LoginRegister

അനിവാര്യമായ അടച്ചിരിപ്പുകള്‍

സനിയ്യ കല്ലിങ്ങ

Feed Back

ഇന്നോളമാരും കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടുമില്ലാത്ത ഒരു വീട്ടുതടങ്കലിലായിരുന്നു നാമെല്ലാം. നഗ്നനേത്രങ്ങള്‍ക്കദൃശ്യനായ കൊറോണയെന്ന സൂക്ഷ്മാണു ലോകത്തെ വിറപ്പിച്ച് തന്‍റെ കാലടിയിലാക്കിയിരിക്കുകയാണ്. ഭരണകൂടം അനുശാസിക്കുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതോടൊപ്പം അചഞ്ചലമായ ദൈവ വിശ്വാസവും മാനസിക കരുത്തും മുറുകെപ്പിടിച്ചാല്‍ ഈ മഹാമാരിയെയും നമുക്ക് തുരത്തിയോടിക്കാനാവും. നാമറിയാതെ നാമകപ്പെട്ട ഈ ലോക്ക് ഡൗണ്‍ കാലത്തെ ഉല്‍പ്പാദനക്ഷമമാക്കിയെടുക്കാനും അതുവഴി കുടുംബത്തിനും സമൂഹത്തിനും സന്തോഷം പകരാനും നമുക്കാവുമെന്ന് നാം തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലൊ. ഒരേ സമയം പാചകം ചെയ്യുന്നു, കുഞ്ഞിനെ മുലയൂട്ടുന്നു, ഭക്ഷണം വിളമ്പിയൂട്ടുന്നു, ഇസ്തിരിയിടുന്നു, സ്കൂള്‍ ബസിനടുത്തേക്കോടുന്നു, ലാപ് ടോപില്‍ കാര്യങ്ങള്‍ ചെയ്യുന്നു ...! മള്‍ട്ടി ടാസ്കില്‍ അഗ്രഗണ്യയാണെന്ന് തെളിയിക്കുമ്പോഴും ഓരോ കുടുംബിനിയും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വിവരണാതീതം തന്നെയാണ് !
നമുക്കിപ്പോള്‍ ആവോളം സമയമുണ്ട്. ഓരോ ജോലിയും അതിന്‍റേതായ നേരമെടുത്ത് ചെയ്തു പൂര്‍ത്തിയാക്കിയാല്‍ കിട്ടുന്ന സംതൃപ്തിയൊന്നു വേറെത്തന്നെയാണ്. ഈ തടങ്കല്‍ കാലത്തെങ്കിലും അങ്ങനെയൊരു പരീക്ഷണം നമുക്കായിക്കൂടെ !
സുബ്ഹിക്കെഴുന്നേറ്റ് ഉദയസൂര്യന്‍റെ സൗന്ദര്യമറിഞ്ഞു കൊണ്ടൊരു പ്രഭാത നടത്തം. തൊടിയിലും പറമ്പിലുമുള്ള മണ്ണിനെ തൊട്ട്, പൊഴിഞ്ഞു വീണ കിളിത്തൂവലുകളെയും മഞ്ഞുവീണ പുല്‍നാമ്പുകളെയും സ്പര്‍ശിച്ച്, വയല്‍പക്ഷികളുടെ കിളിനാദങ്ങള്‍ കേട്ടു കേട്ടങ്ങനെ...! അടുക്കളയുടെ യാന്ത്രികതയിലേക്കൂളിയിടും മുമ്പേ ഒരു കപ്പു കാപ്പിയുമായി പുറം കോലായയിലൊരിരുത്തം. വിടരാന്‍ വെമ്പുന്ന പൂക്കളെ നുകരാനെത്തുന്ന വണ്ടുകളോടും പൂമ്പാറ്റകളോടും സല്ലപിച്ച്, ഇരുളു മാഞ്ഞ നാട്ടുവഴികളിലെ വിജനതയെ പുല്‍കിയൊരിത്തിരി നേരം... നമ്മുടെ ദിനാദ്യങ്ങള്‍ക്ക് പ്രസരിപ്പേകാന്‍ ഇതൊക്കെത്തന്നെ ധാരാളം!
'ഠവല ുീംലൃ ീള ുമൗലെ' എന്ന പുസ്തകത്തില്‍ പറയുന്നത് 'യലരീാശിഴ ാീൃല യ്യ റീശിഴ ഹലൈ ' എന്നാണ്. 'കൂടുതല്‍ നേടാനായി കുറച്ചു ചെയ്യുക' എന്നര്‍ത്ഥം. ഒരാഴ്ചക്കാലത്തേക്ക് അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് പ്ലാന്‍ ചെയ്ത ജോലികളില്‍ നിന്നൊരെണ്ണം മാത്രം ചെയ്യാതിരിക്കുക. മുഴുവന്‍ ചെയ്തുതീര്‍ക്കാന്‍ ചക്രശ്വാസം വലിക്കുന്നതിന് പകരം ഇത്തിരിയവിടെ ബാക്കി വെക്കുക. ഇനി ചെയ്യാനുള്ള ജോലികള്‍ക്ക് ഉത്സാഹവും ഉന്‍മേഷവും കൂടാനുള്ള തന്ത്രമാണത്രെ ഇത്. ഭൂമിയൊരു ബ്രേക്കിലാണിപ്പോള്‍. പുകയൊഴിഞ്ഞ ജീവവായുവും ബഹളമൊഴിഞ്ഞ തെരുവുകളും മാലിന്യമുക്തമായ നീരുറവകളും ഭൂമിയുടെ തനിമയും താളവും ജൈവികതയും വീണ്ടെടുക്കാനുപകരിച്ചിരിക്കുന്നു. കാലങ്ങള്‍ക്കിപ്പുറത്ത് മൂങ്ങയുടെയും ചീവിടുകളുടേയും മൂളലുകളും തവളകളുടെ കരച്ചിലുകളും നാം കേട്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യന്‍റെ 'സാംസ്കാരിക മാറ്റം' ഭൂമിയുടെ മുറിവുകളെ ഉണക്കുന്നുവെന്നര്‍ത്ഥം.
ഇതുപോലൊരു ബ്രേക്ക് നമ്മളും ആഗ്രഹിക്കുന്നില്ലേ... കുറേയേറെ വര്‍ഷങ്ങള്‍ ആഴത്തിലോടിയതിന്‍റെയൊരു മടുപ്പില്ലേ നമ്മള്‍ക്ക്? ഉണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇടക്കൊരു വിശ്രമം, ചെയ്യുന്ന ജോലിയില്‍ നിന്നൊരു വിട്ടു നില്‍ക്കല്‍ നമുക്കും ആവശ്യമല്ലേ ! നമ്മള്‍ പോലുമറിയാതെ നാമതാഗ്രഹിക്കുന്നില്ലേ ! അടുക്കളയിലെ പാത്രങ്ങള്‍ വീണുടയുന്നത് അവള്‍ക്കൊരിടവേളയുടെ ആവശ്യമുണ്ടെന്നതിന്‍റെ സൂചനയായിക്കാണുന്ന ഒരു ഭര്‍ത്താവിനെ മുമ്പൊരു കഥയില്‍ വായിച്ചതോര്‍ക്കുന്നു. ജീവിച്ചു വളര്‍ന്ന ഗ്രാമാന്തരീക്ഷവും നാട്ടുവഴികളും കൂടെപ്പിറപ്പുകളും ഒത്തുചേര്‍ന്നുള്ള രണ്ടോ നാലോ ദിനങ്ങള്‍ അവള്‍ക്കു സമ്മാനിക്കുന്നത് മാസങ്ങളിലേക്കുള്ള ഊര്‍ജ്ജമാണ്. ഗ്രാഫ് താഴ്ന്നു തീരുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ വീണ്ടും വീണുടയുന്നു!
എന്‍റെ ഭര്‍ത്താവിന്‍റെ ഉമ്മ ഏറെ സ്നേഹനിധിയായിരുന്നു. പതിനാലു മക്കളും അവരുടെ കുടുംബവുമടങ്ങിയ വലിയ തറവാട്ടിലെ കാരണവത്തി. ഉമ്മയെക്കുറിച്ചുള്ള ചില ഓര്‍മച്ചിന്തുകളുണ്ട് ഞങ്ങള്‍ക്ക്. ഓടിയോടി തളരുമ്പോള്‍ ശരീരം സ്വയമൊരു ബ്രേക്ക് എടുക്കുന്നതാവാം... ഉമ്മയ്ക്കിടക്ക് 'കുറുക്കി'ന്‍റെ അസുഖം വരും. കൂ കൂ എന്നുറക്കെ കൂവി ബോധംകെട്ടു വീഴുന്നതാണീ അസുഖം. ഇത്തിരി നേരം കഴിഞ്ഞാല്‍ ബോധം തെളിഞ്ഞ് ഉമ്മ സ്വയം എഴുന്നേറ്റു വരും. അപ്പോള്‍ ബാപ്പിച്ചി ചോദിക്കും.
"ആമിനാ, അനക്കന്‍റെ കുടീലൊന്ന് പോയി വരണോ"ന്ന്.
ഒരു വിരുന്നു പോക്കിനുള്ള ആരവമാണ് മക്കള്‍ക്ക് ഉമ്മയുടെ 'കുറുക്കിളകല്‍'.
എന്‍റെ അയല്‍പക്കത്തെ കദീസാത്ത അഹമ്മദാക്കയോട് വഴക്കടിച്ച് ഇടക്കിടക്ക് തെറ്റിപ്പോകും, ആങ്ങളയുടെ വീട്ടിലേക്ക്. അഹമ്മദാക്കയുടെ കുറ്റവും കുറവുകളും നേരം വെളുക്കുവോളം നാത്തൂനോട് പറഞ്ഞ്, പുലര്‍ച്ചയായാല്‍ വീട്ടില്‍ തിരിച്ചെത്തും. വന്നയുടനെ മകളോടന്വേഷിക്കും, "മഞ്ചേന്‍റെയുള്ളിലെ പിഞ്ഞാണത്തിലെ 'കോയി മുട' ബാപ്പാക്ക് പീങ്ങിക്കൊടുത്തീലേ" ന്ന്.
അഹമ്മദാക്കാനോടുള്ള സ്നേഹം ഇരട്ടിപ്പിക്കാന്‍ കൂടിയാണ് കദീസാത്താക്ക് ഈ യാത്ര. ഈ ലോക്ക്ഡൗണ്‍കാലത്തെ നമുക്കും ഒരു ബ്രേക്കാക്കിയെടുക്കാം. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ നിന്നൊരു ബ്രേക്ക്. വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്നും കുട്ടികള്‍ക്ക് പാഠപുസ്തകത്തില്‍ നിന്നുമാവട്ടെ ബ്രേക്ക്. അടുക്കള ജോലികള്‍ വീട്ടിലെ അംഗങ്ങള്‍ക്ക് കൃത്യമായി വിഭജിച്ചു നല്‍കിയാല്‍ എത്ര രസകരമാവും നമ്മുടെ അടുക്കളകള്‍! ഒച്ചയും ബഹളവും വക്കാണവും നിറഞ്ഞ അകത്തളങ്ങള്‍ വീടിനെ പൂങ്കാവനങ്ങളാക്കുന്നു. മനോഹരമായ പൂമ്പാറ്റകളുള്ള ശലഭോദ്യാനങ്ങള്‍.
ഒത്തൊരുമിച്ചുള്ള നമസ്കാരങ്ങള്‍, ഖുര്‍ആന്‍ പാരായണങ്ങള്‍, തീന്‍മേശകള്‍, സ്നേഹസംഭാഷണങ്ങള്‍.. ജീവിതയാത്രയിലെവിടെയോ നാം മറന്നിട്ട സ്വപ്നങ്ങള്‍ നമുക്കീ നേരത്ത് പൊടിതട്ടിയെടുക്കാം. പണ്ടു പാടിയ പാട്ടുകള്‍ മൂളാനും, പാതി വിരിഞ്ഞ കഥകളും കവിതകളും കുത്തിക്കുറിക്കാനും ഈ തടങ്കല്‍കാലം നമുക്കുപയോഗിക്കാം. മക്കളെ അരികിലിരുത്തി നമ്മുടെ സ്മൃതിപഥങ്ങളിലൂടെ സഞ്ചരിക്കാം. മൂല്യാത്തിലധിഷ്ഠിതമായ ഗുണപാഠകഥകളും നബി ചരിതങ്ങളും മുത്തശ്ശിക്കഥകളും കുട്ടികള്‍ക്കോതി കൊടുക്കാം.
നമുക്കും മക്കള്‍ക്കും വായന വളര്‍ത്താനുള്ള നേരം കൂടിയാണിത്. ഫോണ്‍മാനിയയില്‍ നിന്നും വായനയുടെ ലഹരിയിലേക്ക് കുട്ടികളെ തിരിച്ചെത്തിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കുള്ള അശ്ലീല ചാനലുകള്‍ ലോക്ക്ഡൗണില്‍ അധികരിച്ചിട്ടുണ്ടെന്ന വാര്‍ത്ത വേദനാജനകമാണ്. അതുകൊണ്ടുതന്നെ കൊറോണക്കെതിരെയുള്ള ജാഗ്രത മക്കളുടെ കാര്യത്തിലും നാം നിലനിര്‍ത്തുക. പ്രായമായവരെ കേള്‍ക്കാനും പരിഗണിക്കാനുമുള്ള പരിശീലനം കൂടി കുട്ടികള്‍ക്കു നല്‍കാന്‍ നാം ശ്രദ്ധിക്കണം.പുതു തലമുറയെ ദയയും കാരുണ്യവുമുള്ളവരാക്കാന്‍ നമുക്കേ കഴിയൂ. 'നെല്ലുണ്ടാകുന്ന മരം' ഏതെന്നറിയാത്തവരാണ് ന്യൂ ജന്‍ മക്കള്‍. സ്കൂളുകളില്‍ നിന്നുള്ള ഫീല്‍ഡ് ട്രിപ്പുകളില്‍ കൂടുതലുമിപ്പോള്‍ വയലുകളിലേക്കാണ്. തൊട്ടപ്പുറത്തുള്ള വയല്‍ വരമ്പിലൂടെ മക്കളുടെ വിരല്‍ തൊട്ടുള്ള നടത്തം. നെല്‍കൃഷിയെയും മറ്റും പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മകളിലൊരു ഞാറ്റു പാട്ടിന്‍റെയീണം കേള്‍ക്കുന്നില്ലേ... ചെറുതോട്ടിലെ പരല്‍ മീനുകള്‍ കാലുകളിലിക്കിളിക്കൂട്ടുന്ന നേരങ്ങള്‍ ഓര്‍മച്ചില്ലില്‍ തട്ടിയുണരുന്നില്ലേ...
കുട്ടികള്‍ മണ്ണിന്‍റെ ഗന്ധമറിയട്ടെ. അടുക്കളത്തോട്ടത്തെ പരിപോഷിപ്പിക്കാനും വിഷ രഹിത പച്ചക്കറിയുടെ രുചി തിരിച്ചറിയാനും അവര്‍ പരിശീലിക്കട്ടെ.
മുറ്റത്തെ ചക്കരമാവിന്‍ കൊമ്പിലൊരൂഞ്ഞാലിടാം. ഇളം കാറ്റിലുതിര്‍ന്നു വീഴുന്ന നാട്ടുമാങ്ങയുടെയും പറങ്കിമാങ്ങാ നീരില്‍ ശര്‍ക്കരയിട്ടു കുറുക്കിയ 'കടിച്ചാ പറിച്ചി'യുടെയും മാധുര്യം കുട്ടികളനുഭവിക്കട്ടെ. ചുട്ട ചക്കക്കുരുവിന്‍റേയും പറങ്കിയണ്ടിയുടെയും മദിപ്പിക്കുന്ന ഗന്ധമവര്‍ ആസ്വദിക്കട്ടെ...! അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന നബിവചനം ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. പോയ കാലത്തിന്‍റെ നേരും നന്മകളും രുചിഭേദങ്ങളും കുട്ടികള്‍ അനുഭവിച്ചറിയട്ടെ.
തടങ്കല്‍കാലമെന്നു വിശേഷിപ്പിക്കുന്ന ഈ ഇരുണ്ട കാലത്തെ നമുക്ക് വെളിച്ചമാക്കി മാറ്റാം. സ്വയം പ്രകാശിക്കുന്നതോടൊപ്പം പ്രകാശം ചൊരിയാനും നമുക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു... .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top