ഓരോ മനുഷ്യനും ഓരോ യാത്രക്കാരനാണ്. ഭൂതകാലത്തെ ചുമന്നുനടക്കുന്ന യാത്രക്കാരൻ. ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തുമ്പോഴാണ് ഇന്നലെകളിലൂടെ നനഞ്ഞു നടന്ന വഴിദൂരങ്ങളെ പലരും ഓർത്തെടുക്കുകയും രേഖപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത്. യാത്രകളെ അടയാളപ്പെടുത്തേണ്ടിവരുമ്പോൾ കടലോളം പരന്നുപോകുന്നു ഓർമകൾ എന്ന് ചിലരൊക്കെ പറയാറുണ്ടെങ്കിലും എനിക്കെന്റെ ബാല്യകാലയാത്രകളെ ഒറ്റ ഫ്രെയിമിൽ കോറിയിടാനാകുമെന്ന് നിഷ്കപടമായി പറയാൻ സാധിക്കും.
കൊല്ലം ജില്ലയിൽ നിന്ന് ജോലിയാവശ്യാർഥം കൊച്ചിയിൽ വേരുറപ്പിക്കുമ്പോൾ ആജീവനാന്തം ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകാൻ ഇരു ജില്ലകൾക്കുമിടയിൽ അനേകം യാത്രകൾ വേണ്ടിവരുമെന്ന് ഒരുപക്ഷേ എന്റെ മാതാപിതാക്കൾ ചിന്തിച്ചിരിക്കാനിടയില്ല.കല്യാണങ്ങൾക്കും അടിയന്തരങ്ങൾക്കുമൊക്കെ പോകുമായിരുന്നെങ്കിലും, രണ്ടു മാസം ചെലവിടാനായി പോകുന്ന വലിയ വേനലവധിയുടെ യാത്രയായിരുന്നു മനസ്സ് നിറഞ്ഞ് ആഘോഷിച്ചിരുന്നത്. കൊല്ലപ്പരീക്ഷ കഴിഞ്ഞാലുടനെ നാട്ടിൽ പോകുന്നു എന്ന് എല്ലാവരോടും യാത്ര പറയും. പിന്നെ ഒരുക്കങ്ങളാണ്. അച്ചപ്പം, അവലോസുണ്ട തുടങ്ങിയ പലഹാരങ്ങൾ രണ്ടു ദിവസം മുന്നേ തയ്യാറായിക്കഴിഞ്ഞിരിക്കും.രണ്ടു മാസത്തേക്ക് മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങൾ, പിന്നെ ബന്ധുക്കൾക്കുള്ള സമ്മാനങ്ങൾ ഒക്കെയായി വലിയ പൊതിക്കെട്ടുകൾ തയ്യാറാക്കി എത്ര ഉൽസാഹത്തോടെ ഉറങ്ങാൻ പോയാലും, വെളുപ്പിന് ഉമ്മ വന്ന് തട്ടി വിളിക്കുമ്പോൾ കണ്ണു തുറക്കാനേ തോന്നാറില്ല.
ഇടയ്ക്ക് ഒരു മാറ്റത്തിനു വേണ്ടി ട്രെയിനിൽ പോകുമായിരുന്നെങ്കിലും, കൃത്യം 5.30ന് എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിൽ നിന്ന് പുറപ്പെടുന്ന കളിയിക്കാവിള ഫാസ്റ്റിലായിരുന്നു അക്കാലത്തെ യാത്രകളധികവും. അതിരാവിലെ ആയതിനാൽ തിക്കും തിരക്കുമില്ലാതെ സുഖമായി യാത്ര ചെയ്യാം, സീറ്റും കിട്ടും എന്നിങ്ങനെയുള്ള വസ്തുതാപരമായ ചില ഉൾക്കാഴ്ചകളായിരുന്നു അതിനു പിന്നിലെ രഹസ്യം. ലീവ് ലഭിക്കാത്തതിനാൽ ഞങ്ങളെ സ്റ്റാന്റിൽ ബസ് കയറ്റിവിടുന്നതോടെ വാപ്പച്ചിയുടെ ഉത്തരവാദിത്തം കഴിയും.
ബസ്സിൽ കയറി സൈഡ് സീറ്റ് പിടിച്ച് ഇരുന്നാൽ പിന്നെ ഉറക്കമൊക്കെ പമ്പകടക്കും. എങ്കിലും ടിക്കറ്റ്… ടിക്കറ്റ്… എന്ന ശബ്ദം കേൾക്കുമ്പോഴേക്ക്, ഉറങ്ങിക്കോ എന്നു നിർബന്ധിച്ച് ഉമ്മ എന്നെയും അനിയത്തിയെയും മടിയിലേക്ക് അണച്ചുപൂട്ടും.
“രണ്ട് ഹാഫും ഒരു ഫുള്ളും.” കണ്ടക്ടർ അടുത്തു വരുമ്പോൾ ഉമ്മ ഭവ്യതയോടെ ഉണർത്തും. ടിക്കറ്റ് കീറും മുമ്പേ, മൂക്കത്തിരിക്കുന്ന കണ്ണടയുടെ മുകളിലൂടെ കണ്ടക്ടറദ്ദേഹം ഞങ്ങളെയൊന്ന് നോട്ടം കൊണ്ട് ഉഴിയും.
“മോൾക്ക് എത്ര വയസ്സായി…?”
“മൂത്താൾക്ക് എട്ട്, ഇളയവൾക്ക് ആറ്.” സംശയനിവാരണം നടത്തി, ടിക്കറ്റ് കൈയിൽ കിട്ടിക്കഴിയുമ്പോൾ ഉമ്മ ഒരു ദീർഘനിശ്വാസമുതിർത്ത് ഞങ്ങളോട് നിവർന്നിരിക്കാൻ പറയും. മക്കളുടെ പ്രായത്തിൽ കവിഞ്ഞ വളർച്ച ഇത്തരം ഘട്ടങ്ങളിലാണ് ഉമ്മമാർക്ക് ബോധ്യപ്പെടുന്നത്.
ബസ് തോപ്പുംപടി പാലം കഴിയുന്നതോടെ ചെറിയ മയക്കം കണ്ണിനെ പിടിക്കും. അരൂർ കഴിഞ്ഞ് ചേർത്തല ഭാഗത്തെത്തുമ്പോഴേക്കും, ചെളിയും പായലും നിറഞ്ഞ തോട്ടുവെള്ളത്തിന്റെ ഗന്ധത്തോടൊപ്പം ചെമ്മീൻ സംസ്കരണ യൂണിറ്റുകളിൽ നിന്നുള്ള രൂക്ഷഗന്ധവും നന്നായി തലയ്ക്കു പിടിക്കും. മുൻകരുതലായി കൈയിൽ കരുതിയിട്ടുള്ള നാരങ്ങ നുള്ളി മണക്കും. എന്നാലും ആനവണ്ടിയുടെ കുലുക്കം തൊണ്ടയിൽ നിന്ന് ഒരുതരം മഞ്ഞദ്രാവകം പുറത്തുചാടിക്കുക തന്നെ ചെയ്യും. അതു കഴിഞ്ഞാൽ വലിയൊരു ആശ്വാസമാണ്. പിന്നെ ഉൽസാഹത്തോടെ വഴിയോരക്കാഴ്ചകളിൽ മിഴിപാകാം.
മുക്കുകൾതോറും അമ്പലങ്ങളുള്ളതുകൊണ്ട് “കൗസല്യാ സുപ്രജാ…” എന്ന സുപ്രഭാതഭേരി കാതിന് വിശ്രാന്തി പകരും. പത്രക്കെട്ടുകളും പാൽപ്പാത്രങ്ങളുമായി സൈക്കിളിൽ ശരം വിടുന്നവർ, അഴിച്ചിട്ട നീളൻ മുടിത്തുമ്പിൽ നിന്ന് ഇറ്റിറ്റുവീഴുന്ന നീർത്തുള്ളികളുടെ അകമ്പടിയോടെ സെറ്റുസാരിയണിഞ്ഞ് ക്ഷേത്രദർശനത്തിന് പോകുന്ന സ്ത്രീകൾ…
പതിയെപ്പതിയെ പെട്ടിക്കടകളും ചായമക്കാനികളും സജീവമാകുന്നു. ആവി പറക്കുന്ന സമോവറുകളിൽ നിന്ന് ചൂടുവെള്ളം പകർന്നെടുത്ത് തേയിലസഞ്ചിയിലൂടെ കടത്തിവിട്ട്, ആയത്തിൽ ചായ അടിക്കുന്നവർ, ബെഞ്ചുകളിൽ പത്രവായനയും നാട്ടുവിശേഷങ്ങളുമായി കുത്തിയിരിക്കുന്നവർ, മുട്ടിന് മുട്ടിന് ചാനലുകളോ ഇന്റർനെറ്റോ ഇല്ലാതിരുന്ന കാലത്തെ വാർത്താസംപ്രേഷിണികൾ. ചില്ലലമാരകളിൽ നെയ്യപ്പം, സുഗിയൻ, ബോളി, ഉണ്ടംപൊരി എന്നിങ്ങനെ വായിൽ വെള്ളമൂറുന്ന നാട്ടുപലഹാരങ്ങൾ നിരന്നിരിപ്പുണ്ടാകും.
ദേശീയപാതയ്ക്കിരുവശവും പച്ചയിൽ വെട്ടിത്തിളങ്ങുന്ന പാടങ്ങൾ, കാറ്റിനോട് അടക്കം പറയുന്ന മരക്കൂട്ടങ്ങൾ, വയൽപ്പച്ചകളിൽ നിന്ന് നെന്മണി കൊത്തിപ്പറക്കുന്ന തത്തകൾ… കാഴ്ചകൾ കണ്ട് ചിലപ്പോൾ മയങ്ങിപ്പോകും. അപ്പോഴേക്കും റേഡിയോ േസ്റ്റഷനും ഉദയാ സ്റ്റുഡിയോയുമൊക്കെ എത്തും. എത്ര ഉറക്കത്തിലാണെങ്കിലും ഞങ്ങളെ വിളിച്ചുണർത്തി ലോകാദ്ഭുതങ്ങൾ കാണിക്കുംപോലെ ഓരോ യാത്രയിലും ഉമ്മ നിർവൃതിയോടെ കാട്ടിത്തരും. എത്ര തവണ കണ്ടുമടുത്തതാണെങ്കിലും, ഈഫൽ ടവർ കാണുംപോലെയോ ഡിസ്‌നി ലാന്റ് കാണുംപോലെയോ ഞങ്ങൾ ആ കാഴ്ചകളിലേക്ക് കൗതുകക്കണ്ണുകൾ നാനൂറ് വോൾട്ടിൽ വികസിപ്പിക്കും.
ഹൈവേയിലൂടെയുള്ള ബസിന്റെ സ്പീഡ് കുറയുമ്പോഴറിയാം ആലപ്പുഴ എത്തിയെന്നും, മുല്ലശ്ശേരി കനാൽ റോഡിലൂടെ വണ്ടി സ്റ്റാന്റിലേക്ക് കയറുകയാണെന്നും. ആ വഴിയിലാണ് മഞ്ജുള ബേക്കറി.
“മാസങ്ങൾ ദിവസങ്ങളായും ദിവസങ്ങൾ മണിക്കൂറുകളായും മണിക്കൂറുകൾ മിനിറ്റുകളായും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. മടിച്ചുനിൽക്കാതെ കടന്നുവരൂ കടന്നുവരൂ… നാളെയാണ് നാളെയാണ്… നറുക്കെടുപ്പ്… ഭാഗ്യം നിങ്ങളുടെ പടിവാതിൽക്കലെത്തി നില്ക്കുന്നു. ഒരുപക്ഷേ നാളത്തെ ഭാഗ്യശാലി നിങ്ങൾ തന്നെയാകാം…”
ഒരു കാലഘട്ടത്തിൽ ലോട്ടറി സംസ്കാരത്തിന്റെ സുവർണ നാൾവഴികൾ കേന്ദ്രീകരിച്ചിരുന്നിടം.
സ്റ്റാന്റിന്റെ തെക്കുവശത്തായി വണ്ടി പിടിച്ചിടുമ്പോഴേ കച്ചവടക്കാർ വിൽപനസാമഗ്രികളുമായി കലപില കൂട്ടിത്തുടങ്ങും.
ആറഞ്ചാറഞ്ചാറഞ്ചേ…
അണ്ടിപ്പരിപ്പ് കടല കപ്പലണ്ടീ…
ചായ ചായ ചൂടുചായ കാപ്പീ…
ചൂടുതലക്കെട്ടുകൾ വിളിച്ചുകൂവി ചിലർ പത്രവിൽപന പൊടിപൊടിക്കുമ്പോൾ മറ്റു ചിലർ കൊച്ചുകൊച്ചു പുസ്തകങ്ങളും പേനയുമൊക്കെ ബസിനുള്ളിൽ കൊണ്ടുവന്ന് വില്പന നടത്തും. ബാലരമയോ പൂമ്പാറ്റയോ ഒക്കെ വേണമെന്ന് ഞങ്ങൾ വാശി പിടിച്ച് ചിണുങ്ങും. വാപ്പച്ചി കൂടെയുണ്ടെങ്കിൽ മുത്തശ്ശിയും ബാലമംഗളവും പോരാഞ്ഞ് എഞ്ചുവടിയോ യുറീക്ക വിജ്ഞാന പുസ്തകമോ ഒക്കെ വാങ്ങിത്തരും. ഉമ്മച്ചിയാണെങ്കിൽ, വളരെ വിദഗ്ധമായി ഒരു പോപ്പിൻസിലോ ഇഞ്ചിമുട്ടായിയിലോ ഒക്കെ ആ ചിണുങ്ങലുകളെ തളച്ചിടും.
തുടർന്നുള്ള യാത്രയിലും കോരിത്തരിപ്പിക്കുന്ന കാഴ്ചകളുടെ കനകകാന്തികൾ. ചിലയിടങ്ങളിൽ ഞാറു നടുന്നതാണ് രംഗമെങ്കിൽ മറ്റു ചിലയിടങ്ങളിൽ നെല്ലു കൊയ്യുന്നവരെയും കറ്റ മെതിക്കുന്നവരെയും കാണാം. പിന്നെ കാലിച്ചന്തകൾ, അങ്ങാടിത്തിരക്കുകൾ. അമ്പലപ്പുഴ, പാതിരാപ്പിള്ളി ഭാഗത്തെത്തുമ്പോൾ കടലിന്റെ ഗന്ധം നാസാരന്ധ്രങ്ങളെ ഉന്മീലമാക്കും. കരുനാഗപ്പള്ളി എത്തുന്നതിന് മുൻപ് രണ്ട് പള്ളികളിലേക്ക് ഉമ്മച്ചി നേർച്ചത്തുട്ടുകൾ എറിയുന്നത് കണ്ടിട്ടുണ്ട്. ദൈവം കൈക്കൂലി വാങ്ങാറില്ലല്ലോ എന്നൊന്നും പക്ഷേ അന്ന് ചിന്തിച്ചിരുന്നില്ല.
കരുനാഗപ്പള്ളി സ്റ്റാന്റിൽ മാമ വണ്ടിയുമായി കാത്തുനിൽപുണ്ടാവും. ഭരണിക്കാവിൽ എത്തുമ്പോഴേക്ക് ഏകദേശം ഉച്ചയോടടുത്തിരിക്കും.കൂട്ടുകുടുംബത്തിലെ എല്ലാവരും സ്നേഹം കോരിനിറച്ച മുഖങ്ങളുമായി ഗംഭീര സ്വീകരണം തന്നെ ഒരുക്കും. നാട്ടിൻപുറത്തുകാരായ അവരെ സംബന്ധിച്ച് ഞങ്ങൾ നഗരവാസികളായ പച്ചപ്പരിഷ്കാരികളാണ്. അതിന്റെ ഗമയൊക്കെ ഞങ്ങൾ വളരെ ഡീസന്റായി നിലനിർത്തുകയും ചെയ്തിരുന്നു. വന്നിറങ്ങിയതിന്റെ ആവേശമൊന്ന് കെട്ടടങ്ങിയ ശേഷം പതുക്കെ ബഡായിക്കെട്ടുകൾ അഴിച്ചുതുടങ്ങും. അറബിക്കടലിലെ വേലിയേറ്റത്തിരകളിൽ ആടിയുലയുന്ന വിദേശിക്കപ്പലുകളുടെയും, അതിൽ വന്നിറങ്ങാറുള്ള സായിപ്പിന്റെയും മദാമ്മമാരുടെയും കഥകൾ പൊടിപ്പും തൊങ്ങലും തുന്നിച്ചേർത്ത് കൊഴുപ്പും അതിശയോക്തിയും കൂട്ടിക്കലർത്തി വിളമ്പുമ്പോൾ, പാവം ഗ്രാമവാസികളായ കൂട്ടുകാരുടെ കണ്ണുകളിൽ വിസ്മയത്തിന്റെ പാരഷൂട്ടുകൾ വിടർന്നു പറക്കും.
തറവാട്ടിൽ രണ്ടിടത്തും വല്യാപ്പമാർ അകാലത്തിലേ വിടപറഞ്ഞതിനാൽ സ്നേഹനിധികളായ വല്യുമ്മമാരായിരുന്നു ഞങ്ങളുടെ സ്നേഹഭാജനങ്ങൾ. കൂടാതെ എന്തു തെറ്റു ചെയ്താലും ശാസിക്കുകയോ തല്ലുകയോ ചെയ്യാത്ത മാമാമാരും കുഞ്ഞുമ്മാമാരും അവരുടെ മക്കളുമൊക്കെയുള്ള സ്നേഹപ്പൂങ്കാവനം.
പിന്നീട് രണ്ടു മാസക്കാലം ഉൽസവത്തിന്റെ ദിനരാത്രങ്ങളാണ്. ക്ഷീണം പിടിച്ചുകിടന്ന നാട്ടുവഴികളൊക്കെ കുട്ടികളുടെ കാൽപ്പെരുമാറ്റങ്ങളാൽ ഉഴുതുമറിച്ച കന്നിപ്പാടം പോലെ ചടുലമാകും. അമ്പലപ്പറമ്പും അരയാൽത്തറയും സജീവമാകും. പാലപ്പൂക്കൾ കൊഴിഞ്ഞുവീണ ഇടവഴികളിൽ കളിചിരി പങ്കിട്ട നിർമല സൗഹൃദത്തിന്റെ ഹർഷോന്മാദങ്ങൾ. വാ തോരാതെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ. മാവിൽ കല്ലെറിഞ്ഞും പറങ്കിമാവിന്റെ ശാഖകളിൽ ചില്ലാട്ടം പറന്നും ആയത്തിൽ ഊഞ്ഞാലാടിയും ആവേശത്തിന്റെ അംബരം തൊടുന്ന ദിനങ്ങൾ. എല്ലാ വീടുകളിലും അടുക്കളവേവുകളുടെ ഗന്ധങ്ങൾ ചിമ്മിനികളിലൂടെ ആകാശത്തേക്ക് നിശ്വസിക്കുമ്പോഴും, മാങ്ങയും ചക്കയുമൊക്കെ കഴിച്ച്, കിണർവെള്ളം കോരിക്കുടിച്ച് വയർ നിറയ്ക്കുമായിരുന്നു ഞങ്ങൾ. പാടത്തും തൊടിയിലും ഉരുണ്ട് വീണുണ്ടാകുന്ന മുറിവുകളിൽ കമ്മ്യൂണിസ്റ്റ് പച്ചയെന്നു വിളിക്കുന്ന മുന്നണിയിലയുടെ നീറ്റൽ. തൊലിപ്പുറത്ത് മാങ്ങാച്ചുന കൊണ്ട് പൊള്ളിയടരുന്ന നിറഭേദങ്ങൾ. ചീനിവിളകൾക്കിടയിലൂടെയും വാഴത്തൊടികൾക്കിടയിലൂടെയും പാഞ്ഞുനടക്കുമ്പോൾ കാലിൽ തറഞ്ഞിട്ടുള്ള കാരമുള്ളുകൾ. ഉപ്പാപ്പാടെ ജംഗ്ഷനിലുള്ള തിയേറ്ററിൽ മാറ്റിനിയും ഫസ്റ്റ് ഷോയും സെക്കന്റ് ഷോയുമൊക്കെ കണ്ട് തീർത്ത ആസ്വാദനസ്വാതന്ത്ര്യത്തിന്റെ മുഹൂർത്തങ്ങൾ…
ഇലക്ഷൻ സീസണാണെങ്കിൽ പറയണ്ട, രണ്ടു മുന്നണിക്കു വേണ്ടിയും മുദ്രാവാക്യം വിളിക്കാൻ ഞങ്ങൾ തയ്യാർ. ഒരൊറ്റ വിപ്ലവബീജം പോലും രക്തത്തിൽ ഇല്ലാതിരുന്നിട്ടും, പരിപ്പുവടയോടുള്ള മോഹം കൊണ്ട്, “ഇങ്ക്വിലാബിൻ മക്കളേ…”, “അരിവാൾ ചുറ്റിക നക്ഷത്രം അതാണ് നമ്മുടെ അടയാളം” എന്നൊക്കെ വച്ചു കാച്ചും.
മറുപക്ഷം ഐസ് ഫ്രൂട്ട് വാഗ്ദാനം ചെയ്താൽ ഉടനെ ചുവടുമാറും. “വാടീ ഗൗരീ ചായ കുടീ…ചാരിയിരുന്നൊരു ബീഡി വലീ…” ആരോ എവിടെയോ എഴുതിയുണ്ടാക്കിയ മുദ്രാവാക്യം അർഥസാധ്യതകൾ പോലും മനസ്സിലാക്കാതെ തൊണ്ടക്കുഴിയിൽ നിന്ന് വായുവിലേക്ക് പറക്കും.
കുമരഞ്ചിറ ദേവീക്ഷേത്രത്തിലെ ഉൽസവത്തിന് വൈക്കോലും കഴുക്കോലും കൊണ്ട് നിർമിച്ചലങ്കരിച്ച കാളകളും എടുപ്പുകുതിരകളും തേരും പൂക്കാവടിയുമൊക്കെയുണ്ടാകും. ഉൽസവം കൊടിയേറുമ്പോഴേ കുഞ്ഞുമനസ്സുകളിലും ആഹ്ലാദപ്പൂരം വർണക്കുട വിടർത്തും.
കൗശലമില്ലാത്ത ആളുകളാണ് നാട്ടിൻപുറങ്ങളിലേത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. വാക്കിലും നോക്കിലും പച്ചപ്പ് നിറയ്ക്കുന്നവർ. ബന്ധുക്കളാകട്ടെ, വിവാഹങ്ങളും വീടുപാർക്കലും സുന്നത്ത് കല്യാണങ്ങളും എന്തിനേറെ, റാത്തീബും മൗലൂദും വരെ ഞങ്ങളുടെ സൗകര്യം കൂടി കണക്കാക്കി, വാർഷികാവധിക്കാലം വരെ നീട്ടിക്കൊണ്ടുപോകുമായിരുന്നു. പതിനഞ്ചും ഇരുപതും ആളുകൾ കയറി ശ്വാസം കിട്ടാതെ കിതച്ചുനീങ്ങുന്ന അംബാസഡർ കാറുകൾ അക്കാലത്തിന്റെ മാത്രം കാഴ്ചകളിലൊന്നായിരുന്നു.
പാമ്പ് പടം പൊഴിച്ചിടും പോലെ, ഓരോ കാലഘട്ടങ്ങളിലെ ഓർമകളെ അക്ഷരങ്ങളിലൂടെ പൊഴിച്ചിടുമ്പോൾ, ബാല്യകാലം പോലെ ജീവിതത്തിന്റെ മറ്റൊരു ഋതുവും നമ്മെ വീണ്ടും വീണ്ടും മോഹിപ്പിക്കില്ല. അത്രയ്ക്ക് ഹരിതാഭമായിരുന്നു അക്കാലം. ഡൗൺലോഡും അപ് ലോഡും എന്തെന്നറിയാത്ത കാലം. യൂട്യൂബും ബ്ലൂടൂത്തുമൊന്നും സ്വപ്നത്തിൽ പോലും കടന്നു വരാതിരുന്ന കാലം. അല്ലെങ്കിലും അപൂർവഭംഗികൾക്കൊക്കെ അൽപായുസ്സാണെന്ന് കേട്ടിട്ടുണ്ട്.
അവധി ദിനങ്ങൾ അവസാനിച്ച് തിരികെ പോകേണ്ട സമയമടുക്കുമ്പോൾ, അന്തഃസംഘർഷങ്ങളാൽ മനസ്സ് കനക്കാൻ തുടങ്ങും. തിരികെ കൂട്ടാൻ വാപ്പച്ചി എത്തുമ്പോൾ, രണ്ടു മാസം കൂടെ ചെലവിട്ട കളിക്കൂട്ടുകാർ ഓരോരുത്തരുടെയും വകയുണ്ടാകും ഓരോ സമ്മാനങ്ങൾ. കൂടെ ചക്ക, മാങ്ങ, തേങ്ങ എന്നിങ്ങനെ ഒരു ലോറിയിൽ കയറ്റാനുള്ള സാധനങ്ങളും. കൃത്യം രാവിലെ 6.30ന് വീടിനു മുന്നിലൂടെയാണ് എറണാകുളം ഫാസ്റ്റ് കടന്നുപോകുന്നത്. എല്ലാ യാത്രപറച്ചിലുകളും കണ്ണീരിന്റേതാണ്. പിൻവിളിക്ക് കാതുകൊടുക്കാതെ, തിരിഞ്ഞൊന്നു നോക്കാതെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മനസ്സിൽ ആകുലതകൾ എരിയുന്ന പന്തം പോലെ ജ്വലിക്കും.
ശൂന്യത വിങ്ങുന്ന കണ്ണുകളുമായി വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോൾ രണ്ടു മാസക്കാലം കൂടെയുണ്ടായിരുന്ന മന്ദഹാസങ്ങളെല്ലാം വിസ്മൃതമാകും. ചൂളം വിളിക്കുന്ന പ്രഭാതത്തിലെ തണുത്ത കാറ്റിന്റെ തലോടലിൽ മൗനത്തെ തോർത്തിയെടുക്കാനാവാതെ മനസ്സിലെ വിരഹത്തിന്റെ കനലുകൾ സാവധാനം കത്തിപ്പടരും. പ്രിയപ്പെട്ടവർക്കും ഞങ്ങൾക്കുമിടയിൽ ഇത്രയും ദൂരം ഏർപ്പെടുത്തിയ ഈ ലോകം എത്ര ക്രൂരമാണെന്ന വേദന ചങ്കിൽ തറയും. നേർത്ത തേങ്ങലിൽ തുടങ്ങി നിയന്ത്രണമില്ലാത്ത കരച്ചിലായി കുടഞ്ഞെറിയുന്ന കണ്ണീർ ഒടുവിൽ വാഹനങ്ങളുടെ ഇരമ്പലിൽ അനാഥമായി അലിഞ്ഞില്ലാതാകും… .