LoginRegister

ചുറ്റിപ്പിണയുന്ന വേരുകൾ

ഷെരീഫ് സാഗർ

Feed Back


വടകരയാണ് റഷീദിന്റെ വീട്. എയ്ഡഡ് സ്‌കൂളില്‍ ഹിന്ദി അധ്യാപികയാണ് ഭാര്യ. ഒമ്പതില്‍ പഠിക്കുന്ന ആണ്‍കുട്ടി. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. ഇത്രയുമാണ് കുടുംബം. 20 വര്‍ഷത്തിലേറെയായി ഇലക്‌ട്രീഷ്യനായി ഖത്തറില്‍ ജോലി. കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടുവരണമെന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ടെങ്കിലും നടക്കില്ല. ഭാര്യയുടെ ജോലിയും കുട്ടികളുടെ പഠിപ്പും തന്നെ തടസ്സം. പക്ഷേ, സമ്പാദ്യവും വലിയ വീടുമൊക്കെ ഉണ്ടായിട്ടും കുടുംബത്തോടൊപ്പം ജീവിക്കാനാവാത്തതിന്റെ സങ്കടം റഷീദിനെ വിട്ടുപോയില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച് അവരെ ഖത്തറിലേക്ക് കൂട്ടാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ചെറിയൊരു ഫ്‌ളാറ്റ് ഒപ്പിച്ചു. അത്യാവശ്യം വീട്ടുസാധനങ്ങളൊക്കെ വാങ്ങി. ഭാര്യ ഒരു വര്‍ഷത്തേക്ക് അവധിയെടുത്തു. കുടുംബമെത്തി, താമസം തുടങ്ങി.
ആറ്റുനോറ്റ് മക്കളെ ഗള്‍ഫിലേക്ക് പറിച്ചുനട്ടത് റഷീദിന് വിനയായി. അവരുടെ പഠനം മുടങ്ങി. താല്‍ക്കാലിക അഡ്‌മിഷന് സ്‌കൂളുകള്‍ കിട്ടിയില്ല. മകളെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ ട്യൂഷനു വിടേണ്ടിവന്നു. നാട്ടില്‍ കൂട്ടുകാരോടൊപ്പം പാറിക്കളിച്ചു ജീവിച്ച കുട്ടികള്‍ക്ക് ഗള്‍ഫിലെ ഫ്‌ളാറ്റ് ജീവിതം അസഹ്യമായി. ഗെയിം കളിച്ച് സമയം കൊല്ലുന്നതിനും പരിധിയുണ്ടല്ലോ. അവര്‍ പിതാവിനെ പല കോലത്തില്‍ പ്രതിഷേധം അറിയിച്ചു. ചുരുക്കത്തില്‍, ഒരു കൊല്ലം തികയും മുമ്പേ റഷീദിന് കുടുംബത്തെ നാട്ടിലേക്കു തന്നെ അയക്കേണ്ടിവന്നു.
ഇപ്പറഞ്ഞതിനു നേരെ വിപരീതമാണ് തളിപ്പറമ്പ് സ്വദേശിയും ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ജീവനക്കാരനുമായ ഗഫൂറിന്റെ കഥ. നല്ല ശമ്പളമുള്ള ജോലിയായതിനാല്‍ വിവാഹിതനായ ശേഷം കുടുംബസമേതം തന്നെയാണ് ഗഫൂര്‍ ഗള്‍ഫില്‍ ജീവിക്കുന്നത്. ഭാര്യയുടെ പ്രസവം, കുട്ടികളുടെ വളര്‍ച്ച, പഠനം എല്ലാം ഗള്‍ഫില്‍ തന്നെ. ഗള്‍ഫ് ജീവിതത്തിനിടെ മൂന്നു കുട്ടികളുണ്ടായി. മൂന്നു പേരെയും പ്രശസ്തമായ ഇന്ത്യന്‍ സ്‌കൂളില്‍ പഠിപ്പിച്ചു.
പെട്ടെന്നൊരുനാള്‍ ഗഫൂറിന്റെ ജോലിയില്‍ ഒരിളക്കം. മറ്റൊരു ജോലിയിലേക്ക് മാറാനുള്ള സാവകാശം ലഭിച്ചില്ല. ജോലി പോയി. കുടുംബത്തെ നാട്ടിലേക്ക് വിടേണ്ടിവന്നു. ജോലി അന്വേഷണവുമായി ഗഫൂര്‍ ഗള്‍ഫില്‍ തന്നെ തങ്ങി. പക്ഷേ, നാട്ടില്‍ പോയി രണ്ടു മാസം പിന്നിട്ടതോടെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. അവര്‍ക്ക് തിരിച്ചുവരണം.
ജീവിതാവസ്ഥകളോടുള്ള പൊരുത്തപ്പെടല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ സാധ്യമാകുന്നതല്ല. പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടതാണ്. അതിന് പൊള്ളുന്നതും അല്ലാത്തതുമായ അനുഭവങ്ങളല്ലാതെ മറ്റു വഴികളൊന്നുമില്ല. ഏതു സാഹചര്യത്തിലും പിടിച്ചുനില്‍ക്കാനും അതിജീവിക്കാനും കഴിയുമ്പോഴാണ് മനുഷ്യന് ജീവിതത്തെ സന്തോഷത്തോടെ നിലനിര്‍ത്താന്‍ സാധിക്കുന്നത്.
സാംസ്‌കാരികമായ അസ്തിത്വം കാത്തുസൂക്ഷിച്ചു തന്നെ മറുനാടന്‍ ജീവിതവുമായി അലിഞ്ഞുചേര്‍ന്നവരാണ് മലയാളികള്‍. ഭാഷയുടെയും ആശയവിനിമയത്തിന്റെയും കാര്യത്തില്‍ നാട്ടിലെ വിദ്യാർഥികളേക്കാള്‍ ഒരുപടി മുന്നിലാണ് ഗള്‍ഫിലുള്ളവര്‍. പക്ഷേ, പൊതുവിജ്ഞാനത്തിന്റെ കാര്യത്തില്‍ അവരില്‍ പലരും നിരക്ഷരരാണ്.
ജിദ്ദയില്‍ ഒരു പ്രവാസി സംഘടന നടത്തിയ ക്വിസ് മത്സരമാണ് വേദി. ക്വിസ് മാസ്റ്റര്‍ വളരെ കഷ്ടപ്പെട്ട് ചോദ്യങ്ങള്‍ തയ്യാറാക്കി സമയത്തിനു തന്നെ എത്തി. ഇന്ത്യന്‍ സ്‌കൂളിലെ മലയാളി കുട്ടികളാണ് മത്സരാർഥികള്‍. മത്സരം മുറുകുന്നതിനു മുമ്പുള്ള ആദ്യ അഞ്ചു ചോദ്യങ്ങള്‍ വളരെ ലളിതമായിരുന്നു. ഭരണാധികാരികള്‍, സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൂന്നിയായിരുന്നു ചോദ്യങ്ങള്‍. ആദ്യ അഞ്ചു ചോദ്യത്തിലും ക്വിസ് മാസ്റ്റര്‍ തന്നെ ജയിച്ചു. ഒറ്റയാളും ഉത്തരം പറഞ്ഞില്ല. പിന്നീടുള്ള ചോദ്യങ്ങള്‍ കടുകട്ടിയായിരുന്നു. അതിന് അവര്‍ കൃത്യമായ ഉത്തരം നല്‍കിയപ്പോള്‍ മാത്രമാണ് ക്വിസ് മാസ്റ്റര്‍ക്ക് ആശ്വാസമായത്. അതെല്ലാം കുട്ടികള്‍ നേരത്തെ പഠിച്ചുവെച്ചിട്ടുണ്ടായിരുന്നു.
താന്‍ ജനിക്കുകയും ജീവിക്കുകയും ചെയ്ത ചുറ്റുപാടുകള്‍ക്കപ്പുറത്തേക്ക് കുട്ടിയുടെ കണ്ണെത്തിക്കാനും സിലബസിനപ്പുറത്തേക്ക് അവന്റെ കാഴ്ചകളെ കൂട്ടിക്കൊണ്ടുപോകാനും രക്ഷിതാക്കള്‍ മടിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. കുട്ടികളെ തങ്ങള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് ഒരുക്കിയെടുക്കുകയാണ് പല രക്ഷിതാക്കളും ചെയ്യുന്നത്. ഇതൊരിക്കലും പ്രായോഗികമായി ശരിയല്ല. കുട്ടിക്കുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും രക്ഷിതാക്കള്‍ ഏറ്റെടുത്ത് പരിഹരിക്കുന്നതും ശരിയല്ല. അതോടെ അവന് രക്ഷിതാക്കളുടെ ആശ്രയമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് വരുന്നത്.
കുടുംബം, നാട്ടുകാര്‍, പ്രകൃതി, ചരിത്രം, സംസ്‌കാരം എന്നിവയെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ കുട്ടികളെ വളര്‍ത്തരുത്. പണമുണ്ടെങ്കില്‍ ലോകം കൈയടക്കാമെന്ന അബദ്ധ ധാരണയും തിരുത്തണം. അപ്പോള്‍ മാത്രമേ പുതിയ ലോകത്തിന്റെ പ്രയാസങ്ങളോട് പ്രതികരിക്കാനും ആഹ്ലാദങ്ങളിൽ മിതത്വം പാലിക്കാനും കുട്ടികള്‍ക്ക് സാധിക്കുകയുള്ളൂ. ആ തിരുത്ത് ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. അച്ഛനും അമ്മയും ജീവിച്ചതും വളര്‍ന്നതുമായ സാഹചര്യങ്ങളെക്കുറിച്ച് കുട്ടിക്ക് ബോധ്യമുണ്ടാകണം. പണം കായ്‌ക്കുന്ന മരം എവിടെയുമില്ലെന്നും കഷ്ടപ്പെട്ടും അധ്വാനിച്ചും തന്നെയാണ് ഇക്കാണുന്നതൊക്കെ ഉണ്ടാക്കിയതെന്നും ബോധ്യപ്പെടുത്താനാവണം.
നാടിനെക്കുറിച്ചുള്ള മധുര സ്വപ്‌നങ്ങളുമായി ജീവിക്കുന്ന മറുനാടന്‍ ബാല്യങ്ങള്‍ ഇന്നത്തെ കാലത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. വാര്‍ത്തകളില്‍ കേള്‍ക്കുന്ന നാടു മാത്രമേ അവര്‍ക്ക് പരിചയമുള്ളൂ. മറുനാട്ടില്‍ ജീവിക്കുന്നതിന്റെ സുരക്ഷിതത്വവും ഒറ്റാന്തടിയുടെ ആനന്ദവും നാട്ടില്‍ കിട്ടില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവരുടെ വേരുകള്‍ മറുനാടുകളില്‍ ആണ്ടുപോകുന്നു. നാടിനെക്കുറിച്ച് നല്ലതു പറയാനോ നാടിന്റെ നന്മകളെ അവരുടെ ജീവിതത്തിലേക്ക് പകര്‍ത്താനോ ചില രക്ഷിതാക്കള്‍ക്കും താല്‍പര്യമില്ല.
മറുനാടന്‍ ജീവിതത്തെ നാടുമായി അടുപ്പിക്കുന്ന പൊക്കിള്‍ക്കൊടി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്റര്‍നെറ്റ് യുഗം ആ ബന്ധത്തെ ദൃഢമാക്കി. അകലങ്ങള്‍ ഇല്ലാതായി. മലയാളി ഓണം ആഘോഷിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണെങ്കില്‍ വിദേശ മലയാളികള്‍ മാസങ്ങളോളം ഓണം ആഘോഷിക്കുന്നു. ഒഴിവുദിനങ്ങളോരോന്ന് ഓരോ സംഘടനകള്‍ എടുത്തുതീരുമ്പോഴേക്കും ഓണാഘോഷം നീണ്ടുനീണ്ടുപോകും.
വിദേശത്ത് സ്ഥിരതാമസമാക്കുന്നതോടെ നാടിനെ പറ്റെ മറക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. കുവൈത്തില്‍ മറിയം എന്നൊരു മലയാളി ടെലിവിഷന്‍ അവതാരകയുണ്ട്. ഉമ്മ മലയാളിയും പിതാവ് കുവൈത്തിയുമായ പെണ്‍കുട്ടി. കുവൈത്തി ടെലിവിഷന്‍ ചാനലില്‍ അറബിയില്‍ വാര്‍ത്ത വായിക്കുകയാണ് ജോലി. അവര്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞ അനുഭവം എല്ലാ മലയാളികളും കേള്‍ക്കേണ്ടതാണ്. നൂറുകണക്കിന് മലയാളികള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ പങ്കെടുത്ത അനുഭവമാണ് അവര്‍ വിവരിച്ചത്. അവിടെ സംസാരിച്ചവരെല്ലാം ഇംഗ്ലീഷാണ് ഉപയോഗിച്ചത്. തനിക്കുള്ള അവസരം വന്നപ്പോള്‍ മറിയം ഈ പ്രസംഗകരോട് മലയാളത്തില്‍ ഒരു ചോദ്യമുയര്‍ത്തി: ”പ്രിയപ്പെട്ടവരേ, ഇവിടെ പ്രസംഗിക്കുന്നവരും കേള്‍ക്കാനിരിക്കുന്നവരുമെല്ലാം മലയാളികളാണ്. പിന്നെ ആരോടാണ് നിങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ?” കോട്ടും സ്യൂട്ടുമിട്ട് ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മുട്ടിനില്‍ക്കുന്നവര്‍ക്കുള്ള അടിയായിരുന്നു അവളുടെ ചോദ്യം.
വേരുകളില്ലാത്ത മനുഷ്യരില്ല. വിദേശങ്ങളിലേക്ക് പറിച്ചുനട്ട മനുഷ്യരുടെ വേരുകള്‍ക്ക് സ്വന്തം നാടിന്റെ ഗന്ധമുണ്ട്. അതങ്ങനെ ചുറ്റിപ്പിണഞ്ഞുകിടക്കുകയാണ്. ഇടയ്‌ക്കിടെ ആ ഗന്ധം അവനെ നാട്ടിലേക്ക് വലിക്കും. വിഷു വരുമ്പോഴും വര്‍ഷം വരുമ്പോഴും അവന്റെ മനസ്സിലേക്ക് നാട് ഓടിയോടി വരും. വേരുകള്‍ പൂര്‍ണമായും അറുത്തുമാറ്റി ഒരു ജീവിതമില്ല. എത്ര അറുത്തുമാറ്റാന്‍ നോക്കിയാലും അത് നമ്മെ ചുറ്റിപ്പിണഞ്ഞുകൊണ്ടിരിക്കും. ജീവിതത്തില്‍ അതൊരു രസവുമാണ്. ഗൃഹാതുരത്വം എന്നൊക്കെ ക്ലീഷേയായി പറയുമെങ്കിലും അതുണ്ടാക്കുന്ന അനുഭവം ഒന്നു വേറെത്തന്നെയാണ്. മഴയും പാടവും വീടും തൊടിയുമൊക്കെ കിനാവു കാണുന്ന പ്രവാസികള്‍ ഇപ്പോഴുമുണ്ട്. ചുറ്റിപ്പിണഞ്ഞ വേരുകളാണ് ആ കിനാത്തോട്ടത്തിന് കാരണം. പിറന്ന നാടു പോലും നഷ്ടപ്പെട്ട് അഭയാർഥികളായ ലക്ഷക്കണക്കിന് മനുഷ്യരുള്ള ലോകത്ത് പ്രവാസികള്‍ക്ക് നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും ആര്‍ഭാടമാണ്, ആനന്ദമാണ്.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top