LoginRegister

ആത്മീയാനുഭൂതിയുടെ രാഗമേഘം

ഷബീര്‍ രാരങ്ങോത്ത്‌

Feed Back


റേഡിയോ പോലും ആഡംബരത്തിന്റെ പ്രതീകമായി കണ്ടിരുന്ന കാലം. നമ്മള്‍ ആഗ്രഹിക്കുന്ന പാട്ട് നമ്മള്‍ ഇച്ഛിക്കുമ്പോള്‍ കേള്‍ക്കുക എന്നതൊക്കെ സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലാതിരുന്ന നാളുകള്‍. ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന പാട്ടുകള്‍ കേള്‍ക്കുക എന്നതു മാത്രമായിരുന്നു അക്കാലത്തെ പതിവ്. അതുകൊണ്ടുതന്നെ, കേള്‍ക്കുന്ന ഏതൊരു പാട്ടും പ്രിയതരമാവും. 1960കളിലാണ് റേഡിയോ വഴി യേശുദാസ് എന്ന പേര് കേട്ടുതുടങ്ങുന്നത്. കേള്‍വിക്കാരന്റെയൊക്കെ മനം നിറക്കുന്ന ആലാപനം ഒരു പരിധി വരെ മലയാളികള്‍ക്ക് ഭ്രമം സമ്മാനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ മകനും ആ ശബ്ദത്തില്‍ ഹരം പിടിച്ചു. അവരുടെ താമസസ്ഥലത്തിനു തൊട്ടടുത്ത് ഒരു വലിയ വ്യവസായ പ്രമുഖന്റെ താമസവും തിയേറ്ററുമെല്ലാമുണ്ടായിരുന്നു. ഇടവേളകളില്‍ കോളാമ്പിയിലൂടെ പാട്ടൊഴുകും. ഈ പയ്യന്‍ ഈ പാട്ടുകളൊക്കെ ശ്രദ്ധിച്ച് കേട്ട് സ്വയം മണിക്കൂറുകളോളം പാടി നോക്കും. കേള്‍ക്കുന്ന ശബ്ദങ്ങളോടൊക്കെ താദാത്മ്യം പ്രാപിക്കാന്‍ ആ പയ്യന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് പിതാവിന് സ്ഥലംമാറ്റം കിട്ടി കൊല്ലത്തേക്ക് വന്നു, 1972ല്‍. അവര്‍ക്ക് താമസിക്കാന്‍ ലഭിച്ച വീടിനു തൊട്ടപ്പുറം യേശുദാസ് വരാറുണ്ടെന്നൊരു വിവരം ലഭിച്ചു. ആ വീട്ടിലെ കുട്ടി ഈ കൗമാരക്കാരന്റെ സഹപാഠിയായിരുന്നു. അവന്‍ മുഖേനയാണ് ഈ വിവരം ലഭിക്കുന്നത്. അന്ന് ഇന്നത്തെപ്പോലെ നിരന്തര ജോലി മൂലം തിരക്കിലാവുന്ന അവസ്ഥയില്ലായിരുന്നു. ഈ പയ്യന്‍ അദ്ദേഹത്തെ കാണാന്‍ പോയി. കണ്ട് സംസാരിച്ച് പരിചയപ്പെട്ടു. പാട്ടില്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞപ്പോള്‍ രണ്ട് പാട്ട് പാടൂ എന്നായി യേശുദാസ്. നന്നായി തന്നെ പയ്യന്‍ പാടി. പാട്ടു നന്നായി എന്നു പറഞ്ഞ അദ്ദേഹം ഈ ഫീല്‍ഡില്‍ നിലനില്‍ക്കണമെങ്കില്‍ അല്‍പം സംഗീതമൊക്കെ പഠിക്കണം എന്നൊരു ഉപദേശം കൂടി നല്‍കി. ഇതോടെ പാട്ടിന്റെ വഴിയിലേക്ക് സഞ്ചരിക്കണമെന്ന മനസ്സിന്റെ മോഹത്തിന് ആ കൗമാരക്കാരന്‍ പൂര്‍ണമായും വഴങ്ങി. കുടുംബത്തില്‍ ഏറെ ചെറുപ്പം തൊട്ടേ കണ്ടുവന്നിരുന്ന വെള്ള വസ്ത്ര സംസ്‌കാരം യേശുദാസിനെ കണ്ടതോടെ ജീവിതത്തില്‍ ഉടനീളം പുലര്‍ത്താനുള്ള തീരുമാനം കൂടി ആ കൗമാരക്കാരന്‍ കൈക്കൊണ്ടു. മലയാളികള്‍ക്ക് ഭക്തിഗീതങ്ങള്‍ എന്നതിനു പര്യായമായി മാറിയ കെ ജി മാര്‍ക്കോസ് എന്ന ഗായകന്റെ വഴി തീരുമാനിക്കപ്പെട്ട ഘട്ടമായിരുന്നു അത്.
മാപ്പിളപ്പാട്ടുകള്‍, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങി തൊട്ട മേഖലകളിലൊക്കെ ഹിറ്റുകള്‍ സമ്മാനിച്ച ഗായകനാണ് അദ്ദേഹം. തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ മാപ്പിളപ്പാട്ടു ശാഖയ്ക്ക് ഒട്ടേറെ സ്തുതിഗീതങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്.
പാട്ടുകാരന് തുച്ഛമായ വേതനം മാത്രം ലഭിച്ചിരുന്ന ഒരു കാലത്താണ് കെ ജി മാര്‍ക്കോസ് എന്ന ഗായകന്റെ ബാല്യം. വീടു നിറയെ ഭിഷഗ്വരന്മാരുള്ള ഒരു കുടുംബത്തില്‍ നിന്ന് പാട്ട് ജീവിതമാര്‍ഗമാക്കാം എന്നൊക്കെ ചിന്തിക്കുക എന്നത് പ്രതീക്ഷിക്കാന്‍ കഴിയാത്തതായിരുന്നു. അച്ഛന്റെ അമ്മ അല്‍പമൊക്കെ പാടുമായിരുന്നു. മാവിയും (അപ്പന്റെ പെങ്ങള്‍) നന്നായി പാടുമായിരുന്നു. എന്നാല്‍, തൊഴില്‍ എന്ന നിലയില്‍ ഡോക്ടറായതോടുകൂടി അവരും സംഗീതത്തിന്റെ വഴി കൈവിട്ടു. എന്നാല്‍ കൊച്ചുമാര്‍ക്കോസിന് അങ്ങനെ കൈവിടാനാകുമായിരുന്നില്ല പാട്ടിനെ. പാട്ടു കേട്ടു പഠിക്കുന്നത് കൂടുതല്‍ നേരത്തേക്ക് വ്യാപിപ്പിച്ചു. റേഡിയോയില്‍ പാട്ടു പ്രക്ഷേപണമുള്ള സമയങ്ങള്‍ നഷ്ടമാകാതെ കേട്ടിരുന്നു.
അതിനിടയില്‍ പഠനത്തിനൊപ്പം പാട്ടുപഠനത്തിനു കൂടി അപ്പനില്‍ നിന്ന് സമ്മതം വാങ്ങി. ഇടയ്ക്ക് ഒളിച്ചും പതുങ്ങിയും ഗാനമേളകള്‍ക്ക് പോകുന്നുമുണ്ടായിരുന്നു. പതിയെപ്പതിയെ കെ ജി മാര്‍ക്കോസ് എന്ന ഗായകനെക്കുറിച്ച് മലയാളികള്‍ ചര്‍ച്ച ചെയ്തുതുടങ്ങി. ദാസേട്ടനെപ്പോലെ പാടുന്ന ഒരു ചെറുപ്പക്കാരനുണ്ട് കൊല്ലത്ത് എന്ന വാര്‍ത്ത കെ ജി മാര്‍ക്കോസ് എന്ന ഗായകന് കൂടുതല്‍ സ്വീകാര്യത കൈവരാന്‍ കാരണമായി. ഗാനമേള വേദികളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. ഒരിക്കല്‍ ഹരിപ്പാട് യേശുദാസിന് ഒരു ഗാനമേള വന്നു. എന്നാല്‍ അദ്ദേഹം വിറ്റ ഒരു വണ്ടിയുടെ പേരില്‍ കേസ് ഉണ്ടാവുകയും ആ ഗാനമേളയില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്ന അവസ്ഥ വരികയും ചെയ്തു. അതോടെ, എന്നാല്‍ മാര്‍ക്കോസിനെ വിളിക്കാം എന്നായി യേശുദാസ്. അങ്ങനെ ഹരിപ്പാട്ടെ ആ ഗാനമേള മാര്‍ക്കോസ് ലീഡ് ചെയ്തു. അത് പാട്ടുജീവിതത്തില്‍ കെ ജി മാര്‍ക്കോസ് എന്ന പേര് കുറേക്കൂടി പ്രശസ്തമാകുന്നതിനു കാരണമായി.

ചെറുപ്പകാലത്തെ സാഹചര്യങ്ങള്‍ കാരണം സ്‌കൂള്‍തലങ്ങളിലൊന്നും മത്സരിക്കാന്‍ മാര്‍ക്കോസിന് സാധിച്ചിരുന്നില്ല. എന്നാല്‍ കോളജ് കാലമായപ്പോഴേക്കും പാട്ടുകാരന്‍ എന്ന നിലയില്‍ പേരെടുത്തു തുടങ്ങിയിരുന്നു. കോളജില്‍ വലിയ പിന്തുണയുള്ള താരമായി അദ്ദേഹം മാറി. നന്നായി പാടുന്ന സീനിയറായ ഒരു വിദ്യാര്‍ഥിയുമുണ്ടായിരുന്നു. കോളജിലെ ആലാപന മത്സരത്തില്‍ അപ്രാവശ്യം ഒന്നാം സ്ഥാനം രണ്ടു പേര്‍ക്കുമായി വീതിക്കപ്പെട്ടു. എന്നാല്‍ അടുത്ത ഘട്ടത്തിലേക്ക് അതില്‍ മറ്റേയാളെയാണ് തിരഞ്ഞെടുത്തത്. പ്രീഡിഗ്രി വിദ്യാര്‍ഥികള്‍ക്കിടയില്‍ അത് വലിയ മുറുമുറുപ്പുണ്ടാക്കി. വൈകാതെ തന്നെ ഫാത്തിമ കോളജിന്റെ ചരിത്രത്തിലെ ആദ്യത്തെ സമരത്തിലേക്ക് അത് നയിക്കപ്പെട്ടു. രണ്ട് ദിവസത്തോളം മാര്‍ക്കോസിനു വേണ്ടി അവിടെ സമരം നടന്നു. എന്നാല്‍, സമരം ചെയ്ത് തനിക്ക് മത്സരിക്കേണ്ട എന്നതായിരുന്നു മാര്‍ക്കോസിന്റെ തീരുമാനം. പിന്നീടൊരിക്കലും മാര്‍ക്കോസ് മത്സരിച്ചതേയില്ല. എന്നാല്‍, അന്നത്തെ ആ ഗായകനും എത്രയോ മുകളിലാണ് ഇന്ന് മാര്‍ക്കോസ് എന്ന പേര് എന്നത് കാവ്യനീതി.
1978ഓടുകൂടി സ്വന്തം പേരില്‍ തന്നെ ട്രൂപ്പു തുടങ്ങി അദ്ദേഹം. പിന്നീട് ഗാനമേള തിരക്കുകളിലായി. ഒരിക്കല്‍, കോട്ടയം ബി സി എം വിമന്‍സ് കോളജില്‍ ഗാനമേളയുണ്ടായിരുന്നു. മാര്‍ക്കോസിന്റെ അമ്മയുടെ അനിയത്തിയെ കോട്ടയത്തേക്കായിരുന്നു വിവാഹം ചെയ്തിരുന്നത്. അവരും സെഞ്ച്വറി സിനിമയുടെ കൊച്ചുമോന്റെ അമ്മയുമെല്ലാം പരിപാടി കാണാന്‍ ഉണ്ടായിരുന്നു. ബി സി എമ്മിന്റെ സില്‍വര്‍ ജൂബിലിയായിരുന്നു. ആളുകളൊക്കെ നന്നായുണ്ട്. മാര്‍ക്കോസിന്റെ ഓരോ പാട്ട് അവസാനിക്കുമ്പോഴും ആളുകള്‍ കരഘോഷം മുഴക്കി. ആ പരിപാടിക്കൊടുവില്‍ സെഞ്ച്വറി കൊച്ചുമോന്റെ അമ്മ ‘നിനക്ക് ഗാനമേള മാത്രം മതിയോ, സിനിമയിലൊന്നും നോക്കണ്ടേ’ എന്നു ചോദിച്ചു. ‘ആഗ്രഹമുണ്ട്’ എന്നായിരുന്നു മാര്‍ക്കോസിന്റെ മറുപടി. ‘ഞാനൊന്നു കൊച്ചുമോനോട് സംസാരിക്കട്ടെ’ എന്നും പറഞ്ഞ് അവര്‍ യാത്രയായി.
ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം അത്യാവശ്യമായി മദ്രാസിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഫോണ്‍കോള്‍ മാര്‍ക്കോസിനെ തേടിവന്നു. ജോണ്‍സണ്‍ മാഷിന് മാര്‍ക്കോസിന്റെ ശബ്ദം കേള്‍ക്കണമായിരുന്നു. ഉടന്‍ തന്നെ മദ്രാസിലേക്ക് വണ്ടി കയറി. ജോണ്‍സണ്‍ മാസ്റ്റര്‍ ഒരു പാട്ട് പാടിച്ചു. പ്രത്യേകിച്ച് ഒന്നും പറയാതെയാണ് മാര്‍ക്കോസിനെ പറഞ്ഞയക്കുന്നത്. മദ്രാസില്‍ തന്നെയുള്ള അമ്മയുടെ മറ്റൊരു അനിയത്തിയുടെ അടുത്തേക്ക് സെഞ്ച്വറി കൊച്ചുമോനൊപ്പമാണ് യാത്ര. ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി ഒരിടത്ത് നിര്‍ത്തി. ഇതിനിടെ കൊച്ചുമോന്‍ ഒരു ഫോണ്‍സംഭാഷണമൊക്കെ കഴിഞ്ഞ് ഭക്ഷണത്തിനെത്തി. ഇതിനിടയിലാണ് ജോണ്‍സണ്‍ മാഷിന് മാര്‍ക്കോസിന്റെ ശബ്ദം ഇഷ്ടപ്പെട്ടെന്നും ആ പാട്ട് മാര്‍ക്കോസ് പാടുന്നു എന്നുമുള്ള വിവരം കൊച്ചുമോന്‍ പറയുന്നത്. അങ്ങനെയാണ് ‘കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കെ’ എന്ന പാട്ട് പാടുന്നത്. പിന്നീട് തുടര്‍ച്ചയായി ഹിറ്റുകള്‍ മാര്‍ക്കോസിനെ തേടിയെത്തി. അതില്‍ ഏറ്റവും പ്രധാനമായ ‘പൂമാനമേ’ എന്ന പാട്ട് സമ്മാനിച്ച ആനന്ദത്തിലാണ് ഒരു ഗള്‍ഫ് യാത്ര സംഭവിക്കുന്നത്.
ആ യാത്ര മാര്‍ക്കോസിന്റെ ജീവിതത്തില്‍ ഏറെ നിര്‍ണായകമായി. അല്‍ഐനില്‍ വെച്ച് അവിചാരിതമായി ഒരു ആക്‌സിഡന്റുണ്ടായി. കാറിലുണ്ടായിരുന്ന അഞ്ചു പേരില്‍ മൂന്നു പേരും കൊല്ലപ്പെട്ടു. മൂന്ന് മാസത്തോളം അല്‍ഐനിലും തുടര്‍ന്ന് അഞ്ചാറു മാസം നാട്ടിലും മാര്‍ക്കോസ് അമ്പേ കിടന്നുപോയി. അത് ഒരു വര്‍ഷം മാര്‍ക്കോസിനെ ഫീല്‍ഡില്‍ നിന്നകറ്റി. സിനിമാ സംഗീതത്തില്‍ അഞ്ചു വര്‍ഷത്തിലധികമുള്ള വിടവിനത് കാരണമായി. എന്നാല്‍ ആ സമയം കൊണ്ട് കാസറ്റു മേഖലയില്‍ കെ ജി മാര്‍ക്കോസ് എന്ന പേരിന് വലിയ ഡിമാന്‍ഡുണ്ടായി. മാപ്പിളപ്പാട്ടിലും ക്രിസ്തീയ ഭക്തിഗാനരംഗത്തും അദ്ദേഹം വലിയ മുന്നേറ്റം സൃഷ്ടിച്ചു.
തരംഗിണിയും യേശുദാസും എങ്ങനെ സഞ്ചരിക്കുന്നോ ആ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുക എന്നതായിരുന്നു അന്ന് മ്യൂസിക് കമ്പനികളുടെ രീതി. തരംഗിണിയിലൂടെ യേശുദാസിന്റെ ശബ്ദത്തില്‍ മാപ്പിളപ്പാട്ടുകളൊഴുകാന്‍ തുടങ്ങിയപ്പോഴാണ് രഞ്ജിനി എന്ന കാസറ്റു കമ്പനി മാര്‍ക്കോസിനെ സമീപിക്കുന്നത്. ആ കാസറ്റു കമ്പനി വഴി മാര്‍ക്കോസിന്റെ ശബ്ദത്തില്‍ കാസറ്റുകള്‍ വന്നുകൊണ്ടേയിരുന്നു. മാപ്പിളപ്പാട്ടില്‍ അദ്ദേഹം ഹിറ്റുകളുടെ പേമാരി സൃഷ്ടിച്ചു. ‘സ്വന്തം സുബൈദ’ എന്ന കാസറ്റിനു വേണ്ടിയാണ് അദ്ദേഹം ആദ്യമായി മാപ്പിളപ്പാട്ട് പാടുന്നത്. ‘മൊഞ്ചുള്ള ബീവി സൈനബ ബീവി’ എന്നു തുടങ്ങുന്ന ആ ഗാനം ഹിറ്റായി. പിന്നെ തരംഗിണിയില്‍ നിന്ന് ഒരു ആല്‍ബം പുറത്തിറങ്ങുമ്പോള്‍ രഞ്ജിനിയില്‍ നിന്ന് ഒന്ന് എന്ന കണക്കില്‍ പാട്ടുകള്‍ പെയ്തിറങ്ങി.
മാപ്പിളപ്പാട്ടില്‍ അദ്ദേഹത്തിന് ഡിമാന്‍ഡ് വര്‍ധിച്ചതിന് പ്രത്യേക കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അറബിക് ഉച്ചാരണത്തെ വെല്ലാന്‍ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല. തനിക്കു പരിചയമില്ലാത്ത ഒരു വിഭാഗത്തിന്റെ പാട്ടാണ് എന്നതിനാല്‍ തന്നെ അദ്ദേഹം മാപ്പിളപ്പാട്ട് പാടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. പെരുമ്പാവൂരിലെ ഇബ്രാഹീം എന്ന സുഹൃത്തിനോട് ഓരോ അക്ഷരവും എങ്ങനെ എവ്വിധം ഉച്ചരിക്കണം എന്നതില്‍ ഉപദേശമാരായുമായിരുന്നു അദ്ദേഹം. തന്റെ അബദ്ധം കൊണ്ട് അര്‍ഥം മാറരുതല്ലോ എന്ന ചിന്തയായിരുന്നു ഇത്തരമൊരു നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അറബി വാക്കുകളും ഇസ്ലാമിക പദങ്ങളും പരമാവധി നന്നായി തന്നെ ഉച്ചരിക്കുന്നതോടൊപ്പം വരികളുടെ ആത്മാവറിഞ്ഞു പാടുക കൂടി ചെയ്തതോടെ അദ്ദേഹത്തെ ജനം നെഞ്ചേറ്റി. ‘ഉമ്മത്തിന്‍ വസീല/ വസീല ദീന്‍ വസീല’, ‘ത്വാഹാ റസൂല്‍ നിലാവെ’, ‘പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി’ തുടങ്ങി ആയിരക്കണക്കിന് ഹിറ്റുകള്‍ ആ സ്വരമാധുരിയെ പുണര്‍ന്നു.
ദൈവവുമായി പടപ്പുകളെ അടുപ്പിക്കുന്ന ഓരോ വരികളുടെയും ആത്മാവ് തന്നിലേക്ക് നിക്ഷേപിച്ചായിരുന്നു അദ്ദേഹം ഓരോ പാട്ടിനെയും സമീപിച്ചിരുന്നത്. ‘മാമരുഭൂമിയും മരതകക്കാടും തീര്‍ത്തവനേ എന്‍ തമ്പുരാനേ’ പോലുള്ള ഗാനങ്ങള്‍ അത്തരം ഗാനങ്ങള്‍ക്ക് ഉദാഹരണമാണ്.

മാപ്പിളപ്പാട്ടു വഴിയുള്ള സാമൂഹിക വിമര്‍ശനങ്ങള്‍ക്കും അദ്ദേഹത്തിന്റെ ശബ്ദം കാരണമായിട്ടുണ്ട്. ‘പെണ്ണിന്നൊരു മാപ്പിള കിട്ടണമെങ്കില് സ്ത്രീധനം മുമ്പില് വെച്ചോ’ എന്ന പാട്ട് അതിശക്തമായ സാമൂഹിക വിമര്‍ശനമുയര്‍ത്തുന്ന ഒന്നാണ്. ‘അറയില്‍ ചെന്നൊളിച്ചാലും അവസാന നിമിഷമില്‍’ എന്ന ഗാനം മനുഷ്യനെ മരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു.
എല്ലാ തരത്തിലുള്ള മാപ്പിളപ്പാട്ടുകള്‍ക്കും കെ ജി മാര്‍ക്കോസ് ശബ്ദമായിട്ടുണ്ട്. ‘കൊച്ചി മട്ടാഞ്ചേരി ചക്കരിടുക്കില്‍ താമസിക്കും’ പോലുള്ള തമാശപ്പാട്ടുകളും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ആസ്വാദക മനസ്സിലേക്ക് കയറിപ്പറ്റി. മാപ്പിളപ്പാട്ട് കെ ജി മാര്‍ക്കോസിന്റെ ശബ്ദത്തിലാകുമ്പോള്‍ ഒരു പ്രത്യേക മധുരിമ അതിനുണ്ടായിരുന്നു എന്നതാണതിന്റെ ശരി.
സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം പാട്ടുമായെത്തിയിട്ടുണ്ട്. ഒരിക്കല്‍ സുഊദിയിലേക്ക് ഒരു പരിപാടിക്കായി അദ്ദേഹം പോവുകയുണ്ടായി. നേരത്തേ തന്നെ രേഖകളൊക്കെ ശരിയാക്കണം എന്ന് ആവശ്യപ്പെടുകയും ഉറപ്പു വരുത്തുകയും ചെയ്ത ശേഷമായിരുന്നു യാത്ര. റിയാദില്‍ നേരത്തെ നിശ്ചയിച്ച പോലെ പരിപാടി നടന്നു. മാര്‍ക്കോസ് സുഊദിയിലുണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊരു ടീം ഒരു പരിപാടി കൂടി സംഘടിപ്പിച്ചു. ‘എല്ലാം ഓകെ ആണല്ലോ അല്ലേ’ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു. എല്ലാം ശരിയാണെന്നായിരുന്നു അവരുടെ മറുപടി. പരിപാടി ദിവസമായി. കെ ജി മാര്‍ക്കോസ് വേദിയിലെത്തി ഗസ്റ്റ്‌റൂമില്‍ വിശ്രമിച്ചു. പറഞ്ഞ സമയവും കഴിഞ്ഞ് രണ്ടു മണിക്കൂറായിട്ടും പരിപാടി തുടങ്ങുന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മാര്‍ക്കോസ് വിശ്രമിക്കുന്ന റൂമിലേക്ക് മതകാര്യ പൊലീസായ മുതവ്വമാര്‍ കയറി വന്നു. ‘ആരാണ് മാര്‍ക്കോസ്’ എന്നായി ചോദ്യം. താനാണെന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ഉടനെ ‘താങ്കള്‍ എന്തിനാണ് വന്നതെ’ന്ന ചോദ്യമായി. പരിപാടി നടത്തുന്ന ടീമിനോട് എതിരുള്ള ഏതോ കക്ഷികള്‍ അവിടെ ക്രിസ്ത്യന്‍ മതപ്രചാരണ പരിപാടിയാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. പോരാത്തതിന് പരിപാടിക്ക് പെര്‍മിഷനുമില്ല. ആകെ കുഴഞ്ഞു. അവിടെയും തനിക്കറിയാവുന്ന അറബി പാട്ടൊക്കെ പാടി അദ്ദേഹം പൊലീസുകാരെ കൈയിലെടുത്തു. നിരപരാധിത്വം ബോധ്യപ്പെടുത്തി തിരികെ പോരുകയും ചെയ്തു.
മാപ്പിളപ്പാട്ടിന്റെ പരിണാമഘട്ടങ്ങളെ കൗതുകപൂര്‍വം നോക്കിക്കണ്ട ഒരാളാണ് കെ ജി മാര്‍ക്കോസ്. അതിന്റെ പ്രതാപകാലവും ഘട്ടംഘട്ടമായി സംഭവിച്ച മൂല്യച്യുതിയും അദ്ദേഹത്തിന്റെ കണ്മുന്നിലാണ് സംഭവിച്ചത്. ഒരു പതനത്തിനു ശേഷം പുതുയുഗത്തില്‍ തിരിച്ചുയരാനൊരുങ്ങുന്ന മാപ്പിളപ്പാട്ടിനെ അദ്ദേഹം പ്രതീക്ഷയോടെയാണ് നോക്കുന്നത്.
മക്കളായ നിതിന്‍, നിഖില്‍, നമിത എന്നിവരൊക്കെ പാട്ടുവഴിയിലുണ്ട്. ഇണ മഞ്ജുവിനൊപ്പം എറണാകുളത്ത് പാട്ടുതിരക്കിലാണിപ്പോഴും കെ ജി മാര്‍ക്കോസ് എന്ന സ്‌നേഹഗായകന്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top