LoginRegister

ഞണ്ടു കറി

ഫാത്തിമ ഫസീല

Feed Back


ഞണ്ടുകറി കഴിക്കുമ്പോളൊക്കെ കുഞ്ഞിക്കുട്ടാപ്പിയെ ഓര്‍മ വരും. ഗോലി കളിക്കുമ്പോഴും സാറ്റു കളിക്കുമ്പോഴും കബഡി കളിക്കുമ്പോഴുമൊക്കെ ഇടയ്ക്കുവെച്ച് കളി നിര്‍ത്തി അവന്റെ വീട്ടിലേക്ക് ഓടിപ്പോവും ഞങ്ങള്‍. കളിക്കൂട്ടുകാരില്‍ പ്രായം കുറഞ്ഞവനാണ് അവന്‍. എങ്കിലും വല, ഇരുമ്പുകമ്പി, കൊളുത്തുകള്‍ തുടങ്ങിയ മീന്‍പിടിത്ത ഉപകരണങ്ങളൊക്കെയെടുത്ത് കൈപ്പാട്ടിലേക്ക് (പരന്നുകിടക്കുന്ന വയല്‍) ഒരു പോക്കാണ്. വലിയ ഞണ്ടും പുഴമീനും ഒക്കെ നിറഞ്ഞ ബക്കറ്റുമായി അങ്ങാടിയിലേക്ക് പോയി നല്ല വിലക്ക് വില്‍ക്കും. അയല്‍വാസികളോട് മിതമായ വിലയേ അവന്‍ ഈടാക്കിയിരുന്നുള്ളൂ. ഓരോ കിലോ ലഡുവും ജിലേബിയും മൈസൂര്‍ പാക്കുമൊക്കെ വാങ്ങി അവന്റെ മുന്നില്‍ പോയി ‘കുഞ്ഞിക്കുട്ടാപ്പീ…’ന്ന് നീട്ടിവിളിച്ച് ‘ഞണ്ട് ഞങ്ങള്‍ക്ക് താ’ എന്ന് പറഞ്ഞാലോ എന്നൊക്കെയാണ് ഞങ്ങള്‍ കുട്ടികളുടെ തല പുകഞ്ഞ ചര്‍ച്ചകള്‍.
നല്ല എരിവുള്ള മസാലക്കൂട്ടില്‍ ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ചെറുതായി അരിഞ്ഞു ചേര്‍ത്തതിലേക്ക് മുറിച്ചു വൃത്തിയാക്കിയ ഞണ്ടുമിട്ട് മണ്‍ചട്ടിയില്‍ അടുപ്പത്തു വെച്ച് കുറുക്കി വറ്റിച്ചെടുക്കും, അവന്റെ ഉമ്മ. ഇതിലേക്ക് ഒരു വലിയ കൈപ്പിടി കറിവേപ്പിലയും ഒന്നുരണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കിമറിക്കുമ്പോള്‍ ഒരു പ്രത്യേക മണം ആ നാടാകെ പരക്കും.
ഞണ്ട്, ചെമ്മീന്‍, എളമ്പക്ക (എരുന്ത്), കല്ലുമ്മക്കായ തുടങ്ങിയവയൊക്കെ കണ്ണൂരിലെ ചെറുകുന്നില്‍, ബേങ്കീല്‍ എന്ന ഉപ്പുകാറ്റ് മണക്കുന്ന നാട്ടില്‍ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്നു. അടുത്ത വീട്ടിലെ മാതേച്ചിയായിരുന്നു രുചിയുടെ അത്യന്തം വേറിട്ടൊരു സംഭവം പറഞ്ഞ് എന്നെ ഞെട്ടിച്ചത്: ”മോളേ, ഈ എളമ്പക്ക പുഴുങ്ങിയാല്ണ്ടല്ല, അയിന്റെ വെള്ളം കളയറ് ഒണക്കപ്പറങ്കി ഒടച്ച്ടണം.”
കറി വെക്കാനായി പുഴുങ്ങിയെടുക്കുന്ന എരുന്തിന്റെ വെള്ളത്തിലേക്ക് വറ്റല്‍മുളക് ഉടച്ചുചേര്‍ത്ത് അവര്‍ കഞ്ഞിക്ക് തട്ടിക്കൂട്ട് കറി ഉണ്ടാക്കാറുണ്ടത്രേ. ഉപ്പു പോലും ചേര്‍ക്കേണ്ടെന്ന് പറഞ്ഞ്, പ്ലാവിലകള്‍ പെറുക്കിക്കൂട്ടി, വിറകിനു പകരം ഉണങ്ങിയ ഇലകള്‍ വെച്ച് അടുപ്പ് കത്തിച്ച്, അമ്മിയില്‍ നിന്ന് വടിച്ചെടുത്ത് ഉരുട്ടി വച്ചിരിക്കുന്ന പല നിറങ്ങളുള്ള അരപ്പുകള്‍ ചേര്‍ത്ത് പുഴമീനും മറ്റും വേവിച്ച് മുളകുകറി, മല്ലിക്കറി, തൈരു ചേര്‍ത്ത തേങ്ങാമീന്‍കറി തുടങ്ങിയവയൊക്കെയുണ്ടാക്കാന്‍ വിദഗ്ധരാണ് മാതേച്ചിയും മരുമോളും.
എന്റെ വീടിന്റെ അടുത്ത് അറ്റമില്ലാത്ത വയലാണ്. വയലിന്റെ ഇടയിലൊക്കെ വെള്ളക്കെട്ടുകളും തോടുകളുമൊക്കെയാണ്. കോഴിക്കോട്ടു നിന്ന് കുടുംബക്കാരൊക്കെ വിരുന്നുവരുമ്പോള്‍ കൈപ്പാട് എന്നു വിളിക്കുന്ന വയലിലെ കണ്ടല്‍ക്കാടുകളും ചെമ്മീന്‍കണ്ടികളും കാണാന്‍ ഞങ്ങള്‍ പോവാറുണ്ടായിരുന്നു. അവിടവിടെയായി കുറ്റിയില്‍ കെട്ടിവെച്ചിരിക്കുന്ന തോണികള്‍ കാണാം. ചളിവരമ്പിലും ചെറിയ കോണ്‍ക്രീറ്റ് പാലങ്ങളിലും ചെമ്മീന്‍ ഉണക്കാനിട്ടിട്ടുണ്ടാകും.
”ഈ മീനൊക്കെ കുഞ്ഞിക്കുട്ടാപ്പിയും കൂട്ടുകാരും പിടിച്ചതാണോ?”
”ഈ പൊടിച്ചെമ്മീനൊക്കെ മാങ്ങയിട്ട് വറ്റിച്ച് തേങ്ങാപ്പീരയും ചേര്‍ത്ത് കഞ്ഞിക്ക് കറിയുണ്ടാക്കാന്‍ മാതേച്ചി ഉണക്കാനിട്ടതാണോ?”
”ഈ ചെറുകുന്ന് നാട്ടിലെ മിക്ക പെണ്ണുങ്ങളുടെയും പേര് മാതേച്ചി എന്നാണല്ലോ? ആണുങ്ങളുടെ പേര് കണ്ണേട്ടന്‍ എന്നും ആണ്‍കുട്ടികളുടെ പേര് കുട്ടാപ്പി എന്നും…?”
ചിന്തകള്‍ കാടു കയറി ഞാന്‍ നെല്‍ച്ചെടികള്‍ക്കിടയിലെ വരമ്പില്‍ ദൂരെ കാണുന്ന പഴയങ്ങാടി പുഴ നോക്കിനില്‍ക്കും. അപ്പോള്‍ ഒരു മെലിഞ്ഞ വയല്‍ഞണ്ട് ഓടിക്കിതച്ച് മാളത്തിലേക്ക് കയറിപ്പോകും.
ക്രാബ് കേക്ക് എന്ന ഞണ്ടുപാറ്റീസ് ആദ്യമായി കാണുന്നത് ‘നടാഷ കിച്ചണ്‍’ എന്ന യൂട്യൂബ് ചാനലിലാണ്. കോണ്ടിനെന്റല്‍ വിഭവങ്ങളിലെ വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ സെര്‍ച്ച് ചെയ്യുകയായിരുന്നു ഞാന്‍. ക്രാബ് മീറ്റ്, രണ്ടു മുട്ട, ചുവന്ന കാപ്സികം, ഉള്ളി, ബ്രഡ്‌പൊടി തുടങ്ങിയവ നന്നായി മിക്സ് ചെയ്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചതിനു ശേഷം ഒരു പാനില്‍ കുറച്ച് എണ്ണ പുരട്ടി ഷേപ് ചെയ്ത പാറ്റികള്‍ ചുട്ടെടുക്കുന്നു. എത്രയും പെട്ടന്ന് ഈ ഐറ്റം ഉണ്ടാക്കി വീട്ടുകാരെ അമ്പരപ്പിക്കണമെന്ന് മനസ്സിലോര്‍ത്തു.
കയറു കൊണ്ട് കെട്ടിയ ജീവനുള്ള ഞണ്ടുകള്‍ ഒരു വലിയ വട്ടി നിറയെ ഉണ്ടായിരുന്നു. കരിമീനുകള്‍ ഒരു വലിയ സ്റ്റീല്‍ ട്രേയില്‍ നിരത്തിയിരുന്നു.
നല്ല ഫ്രഷ് കല്ലുമ്മക്കായകള്‍ ഉമ്മയുടെ പ്രത്യേക രുചിക്കൂട്ടില്‍ തിളച്ച എണ്ണയില്‍ കിടന്ന് കറിവേപ്പിലയോടൊപ്പം ഞെരിഞ്ഞു പൊരിയുന്നു. എല്ലാം പുലര്‍ച്ചെ തന്നെ കോരപ്പുഴ മീന്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങിക്കൊണ്ടുവന്നതാണ്.
ഫഹ്രിയും റാമിഷും കാമറയൊക്കെ സെറ്റാക്കി വന്നു. രണ്ടു പേരും ഓരോ കരിമീന്‍ കൈയിലെടുത്ത് തമ്പ്നെയിലിനുള്ള ഫോട്ടോ ഒക്കെ എടുത്തു. ഫഹ്രി കുക്കിങിന്റെ ബാലപാഠമൊക്കെ സ്വയം പഠിച്ചെടുത്തിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ ‘ഫിഷ് നിര്‍വാണ’ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. അവന്‍ തേങ്ങാപ്പാല്‍ എടുക്കാന്‍ എന്നെ ഏല്‍പിച്ചതിനാല്‍ ഞാന്‍ തേങ്ങ പൊതിക്കാന്‍ പോയിരുന്നു. വര്‍ക്ക് ഏരിയയില്‍ നിലത്ത് മീനിന്റെയും ഞണ്ടിന്റെയും പാത്രങ്ങളൊക്കെ നിരത്തിവെച്ച് രണ്ടാളും ഇന്‍ട്രോ എടുക്കുന്നു. പെട്ടെന്ന് ”ഫഹ്രിക്കാ ഓടിക്കോ”ന്ന് പറയുന്നത് കേട്ടു.
ഞാന്‍ പുറത്തു നിന്ന് വന്നു നോക്കുമ്പോള്‍ രണ്ടു പേരേം കാണാനില്ല. കാമറയൊക്കെ സ്റ്റാന്റിലിട്ട് അവര്‍ ഓടിയിരിക്കുന്നു. കയറഴിഞ്ഞ ഞണ്ടുകള്‍ പാത്രത്തില്‍ നിന്ന്് ചാടിയിറങ്ങി അകത്ത് തലങ്ങും വിലങ്ങും ഓടുന്നു. എല്ലാത്തിനേം പിടിച്ചു പാത്രത്തിലിട്ടതിനു ശേഷമാണ് മനസ്സിലേക്ക് ഒരു ജിഗ്സോ പസില്‍ പോലെ ഞണ്ടുകറിയുടെ രുചിപുരാണം കടന്നുവന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top