LoginRegister

ബുള്‍ബുള്‍ മിഠായി

ഫാത്തിമ ഫസീല

Feed Back


ജാതിക്ക മരത്തിന്റെ കൊമ്പുകള്‍ ഒരു സ്റ്റെപ്പു പോലെയാണെന്ന് എനിക്ക് തോന്നി. അതിന്റെ ഓരോ കൊമ്പിലായി ഞങ്ങള്‍ എല്ലാവരും കയറിയിരുന്ന് ജസി പറിച്ചുകൊണ്ടുവന്ന മള്‍ബറി തിന്നുകയാണ്. ഫെബിയും മുത്ത്വോളും ഒന്നും രണ്ടും പറഞ്ഞ് പിണങ്ങുന്നുണ്ട്. പൊന്നി ഉറുമ്പുകളെ പിടിച്ചുവെച്ച് എന്തോ പരീക്ഷണത്തിലാണ്.
ഞാന്‍ ഏത് ഉയരങ്ങളിലേക്കും ആവേശത്തില്‍ പറ്റിപ്പിടിച്ച് കയറുമായിരുന്നു. പക്ഷേ, ഇറങ്ങാന്‍ നല്ല പേടിയാണ്. വീട്ടില്‍ പോയി കുറച്ച് വെള്ളം കുടിച്ചുവന്നാലോന്ന് തോന്നിയപ്പോള്‍ പാതി കണ്ണ് അടച്ചുവെച്ച് പേടിച്ച് മരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസീമും ഫായിസും ജാതിക്കാമരമാകെ പിടിച്ചുകുലുക്കി. മാത്രമല്ല, പേടി എന്നു തുടങ്ങുന്ന പ്രാസമൊപ്പിച്ച് പല താളത്തില്‍ പാട്ടും പാടി. സങ്കടവും ദേഷ്യവും കനത്ത എന്റെ മുഖം ഒന്ന് തെളിഞ്ഞത് മരത്തിന്റെ ചുവട്ടിലേക്ക് അനസ് കൊണ്ടുവന്ന ഒരു പാത്രം കണ്ടപ്പോഴാണ്. മാങ്ങ ചെറുതായരിഞ്ഞ് ഉപ്പും മുളകും വെളിച്ചെണ്ണയും സുര്‍ക്കയും ചേര്‍ത്ത് കുഴച്ചത്.
ദാഹം മറന്ന് ദേഷ്യം ഉപേക്ഷിച്ച് പേടി മാറ്റിവെച്ച് ഞാന്‍ വീണ്ടും മരത്തിലേക്കുതന്നെ കയറി. ഉറുമ്പുകളെ ‘റ്റാറ്റാ’ പറഞ്ഞ് വിട്ടയച്ച് പൊന്നിയും കയറിവന്നപ്പോള്‍ ഞങ്ങള്‍ മാങ്ങ തിന്നുതുടങ്ങി.

അടുക്കളയില്‍ ഒരു പലകയിലിരുന്ന് ഉമ്മ മുരിങ്ങയില നുള്ളിയിടുന്നു. സല്‍മത്ത് ശര്‍ക്കര ഭരണി തിരഞ്ഞ് അടുപ്പിന്റെ അടുത്തെത്തിയിട്ടുണ്ട്. കൈയിലുള്ള ഒരു പ്ലാവില അവള്‍ ഒരു പ്രത്യേക താളത്തില്‍ ചുഴറ്റി.
”ചെമ്മ ചെമ്മ ചെമ്മ
ചെമ്മ ചെമ്മ ചെമ്മ”
അവള്‍ പാടുകയാണ്. അവളുടെ സല്‍മ എന്ന പേരില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈയൊരു പാട്ട് മാത്രമേ അവള്‍ക്ക് പാടാനറിയൂ. ചിലപ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ ഈ പാട്ട് പാടിക്കൊണ്ട് കൈകള്‍ കോര്‍ത്തുപിടിച്ച് അവളെ നടുവില്‍ നിര്‍ത്തി വട്ടത്തില്‍ ചാടിക്കളിക്കാറുണ്ട്.
ആസ്യമ്മായി അടുപ്പിനരികില്‍ കൂനി നിന്ന് ഞാനന്നേവരെ കേള്‍ക്കാത്ത പേരിലുള്ള ഒരു സാധനം ഉണ്ടാക്കുകയാണ്. പഴുത്ത പറങ്കിമാങ്കയുടെ നീര് പിഴിഞ്ഞെടുത്ത് അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് ചെറിയ ഒരു ഉരുളിയില്‍ അടുപ്പത്തു വെച്ച് വറ്റിച്ചെടുക്കുന്നു. മുമ്പ് കൊക്കോ കായ പിളര്‍ന്ന് കുരു ഉണക്കിയെടുത്ത് പൊടിച്ച് ചോക്ലേറ്റുണ്ടാക്കിയപ്പോള്‍ ചെറുതായി അടിയില്‍ പിടിച്ച് നേരിയ കയ്പുചുവ വന്നിരുന്നു. അതുകൊണ്ട് വിറക് നന്നായി ബാലന്‍സ് ചെയ്യുന്നതില്‍ അമ്മായി ശ്രദ്ധിക്കുന്നുണ്ട്. വീടാകെ പരിമളം പരത്തി എന്റെ രുചി ആസ്വാദനത്തെ ഒരു പ്രത്യേക തലത്തിലെത്തിച്ച ആ കടിച്ചാപറച്ചിയാണ് ബുള്‍ബുള്‍ മിഠായി.

ഉമ്മാന്റെ തട്ടം വല പോലെയാക്കി തോട്ടിലൂടെ പാഞ്ഞുനടക്കുന്ന മീനുകളെ പിടിക്കാന്‍ നോക്കുകയാണ് ശബാബും ഇര്‍ഷാദും.
”ഇന്ന് പെരേല് കറി വെക്കാനുള്ള മീന്‍ ഞങ്ങള്‍ കൊണ്ടോരും ട്ടോ കുഞ്ഞാളേ”ന്ന് ശബാബ് ഓന്റെ ഉമ്മാനോട് പറഞ്ഞു. അസ്മ മേമേം ശബാബൂട്ടീം അരീക്കോടന്‍ ഭാഷ പറയുന്നത് കേള്‍ക്കാന്‍ നല്ല രസാണ്.
ഞാന്‍ ഒരു കരിങ്കല്ലിലിരുന്ന് ചെമ്പരുത്തിയിലകള്‍ നിര്‍ത്താതെ ഉരച്ച് താളിയുണ്ടാക്കുകയാണ്. സഫയും സുഹാദയും റബര്‍ കുരു വെള്ളത്തില്‍ ഒഴുക്കിവിട്ട് ചാടിപ്പിടിക്കുന്നു. വെള്ളം കലക്കീന്നും പറഞ്ഞ് അവിടെ ഒരു യുദ്ധമുണ്ടാകുന്നു.
ഉമ്മയും മേമമാരും തോട്ടില്‍ പതപ്പിച്ച അലക്കുസോപ്പിന്റെ മണം ആസ്വദിച്ച് ഞാന്‍ തോടിന്റെ ചളിവരമ്പില്‍ നിന്ന് അടുത്തുള്ള റബര്‍ എസ്റ്റേറ്റിലേക്കും വാഴത്തോട്ടത്തിലേക്കും നോക്കിയിരിക്കും. ചെറിയാക്ക അവരുടെ പലചരക്കുകടയില്‍ നിന്ന് വലിയ കല്‍ക്കണ്ടപ്പൊതിയുമായി ഇടവഴി കയറി ഉച്ചഭക്ഷണം കഴിക്കാന്‍ വരുന്നത് കാണുമ്പോള്‍ മാത്രമേ കുട്ടികള്‍ തോട്ടില്‍ നിന്ന് വീട്ടിലേക്ക് കയറുകയുള്ളൂ.
അമ്മിയിലരച്ച തേങ്ങ ചേര്‍ത്ത ചക്കക്കുരുക്കറിയും മീന്‍ മുളകിട്ടതും കൂര്‍ക്കല്‍ ഉപ്പേരിയും ചുട്ട പപ്പടവും വിളമ്പിവെച്ചാണ് അടുക്കള ഞങ്ങളെ കാത്തിരിക്കുക.



ചക്ക പുഴുങ്ങിയതിലേക്ക് തേങ്ങയും പച്ചമുളകും ഒതുക്കിയിട്ടത് ചേര്‍ത്ത് കടക്കോലുകൊണ്ട് ഉടച്ചെടുക്കുകയാണ് സുലൈഖമേമ. കാന്താരി മുളകും വെളുത്തുള്ളിയും ഉപ്പും പുളിയും ചേര്‍ത്ത് ചതച്ചെടുക്കുകയാണ് ഉമ്മമ്മ. ഞങ്ങള്‍ കുട്ടികള്‍ കോലായിലുള്ള ചേതിയിലിരുന്നാണ് ഭക്ഷണം കഴിക്കുക.
വാഴയിലയില്‍ ചൂടുള്ള ചക്ക പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും ജീരകവും ചുക്കും ചേര്‍ത്ത ശര്‍ക്കരക്കാപ്പിയും കുടിച്ച് ഞങ്ങള്‍ ലോകത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. പാളയില്‍ ഇരുത്തി ആരെയാണ് ആദ്യം വലിക്കേണ്ടത്, ഉനൈസ് കാക്ക സ്‌കൂളില്‍ കൊണ്ടുപോകുന്ന പെട്ടിയിലൊളിപ്പിച്ചുവെച്ചിരുന്ന മഞ്ചാടി ആരാണ് ചിതറിയിട്ടത്, ജസിക്ക് ഈയിടെയായി ‘മിച്ചറിനും വര്‍ത്തായ്ക്കക്കും പയ്ക്കുന്നു മ്മച്ച്യേ’ എന്ന പറച്ചില് കൂടിയത്… അങ്ങനെ അങ്ങനെ.

കമലാദാസിന്റെ ‘മൈ ഗ്രാന്‍ഡ് മദേഴ്‌സ് ഹൗസ്’ പോലെ ഇന്ന് ആള്‍പ്പെരുമാറ്റമില്ലാതെ ഉണങ്ങിയ ചവേലകള്‍ നിറഞ്ഞ മുറ്റവും ചിതലു നിറഞ്ഞ വിറകുപുരയും ചേതിമേല്‍ അനാഥമായിക്കിടക്കുന്ന പാളയും കയറും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ വളരെ മുമ്പ് എഴുതിയ ‘പപ്പടം’ എന്ന കവിതയാണ് ഓര്‍മ വന്നത്:
കഥയൊക്കെ
മറന്നുപോയിട്ടുണ്ടാകും
ഓര്‍മപ്പെടുത്താന്‍
വാശി പിടിക്കാന്‍
ഒരു മൊച്ചിങ്ങവണ്ടിയുടെ
ഒച്ച പോലും കൂട്ടില്ലാത്തപ്പോള്‍.

ഇപ്പോള്‍
ആശ്വാസത്തിന്റെ ചെറിയ
വെയില്‍ അടിച്ചുവാരിയിടും
അലക്കിയുണക്കും
കുളിരില്ലാത്ത ഒരു ചൂട്
കഞ്ഞി വെക്കും
കത്തുന്ന വേനലില്‍
ദുഃഖം തിളച്ചുമറിയുമ്പോള്‍
പൊരിഞ്ഞുപോയ എന്നെ
ആരെങ്കിലും
പപ്പടം പോലെ പൊടിച്ചെങ്കില്‍… .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top