നവംബര്‍ 14നാണ് ശിശുദിനം. ‘നിങ്ങളുടെ മക്കള്‍ നിങ്ങളുടെ മക്കളല്ല’ എന്ന് തുടങ്ങുന്ന ഖലീല്‍ ജിബ്രാന്റെ കവിത ഈ ദിവസങ്ങളില്‍ പലരും ഓര്‍ത്തെടുക്കാറുണ്ട്. കുട്ടികളുടെ വികാസത്തെ സംബന്ധിക്കുന്നതും എന്നാല്‍ നമ്മള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ ചില കാര്യങ്ങളാണ് ഈ കവിതയുടെ അകക്കാമ്പ്. പാരന്റിംഗ് സംബന്ധിച്ച് ഒട്ടേറെ ആശങ്കള്‍ പലര്‍ക്കുമുണ്ട്. പ്രത്യേകിച്ച്, പുതിയ തലമുറയിലെ രക്ഷിതാക്കളാണ് മക്കളെക്കുറിച്ച് കൂടുതല്‍ വേവലാതി പറയാറുള്ളത്. തലമുറകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മക്കളുമായി കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്നതും പുതുതലമുറ രക്ഷിതാക്കളാണ് എന്ന് കാണാനാവും. പഴയ തലമുറയില്‍ രക്ഷിതാക്കള്‍ പ്രത്യേകിച്ച് ഉപ്പ എന്നത് ഗൗരവം നിറഞ്ഞ കഥാപാത്രമായിരിക്കും.
വളര്‍ന്നുവരുന്ന കുട്ടികളെക്കുറിച്ച് പരാതി പറയുന്ന മറ്റൊരു വിഭാഗം അധ്യാപകരാണ്. രക്ഷിതാക്കളും അധ്യാപകരുമാണ് മാറുന്ന തലമുറയെ വേഗത്തില്‍ അടുത്തറിയുക. കുട്ടികളെ ഗൈഡ് ചെയ്യുക എന്നതില്‍ ഒട്ടും ആത്മവിശ്വാസം കാണിക്കാത്തവരായി രക്ഷിതാക്കള്‍ മാറുന്നുണ്ടോ എന്നതാണ് ഇന്ന് ഉയരുന്ന ഒരു പ്രധാനചോദ്യം. കുട്ടികളോട് എങ്ങനെയാണ് ആശയവിനിമയം നടത്തുന്നത് എന്നത് അവരുടെ വികാസത്തെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. നമ്മള്‍ എല്ലായ്‌പ്പോഴും നല്ലതായി അംഗീകരിക്കാത്ത ഒരു കാര്യം ചെറിയ കുട്ടികള്‍ ചെയ്യുന്നത് കാണുമ്പോള്‍, അക്കാര്യത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രശംസിക്കുകയോ ചെയ്യരുത്. കുട്ടികളുടെ വികൃതി എന്ന ലേബലില്‍ നമ്മള്‍ നല്‍കുന്ന പ്രോത്സാഹനം തെറ്റായ സന്ദേശമാണ് അവരുടെ മനസ്സില്‍ ഫീഡ് ചെയ്യുന്നത്. എന്നാല്‍, അവരെ ശാസിച്ച് ശിക്ഷിച്ച് നിശബ്ദരാക്കി മാറ്റാനും പാടില്ല. കുട്ടികളെന്ന നിലയിലുള്ള അവരുടെ ഫാന്റസികളെ നിരുത്സാഹപ്പെടുത്തരുത്. പൊതുവായ ഒരു ഭക്ഷണമോ ആസ്വാദനമോ നമുക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് കരുതി അത് മക്കള്‍ക്കും ഇഷ്ടമാകില്ല എന്ന് നാം തെറ്റിദ്ധരിക്കരുത്. ‘നിങ്ങളുടെ മക്കള്‍ നിങ്ങളുടെ മക്കളല്ല’ എന്ന കവിവാക്യം ഓര്‍ക്കേണ്ടത് ഇവിടെയാണ്.
മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് രക്ഷിതാക്കളും മക്കളും തമ്മിലുള്ള ഇടപാടുകള്‍ കുറെകൂടി ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോള്‍ നിങ്ങളെ കുത്തകയാക്കി വെക്കാന്‍ മക്കളെ അനുവദിക്കരുത്. അവന് അല്ലെങ്കില്‍ അവള്‍ക്ക് പങ്കില്ലാത്ത ഒരു മുതിര്‍ന്ന ലോകമുണ്ടെന്ന് അവരെ ബോധവത്കരിക്കണം. അവരുടെ ഉപ്പയും ഉമ്മയും മറ്റു പലര്‍ക്കും കൂടി ബന്ധമുള്ള വ്യക്തികളാണ് എന്ന് അവരെ ഓര്‍മപ്പെടുത്തണം. മക്കളോടുള്ള പെരുമാറ്റത്തിലും അവര്‍ക്ക് നല്‍കുന്ന ഉപദേശ നിർദേശങ്ങളിലും സ്ഥിരതയുണ്ടായിരിക്കണം എന്നത് പ്രധാനമാണ്. മക്കളെ വളര്‍ത്താനുള്ള ആത്മവിശ്വാസം ഓരോരുത്തരും നേടിയിരിക്കുക എന്നതാണ് ഓരോ കുട്ടിയുടെയും വളര്‍ച്ചയിലെ നിര്‍ണായക ഘടകം. രക്ഷിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍ എന്ന കാറ്റഗറി എന്നെന്നും നിലനില്‍ക്കുന്ന ധര്‍മങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് വെറുതെയല്ല എന്ന് നാം തിരിച്ചറിയണം.
.