനം.
കോവിഡ് കാലത്ത് ഉപ്പയുടെ കയ്യില്‍ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയ്ക്ക് തുടങ്ങിയതാണ് പുസ്തക വിതരണ സംരഭം. പുസ്തകങ്ങള്‍ ഏറ്റവും ഭംഗിയായി കൈമാറാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്. തന്നെ പോലെ ശാരീരിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ആര്‍ക്കു വേണമെങ്കിലും പുസ്തകം എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ സംരംഭം വായനക്കാര്‍ ഏറ്റെടുത്തതോടെ പഠനാവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നതും ഇതിലൂടെയാണ്.
എഴുത്തും വായനയുമായി മുന്നോട്ട് പോകുമ്പോള്‍ പലതും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടിരുന്നു. അങ്ങനെയാണ് ഷാദിയയെ കൂടുതല്‍ ആളുകളറിഞ്ഞത്. അക്ഷരങ്ങള്‍ എല്ലാ പരിമിതികളെയും ഭേദിച്ച് പട്ടം കണക്കേ കുതിക്കാനുള്ള ആത്മവിശ്വാസമാണ് ഷാദിയക്ക് നല്‍കിയത്.
ചെറുപ്പത്തില്‍ തനിക്ക് ശാരീരിക പരിമിതികളുണ്ടെന്ന് അറിവുണ്ടായിരുന്നില്ല. പലരുടെയും തുറിച്ചു നോട്ടമാണ് തനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിച്ചത്. പലപ്പോഴും അസുഖത്തിന്റെ ആകുലതകളും ആശുപത്രിയിലേക്കുള്ള ഓട്ടവും. ഇതിനിടയില്‍ വിദ്യാഭ്യാസം പാതിവഴിയിലായി. ആ സമയത്ത് തന്നെ പഠിപ്പിക്കാന്‍ ആരെയെങ്കിലും കിട്ടുമോയെന്ന് ഉമ്മ അന്വേഷിച്ചിരുന്നു. വീട്ടില്‍ വന്ന് പഠിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അഞ്ചാം ക്ലാസിലുള്ള സമയത്താണ് പഠിപ്പിക്കാനായി ഫർഹത്ത് ടീച്ചര്‍ വരുന്നത്. ടീച്ചറെ പിന്തുണയാണ് എഴുത്തുവഴിയിലെ ആദ്യ പ്രചോദനം.
എല്ലാ കഴിവും മനുഷ്യരിലുണ്ട്. പ്രചോദനമേകാന്‍ ആളുകളില്ലാതെ പോകുന്നു എന്നതാണ് പ്രശ്നം. സഹായ മനസ്കതക്കപ്പുറം ഏതൊരാളെ പോലെ സഞ്ചരിക്കാനും ജീവിക്കാനുമുള്ള സാഹചര്യമാണ് ശാരീരിക പരിമിതിയുള്ളവർക്കും വേണ്ടതെന്ന് ഷാദിയ പറയുന്നു. സമൂഹത്തില്‍ ഉറച്ചു പോയ തെറ്റായ ധാരണകളെ ജീവിതത്തിലൂടെ തിരുത്തുകയാണ് ഷാദിയ. ശാരീരിക പരിമിതിയുള്ളവര്‍ക്ക് ദൂരെയൊന്നും യാത്ര ചെയ്യാന്‍ പറ്റില്ല, അവര്‍ക്ക് എപ്പോഴും മാതാപിതാക്കളുടെ സംരക്ഷണം വേണം തുടങ്ങിയ ധാരണയെയാണ് ഷാദിയ ജീവിതത്തിലൂടെ ചോദ്യം ചെയ്യുന്നത്. അതിനു വേണ്ടിയാണ് ദൂരെയുള്ള മഹാരാജാസ് കോളജ് തന്നെ പഠിക്കാനായി തെരഞ്ഞെടുത്തത്.
തനിക്ക് അനുഭവപ്പെട്ട പ്രശ്നങ്ങള്‍ ശേഷം വരുന്നവര്‍ക്ക് ഉണ്ടാകരുതെന്നാണ് ഷാദിയ ആഗ്രഹിക്കുന്നത്. ഒരു ദിവസം 150 രൂപ ചെലവാക്കിയാണ് സ്കൂളിൽ പോയിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങള്‍ അറിയുകയും അത് അധികാരികളെ അറിയിക്കുകയുമാണ് ഷാദിയ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തന്നാല്‍ സംഭാവന സമര്‍പ്പിക്കാന്‍ സാധിക്കുന്ന എല്ലാ മേഖലകളിലും ഈ യുവതിയുടെ കയ്യൊപ്പുണ്ട്. സമൂഹത്തില്‍ ഒത്തിരി ലൈബ്രററി ഉണ്ടെങ്കിലും പലതും ഭിന്നശേഷി സൗഹൃദമല്ല. ആണെങ്കില്‍ തന്നെയും ലൈബ്രററിയിലേക്കുള്ള യാത്ര പ്രയാസമാണ്. വായനാതാല്പര്യങ്ങള് ഉള്ളിലൊതുക്കേണ്ടി വരുന്നവർക്ക് ഒരു പരിഹാരം എന്ന നിലയില്‍ ബുക്ക് ട്രാക്ക് എന്ന മൊബൈല്‍ ലൈബ്രററി ഷാദിയയുടെ ഒരു വലിയ സ്വപ്നമാണ്.
ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി പ്രോഗ്രാമില്‍ ബയോ അയക്കാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതൊരു അംഗീകാരമായി കാണുന്നു. അടുത്തിടെയാണ് സനൂപുമായുള്ള വിവാഹം നടന്നത്. ഇപ്പോൾ എല്ലാ കാര്യത്തിനും പിന്തുണയുമായി ഇണ കൂടെയുണ്ട്. ഷാദിയ
നിലവില്‍ പി.ജി വിദ്യാർഥിനിയാണ്. കോളജ് അധ്യാപികയാവണമെന്നാണ് ആഗ്രഹം.
.