LoginRegister

ഭാര്യയും ഭര്‍ത്താവും നല്ല കൂട്ടുകാര്‍

മന്‍സൂര്‍ ഒതായി

Feed Back

രണ്ടു കുട്ടികളുടെ മാതാവും നഴ്സറി സ്കൂള്‍ അധ്യാപികയുമാണ് സാജിദ. ഭര്‍ത്താവ് നജീബ് ഓട്ടോ ഡ്രൈവറും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമാണ്. തന്നോടും മക്കളോടും നല്ല സ്വഭാവമാണെന്നും ഇടക്കിടെ എല്ലാവരും ഒന്നിച്ച് പുറത്തുപോവാറുണ്ടെന്നും സാജിത സമ്മതിക്കുന്നു. എന്നാല്‍ ഇതെല്ലാം കേവലം അഭിനയമായും സ്വന്തം താല്‍പര്യങ്ങള്‍ നേടാനുള്ള തന്ത്രവുമായാണ് തനിക്ക് തോന്നുന്നത് എന്ന് സാജിദ പറയുന്നു. വീട്ടില്‍ നിന്ന് നേരത്തെ പുറപ്പെടുകയും വൈകി തിരിച്ചെത്തുകയും ചെയ്യുന്ന ഭര്‍ത്താവ് വൈകുന്നതിന്‍റെ കാരണം തിരക്കിയാല്‍ സാമൂഹ്യ സേവനം പറഞ്ഞ് രക്ഷപ്പെടും. നാട്ടുകാര്‍ക്ക് വേണ്ടി എന്തു ത്യാഗത്തിനും തയ്യാറുള്ള നജീബ് വീട്ടിലെ എന്തെങ്കിലും കാര്യം ചെയ്യാന്‍ നൂറുവട്ടം പറയണമെന്നാണ് അവള്‍ പറയുന്നത്. എന്തുകാര്യവും ചര്‍ച്ച ചെയ്യുന്നത് കൂട്ടുകാരോടാണെന്നും തന്നെ അവഗണിക്കുകയാണെന്നുമാണ് പരാതി. ഭര്‍ത്താവിന്‍റെ ഈ സ്വഭാവം കൊണ്ട് തനിക്ക് വല്ലാത്ത മാനസിക പ്രയാസമുണ്ടെന്നും നമുക്കൊരു കൗണ്‍സലറെ കാണണമെന്ന് പറഞ്ഞപ്പോഴും തന്നെ കളിയാക്കി. അദ്ദേഹം കൂടെ വരില്ല എന്നു പറഞ്ഞപ്പോഴാണ് സാജിദ ബന്ധുവിനെയും കൂട്ടി കൗണ്‍സലിംഗിനെത്തിയത്.

സാമൂഹ്യപ്രവര്‍ത്തകരായ ഭര്‍ത്താക്കന്മാരെ കുറിച്ച് പൊതുവെ ഭാര്യമാര്‍ പറയാറുള്ള ചില പരാതികളാണ് നാം മുകളില്‍ വായിച്ചത്. ഇത്തരം കേസുകളില്‍ പലപ്പോഴും പുരുഷന്മാര്‍ക്ക് തങ്ങളുടെ വീഴ്ച കൃത്യമായി മനസ്സിലാകാറില്ല. നാട്ടുകാരുടെ ക്ഷേമത്തിനായി ഓടി നടക്കുന്ന പലരും സ്വന്തം സഹധര്‍മിണിയുടെയും മക്കളുടെയും വൈകാരിക മാനസിക ആവശ്യങ്ങളെ അംഗീകരിക്കാന്‍ മറന്നുപോവുന്നു. വീടിനു പുറത്ത് പ്രവര്‍ത്തിക്കാനും ഇടപഴകാനും വലിയ മേഖലയുള്ള പുരുഷന്മാര്‍ക്ക് മാനസികാനന്ദത്തിന് ധാരാളം അവസരങ്ങളുണ്ട്. എന്നാല്‍ ഒരു സ്ത്രീയുടെ വലിയ ലോകം വീടാണ്. ഭര്‍ത്താവും മക്കളുടെയും സന്തോഷവും അവരുടെ ഊഷ്മളമായ സ്നേഹവുമാണ് സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം. ഈ ലളിതമായ സത്യം മനസ്സിലാക്കാനും പങ്കാളിയുടെ സ്നേഹത്തിന്‍റെ ഭാഷ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും സാധിക്കുമ്പോഴാണ് ദാമ്പത്യം ആനന്ദദായകമാവുന്നത്.

പങ്കാളി എന്ന ആത്മസുഹൃത്ത്
"നിന്‍റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഉത്തമസുഹൃത്ത്. നീ മൗനിയായാല്‍ പോലും നിന്‍റെ ഹൃദയത്തുടിപ്പുകള്‍ അവന്‍ കേള്‍ക്കും." ഖലീല്‍ ജിബ്രാന്‍ സുഹൃത്തിനെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. വാക്കുകള്‍ക്കപ്പുറത്ത് ഇണയുടെ മനോഗതം വ്യത്യസ്തമാക്കാന്‍ ദമ്പതികള്‍ക്കാവണം. പങ്കാളിയുടെ വ്യത്യസ്തതകള്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളുമ്പോഴാണ് ദാമ്പത്യം ഇമ്പമുള്ളതും ഈടുറ്റതുമാകുന്നത്. അവിടെ കീഴടങ്ങലും കീഴ്പ്പെടലുത്തലുമില്ല. നീ ചെറുതും ഞാന്‍ വലുതുമില്ല. മനസ്സ് തുറന്ന കരുതലും പങ്കുവെക്കലും മാത്രമേയുള്ളൂ. ദമ്പതികളുടെ ചിന്താഗതികളും അഭിരുചികളും വ്യത്യസ്തമാവുമ്പോഴും അവ പ്രകടിപ്പിക്കാനും അവതരിപ്പിക്കാനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടാവുമ്പോഴാണ് ദാമ്പത്യത്തിന്‍റെ ഹൃദ്യത അനുഭവിക്കാനാവുക. ഇണയും തുണയും

സ്ത്രീയും പുരുഷനും ഇണയും തുണയുമാണല്ലോ. ഭാര്യ, ഭര്‍ത്താവ് എന്ന പ്രയോഗത്തിനു പകരം 'സൗജ്' ജീവിത പങ്കാളി (ഹശളല ുമൃിലേൃ) എന്ന പദമാണ് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇണകളോടിണങ്ങി ജീവിച്ച് സ്നേഹവും കരുണയും അനുഭവിച്ച് മനം കുളിര്‍ക്കാനാണ് സ്രഷ്ടാവ് നമ്മോട് പറയുന്നത്. "നിങ്ങളില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നു. അവരിലൂടെ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും നല്‍കി. (അന്നഹ്ല്‍ 72).

ഭരിക്കുന്നിടത്തല്ല പങ്കുവെക്കുന്നിടത്താണ് യഥാര്‍ഥ സ്നേഹമുണ്ടാവുക. സ്നേഹം തട്ടിയെടുക്കാനോ പിടിച്ചുവാങ്ങാനോ സാധ്യമല്ല. പുരുഷന് പ്രകൃതിപരമായി ഒരു മേധാവിത്വ സ്വഭാവമുണ്ട്. അതൊന്ന് അംഗീകരിക്കണം. സ്ത്രീ ജീവിക്കുന്നതു തന്നെ സ്നേഹത്തിനു വേണ്ടിയും. അതൊന്ന് പരിഗണിക്കണം, അത്ര മാത്രം.

സാജിദയുടെയും നജീബിന്‍റെയും കേസില്‍ സംഭവിച്ചതും ഈ ഊഷ്മള പങ്കാളിത്തത്തിന്‍റെ അഭാവമാണ്. നജീബ് ചെയ്യുന്ന പല സാമൂഹ്യ നന്മകളുടെയും മഹത്വം മനസ്സിലാക്കാന്‍ സാജിദക്കായിട്ടില്ല. അവധാനതയോടെ തന്‍റെ പ്രിയതമയെ ബോധ്യപ്പെടുത്താന്‍ നജീബിന് സാധിച്ചതുമില്ല. പങ്കാളിയുടെ വികാരങ്ങളെ മാനിച്ചുകൊണ്ടും അഭിരുചിക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏറെ സന്തോഷം ലഭിക്കും. അതൊടൊപ്പം പങ്കാളിയുടെ പ്രചോദനവും പിന്തുണയും കിട്ടുകയും ചെയ്യും.

പങ്കുവെക്കലും ചര്‍ച്ചയും
തുറന്ന സംസാരവും ചര്‍ച്ചയും ഉണ്ടാവുമ്പോഴാണ് കുടുംബത്തില്‍ സ്നേഹം വളരുന്നത്. ചെറുതും വലുതുമായ സകല കാര്യങ്ങളും തന്നോട് പങ്കുവെക്കണമെന്നാണ് മുഴുവന്‍ ഭാര്യമാരും ആഗ്രഹിക്കുന്നത്. പൊതുവെ സംസാരത്തില്‍ പിശുക്ക് കാണിക്കുന്ന പുരുഷന്മാര്‍ മനസ്സില്‍ ഒന്നുമില്ലെങ്കില്‍ പോലും പല കാര്യങ്ങളും ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കും. ഭര്‍ത്താവിന്‍റെ സംസാരക്കുറവ് അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് ഒറ്റപ്പെടല്‍ അനുഭവപ്പെടും. അതുകൊണ്ടാണ് സ്ത്രീമനശ്ശാസ്ത്രം നന്നായി മനസ്സിലാക്കിയ മുഹമ്മദ് നബി(സ) സ്വന്തം പത്നിമാരുടെ കൂടെ ഏറെ സമയം കൊച്ചുവര്‍ത്തമാനത്തില്‍ മുഴുകിയത്.

സുഹൃത്തുക്കള്‍ക്കിടയില്‍ വലിപ്പ ചെറുപ്പവ്യത്യാസമില്ലാതെ എന്തും തുറന്നുപറയുന്നത് പോലെ ദമ്പതികള്‍ക്കിടയില്‍ തുറന്ന ആശയവിനിമയം ഉണ്ടാവണം. ആശയ വിനിമയത്തിന്‍റെ അഭാവത്തിലാണ് ഇരുവരും സ്വകാര്യമായ ലോകം സൃഷ്ടിക്കുന്നത്. അത് സ്നേഹരാഹിത്യവും മരവിപ്പും വര്‍ധിപ്പിക്കും. ഹൃദ്യമായ പങ്കുവെപ്പുണ്ടാവണം. ദാമ്പത്യ ജീവിതത്തില്‍ അഭിനയത്തിന് സ്ഥാനമില്ല. അഭിനയം ഏറെ നാള്‍ നീണ്ടുനില്‍ക്കുകയുമില്ല. ആത്മാര്‍ഥമായ സ്നേഹവും പിന്തുണയും എല്ലാ കാര്യങ്ങളിലുമുണ്ടാവണം. പങ്കാളിയെ ഒരിക്കലും വില കുറച്ച് കാണരുത്. കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന പുരുഷന്‍റെ മഹത്വം സ്ത്രീ അംഗീകരിക്കണം. വീടും കുടുംബവും ഭംഗിയാക്കുന്നതില്‍ ഒരു ഭാര്യയനുഭവിക്കുന്ന ത്യാഗം പുരുഷന്‍ എപ്പോഴും വിലമതിക്കണം. വീട്ടുകാര്യങ്ങളില്‍ മാത്രമല്ല, ഔദ്യോഗിക കാര്യങ്ങളിലും അവളോട് അഭിപ്രായം ആരായണം. മനുഷ്യന് പരിമിതിയും പോരായ്മയും പരിഹരിക്കാനും പ്രചോദനവും പിന്തുണയും നല്‍കാനുമാണ് യഥാര്‍ഥത്തില്‍ ദാമ്പത്യം. ഉടലിനോട് ഉരുമ്മിനിന്ന് ആശ്വാസവും ആനന്ദവും ആത്മവിശ്വാസവുമേകുന്ന ഉടുപ്പുപോലെയാണ് സ്നേഹമുള്ള ദമ്പതികളെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. "സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള വസ്ത്രമാണ്. പുരുഷന്മാര്‍ സ്ത്രീകള്‍ക്കുള്ള വസ്ത്രവും." (അല്‍ബഖറ 187). .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top