LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്

Feed Back


കേളുക്കുറക്കന്‍ പുറത്തിറങ്ങിയിട്ട് ദിവസങ്ങളായി. എങ്ങനെ പുറത്തിറങ്ങും? മരക്കൊമ്പത്തു നിന്ന് അണ്ണാന്‍ കുഞ്ഞു പോലും കളിയാക്കുകയല്ലേ?
”പുള്ളിക്കോഴിയെ പിടിക്കാന്‍ പോയിട്ട് എന്തായി? മുതുകത്ത് നല്ല വീക്ക് കിട്ടിയല്ലേ? ഹ…ഹ…ഹാ…!”
”അതേടാ കിട്ടി. നീയൊക്കെ ഒന്ന് പോയി നോക്ക്. അപ്പോഴറിയാം എന്താ കിട്ടുന്നതെന്ന്”- എന്നു പറയാന്‍ വായ തുറന്നതാണ്. പക്ഷേ, പറഞ്ഞില്ല. എങ്ങനെ പറയും? കുഴപ്പം പറ്റിയത് തനിക്കു തന്നയല്ലേ? പുള്ളിക്കോഴി വിഡ്ഢിയാകുമെന്ന് ധരിച്ചു. അവന്‍ വായിലേക്കു ചാടുമെന്നു വിചാരിച്ചു. പക്ഷേ, അവന്‍ ബുദ്ധിമാനായിരുന്നു. ചാടിയത് തന്റെ വായിലേക്കായിരുന്നില്ല. നേരെ മുകളിലുള്ള മരക്കൊമ്പിലേക്ക്! കോഴിമാംസം സ്വപ്‌നം കണ്ട് കണ്ണടച്ചിരിക്കുകയായിരുന്ന തന്റെ മുതുകിനിട്ട് നല്ല വീക്കും കിട്ടി.
പുള്ളിക്കോഴിയെ അത്ര വേഗത്തിലൊന്നും കീഴ്‌പ്പെടുത്താനാവില്ല. ഓര്‍ക്കുമ്പോള്‍ മാനക്കേടും സങ്കടവും സഹിക്കാനാവുന്നില്ല. അവനെ വകവരുത്തിയിട്ടു തന്നെ ബാക്കിക്കാര്യം. കേളു ഉറച്ച തീരുമാനത്തിലെത്തി. പകല്‍ മുഴുവന്‍ അവന്‍ മാളത്തിനകത്ത് ചെലവഴിക്കും. അര്‍ധരാത്രിയായാല്‍ മാളത്തില്‍ നിന്നു പുറത്തിറങ്ങും. പതിയെപ്പതിയെ കോഴിക്കൂടിനടുത്തെത്തും. ഭദ്രമായി അടഞ്ഞു കിടക്കുന്ന കൂടിനു ചുറ്റും മൂന്നുനാലു തവണ പ്രദക്ഷിണം ചെയ്യും. എന്നിട്ട് നിരാശനായി അവിടെ നിന്നു മടങ്ങും. നേരെ വയലിലേക്കു നടക്കും. അവിടെ ഇഷ്ടം പോലെ ഞണ്ടുകളുണ്ടാവും. അവയെ പിടിച്ചു തിന്നും. പിന്നീട് മേലെ കണ്ടത്തെ പാറപ്പുറത്തു കയറി ഉറക്കെ ഓരിയിടും.
അന്നും പതിവുപോലെ അര്‍ധരാത്രിയായപ്പോള്‍ കേളു മാളത്തില്‍ നിന്നിറങ്ങി. നേരിയ നിലാവുണ്ട്. അകലെ കിഴക്കെ ചക്രവാളത്തില്‍ ഇല്ലിക്കാടിനു മുകളിലൂടെ അമ്പിളിക്കല എത്തി നോക്കി. പതിയെപ്പതിയെ നടന്ന് പാറപ്പുറത്തു കയറി. അവിടെ നിന്നു നോക്കിയാല്‍ കോഴിക്കൂട് കാണാം. എന്തോ പന്തികേടുള്ളതു പോലെ തോന്നി. അവന്‍ പാറപ്പുറത്തു നിന്നിറങ്ങി കൂടിനു നേരെ നടന്നു. കൂടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് രംഗനിരീക്ഷണം നടത്തി.
”ഹയ്യട! കൂട് അടച്ചിട്ടില്ല!” കേളു സന്തോഷത്തോടെ തുള്ളിച്ചാടി.
കൂടിന്റെ വാതില്‍ക്കല്‍ നിന്ന് എത്തി നോക്കി. കോഴികളെല്ലാം നല്ല ഉറക്കിലാണ്. മുന്നില്‍ കിടക്കുന്നത് അവന്‍ തന്നെ. തന്റെ ശത്രു പുള്ളിക്കോഴി! അപകടം മണത്തറിഞ്ഞ പുള്ളിക്കോഴി കണ്ണുതുറന്നപ്പോഴേക്കും വൈകിപ്പോയിരുന്നു. അവന്‍ വലിയ ശബ്ദത്തില്‍ കേളുവിന്റെ കൈയില്‍ക്കിടന്നു നിലവിളിച്ചു. അതു കേട്ട് മറ്റു കോഴികളും ഉണര്‍ന്നു നിലവിളിച്ചു.
അത് ആദ്യം കേട്ടത് അമ്മായിയാണ്. ഒരു ഞെട്ടലോടെ അവര്‍ ബെഡില്‍ എഴുന്നേറ്റിരുന്നു. എന്താണത്? കോഴികള്‍ നിലവിളിക്കുന്ന ശബ്ദമല്ലേ? അതു തന്നെ. അതാ അവര്‍ വീണ്ടും കരയുന്നു. ഞെട്ടി വിറച്ച അമ്മായി വേഗം ലൈറ്റിട്ടു. പുറത്തേക്കുള്ള വാതില്‍ തുറന്നു. അവര്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കോഴിക്കൂടിന്റെ വാതില്‍ തുറന്നു കിടക്കുന്നു! കോഴികളെല്ലാം മുറ്റത്തും തൊടിയിലും വെപ്രാളത്തോടെ ചിതറി നടക്കുന്നു! ചിലര്‍ കൂടിനു പുറത്തും മരക്കൊമ്പത്തും കയറി നില്‍പ്പാണ്. അമ്മായി മുറ്റത്തേക്കിറങ്ങി. കോഴികളെ ഓരോരുത്തരെയായി പിടിച്ചു കൂട്ടിലേക്കിടാന്‍ തുടങ്ങി. അപ്പോഴേക്കു എല്ലാവരും ഉണര്‍ന്നു പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
”പടച്ചോനേ! ഞാന്‍ കൂടിന്റെ വാതിലടക്കാന്‍ മറന്നിരുന്നു!” ഉമ്മയും മുറ്റത്തേക്കിറങ്ങി. അവര്‍ ആകെ പരിഭ്രമ ചിത്തയായിരുന്നു. കോഴികളെയെല്ലാം ഒരു വിധം പിടിച്ചു കൂട്ടിലാക്കി. ഒന്നിനെ മാത്രം കാണുന്നില്ല. അത് അനുമോന്റെ പുള്ളിക്കോഴിയാണെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഉപ്പ എല്ലായിടത്തും ടോര്‍ച്ചടിച്ചു നോക്കി. ഇല്ല. അവനെ എങ്ങും കാണുന്നില്ല. ഇനി എന്തു ചെയ്യും?
അനുവിനോട് എന്തു പറയും?
”അനുമോന്റെ കോഴിയെയാണ് കൊണ്ടു പോയത്. ഇനി എന്തു ചെയ്യും?” ഉമ്മ പറഞ്ഞു.
”നിങ്ങള്‍ ബേജാറാവാണ്ടിരി. അവനു പകരം കൊടുക്കാന്‍ ഒരു കോഴിയെ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്.” അമ്മായി പറഞ്ഞു.
”അത് അവന്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.” ഉമ്മ പറഞ്ഞു.
”സമ്മതിപ്പിക്കേണ്ടി വരും. വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.”
”അവനോട് അവകാശികള്‍ വന്നു കൊണ്ടുപോയെന്ന് പറയാം.”
”കളവ് പറയാനൊന്നും ഞാനില്ല. ഏതായാലും സത്യം തെളിയും. അപ്പോള്‍ ഉമ്മയും ഉപ്പയും തന്നോട് കളവ് പറഞ്ഞെന്ന് അവന്‍ മനസ്സിലാക്കും.”
അമ്മായി പറഞ്ഞത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.
”ഇപ്പോള്‍ എല്ലാവരും പോയി ഉറങ്ങിക്കോളി. നേരം വെളുത്താല്‍ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.”
അനുമോന്‍ ഉണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. അമ്മായി അവന്റെ അടുത്തിരുന്ന് തലയും മുതുകും തടവുന്നുണ്ട്. ആ സുഖത്തിലങ്ങനെ കിടന്നതാണ്. അവന്‍ എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു. ഉമ്മയും ഇത്താത്തയുമെല്ലാം അവിടെയുണ്ട്. അവന്‍ ബ്രഷുമായി പുറത്തേക്കു നടന്നു.
”അനൂ, ഇവിടന്ന് പല്ല തേച്ചോ.” ഉമ്മ പറഞ്ഞു.
ഇതെന്താ പതിവില്ലാതെ? അകത്തെ കുളിമുറിയില്‍ നിന്ന് പല്ല് തേച്ചാല്‍ വഴക്കു പറയാറുള്ളതാണ്. അവന്‍ സംശയ ദൃഷ്ടിയോടെ നോക്കി. പുറത്തേക്കു നടന്നു മുറ്റത്തെ പൈപ്പിനടുത്തു നിന്ന് പല്ല് തേക്കാന്‍ തുടങ്ങി. പല്ല് തേക്കുമ്പോള്‍ പുള്ളിക്കോഴി അടുത്തേക്കു വരാറുള്ളതാണ്. ഇന്നെന്താ അവനെ കാണാത്തത്? മറ്റു കോഴികളെല്ലാം മുറ്റത്തും തൊടിയിലും ചിക്കിച്ചികഞ്ഞു നടക്കുന്നുണ്ട്.
”ഉമ്മാ, പുള്ളിക്കോഴി എവിടെ?” അവന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.
”അത് അവിടെ എവിടെയെങ്കിലും കാണും. നീ ഇങ്ങു പോര്.” ഉമ്മ പറഞ്ഞു.
പക്ഷേ, അവന്‍ അങ്ങനെയങ്ങ് പോകാന്‍ തയ്യാറുണ്ടായിരുന്നില്ല. പുള്ളിക്കോഴിയെ കണ്ടേ തീരൂ. ബ്രഷുമായി വീടിനു ചുറ്റും നടക്കാന്‍ തുടങ്ങി. അവിടെയെങ്ങുമില്ല. പിന്നെ എവിടെയായിരിക്കും അവന്‍? അനുമോന്‍ തൊടിയിലേക്കു നടന്നു.
പുള്ളിക്കോഴിയെ ഇനി കാണുകയില്ലെന്ന് ഇവനോട് എങ്ങനെ പറയും? അമ്മായി അവന്റെ ചുമലില്‍ കൈ വച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു വന്നു.
”ഇന്ന് ഞായറാഴ്ചയല്ലേ? ചായയൊക്കെ കഴിച്ച് നമുക്ക് സൗകര്യം പോലെ നോക്കാലോ.”
”നിന്റെ ഒരു കോഴി? എല്ലാ കാലവും മനുഷ്യന്‍ ജീവിക്കുമോ? എന്നിട്ടല്ലേ കോഴി?”
ഇത്താത്തയുടെ ചോദ്യം അവനെ സംശയാലുവാക്കി. പുള്ളിക്കോഴിക്ക് എന്തെങ്കിലും പറ്റിയോ? അവനു കരച്ചില്‍ വന്നു.
”പുള്ളിക്കോഴിയെ കുറുക്കന്‍ പിടിച്ചു. ഇനി അതിനു വേണ്ടി കരയണ്ട. അമ്മായി നിനക്കു പകരം കോഴിയെ കൊണ്ടു തരും.” ഉമ്മ പറഞ്ഞു.
അവനതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്റെ പുള്ളിക്കോഴിയെ കുറുക്കന്‍ പിടിച്ചെന്നോ? അവന്‍ ഉറക്കെ തേങ്ങിക്കരഞ്ഞു. (തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top