LoginRegister

ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലം

എ ജമീല ടീച്ചര്‍

Feed Back

മേടമാസച്ചൂടിന്‍റെ കൊടുമയിലേക്കാണ് ഇത്തവണ റമദാന്‍ കടന്നുവരുന്നത്. കൂട്ടിന് കയ്യും പിടിച്ച് കൊറോണ വൈറസുമുണ്ട്. അതുകൊണ്ട്തന്നെ ഒത്തിരി ആശങ്കകളാണ് മലയാളി മുസ്ലിംകള്‍ക്ക് പങ്കുവെക്കാനുള്ളത്. ഇടക്കിടെ മാനത്തെ മഴമേഘങ്ങളിലേക്ക് വഴിക്കണ്ണുനട്ട് കാത്തിരിക്കുന്നുമുണ്ട്, എന്തായാലും ഒന്ന് പെയ്തൊഴിയാതിരിക്കില്ല എന്ന പ്രതീക്ഷയോടെ. ചന്ദ്രമാസങ്ങളുടെ കാലഗണനയനുസരിച്ചാണല്ലോ റമദാനിന്‍റെ പോക്കുവരവ്. ചൂടും തണുപ്പും മഴയും മഞ്ഞുമൊന്നും ക്രമീകരിക്കാന്‍ അതിന് സാധിക്കാറില്ല. വിശ്വാസികള്‍ അവരുടെ ഈമാനിന്‍റെ തണുപ്പില്‍ ചൂടിനെ ശമിപ്പിക്കണമെന്നുമാത്രം. അതുതന്നെയായിരിക്കാം വ്രതാനുഷ്ഠാനംകൊണ്ട് സ്രഷ്ടാവായ അല്ലാഹു ഉദ്ദേശിക്കുന്നതും.

നോമ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിരക്തിയുടെ ഒരു പാഠശാലയാണ് നോമ്പ്. മനുഷ്യന്‍റെ അമിതമായ ആസക്തികള്‍ക്കെതിരെയുള്ള ഒരു പരിശീലനം. പ്രകടനത്തേക്കാള്‍ അതൊരു മനോഭാവമാണ്. അങ്ങിനെയാകുമ്പോഴേ നോമ്പ് സുഖവും സന്തോഷവും നല്‍കുന്ന ഒരു സുഗന്ധമാവുകയുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായം 183 മുതല്‍ 186 കൂടിയ വചനങ്ങള്‍ പഠിപ്പിക്കുന്നത് വ്രതാനുഷ്ഠാനത്തിന്‍റെ പ്രാധാന്യമാണ്. "അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള മതസമൂഹങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങള്‍ തഖ്വയുള്ളവരായിരിക്കുവാന്‍" (2:183). ഒരുപാട് നിയമങ്ങള്‍ വിശദീകരിച്ചതുകൊണ്ടുമാത്രം സമൂഹത്തില്‍ നീതി നിലനിന്നുകൊള്ളണമെന്നില്ല. നിയമങ്ങള്‍ അനുസരിക്കാനുള്ള മനസംസ്കാരം കൂടി ആവശ്യമാണ്. അപ്പോഴേ നിയമങ്ങളുടെ യഥാര്‍ഥ ഫലം സമൂഹതതില്‍ പ്രകടമാവുകയുള്ളൂ. അതില്ല എന്നുള്ള പോരായ്മ മുസ്ലിംകള്‍ക്കിടയില്‍ തന്നെ ധാരാളമുണ്ട്. അതുകൊണ്ടാണല്ലോ ഇന്നും കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ എണ്ണത്തിലും വണ്ണത്തിലും മുസ്ലിം നാമധാരികള്‍ കൂടിവരുന്നത്. നിയമങ്ങളെ ഹനിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്‍റെ കാമമോഹദോഷാധികളാണ്. ഭോഗസുഖങ്ങളോടുള്ള അമിതാസക്തിയും. അവയെ നിയന്ത്രിക്കാനായില്ലെങ്കില്‍ നിയമം പഠിച്ചതുകൊണ്ടുമാത്രം മനുഷ്യന്‍ നന്നായിക്കൊള്ളണമെന്നില്ല. മനസ്സിനകത്ത് ഒരുക്കൂട്ടിവെക്കുന്ന തഖ്വ അഥവാ തെറ്റിനോട് അടുക്കാതിരിക്കാനുള്ള സൂക്ഷ്മതകൊണ്ടുമാത്രമേ സുഖഭോഗങ്ങളോടുള്ള അമിതാസക്തിയെ പിടിച്ചുകെട്ടാന്‍ മനുഷ്യനാവുകുയുള്ളൂ. ദൈവഭക്തിയില്‍ നിന്നുളവാകുന്ന ധാര്‍മിക സദാചാര പ്രതിബദ്ധതയാണതിന്നാവശ്യം. അതുണ്ടാവണമെങ്കില്‍ മനുഷ്യന്‍ അവന്‍റെ ജന്തുസഹജമായ വിചാരവികാരങ്ങളെ നിയന്ത്രണവിധേയമാക്കണം. അപ്പോഴാണ് വ്രതാനുഷ്ഠാനം അതിന്‍റെ പൂര്‍ണലക്ഷ്യത്തിലെത്തിച്ചേരുകയുള്ളൂ. ജഡികേച്ഛകളുടെ വിരക്തിയില്‍ നിന്നാണ് സംസ്കാരം ഉടലെടുക്കുന്നത്. ആ നിലക്ക് സംസ്കാരത്തിന്‍റെ ആദ്യപാഠമാണ് വ്രതാനുഷ്ഠാനം എന്ന് പറയാം. മനുഷ്യന്‍റെ പ്രാഥമികാവശ്യമാണ് ഭക്ഷണം. വിശപ്പ് അവന് സഹിക്കാനാവില്ല. അവന്‍റെ ജീവന്‍റെ നിലനില്പുതന്നെ വായു, വെള്ളം, ഭക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കിട്ടുന്നതെന്തും എടുത്തുകഴിക്കാന്‍ വിശപ്പ് അവനെ പ്രേരിപ്പിക്കുന്നു. വ്രതാനുഷ്ഠാനമെന്ന പരിശീലനം മനുഷ്യനെ ഈ സ്വഭാവത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. വിശിഷ്ടമായ ഭക്ഷണങ്ങളുടെ ആധിക്യം മുന്നിലുണ്ടായിട്ടും വിശപ്പ് കഠിനമായിരുന്നിട്ടും ദൈവഭയം അവനെ പിടിച്ചുനിര്‍ത്തുന്നു. ജന്തുസഹജമായ വാസനകളെ അകറ്റിനിര്‍ത്താന്‍ ഏറ്റവും ഫലപ്രദവും ശക്തവുമായ ഒരു പരിശീലനം ഇതല്ലാതെ മറ്റെന്താണുള്ളത്. അല്ലാഹുവിന്‍റെ പ്രീതി ഒന്ന് മാത്രമാണിവിടെ അവന് പ്രേരകമാകേണ്ടത്. ദൈവകല്പനക്ക് വിധേയനാവുക എന്നതും. സ്വന്തം അധ്വാനങ്ങളില്‍ നിന്നുണ്ടായ അനുവദനീയങ്ങളില്‍ നിന്നുവരെ വിരക്തികാണിച്ച് വിട്ടകന്ന് നില്‍ക്കുകയാണവന്‍. അങ്ങിനെയുള്ള ഒരു ദൈവവിശ്വാസിക്കൊരിക്കലും അന്യന്‍റെ ജീവനിലും സ്വത്തിലും ആത്മാഭിമാനത്തിലും അന്യായമായി കയ്യിട്ട് വാരാനാവുകയില്ല. ഇവിടെയാണ് നോമ്പ് ആത്മസംസ്കരണത്തിന്‍റെ പരിചയായി മാറുന്നതും. നോമ്പ് ഒരു പരിചയാണെന്നുള്ളതും നോമ്പുകാരന്‍ അനാവശ്യങ്ങളില്‍ നിന്നും വഷളത്തരത്തില്‍ നിന്നും കുഴപ്പങ്ങളില്‍ നിന്നുമെല്ലാം വിട്ടകന്ന് നില്‍ക്കണമെന്നും നബി(സ) സൂചിപ്പിക്കുകയുണ്ടായല്ലോ. വയറിന് മാത്രമല്ല വ്രതാനുഷ്ഠാനമുള്ളത്. മറിച്ച്, നാക്കിനും വാക്കിനും കാഴ്ചക്കും കേള്‍വിക്കുമെല്ലാം നോമ്പുണ്ടായിരിക്കണം. അത്തരം നോമ്പേ അല്ലാഹുവിന് ആവശ്യമുള്ളൂ എന്ന് തിരുമേനി(സ) പറയുകയുണ്ടായി. "യാതൊരുത്തന്‍ ചീത്തയായ വാക്കില്‍ നിന്നും ചീത്ത പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടകന്ന് നില്ക്കുന്നില്ലയോ അവന്‍ അന്നപാനീയങ്ങളുപേക്ഷിക്കുന്നത് അല്ലാഹുവിന് ആവശ്യമില്ല." (ബുഖാരി) ഇത്തരം ഒരു ആത്മസംസ്കരണ പ്രക്രിയക്ക് അല്ലാഹുതന്നെ തെരഞ്ഞെടുത്തിരിക്കുന്ന മാസമാണ് റമദാന്‍.

റമദാനിന്‍റെ സവിശേഷത
'മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സത്യാസത്യങ്ങളെ വിവേചിക്കുന്നതും സന്മാര്‍ഗം കാണിച്ചുതരുന്നതുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ നിങ്ങളില്‍ ആ മാസത്തില്‍ സാക്ഷിയായവര്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കണം. അന്ന് രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ ഉപവസിച്ച് എണ്ണം തീര്‍ക്കട്ടെ.' (2:185) പരിശുദ്ധ ഖുര്‍ആനിന്‍റെ അവതരണാരംഭം കൊണ്ട് ശ്രേഷ്ഠമാക്കപ്പെട്ട മാസമാണ് റമദാന്‍. അതു തന്നെയാണ് മറദാനിനെ വ്രതാനുഷ്ഠാനത്തിന്‍റെ മാസമായി തിരഞ്ഞെടുക്കാനുള്ള കാരണവും. ശുദ്ധ സംസ്കാരത്തിന്‍റെ പാഠങ്ങളാണ് ഖുര്‍ആന്‍. ആ പാഠങ്ങളുടെ ശക്തവും യുക്തവും വ്യക്തവുമായ പ്രായോഗിക പരിശീലനമാണ് വ്രതം. പാഠങ്ങളവതരിപ്പിച്ച നാളുകളും മാസവും തന്നെ അതിന്‍റെ പഠനത്തിനും പരിശീലനത്തിനുമായി തിരഞ്ഞെടുത്തത് ആ പാഠങ്ങളോടുള്ള നന്ദിയുടെയും കൂറിന്‍റെയും താല്‍പര്യമായിരിക്കാം. റമദാനിന്‍റെ ശ്രേഷ്ഠത പറയുന്ന ഒരു നബിവചനം ഇപ്രകാരം കാണാം. "മനുഷ്യരേ നന്മ നിറഞ്ഞതും മഹത്തായതുമായ ഒരു മാസം നിങ്ങള്‍ക്കിതാ നിഴലിട്ടിരിക്കുന്നു. അത് ക്ഷമയുടെ മാസമാണ്." (ഇബ്നുഹുസൈം) മനുഷ്യ ജീവിതത്തെ സുന്ദരമാക്കുന്ന ഒരു പ്രത്യേക ഗുണമാണ് ക്ഷമ. ക്ഷമയില്ലാത്തവന് ഒരിക്കലും വിജയിക്കുവാന്‍ സാധിക്കുകയില്ല. മാത്രമല്ല, കുറഞ്ഞ ഒരു പട്ടിണി, അല്‍പമൊരു പ്രാരാബ്ധം, ഒരു മനക്ലേശം ഇതുണ്ടാകുമ്പോഴേക്ക് തന്നെ ക്ഷമയില്ലാത്തവന്‍ പെട്ടെന്ന് അരുതായ്മകളിലേക്കും ആത്മഹത്യകളിലേക്കുമെല്ലാം എടുത്തുചാടി എന്നുവരും. ഇവിടെ ഒരു മാസത്തെ വ്രതാനുഷ്ഠാനം അവനെ ക്ഷമ പരിശീലിപ്പിക്കുകകൂടിയാണ് ചെയ്യുന്നത്. റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ് എന്ന് മറ്റൊരു നബിവചനം സൂചിപ്പിക്കുകയുണ്ടായി. അതോടൊപ്പം പരസ്പരം സഹായത്തിന്‍റെ കൂടി മാസമാണ് ഇസ്ലാമില്‍ റമദാന്‍. സമ്പത്തിന്‍റെ മടിത്തട്ടിലും അതിന്‍റെ സുഖഭോഗങ്ങളിലും മാത്രം ജനിച്ചുവളര്‍ന്നവര്‍ക്ക് മറ്റുള്ളവരുടെ ജീവിത പ്രാരബ്ധങ്ങളെയും പട്ടിണിയെയും തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. നോമ്പ് മനുഷ്യനെ പരസ്പര സഹായത്തിന്‍റെ മാനവിക മൂല്യങ്ങള്‍ കൂടിയാണ് പഠിപ്പിക്കുന്നത്. പ്രവാചക(സ)യുടെ ജീവിതവും ഉപദേശവുമെല്ലാം അതിന് മാതൃകയാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: "റമദാനില്‍ പ്രവേശിച്ചാല്‍ നബി(സ) സര്‍വ ബന്ധനസ്ഥരെയും മോചിപ്പിക്കുകയും ചോദിക്കുന്ന എല്ലാവര്‍ക്കും നല്‍കുകയും ചെയ്തിരുന്നു." (ബൈഹഖി). മറ്റൊരു പ്രവാചക വചനത്തില്‍ ഇപ്രകാരം കാണാം. ഇബ്നു അബ്ബാസ്(റ) പറയുന്നു. "റമദാനില്‍ ദാനം ചെയ്യുന്ന വിഷയത്തില്‍ നബി(സ) ആഞ്ഞുവീശുന്ന കൊടുങ്കാറ്റ് പോലെയായിരുന്നു."

പാപമോചനത്തിന്‍റെ മാസം
കാലഭേദ സമയക്രമില്ലാതെ ഏതവസരത്തിലും ദൈവവുമായി അടുക്കുകയും തന്‍റെ തെറ്റുകളോര്‍ത്ത് അവനോട് പാപമോചനം തേടുകയും ചെയ്യേണ്ടവനാണ് മനുഷ്യന്‍. എങ്കിലും എല്ലാറ്റിനും ഒരു സുവര്‍ണാവസരമുണ്ടാകും. ഇതുപോലെ കുറ്റം ചെയ്തവര്‍ക്ക് പശ്ചാത്തപിക്കുവാനും അല്ലാഹുവിനോട് പൊറുക്കലിനെ തേടാനും ലഭിക്കുന്ന ഒരു ഓഫര്‍ കാലമാണ് സത്യവിശ്വാസികള്‍ക്ക് റമദാന്‍. റമദാന്‍ വന്നാല്‍ ഒരു വിളിച്ചുപറുന്നവന്‍ വിളിച്ച് പറയും. "നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ നീ മുന്നി്ട്ട് വരിക, തിന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാ നീ ചുരുക്കുക." (തിര്‍മിദി) "നന്മ അന്വേഷിക്കുന്നവനേ നീ മുന്നോട്ട് വരിക. തിന്മ അന്വേഷിക്കുവനേ നീ തിന്മയില്‍ നിന്ന് മാറിനില്‍ക്കുക" (അന്നസാഈ). ഈ സുവര്‍ണാവസരം പാഴാക്കുന്നവന് ജീവിതത്തിലൊരിക്കലും അത് തിരിച്ചെടുക്കാനുമാവില്ല എന്നതും പ്രവാചക വചനങ്ങളില്‍ കാണാം. "റമദാനില്‍ ഒരാള്‍ പ്രവേശിച്ചിട്ടും തന്‍റെ പാപത്തില്‍ നിന്ന് മോചിതരാവാന്‍ സാധിക്കാതെ നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവനെ അകറ്റട്ടെ." (ഇബ്നുഖുസൈമ) റമദാന്‍ മാസം വന്നു കിട്ടിയിട്ട് അതുമൂലം പാപമോചനം ലഭിക്കാത്തവന്ന് പിന്നെ അതെപ്പോള്‍ ലഭിക്കാനാണ്. എന്നും പ്രവാചകന്‍(സ) സൂചിപ്പിക്കുകയുണ്ടായി. "വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ വ്രതമനുഷ്ഠിച്ചവര്‍ക്ക് കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുമെന്ന് തിരുമേനി(സ) പറഞ്ഞതായി ഇമാം ബുഖാരിയും രേഖപ്പെടുത്തുകയുണ്ടായി. "അതിന്‍റെ ആദ്യം കാരുണ്യവും മധ്യം പാപമോചനവും അവസാനം നരകമോചനവുമാണെന്ന തിരുവചനം കുറേ ഇങ്ങോട്ടു ചേര്‍ത്ത് വായിക്കാം. ചുരുക്കത്തില്‍ വ്രതമനുഷ്ഠിച്ച് വരണ്ടുണങ്ങിയ വിശ്വാസിയുടെ നാവിലും ഹൃദയത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആലിപ്പഴ വര്‍ഷങ്ങളാണ് ഈ തിരുവചനങ്ങളെല്ലാം. രാത്രിയിലെ നമസ്കാരം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍ മുതലായവയിലൂടെയാണ് റമദാനിന്‍റെ പകലുകളെ വിശ്വാസി ധന്യമാക്കേണ്ടത്. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിന്‍റെ രാത്രിയില്‍ ഒരാള്‍ നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന തിരുവനചം കൂടി ശ്രദ്ധേയമാണ്. തുറക്കപ്പെടുന്ന

സ്വര്‍ഗ കവാടങ്ങള്‍
സഅ്ലുബ്നു സഅ്ദ്(റ) ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ ആ കവാടത്തിലൂടെ കടന്നുപോകും. അവരല്ലാതെ മറ്റാരും ആ കവാടത്തിലൂടെ കടന്നുപോകുകയില്ല. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ വാതില്‍ അടക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ കടക്കുകയില്ല. (ബുഖാറി). ചുരുക്കത്തില്‍ നോമ്പുകാര്‍ക്ക് വേണ്ടി സ്വര്‍ഗം അലങ്കരിക്കപ്പെടുന്ന മാസമാണ് റമദാന്‍. വെയില്‍ചൂടില്‍ വെന്ത് കിടക്കുന്ന മരുഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴയെ കുറിക്കാന്‍ അറബികള്‍ 'റമദ്' എന്ന പദം ഉപയോഗിക്കാറുണ്ട്. ആ അര്‍ഥത്തില്‍ ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമാണ് റമദാന്‍. വരണ്ടു വിണ്ടുകീറി ഊഷരമായി കിടക്കുന്ന മനുഷ്യ ഹൃദയങ്ങളിന്മേല്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍മഴയാണത്. ഈ മാസത്തെ ഇതര മാസങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന സവിശേഷതയും അതു തന്നെ.

categories
categories
കൂടുതൽ പംക്തികൾ
Back to Top