LoginRegister

ചുറ്റുപാടൊരു പാടല്ല

ഷെരീഫ് സാഗർ

Feed Back


ഒരു ബുദ്ധ ഭിക്ഷുവിന്റെ കഥയാണ്.
മഠത്തിലെ തിരക്ക് പിടിച്ച ജീവിതത്തിനിടെ അവന്‍ ഒരിക്കല്‍ ഗുരുവിനെ പ്രത്യേകമായി കണ്ടു.
”ഗുരോ, എനിക്കൊരു കാര്യം പറയാനുണ്ട്. അങ്ങ് അതെങ്ങനെ സ്വീകരിക്കും എന്നെനിക്കറിയില്ല”.
ഗുരു അവനെ ശ്രദ്ധിച്ചു. അവന്റെ മുഖം പലതരത്തിലുള്ള പ്രയാസങ്ങളാല്‍ അസ്വസ്ഥമാണ്.
”മകനേ, എന്താണെങ്കിലും പറയൂ”- ഗുരു അവനെ പ്രോത്സാഹിപ്പിച്ചു.
നിന്നുകൊണ്ട് സംസാരിച്ച അവനോട് ഗുരു ഇരിക്കാന്‍ പറഞ്ഞു. ധൃതിയില്‍ സംസാരിക്കാന്‍ ഒരുങ്ങിയ അവനെ ‘പതിയ മതി, തനിക്ക് തിരക്കി’ല്ലെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അവന്‍ പിന്നെയും തിരക്കിട്ട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ‘അല്പനേരം മൗനമായിരുന്ന് കണ്ണടച്ച് ധ്യാനിക്കാന്‍’ ആവശ്യപ്പെട്ടു. ശിഷ്യന്‍ ശാന്തനായെന്ന് ഉറപ്പായപ്പോള്‍ ഗുരു പറഞ്ഞു.
”ഇനി കണ്ണ് തുറക്കൂ. പറയാനുള്ളത് എന്താണെങ്കിലും വളരെ ശാന്തമായി, ആലോചിച്ച് പറയൂ”.
ശിഷ്യന്‍ കണ്ണ് തുറന്നു. അവന്റെ മുഖത്തെ അസ്വസ്ഥതകള്‍ക്ക് അയവ് വന്നു. അവന്‍ പതിയെ തന്റെ പ്രശ്‌നം പറയാന്‍ തുടങ്ങി.
”എനിക്ക് ഇനി ഒരു നിമിഷം പോലും ഇവിടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഗുരോ. അത്രത്തോളം പ്രശ്‌നങ്ങളാണ്. ഇവിടുത്തെ മറ്റു സന്യാസിമാര്‍ തരം കിട്ടുമ്പോഴെല്ലാം എനിക്കെതിരെ അപവാദം പറഞ്ഞ് നടക്കുകയാണ്. എന്റെ മുഖത്ത് നോക്കി പരിഹസിക്കുകയാണ്. മാത്രവുമല്ല, അവര്‍ പരസ്പരം വഴക്ക് കൂടുന്നതും പതിവാണ്. ഇവിടെനിന്ന് എന്നെ പുറത്താക്കാനായി ഒരു പ്രത്യേക ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. അവര്‍ രാത്രിയില്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് പോലെ തോന്നിയിട്ടുണ്ട്. ഞാന്‍ ധ്യാനിച്ചിരിക്കുന്ന നേരങ്ങളില്‍പോലും അവരില്‍ ചിലര്‍ ബഹളം വെക്കുന്നത് കേള്‍ക്കുന്നു. അതോടെ എന്റെ എല്ലാ ഏകാഗ്രതയും നഷ്ടമാകുന്നു. മനസ്സ് നിറയെ അസ്വസ്ഥതകളാണ്. എന്നെ ഇവിടെനിന്ന് പോകാന്‍ അനുവദിക്കണം. എന്റെ അസാന്നിധ്യം കൊണ്ട് മറ്റുള്ളവര്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ ഞാന്‍ സന്തോഷവാനാണ്”.
ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍, ഒരു സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍, എന്നുമാത്രമല്ല ഏതൊരു കൂട്ടത്തിലേക്ക് ചെല്ലുമ്പോഴും ചിലര്‍ അനുഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ് ഈ ബുദ്ധഭിക്ഷുവും അനുഭവിച്ചത്. ചുറ്റുമുള്ളവരൊക്കെ തനിക്ക് എതിരാണോ എന്ന തോന്നല്‍. അവരെല്ലാം തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി സംശയം. അവരുടെ പെരുമാറ്റവും സംസാരവുമെല്ലാം തനിക്കെതിരാണെന്ന വിചാരം. അവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് കരുതിയുള്ള കുതറല്‍. അതോടെ താനെന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന കാര്യം മറക്കും. ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കും. തന്നെ ഒതുക്കാന്‍ നടക്കുന്നവരെ ഒതുക്കാനുള്ള ഗൂഢാലോനയും തനിക്ക് പാരയായവന് പാര പണിയാനുള്ള ആലോചനകളുമായി കാര്യങ്ങളാകെ തകിടം മറിയും.
ഗുരു അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു. ”നിനക്ക് ഇവിടെനിന്ന് പോകാം. പക്ഷേ, അതിന് മുമ്പ് ഞാന്‍ പറയുന്ന ഒരു കാര്യം ചെയ്ത് തരുമോ?”.
”എന്റെ ഗുരുവിന് ഞാനെന്താണ് ചെയ്തു തരേണ്ടത്? എന്താണെങ്കിലും പറയൂ”.
ശിഷ്യന്‍ ആവേശത്തോടെ ഗുരുവിന്റെ ആജ്ഞക്കായി ചെവിയോര്‍ത്തു.
ഗുരു പറഞ്ഞു: ”ഞാന്‍ ഒരു വലിയ പാത്രത്തില്‍ വെള്ളം തരാം. അതില്‍നിന്ന് ഒരോ സ്പൂണ്‍ വെള്ളമെടുത്ത് ഒരു തുള്ളി പോലും നിലത്ത് വീഴാതെ ഈ മഠത്തിലെ എല്ലാ അന്തേവാസികള്‍ക്കും കൊടുക്കണം”.
”ഇതൊരു നിസ്സാര കാര്യമല്ലേ. തീര്‍ച്ചയായും ഞാനത് ചെയ്യാം”- ശിഷ്യന്‍ പറഞ്ഞു.
ഗുരു പറഞ്ഞത് പോലെ ശിഷ്യന്‍ പാത്രത്തില്‍നിന്ന് അതീവ ശ്രദ്ധയോടെ സ്പൂണില്‍ വെള്ളമെടുത്ത് ഓരോരുത്തര്‍ക്കുമായി കൊടുത്തു. ഒരിറ്റ് പോലും വീഴാതിരിക്കാന്‍ ശിഷ്യന്‍ പ്രത്യേകം ശ്രദ്ധിച്ചു. അല്പം സമയമെടുത്തിട്ടാണെങ്കിലും എല്ലാവര്‍ക്കും വെള്ളം കൊടുത്ത് കഴിഞ്ഞതോടെ അവന് സമാധാനമായി. തിരിച്ച് ഗുരുവിനെ സമീപിച്ച് ഏല്‍പിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കിയ കാര്യം ശിഷ്യന്‍ അറിയിച്ചു. അപ്പോള്‍ ഗുരു ചില ചോദ്യങ്ങള്‍ ചോദിച്ചു.
”നിങ്ങള്‍ വെള്ളം കൊടുക്കുന്ന സമയത്ത് ആരെങ്കിലും നിങ്ങളെ കളിയാക്കിയിരുന്നോ? ആരെങ്കിലും ബഹളം വെക്കുകയോ വഴക്കിടുകയോ ചെയ്തിരുന്നോ? ആരെങ്കിലും നിങ്ങളുടെയോ മറ്റുള്ളവരുടെയോ കുറ്റം പറയുന്നതായി തോന്നിയിരുന്നോ?”
ശിഷ്യന്‍ പറഞ്ഞു: ”ഗുരോ, ഞാന്‍ അതീവ ശ്രദ്ധയോടെ ഒരിറ്റ് പോലും താഴെ വീഴാതെ സ്പൂണില്‍ വെള്ളം കൊടുക്കുന്നതില്‍ വ്യാപൃതനായിരുന്നു. സ്പൂണിലായിരുന്നു എന്റെ മുഴുവന്‍ ശ്രദ്ധയും. ഗുരു ചോദിച്ച കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല”.
ഗുരു പറഞ്ഞു: ”പ്രിയപ്പെട്ട മകനേ, നീ നിന്റെ ലക്ഷ്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെങ്കില്‍ മറ്റുള്ളതൊന്നും നിന്നെ അലട്ടുകയില്ല. അപ്പോള്‍ നിനക്ക് ചുറ്റുമുള്ള നെഗറ്റീവുകളൊന്നും ശ്രദ്ധിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാ തരത്തിലുള്ള മനുഷ്യരെയും അഭിമുഖീകരിക്കേണ്ടി വരും. നമ്മുടെ വഴിയില്‍ തടസ്സമുണ്ടാക്കാനും ചിലരുണ്ടാകും. എന്നാല്‍, നമുക്കൊരു ലക്ഷ്യവും ആ ലക്ഷ്യത്തിലേക്ക് നോട്ടവുമുണ്ടെങ്കില്‍ പിന്നെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഇനി നിനക്ക് ഇവിടെ നിന്ന് പോകേണ്ടതുണ്ടോ?”
ശിഷ്യന്‍ പറഞ്ഞു: ”ഇല്ല ഗുരോ, എനിക്കെന്റെ തെറ്റ് മനസ്സിലായി. അങ്ങയോടൊപ്പം ഞാന്‍ ഇവിടെത്തന്നെയുണ്ടാകും”.
ഒരു ചെടിക്ക് ചുറ്റും കാട് വളരുന്നത് പോലെയാണ് ഒരു മനുഷ്യന് ചുറ്റും പ്രശ്‌നങ്ങളുടെ കൊടുങ്കാടുകളുണ്ടാകുന്നത്. നമ്മുടെ ചുറ്റുപാട് എല്ലായ്‌പ്പോഴും ഇങ്ങനെയാണ്. അതിനെയെല്ലാം മാറ്റിമറിച്ചിട്ടേ തനിക്ക് വളരാന്‍ സാധിക്കൂ എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. മറിച്ച് അതിനെയൊന്നും ഗൗനിക്കാതെ നമ്മുടെ ലക്ഷ്യത്തിലൂന്നി മുന്നേറുമ്പോഴാണ് വിജയമുണ്ടാകുന്നത്.
ലക്ഷ്യത്തിലേക്ക് ശ്രദ്ധയൂന്നുക. പ്രശ്‌നങ്ങളെ വെല്ലുവിളികളായി മാത്രം കാണുക. നമ്മുടെ ജോലിയോ ബിസിനസ്സോ എന്തുമാകട്ടെ, അവിടെയെല്ലാം പ്രശ്‌നങ്ങളുമുണ്ടാകും. പ്രശ്‌നങ്ങളില്‍ കെട്ടിമറിയാതെ പരിഹാരത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും ലക്ഷ്യം നേടാനുമാണ് ശ്രദ്ധ കൊടുക്കേണ്ടത്. അതല്ലെങ്കില്‍ ലക്ഷ്യം അവിടെ നമ്മെയും കാത്ത് മുഷിയും. നമ്മളോ, പ്രശ്‌നങ്ങളില്‍ മുഴുകി അവിടെ എത്തുകയുമില്ല.
നിങ്ങള്‍ ഒരു ആശയവുമായി വന്നാല്‍ എല്ലാവരും അത് സ്വീകരിക്കണമെന്നില്ല. ആദ്യം കേള്‍ക്കുന്നത് തന്നെ ആ ആശയത്തെ കൊല്ലാനുള്ള ന്യായങ്ങളാകും. അതോടെ ആശയം ഒന്നാകെ ഉപേക്ഷിക്കുകയാണ് പലരും ചെയ്യുക. എന്നാല്‍, നമ്മുടെ മനസ്സിലാണ് ആശയമുണ്ടായത് എന്നത് കൊണ്ട് അതിന് വളരാനുള്ള സാഹചര്യങ്ങളും ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മുടെ ആശയം എത്ര പറഞ്ഞാലും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒന്നായിരിക്കാം. അത് മനസ്സിലാകുന്ന ഒരേയൊരാള്‍ നമ്മള്‍ മാത്രമായിരിക്കും. ആ ആശയം വിജയത്തിലേക്ക് എത്തിച്ചേരുമ്പോള്‍ മാത്രമാകും മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടുന്നത്. അതായത്, മറ്റുള്ളവര്‍ ഏറ്റെടുക്കാതിരിക്കുകയോ മനസ്സിലാക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ ആശയത്തിന്റെ പോരായ്മയായി കാണേണ്ടതില്ല.
നമ്മുടെ എല്ലാ സ്വപ്‌നങ്ങളും മറ്റൊരാള്‍ക്ക് മനസ്സിലാകണമെന്നില്ല. ചുറ്റുമുള്ളവര്‍ കളിയാക്കാം, കല്ലെറിയാം. എന്നാല്‍ ഹൃദയത്തിലൊരു ലക്ഷ്യത്തിന്റെ പാടുണ്ടെങ്കില്‍, ചുറ്റുപാടൊരു പാടല്ല. വല്ലാതെ പാടുപെടാതെ തന്നെ ആ ലക്ഷ്യത്തിലേക്ക് മുന്നേറാം. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top