LoginRegister

കോവിഡ് കാലത്തെ വീട്

സുമയ്യ സുമം

Feed Back

പതിവുപോലെയാണെങ്കില്‍ ഇപ്പോള്‍ വേനലവധിയാണ്. നീണ്ട പത്ത് മാസങ്ങള്‍ കൊണ്ട് പഠിച്ചും പഠിപ്പിച്ചും പരീക്ഷിച്ചും തോറ്റും ജയിച്ചും കലുഷിതമായ മനസ്സ് ഒന്ന് തണുക്കുന്നത് ഈ ഏപ്രില്‍ - മെയ് മാസങ്ങളിലാണ്. വിനോദയാത്രകളും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ ക്യാമ്പുകളും നാട്ടിലെ ലോക്കല്‍ ഫുട്ബോള്‍ മത്സരങ്ങളുമൊക്കെയായി ഏതൊരു മലയാളിയും മനസ്സിനെയൊന്ന് റീഫ്രഷ് ചെയ്യുന്ന സമയം. മക്കള്‍ക്കെല്ലാം വേനലവധി കിട്ടുന്നത് കാരണം കളിയും ചിരിയുമൊക്കെയായി നന്നായി അടിച്ചുപൊളിച്ച് തന്നെയാണ് എല്ലാ വര്‍ഷവും നമ്മളീ സമയത്തെ ഉപയോഗപ്പെടുത്തല്‍. പ്രതിസന്ധികള്‍ വരുമ്പോള്‍ മാത്രമാണ് പൊതുവേ നമ്മള്‍ നമ്മുടെ ആഢംബരങ്ങളെ കുറിച്ചും അതിലെ അനാവശ്യ ധൂര്‍ത്തുകളെ കുറിച്ചും ചിന്തിക്കാറ്. അതുവരെ ഏറ്റവും നല്ലൊരു സിനിമാസ്റ്റൈല്‍ ജീവിതത്തിന് സാധ്യമാകുന്ന ഒരുവിധം നമ്മുടെ ജീവിതക്രമങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കില്‍ തന്നെയാവും നമ്മളോരോരുത്തരും.
പക്ഷെ, തുടര്‍ച്ചയായി കേരളത്തിലുണ്ടായ രണ്ട് മഹാപ്രളയങ്ങളും, കോഴിക്കോടുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വ്യാപിച്ച നിപ്പ പനിയും കേരളീയരെ പഠിപ്പിച്ച ഒത്തൊരുമയുടെ പാഠങ്ങള്‍ വളരെ വലുതാണ്. കൊച്ചു കുട്ടികള്‍ മുതല്‍ ഒരുപാട് പ്രായം ചെന്നവര്‍ വരെ തനിക്ക് ചുറ്റുമുള്ളവരിലേക്ക് നീട്ടിയ സഹായഹസ്തങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത് അതിജീവിച്ചത് തന്നെയാണ് നമ്മുടെ കേരളം.
നമ്മളോരോരുത്തര്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ മുറുക്കെപിടിച്ച് തിരിച്ചുപിടിച്ചത് തന്നെയാണീ കേരളം. എല്ലാം ഒന്ന് പച്ചപിടിച്ച് വരുന്നതിനിടയിലാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന കോവിഡ് 19 എന്ന വൈറസ് രോഗം കേരളത്തിലേക്കും എത്തിയത്. ജോലി, ബിസിനസ്സ്, പഠനം, വിനോദം, സഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചുനട്ട കേരളീയര്‍ ധാരാളമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആഗോവത്കരണം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയതും കേരളത്തില്‍ തന്നെയാണ്. ഭാഷയിലും ഉല്‍പ്പന്നങ്ങളിലും സംസ്കാരങ്ങളിലും മറ്റും നടന്ന ആഗോളവല്‍ക്കരണം പോലെ യാതൊരു ദാക്ഷീണ്യവുമില്ലാതെ അന്താരാഷ്ട്ര തലത്തില്‍ വ്യാപനം നടന്ന ഒരു രോഗമാണ് കോവിഡ് 19. ഒരു വിദേശ ജന്തുജന്യ രോഗത്തെ ഭൂമിഗോളം മുഴുവന്‍ വ്യാപിപ്പിച്ചത് അന്താരാഷ്ട്ര തലത്തില്‍ മനുഷ്യര്‍ നടത്തിയ യാത്രകളും ഇടപെടലുകളും തന്നെയാണ്. സമ്പത് വ്യവസ്ഥയയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍വരെ ഈ മഹാമാരിക്കു മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ച്ചകളാണ് നമ്മളോരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു വിപത്തിനെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന രീതി മേല്‍പ്പറഞ്ഞ അന്താരാഷ്ട്ര നിരീക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
കോവിഡ് - 19 പ്രതിരോധ നടപടികളുടെ ആദ്യഭാഗമായി മാര്‍ച്ച് പത്താം തിയ്യതിയാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അഥവാ മാര്‍ച്ചിലെ പരീക്ഷാ മുന്നോടിയായിയുള്ള പാഠഭാഗങ്ങളുടെ തീര്‍ക്കുന്നതിലും, റിവിഷന്‍ ടെസ്റ്റുകള്‍ നടത്തുന്നതിലും ശ്രദ്ധയൂന്നിക്കൊണ്ടിരിക്കുന്ന സമയത്തായതിനാല്‍ അധ്യാപകരായ ഞങ്ങള്‍ക്കും അപ്രതീക്ഷിതമായി സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പോവേണ്ട സങ്കടാവസ്ഥയില്‍ വിദ്യാര്‍ത്ഥികളും ഈയൊരു അവധി പ്രഖ്യാപനത്തെ ഒട്ടും സന്തോഷം കൂടാതെയാണ് സമീപിച്ചത്. എന്നിരുന്നാലും ആഗോളതലത്തില്‍ മരണ സംഖ്യ ഒരുലക്ഷം കടന്ന് ലോകത്തെ വിറങ്ങലിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഈ സമയത്ത് മുന്‍കൂട്ടി നല്‍കിയ ആ അവധി അനിവാര്യതയുമായിരുന്നു. കാരണം ഭാരതത്തില്‍ ആദ്യകോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണെന്നിരിക്കെ, കണ്ടമാനം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുകയും, സാമൂഹികമായി പരസ്പരം ഇടപഴകുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഈ മഹാമാരിയുടെ സമൂഹവ്യാപനം തടയാനുള്ള ആദ്യപടി അവധി നല്‍കുക എന്നത് തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്‍റെ ഭാവി ചിട്ടപ്പെടുത്തേണ്ടവരായതിനാല്‍ നവതലമുറകളെ രോഗങ്ങളെ തൊട്ട് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തെ ഭരണകൂടങ്ങള്‍ക്കും ഞങ്ങളെപ്പോലെയുള്ള അധ്യാപകര്‍ക്കും ഉണ്ട് താനും. രോഗത്തിന്‍റെ സമൂഹവ്യാപനം നിയന്ത്രിക്കാന്‍ സമൂഹത്തിന്‍റെ ഏറ്റവും താഴേതട്ടില്‍ നിന്ന് തന്നെ വേണം കരുതല്‍ തുടങ്ങാന്‍. കേരളത്തിലെ ഓരോവ്യക്തിയും അവരുള്‍പ്പെടുന്ന കുടുംബവും ഏറ്റവും സുരക്ഷയുള്ള സ്വന്തം വീടുകളിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ പിന്നെ വലിയ അളവില്‍ പ്രതിരോധിക്കേണ്ടി വരില്ല എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കറിയാം.. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ കൊണ്ടുവന്ന ലോക്ക്ഡൗണ്‍ ദിനങ്ങള്‍ കൊണ്ട് രണ്ടര്‍ഥത്തില്‍ തീര്‍ച്ചയായും നമ്മള്‍ ഭരണകര്‍ത്താക്കളോട് കടപ്പെട്ടിരിക്കും. ഒന്ന്, മറ്റു രാജ്യങ്ങളില്‍ വ്യാപിച്ച പോലെ ഭാരതത്തെ തകര്‍ക്കാന്‍, പ്രത്യേകിച്ച് കേരളത്തെ തകര്‍ക്കാന്‍ ഈ രോഗത്തെ അനുവദിച്ചില്ല. രണ്ട്, സാധാരണഗതിയില്‍ തിരക്ക് പിടിച്ച് ജീവിതം നയിക്കുന്ന നമ്മള്‍ക്ക് കുടുംബത്തോടൊപ്പം ധാരാളം സമയം പങ്കിടാന്‍ സാധിച്ചു. ഏപ്രില്‍ പതിനാല് വരേയുള്ള നിര്‍ബന്ധിത ലോക്ക്ഡൗണും പിന്നീടുള്ള നിയന്ത്രിത ലോക്ക് ഡൗണും സമൂഹത്തിന്‍റെ താഴേ കണ്ണിയില്‍ ചെലുത്തിയ മാറ്റങ്ങള്‍ ഒട്ടനവധിയാണ്. കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും, മിതത്വമുള്ള ജീവിതം നയിക്കാനും നമ്മെ പഠിപ്പിക്കാന്‍ തീര്‍ച്ചയായും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പഠനത്തിരക്കുകളും ജോലിത്തിരക്കുകളും കഴിഞ്ഞ് ഒരു കുടുംബ ജീവിതത്തിലേക്ക് തിരക്കുകളെ വകമാറ്റി വെച്ചിട്ടുണ്ടെങ്കില്‍ കൂടി പ്രായമായ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമോ, തങ്ങളുടെ സാമീപ്യം ആഗ്രഹിക്കുന്ന ഇണകള്‍ക്കൊപ്പമോ മക്കള്‍ക്കൊപ്പമോ സഹോദരങ്ങള്‍ക്കൊപ്പമോ അധികനേരം ചിലവഴിക്കാന്‍ മുമ്പ് നമുക്കൊന്നും സാധിച്ചിരുന്നില്ല. അടുത്തതോ, അകന്നതോ ആയ കുടുംബങ്ങളിലോ അയല്‍വാസികളിലോ, സുഹൃത്തുക്കളിലോ നടക്കുന്ന ജനനങ്ങളും മരണങ്ങളുമെല്ലാം ഒരു കഴിച്ചുകൂട്ടല്‍ എന്ന വിധേന ചാടിക്കടക്കുന്നവരാണ് നമ്മള്‍. വീടിന്‍റെ സ്വസ്ഥതകളില്‍ കഴിച്ചുകൂട്ടേണ്ട ലളിതമായ ആഘോഷങ്ങളേയും സന്തോഷങ്ങളേയും പരിഗണനകളേയും അവഗണിച്ചുകൊണ്ട് പുറമേയുള്ള അലങ്കാരങ്ങളില്‍ കണ്ണ് മഞ്ഞളിക്കുന്ന നമ്മള്‍ക്ക്, വീടിനെയും, ചുറ്റുപാടുകളെയും കുടുംബാംഗങ്ങളെയും അടുത്തറിഞ്ഞ് ശുശ്രൂഷിക്കാനും, പരിചരിക്കാനും ഈ ലോക്ക്ഡൗണ്‍ ദിനങ്ങള്‍ സഹായിച്ചിട്ടുണ്ട്. വീട്ടുപറമ്പിലെ മരങ്ങളെയറിയാനും അവ തരുന്ന കായ്ക്കനികള്‍ ഭക്ഷിക്കാനും അവ കൊണ്ട് വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ പാകം ചെയ്തെടുക്കാനും നമുക്ക് യഥേഷ്ടം സമയം ലഭിച്ചു. ജീവിതത്തിന്‍റെ അവശ്യതിരക്കുകള്‍ക്കിടയില്‍ മറന്നുപോയ സര്‍ഗാത്മകമായ ചിന്തകളെയും പ്രവര്‍ത്തികളെയും പൊടിതട്ടിയെടുക്കാന്‍ സഹായിച്ചു. പാട്ടും വരയും പെയിന്‍റിങ്ങും വായനയും ഗാര്‍ഡനിങ്ങും അഭിനയവും കൃഷിയും സ്റ്റിച്ചിങ്ങും പാചക പരീക്ഷണവും ക്രാഫ്റ്റിങ്ങുമൊക്കെയായി ഓരോരുത്തരും ഒഴിവുദിനങ്ങളെ ലൈവാക്കി മാറ്റുമ്പോള്‍ ഈ അതിജീവന യജ്ഞത്തില്‍ നമ്മുടെ പങ്കിനെ സ്നേഹം കൊണ്ട് സുതാര്യമാക്കുന്നു. അറിഞ്ഞതും അറിയാത്തതുമായ അനേകം ക്രിയേറ്റീവ് ചിന്തകള്‍ ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും മാതൃകയാക്കാനും അനുകരിക്കാനും നമ്മള്‍ക്ക് നേരമുണ്ടായി.
അധികദൂരത്തുള്ള ഗ്രൗണ്ടുകളിലേക്കോ പറമ്പുകളിലേക്കോ പാടങ്ങളിലേക്കോ കളിക്കാന്‍ പറഞ്ഞയക്കാതിരുന്നിട്ടും നമ്മുടെ മക്കളെല്ലാം എന്തൊരാഹ്ലാദത്തിലാണ്. കാരണം, അവരുടെ കൊച്ചുകൊച്ചു കുസൃതികള്‍ ആസ്വദിക്കാനിപ്പോള്‍ നമുക്കാവുന്നുണ്ട്. അല്ല, സമയമുണ്ട്. നിരന്തരമായി പുറത്ത് നിന്നും കഴിക്കുന്ന ഫാസ്റ്റ്ഫുഡോ, ഔട്ടിങ്ങോ ഒന്നുമല്ല അവരെ സന്തോഷിപ്പിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാന്‍ ഇങ്ങനെയൊരു അവസരം വേണ്ടി വന്നു. പത്രങ്ങള്‍ വായിക്കാന്‍, വാര്‍ത്തകള്‍ അറിയാന്‍, ലോകത്തെക്കുറിച്ച് ആശങ്കപ്പെടാന്‍, സംശയങ്ങളുന്നയിക്കാന്‍ കുട്ടികള്‍ക്കൊപ്പം നമുക്കും ചെറുതാവേണ്ടി വന്നു. തുടക്കദിവസങ്ങളില്‍ വിരസത തോന്നിയെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ ധര്‍മ്മബോധം കൊണ്ട് മറികടക്കാന്‍ നമുക്ക് സാധിച്ചു.. വീട്ടിലിരിക്കുക എന്നത് ഇപ്പോള്‍ ഏറ്റവും മികച്ച സാമൂഹിക സേവനമാണന്നതിനാല്‍ നമ്മള്‍ കാരണം ഒരാള്‍ക്കു പോലും രോഗം എത്തരുതെന്ന ഉറപ്പ് പാലിക്കാനുമായി. ഒരിത്തിരി കാലം അകലം പാലിക്കുന്നത് കൊണ്ട് എന്നും കണ്ടിരുന്ന സൗഹൃദങ്ങളും ബന്ധങ്ങളും എത്രമാത്രം നമുക്ക് നഷ്ടം തോന്നിക്കുന്നുവെന്ന് മനസ്സിലാക്കാനുമായി. എപ്പഴും പറയുന്ന ഒരു ചൊല്ലുണ്ടല്ലോ. 'മുറ്റത്തെ മുല്ലക്ക് മണമില്ല' എന്ന്. മുറ്റവും മുല്ലയും എന്നും നമ്മോട് ചേര്‍ന്നിരിക്കുന്ന ഇടങ്ങളായതിനാല്‍ ഏറ്റവും അവഗണിക്കുന്നത് അത് തന്നെയാവും. ഏതായാലും കുടുംബമെന്ന അടുത്തിടത്തിന്‍റെ സുന്ദരമണം തിരിച്ചറിയാന്‍ ഇങ്ങനെയൊരു നിര്‍ബന്ധിത അടച്ചുപൂട്ടല്‍ വേണ്ടി വന്നു. ആധികളൊരുപാടുണ്ടായിരുന്നു. പൂര്‍ണ്ണമായി വിട്ടൊഴിയാത്ത മഹാമാരി കാരണം പൂര്‍വ്വകാലത്തെ പോലെ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്ത് പണം സ്വരൂപിക്കാന്‍ കുടുംബനാഥന്‍മാര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. പ്രത്യേകിച്ചും അന്നത്തെയാവശ്യങ്ങള്‍ക്ക് വേണ്ടി അന്നാന്ന് പണിയെടുക്കുന്നവര്‍ക്ക്(കൂലിത്തൊഴിലാളികള്‍). കുടുംബത്തിലെ സാമ്പത്തിക ഭദ്രത കുഴഞ്ഞ് മറിഞ്ഞ മാസങ്ങളാണ് നമ്മെ കൊഞ്ചനം കുത്തിപ്പോകുന്നത്. അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും പണത്തിന് പണംതന്നെ വേണമല്ലോ. പരീക്ഷ പോലും നടക്കാതെ അവധിയില്‍ കയറിയവരാണ് കേരളത്തിലെ മക്കള്‍. അടുത്തൊരു അധ്യായന വര്‍ഷം ഉമ്മറപ്പടിയിലെത്തി നില്‍ക്കുമ്പോള്‍ അപൂര്‍ണമായിട്ടൊഴിഞ്ഞ് പോയ കഴിഞ്ഞ വര്‍ഷത്തിന്‍റെ ബാക്കി മതിയാവില്ലല്ലോ പുതിയ അധ്യയന വര്‍ഷത്തേക്ക്. എല്ലാം ഒന്നില്‍ നിന്ന് തന്നെ തുടങ്ങണമല്ലോ. സോഷ്യല്‍ സര്‍വ്വീസ് (സാമൂഹിക സേവനങ്ങള്‍) കൊണ്ട് കുടുംബക്കാരെയും എല്ലാ മലയാളികളെയും അമ്പരപ്പിക്കുന്ന പ്രവാസികള്‍ നമ്മേക്കാള്‍ കോവിഡ് ഭീതിയില്‍ അടച്ചു കഴിയുന്നവരായതിനാല്‍ നമുക്കത് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. കാരണം അളവില്ലാത്ത ഒഴുകിക്കൊണ്ടിരുന്ന പ്രവാസിപണം തന്നെയായിരുന്നു ഇവിടത്തെ വളര്‍ച്ചയുടെ നെടുന്തൂണ്‍. പ്രത്യേകിച്ചും മലബാര്‍ മേഖലയെ താങ്ങി നിര്‍ത്താന്‍ പ്രവാസി മലയാളികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അളവറ്റതാണ്. ഈ കോവിഡ് കാലത്ത് എല്ലാരൂപേണയും ഒറ്റപ്പെടലിന്‍റെ ഭീകരത അനുഭവിക്കുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളും മാസസിക തളര്‍ച്ചയുടെ വക്കിലാണ്. അതുപോലെത്തന്നെ ഈ സമയത്തും അവശ്യസര്‍വീസിന്‍റെ പേരില്‍ പുറത്തുപോയി ജോലി ചെയ്യുന്നവരായ, പൊലീസ്, മിലിറ്ററി, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ വീട്ടുകാരുടെ ആശങ്കകള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം കൂടുതലായിരിക്കുമല്ലോ. നമ്മളൊക്കെ ഏറ്റവും സെയ്ഫ് ആയുള്ള വീട്ടില്‍ ഇരുന്ന് കൊണ്ട് അവധിയുടെ വിരസതയെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ വീട്ടിലെ അവസ്ഥകളെ കുറിച്ചും കൂടി ചിന്തിക്കേണ്ടതുണ്ട്. നമ്മള്‍ വീട്ടുക്വാറന്‍റൈനിലാവുമ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തിനിടയിലായിട്ടും മാനസിക ക്വാറന്‍റൈനിലാണെന്ന് വേണം വ്യാഖ്യാനിക്കാന്‍. മക്കളെയും പ്രായമായവരെയും കൊണ്ട് ദീര്‍ഘകാലം വീട്ടിലടച്ചിരിക്കുക എന്നതും ഏറെ പ്രയാസം തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളെ. അവര്‍ കളിക്കുന്ന സമയം കൂടിയാണല്ലോ. അയല്‍പക്കത്തുള്ള സമപ്രായക്കാര്‍ക്കൊപ്പം അവധിദിനം മണ്ണിലും ഫുട്ബോള്‍ ഗ്രൗണ്ടുകളിലും ആഘോഷമാക്കുന്നവരാണ് നമ്മുടെയെല്ലാം മക്കള്‍. അതിന് തടയിട്ടു കൊണ്ട് വീടിനുള്ളില്‍ തന്നെ അവരെ തളച്ചിടാന്‍ സാധിക്കുക ഏറെ ശ്രമകരം തന്നെയാണ്. കൂടാതെ, കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതും നിരന്തരമായി ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കയ്കാലുകള്‍ കഴുകുക എന്നതുമാണല്ലോ. വേനല്‍ കടുത്തുകൊണ്ടിരിക്കുകയും, കിണറുകളടക്കമുള്ള ജലാശയങ്ങളില്‍ ജലലഭ്യത കുറയുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ധാരാളിത്തം കാണിക്കുമ്പോള്‍ ജലം കുറഞ്ഞു പോവുമോ എന്ന ആശങ്ക നമ്മുടെയെല്ലാം സമീപ പ്രദേശങ്ങളില്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും വലിയൊരു മഹാമാരിയെ തുരത്തിയോടിക്കാനുള്ള തീരുമാനത്തില്‍ തന്നെ നമ്മളുറച്ച് നില്‍ക്കുമ്പോള്‍ അതിനൊപ്പമുണ്ടായേക്കാവുന്ന ചെറിയ ചെറിയ പ്രയാസങ്ങളെ കൂടി ധൈര്യസമേധം ആട്ടിയോടിക്കാന്‍ നമുക്കാവുമല്ലോ. എല്ലാമൊന്ന് കലങ്ങിത്തെളിയുമ്പോള്‍, കുടുംബമെന്ന കൊക്കൂണില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന വര്‍ണച്ചിറകുള്ള ചിത്രശലഭങ്ങളായി മാറാന്‍ നമുക്ക് കഴിയും. അതുവരെ ചുറ്റുപാടുകളില്‍ നിന്നും ക്ഷമയോടെ അകന്നുനിന്നതിന്ന് മുമ്പ് നമ്മള്‍ ജയിച്ചു നേടിയ സൗഹൃദങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും സന്തോഷങ്ങളുമെല്ലാം പതിവിലും തികവോടെ കാത്തിരിപ്പുണ്ടാവും, ഉറപ്പാണത്. കാരണം പ്രകൃതിയോടൊത്തും കുടുംബമൊത്തുമുള്ള നേരങ്ങള്‍ നല്‍കുന്ന പൂര്‍ണതയും ഉല്ലാസവും അത്രമേലാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top