LoginRegister

അമൃതായ് ഒഴുകുന്ന ഒമാനിലെ വാദികള്‍

ഹാറൂന്‍ കക്കാട്

Feed Back

ഒമാനിലെ ഒരു വാദിയുടെ മടിയില്‍ തലചായ്ച്ചാണ് കഴിഞ്ഞ ഡിസംബറിലെ ഒരാഴ്ചക്കാലം അന്തിയുറങ്ങിയത്. മസ്കത്തിലെ വാദി അല്‍കബീറിലെ ജലപ്രവാഹങ്ങള്‍ക്ക് എത്രയോ കാലം സാക്ഷിയായ സൂഖ് അല്‍ ജുമുഅ റോഡിലെ ബൈത്തുല്‍ വാഫിയിലാണ് സുഹൃത്ത് മുബാറക് കോട്ടാടിയുടെ ഫ്ളാറ്റ്. ഒമാനിലെ പ്രകൃതിഭംഗിയും കൗതുകങ്ങളും പകലും രാവും ഭേദമില്ലാതെ ആസ്വദിച്ച ശേഷം പിന്നീട് സുഖനിദ്ര വാദിയുടെ ഓരത്തുള്ള ഈ കെട്ടിടത്തിലായിരുന്നു. ഇതര രാജ്യങ്ങളില്‍നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍. മഴവില്ലഴക് പോലെ ചേതോഹരമായ ഇവിടുത്തെ പ്രകൃതിയെ ഒരു തരത്തിലും അവര്‍ വേദനിപ്പിക്കില്ല എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. മിക്ക രാജ്യങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അഭിമാനാര്‍ഹമായ ഒരു പൊന്‍തൂവല്‍ കൂടിയാണിത്. ഞങ്ങള്‍ മസ്കത്തിലെ വാദി അല്‍ കബീറില്‍ നിന്ന് ഖന്‍ദബിലേക്ക് പോവുമ്പോള്‍ മധ്യാഹ്ന വെയിലിന് ഒട്ടും ചൂടുണ്ടായിരുന്നില്ല. പടുകൂറ്റന്‍ പര്‍വതങ്ങള്‍ക്കിടയില്‍ പെരുമ്പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന ഇവിടുത്തെ നിരത്തുകളിലൂടെയുള്ള യാത്ര എല്ലാവര്‍ക്കും പെരുത്തിഷ്ടമാവും. ഗള്‍ഫ് ഒമാന്‍ കടല്‍ത്തീരത്തോട് ചേര്‍ന്നാണ് മുബാറക് കോട്ടാടി വാഹനം നിര്‍ത്തിയത്. തൊട്ടരികെ പഴയ കാലത്തെ ഏതാനും അറബി വീടുകള്‍ കാണാം. എന്തൊരു ഭംഗിയാണ് ഇവിടുത്തെ കല്ലുകള്‍ക്ക്! പ്രണയിനികളെപ്പോലെ ഒട്ടിപ്പിടിച്ചും ചിലത് ഇളകിമറിഞ്ഞും കിടക്കുന്നു. ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ടാവും. ആധുനികത കടന്നുവരാത്ത കാലത്ത് മലയിടുക്കുകളില്‍ കൂടാരങ്ങളും മണ്‍വീടുകളും പണിതെടുത്ത് ജീവിതം നെയ്തെടുത്തവരാണ് അറബ് ജനത. ഈ താഴ്വരയില്‍ ആദിമ ജനവിഭാഗമായ ബദുക്കളുടെ ജീവിതത്തിന്‍റെ സംസ്കൃതികള്‍ ഒത്തിരിയുണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ ചെറുതെന്ന് തോന്നുമെങ്കിലും അകത്ത് അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള സൗകര്യം ഏറെയുണ്ട് കല്ലുകളില്‍ തീര്‍ത്ത ബദുക്കളുടെ പഴയ വീടുകള്‍ക്ക്. അകത്ത് സാധനങ്ങള്‍ വെക്കാനുള്ള തട്ടുകളും പുറത്ത് പുല്ലും ആയുധങ്ങളും സൂക്ഷിക്കാനുള്ള അറകളും കല്ലുകള്‍കൊണ്ട് മനോഹരമായി പണിതിരിക്കുന്നു. കൂട്ടത്തോടെ ആയിരുന്നു അവരുടെ ജീവിതം. വീടുകള്‍ക്ക് സമീപം നമസ്കരിക്കാനുള്ള പള്ളിയും പണിതിരുന്നു. തണുപ്പ് കാലത്ത് പള്ളിക്കകത്തും ചൂടുകാലത്ത് പുറത്തുനിന്നുമായിരുന്നു അവര്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചിരുന്നത്. വാദികളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമായിരുന്നു അവരുടെ ജീവനാഡി.
ആദിമ മന്‍ഷ്യര്‍ ജീവിതം നിലനിര്‍ത്താന്‍ വേണ്ടി നദീതടങ്ങളില്‍ സ്ഥിരതാമസമാക്കിയതിന് പോയകാലം സാക്ഷിയാണ്. ലോകത്തെ ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഉറവിടമായിത്തീര്‍ന്നത് നദീതടങ്ങളായിരുന്നു. ജീവന്‍റെ നിലനില്‍പ്പിന് ജലത്തിനുള്ള പ്രാധാന്യമാണ് ഇത് പ്രകടമാക്കുന്നത്. വെള്ള സ്രോതസ്സുകളെ ചുറ്റിപ്പറ്റിയാണ് മനുഷ്യരുടെ ജീവിതം വളര്‍ന്നുവരുന്നത്. വാദികളുമായി ഒമാനികള്‍ക്കുള്ള ബന്ധവും നദീതട സംസ്കാരങ്ങളുടെ പ്രാധാന്യങ്ങളിലേക്ക് വെളിച്ചം പകരുന്നതാണ്. വാദികള്‍ വഴിമാറ്റുന്ന ജീവിതം
വാദി എന്ന അറബി പദത്തിന് താഴ്വര എന്നാണ് അര്‍ത്ഥം. എന്നാല്‍ പുഴ എന്ന അര്‍ത്ഥത്തിലാണ് ഒമാനില്‍ വാദി എന്ന പദമുപയോഗിക്കുന്നത്.
വാദികള്‍ എന്നറിയപ്പെടുന്ന പ്രകൃതിജന്യ നീര്‍ച്ചാലുകള്‍ നമ്മുടെ നാട്ടിലെ ചെറുനദികള്‍ക്കും തോടുകള്‍ക്കും സമാനമാണ്. വാദികള്‍ ഒമാനികളുടെ ജീവിതത്തില്‍ നിറഞ്ഞാടുന്ന ഒരു സംസ്കൃതിയാണ്. രണ്ടുതരം വാദികള്‍ ഇവിടെ കാണാം. മലമുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ചെറിയ അരുവികളാണ് ഒന്ന്. കാലാകാലം ഈ സ്രോതസ്സില്‍ നിന്ന് വെള്ളം ലഭിക്കും. ഇതിനെ അവലംബിച്ച് ഒമാനിലെ ചില പര്‍വതങ്ങള്‍ക്കിടയില്‍ ഇപ്പോഴും ചെറിയ ഗ്രാമങ്ങളും കൃഷികളുമൊക്കെ നടന്നുവരുന്നുണ്ട്. ചില താഴ്വാരങ്ങള്‍ക്കിടയില്‍ ഒരിക്കലും വറ്റാത്ത തടാകങ്ങളും ഉണ്ട്. സന്ദര്‍ശകരാല്‍ നിബിഢമായ ഇത്തരം ഏഴ് പ്രശസ്ത വാദികള്‍ ഒമാനിലുണ്ട്. കുന്നുകള്‍ക്ക് മുകളില്‍ നിന്ന് കുതിച്ചെത്തുന്ന വെള്ളം അതിശക്തമായൊഴുകി രൂപം കൊള്ളുന്ന ചെറുതും വലുതുമായ പുഴകളാണ് മറ്റൊരു വാദി. ഇത് റോഡുകളും അങ്ങാടികളും ഭേദിച്ച് കുറെ ഒഴുകും. വലിയ വാദികളുടെ ഒഴുക്ക് കടലില്‍ ചെന്നാണവസാനിക്കുക. ഈ വാദികളില്‍ എല്ലാ കാലത്തും വെള്ളമുണ്ടാവില്ല. ഇതിലെ ജലപ്രവാഹം താല്‍ക്കാലികമാണ്. വെള്ളം വറ്റിയാല്‍ ഇതിലെ ചില ഭാഗങ്ങള്‍ പൊതുനിരത്തുകളായും മറ്റും ഉപയോഗിക്കും. അതിനാല്‍ തന്നെ ചെറിയ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വാദിയില്‍ വെള്ളമെത്തുമ്പോള്‍ മരണമുള്‍പ്പടെ പല ദുരന്തങ്ങളും സംഭവിക്കും. വലിയ വാഹനങ്ങളെയും മനുഷ്യരെയും നിമിഷ നേരം കൊണ്ട് വാദികള്‍ ഇല്ലാതാക്കും. ഇതിനെ മറികടക്കാന്‍ പട്ടണങ്ങളിലൂടെ കടന്നുപോകുന്ന വാദികള്‍ക്ക് കുറുകെ ഇപ്പോള്‍ ശക്തമായ കോണ്‍ക്രീറ്റ് പാലങ്ങള്‍ സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്.
കണ്ണടച്ചു തുറക്കുന്ന വേഗതയിലാവും വരണ്ടുണങ്ങിയ വാദി കലിതുള്ളി ഒഴുകുന്ന പുഴയായ് മാറുന്നത്. ഋതുഭേദങ്ങളില്‍ വിസ്മയകരമായ ഒരു കാഴ്ചയാണിത്. മലനിരകള്‍ക്കിടയിലെയും പട്ടണങ്ങളിലേയും മനോഹരമായ നിരത്തുകള്‍ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴയായ് മാറുന്ന കാഴ്ച ഒമാനികള്‍ക്ക് ഒട്ടും പുതുമയല്ല. മലമുകളില്‍ നിന്ന് ജലപ്രവാഹം ഉദ്ഭവിക്കുന്നതോടെ അതിശീഘ്രം വാഹനങ്ങള്‍ ഓടിയിരുന്ന നിരത്തുകള്‍ പൊടുന്നനെ ഇല്ലാതാവും. കാലികള്‍ മേയുന്ന പുല്‍മേടുകള്‍ അപ്രത്യക്ഷമാവും. ചെറുതും വലുതുമായ തണല്‍മരങ്ങളുടെ നീണ്ടനിര വേരോടെ പിഴുതെറിയപ്പെടും. മരങ്ങള്‍ക്ക് ചേലചുറ്റിയ വള്ളിപ്പടര്‍പ്പുകള്‍ നെടുവീര്‍പ്പിടും. പൂക്കാനും കായ്ക്കാനുമൊരുങ്ങുന്ന കാട്ടുചെടികള്‍ ചതഞ്ഞരയും. പുല്‍നാമ്പുകളിലിരുന്നും ചാടിയും പറന്നും കളിക്കുന്ന ചിത്രശലഭങ്ങളെയും ചില്ലകളില്‍ കൂടൊരുക്കിയ പക്ഷികളെയും വെള്ളത്തുള്ളികള്‍ നക്കിത്തുടച്ചുകളയും. പ്രകൃതി കവിത വിരിയിച്ച വാദികളിലെ സുന്ദരകാഴ്ചകള്‍ നിമിഷങ്ങള്‍ക്കകം ഭീതിയുടേയും ആധിയുടേയും ഭീമാകാര രൂപം പ്രാപിക്കും. ചില നേരങ്ങളില്‍ ഇവിടുത്തെ വാദികള്‍ക്ക് മരണത്തിന്‍റെ ഗന്ധമാണ്. നിനച്ചിരിക്കാതെ അവള്‍ കോപത്തിന്‍റെ നൃത്തമാടും. എന്നാല്‍ വാദി കണ്ട് പേടിക്കുന്നവരല്ല ഒമാനികള്‍. വാദികള്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഒമാനിലെ ഗുബ്റ ഏരിയയിലെ വലിയ വാദിയില്‍ വെള്ളം നിറയുമ്പോള്‍ ഒമാനികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി പലപ്പോഴും നേരില്‍ കണ്ട അനുഭവമുണ്ട് പ്രശസ്ത എഴുത്തുകാരിയായ സപ്ന അനു ബി.ജോര്‍ജിന്. പതിനാല് വര്‍ഷമായി ഈ വാദിയുടെ അടുത്താണ് സപ്ന കുടുംബസമേതം താമസിക്കുന്നത്. ഈ വാദി നേരെ ചെന്നെത്തുന്നത് കടലിലാണ്. ചെറിയൊരു മഴ പെയ്താല്‍ വെള്ളം നിറയുന്ന വാദികളിലൂടെ വാഹനത്തില്‍ സഞ്ചരിക്കാനും വെള്ളത്തില്‍ ഇറങ്ങിനടക്കാനും ചെറിയ തുരുത്തുകളില്‍ ഇരുന്ന് ആഹാരം കഴിക്കാനുമൊക്കെ അവര്‍ പ്രകടിപ്പിക്കുന്ന അത്യുത്സാഹം ഈ എഴുത്തുകാരിയെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. വാദിയില്‍നിന്ന് ചിലര്‍ വെള്ളം ശേഖരിക്കും. വിനോദത്തിന് വരുന്ന പ്രതീതിയോടെയാണ് മറ്റു ചിലര്‍ എത്തുക. അപകടങ്ങള്‍ പലതും ഉണ്ടാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒമാന്‍ റോയല്‍ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതെന്ന് സപ്ന അനു ബി.ജോര്‍ജ് പറയുന്നു.
മഴയെ തുടര്‍ന്ന് വാദികളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയും ചെയ്ത ഒട്ടേറെ സന്ദിഗ്ദ ഘട്ടങ്ങള്‍ ഒമാനില്‍ കഴിഞ്ഞുപോയിട്ടുണ്ട്. എത്രയോ പേരുടെ മരണത്തിന് ഇതു കാരണമായിട്ടുണ്ട്. കോടിക്കണക്കിനു റിയാലിന്‍റെ നാശനഷ്ടങ്ങള്‍ക്ക് രാജ്യം മൂകസാക്ഷിയായിട്ടുണ്ട്. റോഡുകള്‍ ഏറെക്കുറെ തകരും. ഇലക്ട്രിക് പോസ്റ്റുകള്‍ വന്‍തോതില്‍ നിലം പൊത്തും. രാജ്യത്തെ ഡാമുകള്‍ നിറയും. വാദികള്‍ കരകവിഞ്ഞൊഴുകി റോഡുകള്‍ പുഴകളാവും. അപകടങ്ങള്‍ ഏറെയും വാഹനങ്ങള്‍ വാദികള്‍ മുറിച്ചുകടക്കുമ്പോഴാണ് ഉണ്ടാവുന്നത്. കനത്ത മഴയുണ്ടാവുമ്പോള്‍ വാദികള്‍ മുറിച്ചുകടക്കുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയാലും ചിലരത് അവഗണിക്കും. ഒമാനികളുടെ ജീവിതത്തില്‍ അല്‍ ഫലജ് എന്ന പദത്തിന് വല്ലാത്ത കുളിരാണ്. മലമുകളില്‍ നിന്ന് വരുന്ന പ്രകൃതിദത്തമായ ജലം കുടിക്കാനും കൃഷിക്കും തുടങ്ങി മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പരമ്പരാഗത മനുഷ്യനിര്‍മിത നീര്‍ച്ചാലുകളാണ് അല്‍ ഫലജ്. സര്‍ക്കാറിന്‍റെ പൈപ്പ് ലൈന്‍ വഴിയുള്ള ജലവിതരണ സംവിധാനമില്ലാത്ത പ്രദേശങ്ങളില്‍ വാദികളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മലമുകളില്‍നിന്നുള്ള ജലത്തിന്‍റെ ഉത്ഭവം മുതല്‍ തട്ടുതട്ടായി ക്രമീകരിക്കുകയും കൃഷിസ്ഥലങ്ങളിലേക്കും മറ്റും കൃത്യമായ അളവില്‍ യാതൊരു സാങ്കേതിക സഹായങ്ങളുമില്ലാതെ വെള്ളം എത്തിക്കുകയും ചെയ്യുന്ന ഈ രീതി കൗതുകകരമാണ്. പലരുടെയും വീടിന്‍റെ അകത്തേക്ക് വരെ ഇങ്ങനെ ശുദ്ധമായ വെള്ളമെത്തിക്കുന്നുണ്ട്. ഒമാനിലെ ഒരു ഗ്രാമത്തില്‍ മാത്രം പത്തോളം ചെറിയ വാദികളുണ്ടാവും. വാദികളില്‍
മരണം നേര്‍ക്കുനേര്‍
കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് വാദിയില്‍ രൂപം കൊള്ളുന്ന ജലപ്രവാഹത്തില്‍ അകപ്പെട്ട് നിരവധിപേര്‍ ഓരോ വര്‍ഷവും ഒമാനില്‍ മരിക്കാറുണ്ട്. അത്തരം ദാരുണമായ ദുരന്തങ്ങളില്‍ സ്വദേശിയും വിദേശിയും ഉള്‍പ്പെടുന്നു. ഈ കഴിഞ്ഞ മാര്‍ച്ചിലും രണ്ട് മലയാളി പ്രവാസികള്‍ വാദിയില്‍ അകപ്പെട്ട് മരണപ്പെട്ടു. മസ്കത്തില്‍നിന്ന് ഇരുനൂറ്റിയമ്പതോളം കിലോമീറ്റര്‍ അകലെ ഇബ്രക്കടുത്ത ഖുബാറ വാദിയിലായിരുന്നു ഈ ദുരന്തം സംഭവിച്ചത്. അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം സ്വദേശി സുജിത്ത് ഗോപി, കണ്ണൂരിലെ വിജീഷ് എന്നിവരാണ് വാദി ദുരന്തത്തില്‍ ഏറ്റവും അവസാനമായി ഒമാനില്‍ മരിച്ചത്. വാഹനത്തില്‍ സഞ്ചരിക്കവേ വാദി മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചതിനെ തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രണ്ടുപേരേയും രക്ഷിക്കാനായില്ല. ഇതേ ദിവസം തന്നെ ഇതിന് സമീപത്തെ മറ്റൊരു വാദിയില്‍ അല്‍ മഹാ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷും ഒഴുക്കില്‍പ്പെട്ടിരുന്നു. വാഹനം നഷ്ടമായെങ്കിലും അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസവക്ക് സമീപം ബര്‍ക്കത്ത് മൂസില്‍ വാദിയില്‍ മലയാളികള്‍ ഉള്‍പ്പടെ മൂന്ന് വാഹനങ്ങളിലെ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. വാദി മുറിച്ചുകടക്കവേ മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് പെട്ടെന്ന് നിന്നുപോവുകയും ഈ സമയത്തുണ്ടായ ശക്തമായ ഒഴുക്കില്‍ മൂന്ന് കാറുകള്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ബനീ ഖാലിദിലെ വാദിയില്‍ ഒഴുക്കില്‍പെട്ട ഹൈദരബാദ് സ്വദേശിയുടെ കുടുംബത്തിനും ദാരുണമായ അന്ത്യമാണുണ്ടായത്. മലമുകളിലെ
മനോഹര ഗ്രാമങ്ങള്‍
മാന്‍ ബുക്കര്‍ പ്രൈസ് ഇന്‍റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൂഖ അല്‍ഹാരിസിയുടെ സയ്യിദാത്തുല്‍ ഖമര്‍ എന്ന നോവലില്‍ ഒമാന്‍ ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളാണ് ഇതള്‍വിരിയുന്നത്. ഒമാന്‍ സ്വദേശിനിയായ ജൂഖ തന്‍റെ രാജ്യത്തെ അല്‍വാഫി എന്ന ഗ്രാമത്തിലെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനാര്‍ഹമായ കാര്യങ്ങള്‍ ഈ കൃതിയില്‍ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. പഴയകാലത്തെ ഒമാനിലെ അടിമക്കച്ചവടം, ദോഫാര്‍ യുദ്ധം, പ്രസിദ്ധമായ സീബ് കരാര്‍, ജബല്‍ അഖ്ദര്‍ കേന്ദ്രീകരിച്ചുള്ള ഒളിയുദ്ധങ്ങള്‍ തുടങ്ങിയവ നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആധുനിക ഒമാനിന്‍റെ മാറ്റങ്ങള്‍ അല്‍വാഫി ഗ്രാമത്തിലൂടെ നോവലിസ്റ്റ് വരച്ചുകാണിക്കുന്നു. ഒമാനികളുടെ ജീവിത സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ച വാദികള്‍ ഈ എഴുത്തുകാരിയുടെ രചനകളെയും ധന്യമാക്കിയിട്ടുണ്ട്. ഒമാന്‍ മലനിരകള്‍ക്കിടയില്‍ പലയിടങ്ങളിലായി ചെറിയ ഗ്രാമങ്ങള്‍ ഇപ്പോഴും സജീവമാണ്. ചെങ്കല്ലിന്‍റെ നിറമുള്ള ചില മലകള്‍ക്ക് ഈജിപ്തിലെ പിരമിഡുകളുടെ രൂപഭാവങ്ങളാണ്. മസ്കറ്റില്‍നിന്ന് നൂറ്റിയമ്പത് കിലോമീറ്റര്‍ അകലത്തില്‍ തെക്ക് ബാത്തിന പ്രവിശ്യയിലെ നഖലില്‍ സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരം അടി മുകളിലാണ് വാകന്‍ എന്ന ഗ്രാമമുള്ളത്.
ഇങ്ങോട്ടേക്കുള്ള യാത്രകള്‍ സാഹസികമാണ്. ചെങ്കുത്തായ കയറ്റവും മലയിടുക്കുകളുടെ ഇടയിലൂടെയുള്ള ചെറിയ വഴികളും കടന്നുവേണം ഇത്തരം ഗ്രാമങ്ങളിലെത്താന്‍. വലിയ പാറക്കെട്ടുകള്‍ ഏത് നിമിഷവും അടര്‍ന്ന് വീഴുമോയെന്ന് തോന്നിപ്പിക്കും. അറബികളുടെ സംസ്കാരവും പഴമയും വിളിച്ചോതുന്ന വീടുകള്‍ ഇവിടുത്തെ പ്രത്യേക ആകര്‍ഷണമാണ്. കൃഷി ഫാമുകളും വാദികളും ആഴമുള്ള കുളങ്ങളുമെല്ലാം ഇത്തരം ഗ്രാമങ്ങളിലെ അത്യാകര്‍ഷകങ്ങളാണ്.
മസ്കറ്റ് നഗരത്തിന്‍റെ ഭാഗമായ റുവി, അല്‍ ഖുറം തുടങ്ങിയ മേഖലകളില്‍ അല്‍ ഹജ്ജാര്‍ മലനിരകള്‍ ഒമാന്‍ ഉള്‍ക്കടലിനെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. കടലും മലയും സംഗമിക്കുന്ന അപൂര്‍വതയാണ് മസ്കറ്റ് നഗരത്തിന്‍റെ മനോഹാരിത! മസ്ക്കറ്റില്‍നിന്നു നൂറ്റിയമ്പത് കിലോമീറ്റര്‍ ദൂരെയാണ് ചരിത്ര പ്രാധാന്യമുള്ള ജബല്‍ അഖ്ദര്‍ മലനിരകള്‍ സ്ഥിതിചെയ്യുന്നത്. ഒട്ടകങ്ങളുടെ വിഹാരകേന്ദ്രമായ ജബല്‍ അഖ്ദര്‍ മേഖലയിലെ ജബല്‍ ശംസാണ് ഒമാനിലെയും കിഴക്കന്‍ അറേബ്യയിലേയും ഏറ്റവും ഉയര്‍ന്ന ഭൂഭാഗം. സമുദ്രനിരപ്പില്‍ നിന്ന് മൂവ്വായിരത്തിലേറെ കിലോമീറ്റര്‍ ഉയരത്തിലാണ് ജബല്‍ ശംസ്. രുചികരമായ മാതളം, നാരങ്ങ, ആപ്രിക്കോട്ട്, പീച്ച്, വാല്‍നട്ട്, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, സുഗന്ധദ്രവ്യങ്ങളുണ്ടാക്കാനുപയോഗിക്കുന്ന പനിനീര്‍ച്ചെടികള്‍, ചോളം തുടങ്ങിയവയെല്ലാം ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. പതിനയ്യായിരത്തിലേറെ വരുന്ന ജബല്‍ അഖ്ദറിലെ സ്ഥിരവാസികളില്‍ ഭൂരിഭാഗവും പുരാതന അറബിക് ഗോത്രത്തില്‍പ്പെട്ട അല്‍ റിയാമി കുടുംബത്തില്‍പ്പെട്ടവരാണ്. പര്‍വതനിവാസികളുടെ പുതുതലമുറക്കാരില്‍ മിക്കവരും തൊഴില്‍പരമായ കാര്യങ്ങള്‍ക്കായി ഇബ്ര പോലെയുള്ള താഴ്വരയിലെ പട്ടണങ്ങളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.
മലയിടുക്കുകള്‍ക്കിടയിലാണ് ജബല്‍ അഖ്ദറിലെ ചെറിയ ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നത്. വാദി ബനി ഹബീബ്, സയീഖ്, അല്‍ മനാഖര്‍, അല്‍ അയ്ന്‍, കോട്ടോം അല്‍ ഹെയ്ല്‍, അല്‍ ഷുറെജ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഗ്രാമങ്ങള്‍ ഒമാന്‍ സംസ്കൃതിയുടെ പരിഛേദമായി നിലകൊള്ളുന്നവയാണ്. ജബല്‍ അഖ്ദറില്‍നിന്ന് മുന്നൂറോളം വാദികള്‍ ഉത്ഭവിക്കുന്നുണ്ട്. ഇവയില്‍ ചിലതില്‍നിന്ന് വളരെ ദൂരെയുള്ള പട്ടണങ്ങളിലേക്ക് പോലും വെള്ളമെത്തുന്നുണ്ട്. ഇവിടുത്തെ ഗ്രാമങ്ങളെല്ലാം തന്നെ വിവിധയിനം പഴങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങളാല്‍ സമ്പന്നമാണ്. മരുഭൂമിയിലെ പനിനീര്‍ പുഷ്പം ജബല്‍ അഖ്ദര്‍ മേഖലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി കൃഷിചെയ്യുന്നു.
സുഗന്ധപൂരിതമായ ഈ പുഷ്പങ്ങള്‍ റോസ് വാട്ടര്‍ ഉല്‍പ്പാദനത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും വീടുകളില്‍ സുഗന്ധം പരത്താനും കഹവയുടെയും ഹല്‍വയുടെയും രുചി വര്‍ധിപ്പിക്കാനും പനിനീര്‍ ഉപയോഗിക്കും. തലവേദനക്ക് പരിഹാരമായി നെറ്റിയില്‍ പുരട്ടാനും കുടലിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ പാനീയമായും ഇത് നല്ലൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്. പര്‍വ്വതങ്ങള്‍ക്കും കൊച്ചുമലകള്‍കള്‍ക്കും ഇടയില്‍ മരുഭൂമിയിലെ വെള്ളം അണകെട്ടി നിര്‍ത്തി ഉപയോഗപ്പെടുത്തുകയാണ് ഒമാന്‍ സര്‍ക്കാര്‍. പരിസരവാസികളായ ജനങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്താനും ഇത് സഹായകരമാവും. മസ്കറ്റ് ഖുറിയാത്തിലെ വാദി ദായിഖ ഡാം പോലെയുള്ളവ പ്രത്യേക നിരീക്ഷണങ്ങളോടെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
വാദികള്‍ ഒമാന്‍ എന്ന രാജ്യത്തിന് കരുതലൊരുക്കിയത് എത്രമേല്‍ അനുഗ്രഹീതവും മനോഹരവുമാണ് ! മനുഷ്യര്‍ക്ക് വേണ്ടി പ്രപഞ്ചത്തിന്‍റെ വിലമതിക്കാനാവാത്ത കയ്യൊപ്പുകള്‍ ഇങ്ങനെ എത്രയെത്ര....! ഒരിക്കലും പറഞ്ഞുതീരില്ല ഒമാനില്‍ പ്രകൃതിയൊരുക്കിയ ചന്തമുള്ള കാഴ്ചകളുടെ കൗതുകങ്ങള്‍..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top