ആയിശ അബ്ദുല്ബാസിതിന്റെ സംഗീത യാത്ര
2015ലാണ്. യൂട്യൂബൊക്കെ കോമണായി വരുന്നേയുള്ളൂ. നന്നായി പാടുന്ന ഒരു മലയാളി പെണ്‍കുട്ടി ഇഹ്സാന്‍ തഹ്മീദ് പാടിയ ‘തമന്നാ മുദ്ദതോന് സെ’ എന്ന നശീദ് പാടി റെക്കോര്‍ഡ് ചെയ്ത് യൂട്യൂബിലിട്ടു. ഇഹ്സാന്‍ തഹ്മീദ് പാടിയ ആദ്യ വേര്‍ഷനേക്കാള്‍ പതിന്മടങ്ങ് സമ്മതി നേടിയ ആ വീഡിയോ വൈറലായി മാറി. മലയാളികളേക്കാള്‍ കൂടുതല്‍ മറ്റു രാജ്യക്കാരിലേക്കാണ് ഈ വീഡിയോ ചെന്നെത്തിയത്. ദേശ-ഭാഷാഭേദമെന്യേ പാട്ടു കേട്ടവരൊക്കെ അത് കൈനീട്ടി സ്വീകരിച്ചു. കമന്റ് ബോക്സില്‍ അനുമോദനങ്ങളും ആശംസകളും നിറഞ്ഞു. കമന്റുകള്‍ക്കിടയില്‍ യുകെയിലെ അല്‍ മുബാറക് റേഡിയോയുടെ മേധാവി ഉമറുല്‍ മുബാറകിന്റെ ഒരു കമന്റുമുണ്ടായിരുന്നു. തന്നെ ബന്ധപ്പെടാനുള്ള ആവശ്യവും മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയുമായിരുന്നു ആ കമന്റില്‍. ഏറെ വൈകാതെ തന്നെ ആ പെണ്‍കുട്ടി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചു.
അല്‍മുബാറക് റേഡിയോയിലെ ആഴ്ച തോറുമുള്ള കിഡ്സ് ഷോയിലേക്ക് ഗസ്റ്റായി ക്ഷണിക്കുകയായിരുന്നു അദ്ദേഹം. ഫോണിലൂടെ തന്നെയായിരുന്നു അഭിമുഖമൊക്കെ. അഭിമുഖം പ്രസിദ്ധീകരിക്കാനായി ഒരാഴ്ച സമയമുണ്ടായിരുന്നു. അതിനിടക്ക് ഒരു പാട്ട് പാടി നല്‍കാമോ എന്ന ആവശ്യം കൂടി ഉമറുല്‍ മുബാറക് മുന്നോട്ടുവെച്ചു. ഹാഫിസ് അബൂബക്ര് ഹൈദരി പാടിവെച്ചിട്ടുള്ള ‘ഹസ്ബീ റബ്ബീ ജല്ലല്ലാഹ്’ എന്ന നഅ്ത് ആയിരുന്നു അവര്‍ സജസ്റ്റ് ചെയ്തത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ ആ പെണ്‍കുട്ടി അത് പാടി, ഉപ്പ അത് ഷൂട്ട് ചെയ്ത് അയച്ചുനല്‍കി. അതേ പാട്ട് തന്നെ അവള് സ്വന്തം യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് ആ വീഡിയോക്ക് യൂട്യൂബില്‍ ലഭിച്ചത്. ലോക സംഗീതത്തിനു തന്നെ പുതിയൊരു താരോദയത്തിന്റെ വിളിച്ചോതലായി അത് മാറി.
ഒരു മലയാളിപ്പെണ്‍കൊടി ലോകത്തിന്റെ നെറുകയിലേക്ക് ഉയരാന്‍ തുടങ്ങുന്നു എന്ന് പ്രഘോഷണം ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ആയിശ അബ്ദുല്‍ ബാസിത് എന്ന പ്രതിഭയ്ക്ക് ലോക സംഗീതത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കി നല്‍കിയതില്‍ ഒന്നാമത്തെ പടിയായി മാറുകയായിരുന്നു ‘ഹസ്ബീ റബ്ബീ ജല്ലല്ലാഹ്’ എന്ന ഗാനം.
ഉമ്മ തസ്നീമും ഉപ്പ അബ്ദുല്‍ ബാസിതുമാണ് ആയിശ എന്ന പാട്ടുകാരിയെ സൃഷ്ടിച്ചെടുത്തത്. പാട്ടു പൊതിഞ്ഞ കുട്ടിക്കാലമാണ് ആയിശക്കുണ്ടായിരുന്നത്. ഉപ്പ അബ്ദുല്‍ ബാസിതിന്റെ വീട്ടില്‍ പാട്ടൊഴിഞ്ഞ നേരമുണ്ടാവില്ല. ആയിശയുടെ വല്ല്യുപ്പ ഏറെക്കാലം ബോംബെയിലായിരുന്നു. അവിടെ നിന്നുള്ള ഹിന്ദിപ്പാട്ടുകളുമായുള്ള ബന്ധം അദ്ദേഹം വീട്ടിലെത്തിയപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ വീടകം ഹിന്ദിപാട്ടുകളാല് നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു ഉപ്പ അബ്ദുല്‍ ബാസിതിന്റെ വീട്ടില്‍ ആയിശക്ക് അനുഭവപ്പെട്ടത്. വിവാഹത്തിനു മുമ്പ് പാടാറുണ്ടായിരുന്നെങ്കിലും അരുതുകളുടെ വിലങ്ങുകളെ ഭയന്ന് പാടുന്നതില്‍ പിശുക്കു കാണിച്ചിരുന്ന ഉമ്മ തസ്നീമില്‍ ഒളിഞ്ഞിരിക്കുന്ന ഗായികയെ പുറംചാടിച്ചത് അബ്ദുല്‍ ബാസിതിന്റെ സ്നേഹപൂര്‍വമുള്ള നിര്‍ബന്ധങ്ങളായിരുന്നു. ഉമ്മ വീണ്ടും പാടിത്തുടങ്ങിയതോടെ ആയിശയും അത് സസൂക്ഷ്മം വീക്ഷിക്കാന്‍ തുടങ്ങി. ഉമ്മ പാടുന്നത് അനുകരിക്കലായി ആയിശയുടെ പണി. ഇതൊരു സ്ഥിരം പരിപാടിയായതോടെ ആയിശക്ക് പാട്ട് ഇഷ്ടമാണ് എന്ന അനുമാനത്തിലേക്ക് രക്ഷിതാക്കളെത്തി. ആയിശയുടെ കുഞ്ഞുകുഞ്ഞു പാട്ടുശ്രമങ്ങളൊക്കെ ഉപ്പ അബ്ദുല്‍ ബാസിത് റെക്കോര്‍ഡ് ചെയ്ത് വെച്ചുതുടങ്ങി.
അതിനിടക്ക് ഉപ്പയുടെ മൂത്ത ജ്യേഷ്ഠന് ആയിശ പാടുന്നത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ‘തുമ്പീ വാ തുമ്പക്കുടത്തില്‍’ എന്ന പാട്ടിന്റെ രണ്ടോ മൂന്നോ വരി മാത്രമായിരുന്നു അത്. ആയിശയുടെ ആദ്യ യൂട്യൂബ് വീഡിയോ അതാണെന്നു പറയാം.
നാലാം വയസ്സിലാണ് ഉമ്മ തസ്നീമിനൊപ്പം ആയിശ അബൂദാബിയിലേക്ക് ചേക്കേറുന്നത്. ഏകദേശം അക്കാലത്തൊക്കെ തന്നെയാണ് ഫേസ്ബുക്ക് ആളുകളിലേക്കെത്തുന്നത്. ആയിശയുടെ ചെറിയ ചെറിയ പാട്ടുശകലങ്ങള് ഉപ്പ അബ്ദുല്‍ ബാസിത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ മോളുടെ പാട്ട് കാണിച്ചും കേള്‍പ്പിച്ചും കൊടുക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. മിക്കപ്പോഴും ഉമ്മ പാടിക്കൊടുക്കുന്ന പാട്ടുകള്‍ ആയിശ പഠിച്ചു പാടുകയായിരുന്നു പതിവ്. ആയിശ നന്നായി പാടുമെന്ന് ഉറപ്പിക്കുന്നത് ഈ സമയത്താണ്. ആറാം വയസ്സില്‍ ആയിശയെ വയലിന് ക്ലാസില്‍ ചേര്‍ക്കാനായി രക്ഷിതാക്കള്‍ കൊണ്ടുപോയി. എന്നാല്‍ ആ കുഞ്ഞിക്കൈകളിലൊതുങ്ങാവുന്ന വയലിന് ലഭ്യമല്ലായിരുന്നു. അവിടെത്തന്നെ ഹിന്ദുസ്ഥാനി വോക്കലിന് ആയിശയെ ചേര്‍ക്കുകയായിരുന്നു. അത്രയും കുഞ്ഞുപ്രായത്തില്‍ സ്വരസ്ഥാനങ്ങള്‍ ഉച്ചരിച്ച് നടക്കാനൊന്നും ആയിശക്ക് അത്ര താല്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ആയിശ ക്ലാസുമായി മുന്നോട്ടുപോയി.
കുവൈത്തി ഖാരിഅ് ആയ ശൈഖ് റാഷിദ് മിഷാരിയുടെ ഖിറാഅത്ത് ആയിശക്ക് ഇഷ്ടമായിരുന്നു. ആയതുല്‍ കുര്‍സിയ്യ് ആയിശയെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി മിഷാരിയുടെ പാരായണം ആയിശക്ക് മാതാപിതാക്കള്‍ കേള്‍പ്പിച്ചുകൊടുത്തു. ആ പാരായണം അവള് അതേപോലെ പുനരാവിഷ്കരിച്ചത് കണ്ട് ഉപ്പയും ഉമ്മയും അത്ഭുതം കൂറി. അത് വീഡിയോ എടുത്ത് ആയിശയുടെ പേരില്‍ തുടങ്ങിയ യൂട്യൂബ് പേജിലിട്ടു. അതിനും ഏറെക്കാലത്തിനു ശേഷമാണ് ‘അസ്സുബ്ഹു ബഅ്ദ മിന് ത്വലഅതിഹി’ എന്ന പാട്ട് ആയിശയുടെ പേരിലുള്ള യൂട്യൂബ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യുന്നത്. അതിന്റെ ലിങ്ക് ഫേസ്ബുക്കിലിട്ടപ്പോള്‍ അതിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. കൂടുതലും നോര്‍ത്ത് ഇന്ത്യക്കാരുടെ പിന്തുണയാണ് ആദ്യഘട്ടത്തിലുണ്ടായത്. ഈ പിന്തുണ കൂടുതല്‍ പാടാനും യൂട്യൂബില്‍ അപ്ലോഡ് ചെയ്യാനും ആയിശക്ക് ധൈര്യവും ഊര്‍ജവും നല്കി. ആയിശ പാടുന്നത് ഉപ്പ തന്നെ വീഡിയോ എടുക്കുകയും അദ്ദേഹം തന്നെ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. ആദ്യത്തെ പാട്ടിനു ശേഷം ഈരണ്ടു മാസത്തിലൊരിക്കല്‍ എന്ന തോതില്‍ പാട്ടുകള്‍ ഇറക്കിക്കൊണ്ടേയിരുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ‘ലബ് പെ ആതി ഹെ’ പോലെയുള്ള പാട്ടുകള്‍ ഇങ്ങനെയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. അക്കൂട്ടത്തിലാണ് മുകളില്‍ സൂചിപ്പിച്ച ‘തമന്നാ മുദ്ദതോന് സെ’ എന്ന പാട്ടും വരുന്നത്.
ഈ പാട്ടുകള്‍ ചെയ്തുകഴിഞ്ഞപ്പോഴേക്ക് ഉര്‍ദു ഉച്ചാരണം ആയിശക്ക് നന്നായി വഴങ്ങുന്നുണ്ട് എന്ന് മനസ്സിലായിത്തുടങ്ങിയിരുന്നു. അല്‍ മുബാറക് റേഡിയോയുമായുള്ള ഇന്റര്‍വ്യൂ നടന്നതോടെ ആയിശയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചുതുടങ്ങി. ഇന്റര്‍വ്യൂവില്‍ ഉമറുല്‍ മുബാറക് ഭാവിപദ്ധതികളെക്കുറിച്ച് ആയിശയോട് ആരാഞ്ഞിരുന്നു. അന്ന് സമി യൂസുഫിനെ കാണണമെന്നത് ഒരാഗ്രഹമായി പറഞ്ഞിരുന്നു. സമി യൂസുഫിനെ കാണാന്‍ സാഹചര്യമൊരുക്കാന്‍ ശ്രമിക്കാമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ആ സംഭാഷണത്തില്‍ തന്നെ തുടക്കക്കാരിയായ ആയിശയെ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിക്കുകയും ആദരവോടെ സംസാരിക്കുകയും ചെയ്തു. അതിനു ശേഷവും ഉമറുല്‍ മുബാറകുമായി ബന്ധം തുടര്‍ന്നു. തൊട്ടടുത്ത വര്‍ഷം യു എ ഇയില്‍ എത്തിയപ്പോള്‍ അദ്ദേഹം ആയിശയുടെ കുടുംബവുമൊന്നിച്ച് ഭക്ഷണം കഴിക്കുകയും ഏറെ നേരം സംസാരിച്ചിരിക്കുകയും ചെയ്തു. ആ സന്ദര്‍ശനത്തിനു തൊട്ടു പിറ്റേ ആഴ്ചയാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതനായിരിക്കെയും അദ്ദേഹം റേഡിയോ പ്രോഗ്രാമുകളില്‍ ആയിശയെക്കുറിച്ച് സംസാരിക്കുകയും അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. മൂന്നു മാസത്തിനു ശേഷം അദ്ദേഹത്തിന്റെ വിയോഗവാര്‍ത്തയാണ് കേള്‍ക്കാനായത്. ഉമറുല്‍ മുബാറക് എന്ന ആ വലിയ മനുഷ്യന് ആയിശയുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരാളാണ്.
വളര്‍ച്ചയ്ക്കനുസരിച്ച് ആയിശയുടെ സംഗീതാഭിരുചിയിലും മാറ്റം വന്നുകൊണ്ടിരുന്നു. സമി യൂസുഫ്, എ ആര് റഹ്മാന് എന്നിവരാണ് ആയിശക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് സംഗീതജ്ഞര്‍. അവരെ നേരില്‍ കാണുക, അവരോടൊത്ത് വേദി പങ്കിടുക എന്നതൊക്കെ ആയിശ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. പതിയെപ്പതിയെ ആയിശയുടെ കേള്‍വിയിലേക്ക് വെസ്റ്റേണ്‍ സംഗീതവും കടന്നുവന്നു. വെസ്റ്റേണ്‍ പഠിക്കുക എന്നത് ആയിശക്കുള്ളില് മോഹമായി പടര്‍ന്നുകയറി. ആയിടക്കാണ് യു എ ഇയില്‍ സമി യൂസഫിന്റെ ഒരു കണ്‍സേര്‍ട്ട് പ്രഖ്യാപിക്കുന്നത്. പരിപാടിക്ക് പോകാനുള്ള പാസ് തിരയുന്നതിനിടക്കാണ് പരിപാടിയോട് അനുബന്ധിച്ചുള്ള മത്സരത്തെക്കുറിച്ച് കാണുന്നത്. സമി യൂസുഫിന്റെ ‘വെമറീംഹല’ൈ എന്ന പാട്ടിന്റെ കവര്‍ ചെയ്തയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് രണ്ട് ടിക്കറ്റ് എന്നതായിരുന്നു ആ പരസ്യം. ഒട്ടും വൈകാതെത്തന്നെ ആയിശ പാട്ട് പാടി അയച്ചുകൊടുത്തു. മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായത് ആയിശയായിരുന്നു. ആയിശയും ഉപ്പയും കണ്‍സേര്‍ട്ട് ആസ്വദിക്കാനായി പോയി. സമി യൂസുഫിന് കോറസ് പാടാന്‍ കുറച്ചു കുട്ടികള്‍ പിന്നില്‍ നില്പുണ്ടായിരുന്നു. അത്തരത്തിലെങ്കിലും അദ്ദേഹത്തോടൊന്നിച്ച് വേദി പങ്കിടാനായെങ്കില് എന്നതായിരുന്നു ആയിശയുടെ പിതാവ് ആലോചിച്ചിരുന്നത്.
പരിപാടി കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞുകാണും. ഒരു ദിവസം സമി യൂസുഫിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് ഒരു ഇ-മെയില്‍ ആയിശയെ തേടിയെത്തി. ആയിശയെ അവരുടെ ലേബലില്‍ പബ്ലിഷ് ചെയ്യണമെന്നുണ്ട് എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ആ മെയില്‍. ഇ-മെയിലിന് ഉടന്‍ മറുപടി നല്കി. ബുര്‍ജ് ഖലീഫയില്‍ വെച്ച് മീറ്റിംഗും തീരുമാനിച്ചു. സാധാരണ ഒരു പബ്ലിഷ്ഡ് സിംഗര്ക്കു മുമ്പില്‍ ഉണ്ടാകാവുന്ന അരുത് നിബന്ധനകളൊന്നും അവര്‍ മുന്നോട്ടുവെച്ചില്ല. നിലവിലുള്ളതുപോലെത്തന്നെ ആയിശ മുന്നോട്ടുപോകട്ടെ എന്നതായിരുന്നു അവരുടെ നിര്‍ദേശം. അല്പം കഴിഞ്ഞ് സ്വതന്ത്രമായ ഒരു പാട്ട് അവര്‍ നല്‍കും എന്നറിയിക്കുകയും ചെയ്തു. അവരുടെ നിര്‍ദേശങ്ങളില്‍ ആയിശയെ ബാധിച്ചേക്കാവുന്നതായി പ്രത്യേകിച്ചൊന്നുമില്ലാത്തതിനാല് തന്നെ കോണ്ട്രാക്റ്റും സൈന്‍ ചെയ്ത് ആയിശയും രക്ഷിതാക്കളും മടങ്ങി.
പിന്നീടൊരിക്കല്‍ സമി യൂസുഫ് ദുബൈ മാളില്‍ വരുന്നതായുള്ള പരസ്യം ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ കാണാനും ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമായി ആയിശയും ഉപ്പയും ദുബൈ മാളിലേക്ക് ചെന്നു. ഒരു നീണ്ട നിര തന്നെയുണ്ട് അദ്ദേഹത്തെ കാണാന്‍. ആയിശ വരിയില്‍ നിലയുറപ്പിച്ചു. ഇടക്ക് വേദിയില്‍ നിന്ന് പുറത്തേക്കു നോക്കിയ സമി യൂസുഫ് വരിയില്‍ നില്ക്കുന്ന ആയിശയെ തിരിച്ചറിഞ്ഞു. മുമ്പ് മത്സരത്തിനയച്ച വീഡിയോയും പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നുള്ള വിവരങ്ങളുമൊക്കെയാവും കാരണം. ഉടനെ അദ്ദേഹം ആയിശയെ വേദിയിലേക്ക് വിളിച്ചു. മുഴുവന്‍ പേര്‍ക്കുമായി ആയിശയെ അദ്ദേഹം പരിചയപ്പെടുത്തി. ആയിശയോട് ഒരു പാട്ട് പാടാനും ആവശ്യപ്പെട്ടു. വെമറീംഹല ൈഎന്ന അദ്ദേഹത്തിന്റെ ഗാനത്തിലെ കുറച്ച് വരികള്‍ ആലപിച്ച് ഒപ്പം ഫോട്ടോയുമെടുത്ത് ആയിശ വേദി വിട്ടു.
അതിനു ശേഷം അദ്ദേഹവുമായും പ്രൊഡക്ഷന്‍ ടീമുമായും ബന്ധം തുടര്‍ന്നു. 2019 മാര്‍ച്ചില്‍ ആയിശക്ക് അവര്‍ ഒരു പാട്ട് അനൗണ്‍സ് ചെയ്തു. മാര്‍ച്ചില്‍ റെേക്കാര്ഡിങ് കഴിഞ്ഞ പാട്ട് നവംബര്‍ 1ന് പുറത്തിറങ്ങി. ‘തസ്ബീഹ്’ എന്ന ആ ഗാനം ആയിശയുടെ സ്വീകാര്യത പതിന്മടങ്ങ് വര്‍ധിപ്പിച്ചു. അവളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായി അത് മാറി. സമി യൂസുഫിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായുള്ള ബന്ധം ആയിശക്കു മാത്രമല്ല, ഉപ്പ അബ്ദുല്‍ ബാസിതിനു കൂടി ഗുണപ്രദമായി. അദ്ദേഹം പ്രൊഫഷണലായി തന്നെ റെേക്കാര്‍ഡിംഗ് പഠിച്ചു തുടങ്ങി. അതിന് അവരുടെ മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നു. വീടകത്തുതന്നെ ഒരു റെേക്കാര്‍ഡിംഗ് സ്റ്റുഡിയോ ഒക്കെ ഒരുക്കാനും അതു മുഖേന സാധിച്ചു.
തസ്ബീഹോടുകൂടി രാഷ്ട്രാതിര്‍ത്തികള്‍ കടന്ന് ആയിശയുടെ ശബ്ദം സഞ്ചരിച്ചു. കൂടുതല്‍ ഭാഷകളില്‍ നിന്നായി ആയിശയെത്തേടി പാട്ടുകളെത്തി. ടര്‍ക്കിഷ്, ഇന്‍ഡോനേഷ്യന്‍, ബംഗ്ലാ, ചെച്നിയന്‍, കൊറിയന്‍, അസര്‍ബൈജാനി തുടങ്ങിയ ഭാഷകളിലെല്ലാം ആയിശയുടെ പാട്ടുകള്‍ പുറത്തിറങ്ങി.
ഇതിനിടയിലാണ് എ ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന് ദുബൈയില്‍ ഒരു ഷോ സംഘടിപ്പിക്കുന്നതിനു വേണ്ടി ആയിശയെ ബന്ധപ്പെടുന്നത്. എന്തോ ചില കാരണങ്ങളാല്‍ പരിപാടി നടന്നില്ലെങ്കിലും ഖദീജയുമായുള്ള ബന്ധം തുടര്‍ന്നു. ഒരു സഹോദരിയോടെന്ന പോലെയാണ് ഖദീജ ആയിശയെ പരിഗണിച്ചത്. അതിനിടയില്‍ എ ആര് റഹ്മാന്റെ കെ എം കണ്‍സര്‍വേറ്ററിയില്‍ പഠിക്കണമെന്ന ആഗ്രഹം ആയിശക്കുണ്ടായിരുന്നു. ഖദീജയുമായി ആ കാര്യം സംസാരിച്ചപ്പോള്‍, അവിടെ താമസിച്ചു പഠിക്കേണ്ടി വരുമെന്നും പഠിക്കുന്ന കുട്ടിയായതിനാല്‍ അത് പഠനത്തെ ബാധിക്കുമെന്നും സൂചിപ്പിക്കുകയുണ്ടായി. അവര്‍ തന്നെയാണ് ലവിത ലോബോ എന്ന തന്റെ വോയ്സ് ട്രെയിനറെ ആയിശക്കായി പരിചയപ്പെടുത്തുന്നത്. അവരുടെ കീഴില്‍ പഠനം തുടങ്ങിയതോടെ ആയിശയുടെ ആലാപനരീതിയിലടക്കം കൂടുതല്‍ മികവുകളുണ്ടായതായി ആയിശ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആയിശയുടെ കേള്‍വിക്കാരില്‍ മലയാളികള്‍ അധികമില്ല. കേള്‍ക്കുന്ന മലയാളികളില്‍ ആയിശ മലയാളിയാണെന്ന് അറിയുന്നവരും കുറവാണ്. അതുകൊണ്ടുതന്നെ മലയാളത്തിനേക്കാള്‍ ഇതര ഭാഷകളിലാണ് ആയിശയുടെ പാട്ടുകള്‍ ഉള്ളത്. മലയാളത്തില്‍ ആകെ ഒരു പാട്ടേ ആയിശ സ്വന്തമായി പാടിയിട്ടുള്ളൂ. റഷീദ് പാറക്കല്‍ രചിച്ച് റാസ റസാഖ് സംഗീതം നല്കിയ ‘ഇക്കാണും ഭൂമിയും ആഖിറമാകെ’ എന്നു തുടങ്ങുന്ന പാട്ടാണത്.
ആയിശയുടെ പിതാവും റാസയും തമ്മില്‍ സഹോദരതുല്യമായ ബന്ധമാണ്. പരസ്പരം സന്തോഷസന്താപങ്ങള്‍ പങ്കുവെക്കുന്ന തരം സൗഹൃദമാണത്. ആയിശക്ക് ഒരു യൂകലേല സമ്മാനമായി നല്‍കിയിട്ടുമുണ്ട് റാസ.
തസ്ബീഹ് എന്ന ഹിറ്റ് പാട്ടിനു ശേഷം സമി യൂസുഫ് പ്രൊഡക്ഷനില്‍ നിന്ന് ഒരു പാട്ടു കൂടി ആയിശയെ തേടിയെത്തി. ‘ദുആ’ എന്ന പാട്ടായിരുന്നു അത്. ദുആയുടെ ഷൂട്ടൊക്കെ നാട്ടില്‍ തന്നെയായിരുന്നു. ഷൂട്ട് കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെ യു എ ഇയിലെത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സുപ്രസിദ്ധ ബോളിവുഡ് സംഗീത സംവിധായകന് സലീം മെര്‍ച്ചന്റിന്റെ ഒരു മെസേജ് ഇന്‍സ്റ്റഗ്രാമില്‍ വരുന്നത്. ‘ആയിശയുടെ പാട്ടുകള്‍ കേട്ടു. ഇഷ്ടപ്പെട്ടു, കൊളാബ് ചെയ്യണമെന്നുണ്ട്’ എന്നതായിരുന്നു ആ മെസേജിന്റെ ഉള്ളടക്കം. നാട്ടിലാണെന്നും യു എ ഇയില്‍ എത്തിയാല്‍ ബന്ധപ്പെടാമെന്നും പറഞ്ഞ് മറുപടി നല്കി. 2022ലെ റമദാന് തുടങ്ങിയ സമയത്താണിത്. യൂടൂബില്‍ സലിം മെര്‍ച്ചന്റ് തന്നെ ചെയ്ത ‘തസ്ബീഹ്’ എന്ന പേരിലുള്ള പാട്ട് തിരയുമ്പോഴൊക്കെ ആയിശയുടെ ‘തസ്ബീഹ്’ ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്. അങ്ങനെ യാദൃച്ഛികമായാണ് അദ്ദേഹം ആയിശയെ കേള്‍ക്കുന്നത്. ആ ആലാപനം ഇഷ്ടപ്പെട്ടാണ് അദ്ദേഹത്തിന്റെ വിളി. പെരുന്നാളിലേക്കൊരു പാട്ട് ഇറക്കണം എന്നതായിരുന്നു ആവശ്യം. ആയിശ റെഡിയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് ആയിശക്കു പറ്റിയ പാട്ട് തയ്യാറാക്കി ട്രാക്ക് നല്‍കാം എന്നായി അദ്ദേഹം. അങ്ങനെയെങ്കില്‍ 48 മണിക്കൂര്‍ കൊണ്ട് ആയിശ പാടി നല്‍കാം എന്ന് സമ്മതിക്കുകയും ചെയ്തു. പറഞ്ഞ പോലെ തന്നെ 24 മണിക്കൂര്‍ കൊണ്ട് സലിം മര്‍ച്ചന്റിന്റെ ട്രാക്കെത്തി.
സംശയമുള്ള ഭാഗങ്ങള്‍ ചോദിച്ച് ക്ലിയര്‍ ചെയ്ത് ആയിശ രണ്ടു ദിവസം കൊണ്ടുതന്നെ പാട്ടു പാടി നല്കി. ആയിശയെപ്പോലൊരാളെ സലിം മെര്ച്ചന്റിനെപ്പോലൊരാള് ട്രീറ്റ് ചെയ്തത് വലിയ ആദരവോടു കൂടിത്തന്നെയായിരുന്നു. പാട്ട് നല്കിയ ശേഷം ഈദിന് പുറത്തിറക്കാന്‍ പറ്റില്ല എന്ന മറുപടിയാണ് ലഭിച്ചത്. വീഡിയോ നല്‍കാനും ആവശ്യപ്പെട്ടു. അതു പ്രകാരം വീഡിയോ എടുത്തുനല്കിയെങ്കിലും പിന്നീട് ദീര്‍ഘകാലത്തേക്ക് മറുപടികളൊന്നുമുണ്ടായിരുന്നില്ല. അതിനിടയില്‍ ഒക്ടോബറില്‍ പുറത്തിറക്കാം എന്നൊരു വാക്കു മാത്രം ലഭിച്ചിരുന്നു. പിന്നീട് ഒരു പ്രതികരണവുമില്ലാതിരുന്നതിനാല്, പദ്ധതി ഉപേക്ഷിക്കപ്പെട്ടിരിക്കും എന്ന ധാരണയിലായിരുന്നു ആയിശ. ആയിടക്കാണ് ജൂണ്‍ മാസം സലിം സുലൈമാന്‍ ടീമിന്റെ ഒരു കണ്‍സര്‍ട്ട് ദുബൈയില്‍ വരുന്നതായി അറിഞ്ഞത്. ഉടന്‍ തന്നെ ആ സമയത്ത് നേരില്‍ കാണാന്‍ പറ്റുമോ എന്ന് അന്വേഷിച്ചുകൊണ്ട് അദ്ദേഹത്തിന് മെസേജയച്ചു. എന്നാല്‍, നേരത്തേ തന്നെ ആയിശക്കും കുടുംബത്തിനുമുള്ള ഷോ ടിക്കറ്റ് അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ഒരു സന്തോഷവാര്‍ത്തയുണ്ടെന്നും പരിപാടിക്കു മുമ്പ് കാണണം എന്നും അദ്ദേഹം ആയിശയോട് പറയുകയും ചെയ്തു.
പരിപാടി ദിവസമായിരുന്നു സലിം മര്‍ച്ചന്റുമായുള്ള കൂടിക്കാഴ്ച. കുടുംബവുമൊത്ത് തന്നെ ആയിശ ഹോട്ടല്‍മുറിയിലെത്തി. ഏറെ സ്നേഹത്തോടു കൂടിത്തന്നെ അദ്ദേഹം ആയിശയെ സ്വീകരിച്ചു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അദ്ദേഹം കാര്യത്തിലേക്കു കടന്നു. തന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ‘ഭൂമി’ എന്ന സംഗീത സീരീസിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന സംഗീതാവിഷ്കാരങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നത്. 2022ല്‍ ‘ഭൂമി’ സിരീസിന്റെ ഭാഗമാകുന്ന ആളുകളെക്കൂടി അദ്ദേഹം ആയിശക്ക് പരിചയപ്പെടുത്തി. സുനിധി ചൗഹാന്, ശ്രേയ ഘോഷാല്‍, സോനു നിഗം, രാജ് പണ്ഡിറ്റ്, പവന്‍ദീപ് രജന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിശയുമുണ്ട് എന്ന വാര്‍ത്ത ഒട്ടേറെ അദ്ഭുതത്തോടെയാണ് ആയിശയും കുടുംബവും എതിരേറ്റത്. ഇത്രയും പ്രഗത്ഭമായ ഒരു സിരീസിന്റെ കിക്കോഫ് ആയിശയുടെ പാട്ടോടു കൂടിയാണ് എന്നുകൂടി കേട്ടതോടെ ആ ഞെട്ടല്‍ ഇരട്ടിയായി.
ഷൂട്ടിനായി ഒരു വെക്കേഷനെടുത്ത് മുംബൈക്ക് വരാന്‍ അദ്ദേഹം ആവശ്യപ്പെടുകയും കുടുംബമൊത്ത് ആ ഷൂട്ടില്‍ പങ്കാളിയാവുകയും ചെയ്തു. സുനിധി ചൗഹാനില്‍ നിന്നും ശ്രേയ ഘോഷാലില് നിന്നുമെല്ലാം നേരിട്ട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ആയിശ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായാണ് ആ സന്ദര്‍ഭത്തെ എണ്ണുന്നത്. പാട്ട് ഹിറ്റായി മാറി. ഏവരുടെയും കാതിനിമ്പം പകരുന്ന ശബ്ദത്തില്‍ ആ പാട്ട് അതിര്‍ത്തികള്‍ താണ്ടി പ്രശസ്തിയിലേക്കുയര്‍ന്നു. പാട്ടിനൊപ്പം പാട്ടുകാരിയും ആസ്വാദകരുടെ ഹൃദയത്തിലേക്ക് ചേക്കേറി. ആയിശക്ക് പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ‘ഭൂമി’യുടെ ഷൂട്ട്. എന്നാല്‍, പരീക്ഷ പിന്നെയുമെഴുതാം, ആയിശ പോയി വാ എന്നതായിരുന്നു അബൂദാബി ഇന്ത്യന്‍ സ്കൂള്‍ അധികൃതരുടെ നിലപാട്.
കഴിഞ്ഞ വലിയ പെരുന്നാളിനോടനുബന്ധിച്ച് ലോകപ്രശസ്ത നശീദ് ഗായകനായ മുഹമ്മദ് താരിഖ് ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിലെ നശീദ് ഗായകരെ അണിനിരത്തി പുറത്തിറക്കിയ ഈദ് തക്ബീറില്‍ ആയിശയും പങ്കാളിയായിട്ടുണ്ട്. ആയിശ മാത്രമായിരുന്നു ഗായകരുടെ കൂട്ടത്തില്‍ അനറബിയായിട്ടുണ്ടായിരുന്നത്.
ഇനി സ്വന്തമായി സംഗീതം ചെയ്യണമെന്നതാണ് ആയിശയുടെ സ്വപ്നങ്ങളില്‍ പ്രധാനപ്പെട്ടത്. ആത്മീയാനുഭവങ്ങളുള്ള, ആളുകളുടെ മനസ്സുമായി സംവദിക്കുന്ന, സ്നേഹമുള്ള പാട്ടുകള്‍ ഉള്‍ച്ചേര്‍ന്ന ആല്ബങ്ങള്ക്കായാണ് ആയിശയുടെ കാത്തിരിപ്പ്. സമി യൂസുഫിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് ഒരു പാട്ട് പുറത്തിറങ്ങാനുണ്ട്. അതിന്റെ പണികളില്‍ വ്യാപൃതയാണ് ആയിശയിപ്പോള്. തനിക്ക് ലഭിക്കുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് കേരളത്തില്‍ അര്‍ഹരായവരിലേക്ക് എത്തിക്കണമെന്ന മോഹമാണ് ആയിശയുടെ മനസ്സിലുള്ള മറ്റൊരാശയം.
ഉപ്പ അബ്ദുല്‍ ബാസിതിനും ഉമ്മ തസ്നീമിനും സഹോദരങ്ങളായ അഹ്മദിനും അഹ്ലാമിനുമൊപ്പം യുഎഇയില്‍ സ്ഥിരതാമസമാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ പാട്ടുകാരി. ആത്മീയതയുടെ രസം ചേര്‍ന്ന മധുരഗീതങ്ങള്‍ ഇനിയും ആയിശയുടെ കണ്ഠത്തിലൂടെ പിറവി കൊള്ളുന്ന മുഹൂര്‍ത്തങ്ങള്‍ക്കായി കാതോര്‍ക്കാം..