നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ മുമ്പ് അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ യുദ്ധദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല” (വി. ഖുര്‍ആന്‍ 3:140)
വിശ്വാസികള്‍ക്ക് ധാരാളം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. ശത്രുക്കളുടെ എതിര്‍പ്പും ശക്തമായ ആക്രമണങ്ങളും പ്രഖ്യാപിത യുദ്ധങ്ങളും നേരിടേണ്ടി വരും. സംഘട്ടനങ്ങളിലും യുദ്ധങ്ങളിലും വിജയവും പരാജയവും ഉണ്ടാകാം.
ബദ്റില്‍ മുസ്‌ലിംകള്‍ക്ക് വലിയ വിജയമുണ്ടായി. എന്നാല്‍ അടുത്ത വര്‍ഷത്തെ ഉഹ്ദില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. വിശ്വാസികള്‍ക്ക് ഈ ദുനിയാവില്‍ സുഖവും വിജയവും മാത്രമേ ഉണ്ടാവൂ എന്ന് അല്ലാഹു പറയുന്നില്ല. ചിലപ്പോള്‍ പരീക്ഷണങ്ങള്‍ കൂടുതലായേക്കാം.
ഉഹ്ദ് യുദ്ധ പാശ്ചാതലത്തിലാണ് മുകളിലെ വചനം ഇറങ്ങുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും പാരാജയം സംഭവിക്കുമ്പോഴും ക്ഷമകേടും ധൈര്യക്ഷയവും ഉണ്ടാവരുത്. വിജയവും തോല്‍വിയും എല്ലാവര്‍ക്കും വരാം. അത് അല്ലാഹുവിന്റെ തീരുമാനമാണ്. യഥാര്‍ഥ വിശ്വാസികളേയും കപട വിശ്വാസികളേയും തിരിച്ചറിയാന്‍ ഇത് സഹായിക്കും. സത്യത്തില്‍ നിലയുറപ്പിക്കാനും രക്തസാക്ഷിത്വം സ്വീകരിക്കാനും ആര്‍ക്കെല്ലാമാണ് വിശ്വാസത്തിന്റെ കരുത്തുള്ളത് എന്ന് അല്ലാഹു പരിക്ഷിക്കാം.
നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കുക എന്നത് അല്ലാഹുവിന് വേണ്ടിയുള്ളതല്ല. ഗുണം ശഹീദാവുന്നവനാണ്. ഒരാള്‍ രക്തസാക്ഷിയാവുന്നതിലൂടെ അതിമഹത്തായ പദവിയാണ് റബ്ബ് അവന് നല്‍കുന്നത്. അത് അറിയുന്ന ശുഹദാക്കള്‍ വീണ്ടും വീണ്ടും രക്തസാക്ഷികളാവാന്‍ കൊതിച്ച് പോകുമെന്ന് നബി(സ) പറയുന്നുണ്ട്. ഇസ്‌ലാമിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും വിശ്വാസ വിശുദ്ധിയും സംസ്‌കരണവും നേടി മാതൃകാ പുരുഷന്മാരായി ജീവിക്കാനും അവര്‍ക്ക് കഴിയും എന്ന ആശയവും കൂടി ‘ശുഹദാക്കളെ സൃഷ്ടിക്കുക’ (സാക്ഷികള്‍) എന്നതിന് കാണാവുന്നതാണ്.
”നിങ്ങള്‍ ഭീരുക്കളാവുകയോ ദു:ഖിക്കുകയോ വേണ്ടതില്ല; നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍” എന്നാണ് അല്ലാഹു ഈ വചനത്തിന്റെ മുന്നില്‍ പറയുന്നത് (3:139). അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിക്കാനും സത്യനിഷേധികളെ ക്ഷയിപ്പിക്കാനും ഉദ്ദേശിക്കുന്നുവെന്നും ഈ വചനത്തെ തുടര്‍ന്ന് പറയുന്നുണ്ട് (3:141).
അതല്ല നിങ്ങളില്‍ നിന്ന് ധര്‍മസമരത്തിലേര്‍പ്പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ കടന്ന് കളയാമെന്ന് നിങ്ങള്‍ കരുതിയിരിക്കുകയാണോ (3:142) എന്നും അല്ലാഹു ചോദിക്കുന്നു.
പരീക്ഷണങ്ങള്‍ അനുഗ്രഹമാണെന്നും ഇതു മാറി വരുമെന്നും അല്ലാഹു ഓര്‍മപ്പെടുത്തുകയാണിവിടെ.