LoginRegister

ചില്ലു ചതുരത്തിലൂടെ ജീവിതം കാണുന്നവര്‍

സബീന എം സാലി

Feed Back

ചരിത്രത്തിലൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു തരം പ്രതിസന്ധികളുടേതായ അടിയന്തിരാവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രം ഭൂഖണ്ഡങ്ങളെ മാത്രമാണ് വേര്‍തിരിച്ച് അടയാളപ്പെടുത്തിയിട്ടുള്ളതെങ്കില്‍, ഇന്ന് ഏകകോശജീവിയായ ഒരു വൈറസ്സ് രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ജില്ലകളെയും കുടുംബങ്ങളെയും, എന്തിനേറെ, വ്യക്തികളെയും പരസ്പരം വേര്‍തിരിച്ച്, ഓരോരോ തുരുത്തുകളാക്കിത്തീര്‍ത്തിരിക്കുന്നു. ദൈവത്തിന്‍റെ അതിമഹത്തായ സൃഷ്ടികള്‍ എന്ന് അഹങ്കരിച്ച് നടന്ന്, പ്രകൃതിയോട് താന്തോന്നിത്തരം കാട്ടി നടന്ന മനുഷ്യന് ഒരുപക്ഷേ പ്രകൃതി തന്നെ നല്‍കിയ തിരിച്ചടിയാവും കൊറോണ എന്ന അതിസൂക്ഷ്മജീവിയുടെ രംഗപ്രവേശം. ലോകത്തെ അതിശയിപ്പിച്ച, വന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങളില്‍ പോലും കണക്കില്ലാത്ത വിധം മനുഷ്യര്‍ മരണത്തിലേക്ക് മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും, മനുഷ്യന്‍ എന്ന ഭൂതല ജീവി, മരണത്തിറയാട്ടം കണ്ട്, പകച്ച് വിറങ്ങലിച്ചു നില്‍ക്കുന്നു. മറ്റെല്ലാ രാജ്യങ്ങളെയും പോലെ സഊദി അറേബ്യയിലും, ലോക്ക്ഡൗണും കര്‍ഫ്യുവും ഒക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിനേന മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നു. സ്വന്തം പൗരന്മാരോടൊപ്പം സാമ്പത്തിക അഭയാര്‍ഥികളായി ഇവിടെയെത്തിയിരിക്കുന്ന നാനാരാഷ്ട്രങ്ങളില്‍പ്പെട്ട അതിഥിവേതനക്കാരെയും സംരക്ഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണകൂടത്തിനുണ്ട്. സ്വദേശി, വിദേശി എന്ന് തരം തിരിച്ച് മാറ്റിനിര്‍ത്താന്‍ പറ്റാത്തവിധം, ഒരാളുടെ ദീനം മറ്റൊരാളിലേക്ക് അതിവേഗം പടരുമെന്നതിനാല്‍, പക്ഷാഭേദം എന്നൊരു ആശയമേ ഇക്കാര്യത്തില്‍ ഉദിക്കേണ്ടതില്ല. ആരോഗ്യപ്രവര്‍ത്തക എന്ന നിലയില്‍, എന്നെ സംബന്ധിച്ച് എല്ലാ ദിവസവും ജോലിക്ക് ഹാജരാകേണ്ടതുണ്ട്. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട അവശ്യസര്‍വ്വീസില്‍ ആയതിനാല്‍ ഭര്‍ത്താവിനും ജോലിക്ക് പോയേ തീരൂ..
ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കോവിഡ് 19ന്‍റെ ആദ്യ സ്ക്രീനിങ്ങ് നടക്കുന്നത്. ചികില്‍സാര്‍ഥം ആരോഗ്യകേന്ദ്രത്തിലേക്ക് വരുന്നവരോട്, നിശ്ചിതമായ ഏതാനും ചോദ്യങ്ങള്‍ ചോദിക്കുകയും അതിനനുസരിച്ചുള്ള സ്കോര്‍ നല്‍കുകയും ചെയ്യുന്നു. ഉയര്‍ന്ന സ്കോര്‍ ലഭിക്കുന്നവരെ താമസംവിനാ മെയിന്‍ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്യുന്നു. അവിടെയാണ് കോവിഡ് 19 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതും, പോസിറ്റീവ് ആയവരെ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കയക്കുന്നതും. ജനസാന്ദ്രത ഏറെയുള്ള നഗരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാലാവാം, ഈ ഗ്രാമപ്രദേശത്ത് വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. പക്ഷേ നഗരങ്ങളിലെ ലേബര്‍ ക്യാമ്പുകളിലെയും മറ്റും അവസ്ഥ ആശങ്കാജനകമാണ്. അതിഥി വേതനക്കാര്‍ എന്ന നിലയില്‍, ഒരിക്കലും നമ്മുടെ മാതൃസംസ്ഥാനത്ത് നമുക്ക് ലഭിക്കേണ്ടയത്രയും സൂക്ഷ്മശ്രദ്ധയോ പരിചരണമോ അവര്‍ക്ക് ലഭ്യമായിക്കൊള്ളണമെന്നില്ല. അതിനാല്‍ത്തന്നെ, സ്വന്തക്കാരോ ബന്ധുജനങ്ങളോ അടുത്തില്ലാതെ, ഏത് വേദനകളേയും ഒറ്റക്ക് നേരിടാനുള്ള കരുത്തും ഹൃദയസന്നദ്ധതയും ഓരോ പ്രവാസിയും നേടിയെടുക്കേണ്ടതുണ്ട്. കാരണം പുറപ്പെട്ട് പോയ ദേശത്തിന്‍റെ ആളുമല്ല, എത്തിച്ചേര്‍ന്ന ദേശത്തിന്‍റെ ആളുമല്ലല്ലോ പ്രവാസികള്‍ എന്ന പ്രത്യേക വിഭാഗക്കാര്‍.
കര്‍ഫ്യുവും ലോക്ക്ഡൗണും പ്രമാണിച്ച് റൂമുകളില്‍ത്തന്നെ കഴിയുന്നതിനാല്‍ പലര്‍ക്കും ശമ്പളമില്ലാത്ത അവസ്ഥയാണ്. ചിലര്‍ക്കാണെങ്കില്‍, തൊഴിലിടങ്ങളില്‍ നിന്ന് പിരിച്ചുവിടല്‍ ഭീഷണിയും. ദിനേന അടുപ്പു പുകയാത്ത നാട്ടിലെ കുടുംബങ്ങളെയോര്‍ത്ത് ഇവിടെയുള്ള പലരുടെയും നെഞ്ചില്‍ കദനച്ചൂളയെരിയുകയാണ്. നാട്ടിലാണെങ്കില്‍ ഗള്‍ഫ്കാരന്‍റെ വീട് എന്ന പരിഗണനയില്‍ എല്ലാ വിധ സഹായങ്ങളില്‍ നിന്നും അവഗണിക്കപ്പെട്ടവരായി അവന്‍റെ കുടുംബം മാറുമ്പോള്‍, ഇവിടെ ഏതു നിമിഷവും പിടിപെടാവുന്ന പകര്‍ച്ചവ്യാധിയുടെ ഭീഷണിയില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കും മുറിവുകളുടെ വേവുകാലമായിത്തീരുന്നു, ഈ കോവിഡ് കാലം. അത് കൂടാതെയാണ്, ഗള്‍ഫ് കാരനെന്നാല്‍ പകര്‍ച്ചവ്യാധി പരത്തുന്നവന്‍ എന്ന് നാട്ടുകാര്‍ കല്‍പ്പിച്ചരുളിയ ദുഷ്ക്കീര്‍ത്തിയും.
നെഞ്ചിലെ കവിത വറ്റി വരളുമ്പോഴും, ഫോണിലെ ചില്ലുചതുരത്തിലൂടെ, അങ്ങ് ദൂരെ, കൂടും കുടുംബവും കണ്ട് സായൂജ്യമടയുന്നവര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍, കൂട്ടിലടക്കപ്പെട്ട കുഞ്ഞുമക്കളുടെ കളിചിരികളും, കലാവാസനകളും, കഴിവുകളും, പരിഭവങ്ങളും പരിദേവനങ്ങളും, നെഞ്ചിലെ നനവായ് ഏറ്റെടുത്ത്, ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. ജോലി നഷ്ടപ്പെട്ട്, വേതനമില്ലാതെ ഇവിടെ കുടുങ്ങിപ്പോയവര്‍ സ്വദേശത്തെത്താന്‍ മനസ്സു കൊണ്ട് അതിമോഹിക്കുന്നുണ്ട്. അതിനായി അവര്‍ പല വാതിലുകളും മുട്ടുന്നുമുണ്ട്. അണ്‍നോണ്‍ എന്ന് രേഖപ്പെടുത്തി, ഏതെങ്കിലും മോര്‍ച്ചറിയുടെ തണുപ്പിലമരുന്നതിന് മുന്നേ അധികാരികള്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയില്‍, കനലുകള്‍ പൂക്കുന്നിടത്തു നിന്ന് കനക്കുന്ന മഴക്കാറുകള്‍ക്കിടയിലേക്ക് ഒരു ചിറകനക്കം കിനാവ് കണ്ട്, ലേബര്‍ ക്യാമ്പുകളുടെ ഇത്തിരിവട്ടത്തില്‍ അവര്‍ ഉണര്‍ന്നിരിക്കുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top