LoginRegister

അടച്ചിരുപ്പുകാലത്തെനോമ്പും പെരുന്നാളും

എ ജമീല ടീച്ചര്‍

Feed Back

രാജ്യം അടച്ചുപൂട്ടിയതിന്‍റെ വിമ്മിഷ്ടത്തിലേക്കാണ് ഇക്കുറി റമദാനും പെരുന്നാളും വിരുന്നുവന്നത്. മുമ്പെങ്ങും ആര്‍ക്കുമുണ്ടായിട്ടില്ലാത്ത ഒരു പുതിയ അനുഭവം കൂടിയാണിത്. സഞ്ചാര സ്വാതന്ത്ര്യത്തോടൊപ്പം ആരാധനാലയങ്ങള്‍ക്ക് കൂടി കൂച്ചുവിലങ്ങ് വീണപ്പോഴാണ് നോമ്പുകാരന്‍ ശരിക്കും അന്ധാളിപ്പിലായത്. റമദാനിലെ പുണ്യം പൂത്തുലയാറുള്ളത് അധികവും പള്ളികളിലായിരിക്കുമല്ലോ. ബാക്കി പതിനൊന്ന് മാസവും പള്ളിയുമായി മുഖം തിരിച്ചിരിക്കാറുള്ളവരും റമദാന്‍ വന്നാല്‍ പള്ളിയില്‍ സജീവമാകും. സത്യവിശ്വാസിയുടെ മനസ്സിന്‍റെ ഒരു ഉള്‍വിളിയാണ് പള്ളി. മിക്കവാറും പള്ളിപ്പറമ്പിലെ ആറടി മണ്ണായിരിക്കും അവന്‍റെ അന്ത്യഗേഹവും. അതുകൊണ്ടായിരിക്കാം പള്ളികളുമായി ഇഴപിരിയാത്ത ഒരു ബന്ധം സത്യവിശ്വാസികള്‍ക്കുണ്ടാകുന്നത്. ഇക്കുറി അടച്ചുപൂട്ടപ്പെട്ട പള്ളി മിഹ്റാബുകളുടെ തേങ്ങിക്കരച്ചില്‍ കേട്ടുകൊണ്ടാണ് റമദാന്‍ കടന്നുവന്നത്. ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത നിസ്സഹായാവസ്ഥ. മുമ്പില്‍ കൊറോണ വൈറസ്. പിമ്പില്‍ ലോക്ക്ഡൗണ്‍. എന്നിട്ടും വിശ്വാസികള്‍ പതറിയിട്ടില്ല. ഉള്ളത് ഓണമാക്കി അവന്‍ റമദാനിനെ വരവേറ്റു. വീടുകള്‍ ആരാധനാലയങ്ങളാക്കി അവന്‍ റമദാനിന് മനസ്സിലിടം കൊടുത്തു. ബാങ്കിന് ശേഷം സ്വല്ലൂ ഫീ ബുയൂത്തികും എന്നുകൂടി കേള്‍ക്കുമ്പോള്‍ അവന്‍റെ മനസ്സ് അറിയാതെ പിടഞ്ഞുകൊണ്ടിരിക്കുന്നു. വീട്ടിലെ ഇത്തിരി വിശാലമായിടത്ത് പായ വിരിക്കും. മുതുമുത്തശ്ശന്‍ തൊട്ട് കുഞ്ഞുകുട്ടിയടക്കം ഇമാമും ജമാഅത്തുമായി നമസ്കാരം പുഷ്കലമാക്കുന്നു. പ്രവാചകന്‍(സ) മാതൃക കാണിച്ചുതന്ന ഒരു സുന്നത്താണ് അവിടെ ജീവന്‍ വച്ച് എഴുന്നേറ്റ് നില്‍ക്കുന്നത്. തിരുമേനി(സ) പറഞ്ഞുവെച്ചുവല്ലോ. "ജമാഅത്തായിട്ടുള്ള നമസ്കാരം ഒറ്റയായി നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുള്ളതാണ്" (ബുഖാരി, മുസ്ലിം). റമദാനിന്‍റെ പുണ്യങ്ങളും ആന്തരികമായ വിശുദ്ധിയും ഈ നിലക്ക് വീടുകളില്‍ പൂത്തുലയട്ടെ.
ഒരിക്കല്‍ ഇമാം ഗസാലി(റ) പറഞ്ഞ ചില വാക്കുകള്‍ ഓര്‍മയില്‍ വരികയാണ്. ആന്തരിക ശുചിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ചില നിരീക്ഷണങ്ങളായിരുന്നു അത്. ശുചിത്വത്തിന് നാല് തട്ടുകളുണ്ട്. ഒന്ന് ബാഹ്യശരീരം അഴുക്കില്‍ നിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങള്‍ പാപങ്ങളില്‍ നിന്ന് ശുദ്ധമാകുക. മൂന്ന്, മനസ്സ് ദുസ്വഭാവങ്ങളില്‍ നിന്ന് ശുദ്ധമാവുക. നാല്, രഹസ്യ ജീവിതം അല്ലാഹു അല്ലാത്തവരില്‍ നിന്ന് ശുദ്ധമാകുക. അവസാനം പറഞ്ഞത് പ്രവാചകന്മാരുടെയും സിദ്ധീഖീങ്ങളുടെയും പദവി. താഴത്തെ പടികടന്നാലേ മുകളിലത്തെ പദവികളിലെത്തുകയുള്ളൂ. രഹസ്യജീവിതത്തിന്‍റെ ശുചിത്വത്തിനു മുമ്പ് മനസ്സിന്‍റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങള്‍ പാപങ്ങളില്‍ നിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോള്‍ അതിലേക്കുള്ള മാര്‍ഗവും പ്രയാസകരമായിരിക്കും. (ഇഹ്യാ ഉലുമുദ്ദീന്‍).
ഇങ്ങനെ നോമ്പു മൂലം ബാഹ്യമായ ശുദ്ധീകരണത്തേക്കാളും ജാഡകളേക്കാളും ആന്തരികമായ വിശുദ്ധിക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് അല്ലാഹു ഒരുക്കിവെച്ച ഒരനുഗ്രഹമുണ്ട്, സ്വര്‍ഗത്തിലെ റയ്യാന്‍ കവാടം. അത് നോമ്പുകാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. സഅ്ല്ബ്നു സഅദ്(റ)ല്‍ നിന്ന് തിരുമേനി(സ) ഇപ്രകാരം പറഞ്ഞതായി ചൂണ്ടിക്കാണിക്കുന്നു. നബി(സ) പറഞ്ഞു. സ്വര്‍ഗത്തിന് റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ ആ കവാടത്തിലൂടെയാണ് കടന്നുപോകുക. അവരല്ലാതെ മറ്റാരും അതിലൂടെ കടന്നുപോകുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതിലുകള്‍ അടക്കപ്പെടുന്നതാണ്. പിന്നീട് മറ്റാരും അതിലൂടെ കടക്കുകയില്ല (ബുഖാരി, മുസ്ലിം).
അല്ലാഹു ഏറെ മഹത്വവല്‍ക്കരിച്ച ഒരനുഗ്രഹമാണ് റയ്യാന്‍ കവാടം. അതിലൂടെ തന്നെ സ്വര്‍ഗപ്രവേശം തേടുന്ന സൗഭാഗ്യവാന്മാരിലാണ് നാമുള്‍പ്പെടേണ്ടത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനവും പ്രാര്‍ഥനയുമാണ് ഈ റമദാനിനെ ധന്യമാക്കേണ്ടത്. എന്തായാലും ലോക്ക്ഡൗണ്‍ കാലത്ത് മിതവ്യയം എല്ലാവര്‍ക്കും ഒരു ശീലമായി മാറി. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ഒരു ജീവിതം ലോക്ക്ഡൗണ്‍ വെച്ച് നീട്ടിയ ഒരു നല്ല ഗുണമാണ്. ഷവര്‍മ, ബ്രോസ്റ്റ്, ഷവായകളൊക്കെ ഇന്ന് നമ്മുടെ തീന്‍മേശകളില്‍ നിന്ന് അപ്രത്യക്ഷമായി. മത്സ്യമാംസാഹാരാദികളില്ലാതെയും ഭക്ഷണക്കൂട്ടുകള്‍ രുചികരമാക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. കരിച്ചതും പൊരിച്ചതും ചുട്ടതും പൊള്ളിച്ചതുമൊക്കെ റമദാന്‍ വിഭവങ്ങളില്‍ കയറിപ്പറ്റാതിരുന്നാല്‍ നമ്മുടെ ഭക്ഷണ ശീലവും ഏറെക്കുറെ പരിശുദ്ധമായിക്കിട്ടും. ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനാകും. അന്യന്‍റെ വിശപ്പും ദാഹവും ആധിയും വ്യാധിയും തിരിച്ചറിയാന്‍ മലയാളി മുമ്പേ പഠിച്ചതാണ്. പ്രളയ കാലത്തും കോവിഡ് കാലത്തുമെല്ലാം മലയാളിയുടെ നല്ല ഗുണങ്ങളില്‍ പെട്ടതായിരുന്നു അതെല്ലാം. ഇപ്പോഴും സാമൂഹിക അടുക്കളയില്‍ വെന്തുപാകപ്പെടുന്ന ഭക്ഷണ സാധനങ്ങള്‍ അവനവന്‍റെ വയറ് നിറക്കാനായിരുന്നില്ലല്ലോ. റമദാനില്‍ കൂടി ഇത്തരം നല്ല ശീലങ്ങള്‍ നിലനിര്‍ത്തിയാല്‍ അതിന് അല്ലാഹുവിന്‍റെ പക്കല്‍ പ്രതിഫലം കൂടും. നോമ്പുകാലത്തും തിരുമേനി(സ) ദാനം ചെയ്യുന്ന വിഷയത്തില്‍ ഒരു കൊടുങ്കാറ്റ് പോലെയായിരുന്നു എന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. കോവിഡ് കാലമായതുകൊണ്ട് ചോദിച്ചു വാങ്ങുന്നവരും യാചകരും കുറയും. മിസ്കീന്‍മാരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് അങ്ങോട്ട് സഹായമെത്തിച്ച് കൊടുക്കലായിരിക്കും പ്രായോഗികം. ഇസ്ലാം ഉദ്ദേശിക്കുന്ന ദാനധര്‍മങ്ങളിലെ നന്മയും അതു തന്നെയാണ്. വലതു കൈകൊണ്ട് കൊടുത്തത് ഇടതുകൈ അറിയാതിരിക്കുക എന്നത് തന്നെ.

രാത്രിയിലെ നമസ്കാരം
റമദാനില്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ഒരു ആരാധനാ കര്‍മമാണ് രാത്രിയിലെ തഹജ്ജുദു നമസ്കാരം. റമദാനിലാകുമ്പോള്‍ അതിന് തറാവീഹ് എന്ന് പേരുവരുന്നു. ഈ നമസ്കാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നബി(സ) ഇപ്രകാരം പറയുകയുണ്ടായി: "റമദാനിന്‍റെ രാത്രിയില്‍ ആരെങ്കിലും നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കും" (ബുഖാരി). പള്ളിയില്‍ വെച്ചുള്ള തറാവീഹ് നമസ്കാരം ഇത്തവണ അത്ര കണ്ട് പ്രായോഗികമാകുമെന്ന് തോന്നുന്നില്ല. ഈ നമസ്കാരവും വീടുകളില്‍ വെച്ച് ജമാഅത്തായി തന്നെ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം. സുന്നത്ത് നമസ്കാരമാണല്ലോ അതുകൊണ്ട് ഇമാമിന് ഹിഫ്ള് കുറവാണെങ്കില്‍ ഖുര്‍ആന്‍ തുറന്നുവെച്ച് നോക്കി ഓതുന്നതും അനുവദനീയമാണ്. നില്‍ക്കാന്‍ പറ്റാത്തവന് ഇരുന്നുകൊണ്ടും നമസ്കാരം പൂര്‍ത്തിയാക്കാം. "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാത്ത കാര്യം നിര്‍ബന്ധിക്കുകയില്ല" എന്നുള്ള പരിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ബഖറയിലെ 286-ാം വചനം ഓര്‍മിക്കുക. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ സല്‍ഫലവും ദുഷ്ഫലവും അവരവര്‍ക്ക് തന്നെയുള്ളതായിരിക്കും എന്നതാണ് ആയത്തിന്‍റെ ബാക്കി.

പെരുന്നാള്‍ ചൊറുക്കും
മൈലാഞ്ചിച്ചോപ്പും
പെരുന്നാള്‍ ചൊറുക്കിലുമുണ്ടായിരിക്കും ഇക്കുറി ചില മാറ്റങ്ങളൊക്കെ. ട്യൂബ് മൈലാഞ്ചിയോട് വിടപറഞ്ഞ് മൈലാഞ്ചി ചെടികളിലേക്കും അമ്മിക്കല്ലിലേക്കുമുള്ള തിരിച്ചുവരവായിരിക്കും അതില്‍ പ്രധാനം. കൈവെള്ളയില്‍ വീഴുന്ന ചൂടുള്ള വിളഞ്ഞിപ്പുള്ളികളും കൈയില്‍ പൊതിയുന്ന മൈലാഞ്ചിത്തണുപ്പുമൊക്കെ ഇക്കൊല്ലത്തെ ഒരു പ്രത്യേകതയാവാം. പുതുമകളില്‍ നിന്ന് പഴമയിലേക്കുള്ള ഒരു തിരിച്ചുമടക്കം. അങ്ങനെ ഇപ്രാവശ്യത്തെ റമദാനിലും പെരുന്നാളിനുമൊക്കെ ഒരു പുതിയ ശീലങ്ങളുണ്ടാവട്ടെ. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top