LoginRegister

അഭിയുടെ നോമ്പ്‌

എന്‍ പി ഹാഫിസ് മുഹമ്മദ്‌

Feed Back


അബുവിന് നോമ്പുകാലം തുടങ്ങി. ഞാന്‍ മനസ്സിലുറപ്പിച്ചു. അബു നോമ്പെടുക്കുന്നതുപോലെ എനിക്കും നോമ്പെടുക്കണം. ഞാനത് അബുവിനോട് പറഞ്ഞു: ”എന്തിനാ അഭീ?”
”എന്റെ ബെസ്റ്റ് ഫ്രണ്ട് എങ്ങനാ നോമ്പെടുക്കുന്നത് എന്ന് അറിയണ്ടേ?” ഞാന്‍ ചോദിച്ചു.
എനിക്ക് അറിയാവുന്ന കാര്യം അറബിക് കലണ്ടറിലെ റമദാന്‍ മാസമാണ് മുസ്ലിംകള്‍ നോമ്പെടുക്കുന്നത് എന്നാണ്. ഒരു മുസ്ലിം ആരോഗ്യമുണ്ടെങ്കില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ് നോമ്പ്. ബാപ്പയാണ് ഒരിക്കല്‍ ഒരു മുസ്ലിമിന് നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്: ”അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കണം. അഞ്ച് നേരത്തെ നിസ്‌കാരം നിര്‍ബന്ധം. സമ്പത്തിന്റെയും വരുമാനത്തിന്റെയും ഒരു ഭാഗം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യലും നോമ്പും ഒഴിവാക്കിക്കൂടാ. പിന്നെ സാമ്പത്തികമായി സാധിക്കുമെങ്കില്‍ മക്കയില്‍ പോയി ഹജ്ജ് ചെയ്യണം.”
എങ്ങനെയാണ് നോമ്പെടുക്കുക എന്ന് പറഞ്ഞുതന്നത് അബുവാണ്: ”അതിരാവിലെയുള്ള സുബ്ഹി നിസ്‌കാരത്തോടെ സന്ധ്യ വരെ തിന്നാനും കുടിക്കാനും പാടില്ല, വെള്ളം പോലും കുടിക്കാന്‍ അനുവദിച്ചിട്ടില്ല. സന്ധ്യക്കുള്ള മഗ്രിബ് നിസ്‌കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങുമ്പോള്‍ നോമ്പ് തുറക്കാം.”
എനിക്ക് പിന്നീടാണ് ബാപ്പ പറഞ്ഞുതന്നത്: ”തിന്ന്ണതും കുടിക്ക്ണതും വേണ്ടെന്നുവെച്ചതോണ്ട് മാത്രം നോമ്പാവൂലാ. ഒപ്പം നല്ല പ്രവൃത്തികള്‍ ചെയ്യണം. നിസ്‌കാരത്തിലും ഖുര്‍ആന്‍ ഓത്ണതിലും മുഴുകണം. പോരാ, സകലവിധ വികാരങ്ങള്‍ക്കും മീതെ നിയന്ത്രണം വേണം. ചൂടാവരുത്, വഴക്കുണ്ടാക്കരുത്. ക്ഷമയും സത്യസന്ധതയും കൈവെടിയരുത്. ദാനധര്‍മങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.”
എനിക്ക് മനസ്സിലായി: ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ് നോമ്പെടുക്കുന്നതിന്റെ ലക്ഷ്യം.
ഞാന്‍ അച്ഛനോട് പറഞ്ഞു: ”അച്ഛാ, ഞാന്‍ അബുവിന്റെ കൂടെ ഒരു ദിവസം നോമ്പെടുക്കാന്‍ പോവാണ്.”
അച്ഛന്‍ ചിരിച്ചു: ”അതിനെന്താ? മറ്റ് മതങ്ങളെ ആദരിക്കണമെന്നാ ഹിന്ദുമതം പറയുന്നത്.” അമ്മയും ഞാന്‍ നോമ്പെടുക്കുന്നതിന് എതിര് നിന്നില്ല.
നോമ്പെടുക്കുന്നതിന്റെ തലേന്ന് ഞാന്‍ അബുവിന്റെ വീട്ടിലായിരുന്നു. രാത്രി ഞങ്ങള്‍ ജീരകക്കഞ്ഞി കഴിച്ചു. കൂടെ കപ്പക്കറിയും. ഉറങ്ങാന്‍ നേരം ഉമ്മ പറഞ്ഞു: ”സുബ്ഹിക്ക് അത്താഴത്തിന് വിളിക്കുമ്പോ രണ്ടാളും എണീക്കണേ.”
ഉമ്മ അതിരാവിലെ വിളിച്ചുണര്‍ത്തുകയും ചെയ്തു. ചോറും കറികളുമായിരുന്നു അത്താഴം. പഴം കഴിച്ച് ആവശ്യത്തിന് വെള്ളം കുടിച്ചു. അപ്പോള്‍ സുബ്ഹി ബാങ്ക്. ഉമ്മ പറഞ്ഞു: ”ഇനി തിന്നലും കുടിക്കലും ഇന്ന് വൈന്നേരം. അബു നിസ്‌കരിക്ക്. രണ്ടാളും വേണെങ്കില് ഒറങ്ങിക്കോളിന്‍. രാവിലെ എണീറ്റാ മതി.”
രാവിലെ ഞങ്ങളൊന്നിച്ച് സ്‌കൂളില്‍ പോയി. ഞാന്‍ നോമ്പെടുക്കുന്ന കാര്യം പലരുമറിഞ്ഞിരുന്നു. ചിലര്‍ ചോദിച്ചു: ”അഭിലാഷ് മാപ്പിളക്കുട്ടിയായി മാറ്വാണോ?”
ഞാന്‍ പറഞ്ഞു: ”ഞമ്മളെ ചങ്ങാതിമാര് നോമ്പെടുക്കുമ്പം അതെന്താണെന്ന് അറിയണ്ടേ? നോമ്പ് നല്ല മനുഷ്യക്കുട്ടിയാകാനുള്ള പരിശീലനമാ.”
എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനൊരു തോന്നലുണ്ടായിരുന്നു. അബുവിനെപ്പോലെ നോമ്പെടുക്കണമെന്ന് ഉറപ്പിച്ചതുകൊണ്ട്, പിന്നീട് അങ്ങനെ തോന്നിയില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ട് ഞങ്ങള്‍ അബുവിന്റെ വീട്ടിലേക്കാണ് പോയത്. ഉമ്മ നോമ്പുതുറക്കുള്ള ഒരുക്കങ്ങളിലായിരുന്നു. ഉമ്മ പറഞ്ഞു: ”മക്കള് അബുവിന്റെ മുറീപ്പോയിരുന്നോ.”
അബുവിന്റെ മുറിയിലെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ”അബൂ, നമുക്ക് കഥ പറയാം.”
അബു പറഞ്ഞു: ”അഭീ, ഇന്ന് മലയാളം മാഷ് ഏകലവ്യനെക്കുറിച്ച് പറഞ്ഞല്ലോ. അഭി എനിക്ക് ഏകലവ്യന്റെ കഥ പറഞ്ഞുതര്വോ?”

അര്‍ജുനന്റെയും ദ്രോണാചാര്യരുടെയും കഥകള്‍ ഞാന്‍ അബുവിന് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഞാന്‍ കഥ തുടങ്ങി: ”മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഏകലവ്യന്‍. കാട്ടുവര്‍ഗത്തിലാണ് ഏകലവ്യന്‍ ജനിച്ചത്. താഴ്ന്ന ജാതിക്കാരനാണ്. കുട്ടിയായിരിക്കുമ്പോഴേ ഏകലവ്യന് അസ്ത്രവിദ്യ പഠിക്കാനായിരുന്നു മോഹം. അസ്ത്രവിദ്യയറിയാവുന്ന ഒരാളിന്റെ ശിഷ്യനാകണമെന്ന് അവന്‍ മോഹിച്ചു. ഏകലവ്യന്‍ ദ്രോണാചാര്യരെക്കുറിച്ച് കേട്ടു. രാജമക്കള്‍ക്ക് അസ്ത്രവിദ്യ പഠിപ്പിക്കുന്ന ആള്‍. ഏകലവ്യന്‍ ചോദിച്ചറിഞ്ഞ്, ദ്രോണാചാര്യരെ കണ്ടെത്തി. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ദ്രോണര്‍ ഏകലവ്യനെക്കുറിച്ച് ചോദിച്ചറിഞ്ഞു. അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് ഇതൊന്നും പഠിക്കാന്‍ പാടില്ലായിരുന്നു. ഏകലവ്യന് ദ്രോണരുടെ ശിഷ്യനാവാന്‍ കഴിഞ്ഞില്ല. ഏകലവ്യന്‍ സങ്കടത്തോടെ മടങ്ങി. കാട്ടിലൊരിടത്ത് ദ്രോണരുടെ പ്രതിഷ്ഠയുണ്ടാക്കി, ഗുരുവായി മനസ്സില്‍ കണ്ട്, സ്വയം പരിശീലനം തുടങ്ങി. ഏറെക്കഴിയാതെ ഏകലവ്യന്‍ വില്ലാളിവീരനായി.”
അബു പറഞ്ഞു: ”നല്ല മോഹമുണ്ടെങ്കില്‍ ആര്‍ക്കും എന്തും പഠിക്കാനാവുമെന്ന് ഉറപ്പ്.”
ഞാന്‍ പറഞ്ഞു: ”കഥ തീര്‍ന്നില്ല. അക്കാലത്ത് ഗുരുവിന്റെ അടുത്തുള്ള പഠനം കഴിഞ്ഞാല്‍ ഓരോ ശിഷ്യനും ഗുരുദക്ഷിണ കൊടുക്കണം. ഏകലവ്യന്‍ ദ്രോണരുടെയടുത്തെത്തി. ഗുരുദക്ഷിണ കൊടുക്കാന്‍ തയ്യാറായി. ഏകലവ്യന്‍ അതിസമര്‍ഥനായ വില്ലാളിവീരനായി മാറിയത് ദ്രോണര്‍ മനസ്സിലാക്കി. ദ്രോണര്‍ ശിഷ്യന്മാരെ വളരെ സ്‌നേഹിച്ചിരുന്നു. അവരെക്കാളും വലിയ അസ്ത്രവിദ്യ അറിയുന്ന ആള്‍ ഉണ്ടാകരുതെന്നും ആഗ്രഹിച്ചിരുന്നു. ദ്രോണര്‍ ചോദിച്ചു: ”ഏകലവ്യന്‍ ഞാന്‍ ചോദിക്കുന്നത് ദക്ഷിണയായി തരുമോ?” ഏകലവ്യന്‍ പറഞ്ഞു: ”ഗുരോ, തരും, സംശയം വേണ്ട.” ദ്രോണര്‍ അല്‍പനേരം ആലോചിച്ച് അധികാര ഭാവത്തോടെ പറഞ്ഞു: ”എനിക്ക് നിന്റെ വലതുകൈയിലെ തള്ളവിരല്‍ ഗുരുദക്ഷിണയായി വേണം.” ഏകലവ്യന് അറിയാമായിരുന്നു. തള്ളവിരല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ അമ്പെയ്യുക അസാധ്യം. എന്നാല്‍ ഒരു സംശയവും കൂടാതെ ഏകലവ്യന്‍ തള്ളവിരല്‍ മുറിച്ച് ദ്രോണരുടെ മുന്നില്‍ കാഴ്ചവെച്ചു.”
കഥ കേട്ട് അബുവിന്റെ കണ്ണ് നനഞ്ഞു. അബു എന്റെ കൈപിടിച്ചമര്‍ത്തി ചോദിച്ചു: ”പാവപ്പെട്ടവര്‍ക്ക് എക്കാലവും ദുരിതം തന്നെ, അല്ലേ അഭി?”
അത് സത്യം. നാട്ടിലെ താഴ്ന്ന ജാതിക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് അച്ഛച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞാന്‍ തല കുലുക്കി: ”ശര്യാണ് അബൂ.”
കുറച്ച് നേരം ഞങ്ങള്‍ വായിച്ചിരുന്നു. അഭിക്ക് ഉറക്കം വരുന്നു. അഭി പറഞ്ഞു: ”അബൂ, എനിക്ക് മുഹമ്മദ് നബിയെക്കുറിച്ചുള്ള ഒരു കഥ പറഞ്ഞുതാ.”
അബു ആലോചിച്ചു: ഏത് കഥയാ പറയാ? പെട്ടെന്ന് മദ്രസയില്‍ വെച്ച് കുഞ്ഞിമൊയ്തീന്‍ ഉസ്താദ് പറഞ്ഞുതന്ന കഥ ഓര്‍മ വന്നു. അബു പറഞ്ഞു: ”അഭീ, ക്ഷമാശീലരില്‍ മുമ്പനായിരുന്നു മുഹമ്മദ് നബി. നബിയുടെ ജീവിതത്തിലെ ഒരു സംഭവം പറയാം. നബി പ്രവാചകനായി മാറിയ ശേഷം ശിഷ്യന്മാര്‍ക്ക് ഇസ്‌ലാം മതത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുകൊടുക്കും. ബാങ്കുവിളിക്കും മുമ്പേ നിസ്‌കരിക്കാന്‍ ശിഷ്യന്മാരോടൊപ്പം പള്ളിയിലേക്ക് പോകും. നബിയെ ഇഷ്ടമില്ലാത്ത ഒരു യുവതി നബിയും കൂട്ടരും പള്ളിയിലേക്ക് പോകുമ്പോള്‍, നബിയുടെ മേലേക്ക് ചപ്പും ചവറും വലിച്ചെറിയും. പലപ്പോഴും ഇത് ആവര്‍ത്തിച്ചു. ശിഷ്യന്മാര്‍ക്ക് ദേഷ്യം വന്നു. നബി പറഞ്ഞു: ”സാരല്ല, ഒന്നും പറയേണ്ട, ചെയ്യേണ്ട.”
ഒന്നു നിര്‍ത്തി, അബു തുടര്‍ന്നു: ”ഇടയ്ക്ക് യുവതി ചപ്പും ചവറും എറിയുന്നത് നിര്‍ത്തി. അതറിഞ്ഞ് നബി ശിഷ്യന്മാരോട് അവരുടെ കാര്യം അന്വേഷിക്കാന്‍ പറഞ്ഞു. അന്വേഷണത്തില്‍ ആ യുവതി അസുഖം ബാധിച്ച് കിടക്കുകയാണെന്ന് മനസ്സിലായി. അന്ന് നിസ്‌കരിച്ചു മടങ്ങുമ്പോള്‍ നബി പറഞ്ഞു: ”നമുക്ക് ആ യുവതിയെ കാണാന്‍ പോകണം.”
അവര്‍ യുവതിയുടെ വീട്ടിലെത്തി. നബി അവരുടെ അസുഖം ഭേദമാക്കാന്‍ പ്രാര്‍ഥന നടത്തി. ശിഷ്യന്മാരോട് പ്രാര്‍ഥനയില്‍ പങ്കെടുക്കാനും പറഞ്ഞിരുന്നു. ശിഷ്യന്മാര്‍ മാത്രമല്ല, ആ യുവതിയും അദ്ഭുതപ്പെട്ടു. ”അഭീ, അതാണ് പ്രവാചകന്റെ രീതികള്‍.”
ഞാന്‍ പറഞ്ഞു: ”പൊറുത്തുകൊടുക്കലിന്റെ പ്രാധാന്യം കൂടിയാണ് നബി കാണിച്ചുകൊടുത്തത്.”
കഥകള്‍ അവസാനിപ്പിച്ച് ഞാന്‍ അബുവിനോടൊപ്പം കോലായയിലേക്ക് വന്നു. അല്‍പം കഴിഞ്ഞ് അച്ഛനും അമ്മയുമെത്തി. അമ്മയുടെ കൈയില്‍ ഒരു സഞ്ചിയുണ്ടായിരുന്നു. ഞാന്‍ അമ്മയോട് ചോദിച്ചു: ”ഇതെന്താ?”
അമ്മ പറഞ്ഞു: ”അഭിക്കും അബുവിനും ഏറ്റവും ഇഷ്ടമുള്ള പലഹാരം. പിന്നെ ഫ്രൂട്ട്‌സും.”
ഞാന്‍ പറഞ്ഞു: ”എന്നാലൊറപ്പ്, ശര്‍ക്കരയട.”
അമ്മയുടെ കമന്റ്: ”അപ്പൊ അഭിക്കും ബുദ്ധിണ്ട്. പറഞ്ഞത് കറക്റ്റാ.”
അമ്മ അടുക്കളയിലേക്ക് പോയി. അച്ഛന്‍ ചോദിച്ചു: ”അബൂ, ബാപ്പ വന്നില്ലേ?”
”അച്ഛാ, മൂപ്പര്‍ക്ക് ജോലിയുണ്ടെങ്കില് നാല് ദിവസം ഒന്നിച്ചും നോമ്പു പിടിക്കും.” അബു പറഞ്ഞു.
അപ്പോള്‍ പടിക്കല്‍ ബാപ്പയുടെ സൈക്കിള്‍ മണിയടി ശബ്ദം. ഞാന്‍ പറഞ്ഞു: ”അച്ഛാ, അതാ വര്ണുണ്ട് പാവം അബ്ദുക്ക.”
അച്ഛന്‍ പടികേറിയ ബാപ്പയുടെ കൈപിടിച്ചു: ”നോമ്പിനും നല്ല പണി തന്നെയല്ലേ അബ്ദുല്ലാ?”
”നോമ്പിനാ നന്നായി പണിയെട്‌ക്കേണ്ടത് അരുണ്‍.”
ബാപ്പ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി: ”ദാ, ഇപ്പം വരാം.”
ബാപ്പ വീണ്ടും കോലായയിലെത്തി: ”അഭിക്ക് ക്ഷീണമൊന്നും തോന്ന്ണില്ലല്ലോ?”
ഞാന്‍ പറഞ്ഞു: ”ഇല്ല ബാപ്പാ. അയാം ഓകെ.”
ഞാനും അബുവും തീന്‍മേശ വൃത്തിയാക്കി. പ്ലേറ്റുകള്‍ എടുത്തുവെച്ചു. ഉമ്മ പറഞ്ഞു: ”ഇതാ, ഇതൊക്കെ മേശപ്പൊറത്ത് കൊണ്ടുപോയി വെച്ചോളിന്‍.”
നേരിയ പത്തിരി, പൊരിച്ച പത്തിരി, ചപ്പാത്തി, കോഴിക്കറി, ബീഫ് മസാല, പിന്നെ പലഹാരങ്ങളും. ചട്ടിപ്പത്തിരി, സമൂസ, ശര്‍ക്കരയട. അമ്മ അദ്ഭുതപ്പെട്ടു: ”ഇതൊക്കെ സുബൈദ ഉണ്ടാക്ക്യതാണോ! എന്റെ ദൈവമേ, സമ്മതിച്ചു.”
ബാപ്പ പറഞ്ഞു: ”സുബു അടുക്കളേ കേറിയാ പിന്നെ മറ്റൊന്നും മനസ്സിലില്ല. വിചാരിച്ചപോലെ ഓരോന്നുണ്ടാക്കും. അത് ചെയ്യാന്‍ മടുപ്പുമില്ല.”
അപ്പോള്‍ മഗ്രിബ് ബാങ്ക് മുഴങ്ങി. അബു പറഞ്ഞു: ”ആദ്യം വെള്ളം കുടിച്ച് നോമ്പ് മുറിക്ക്. ഒപ്പം ഒരു കാരക്കയും.”
ഞാനങ്ങനെ ചെയ്തു. പിന്നെ, ഉമ്മ ഞങ്ങളുടെ പ്ലേറ്റിലേക്ക് പലഹാരം എടുത്തുവെച്ചു.
അച്ഛന്‍ ചോദിച്ചു: ”എല്ലാ ദിവസവും ഇങ്ങനെ നോമ്പ് തുറക്കാന്‍ ഭക്ഷണണ്ടാക്കോ?”
അബു പറഞ്ഞു: ”ഇതൊന്നും എനിക്കല്ല അച്ഛാ, ആദ്യായിറ്റ് നോമ്പെടുത്ത ആളിന്നുള്ളതാ.”
ഞാന്‍ ചിരിച്ചു: ”താങ്ക്‌യൂ ഉമ്മാ.”
അച്ഛന്‍ ബീഫ് മസാലയുടെ രുചിയെക്കുറിച്ച് പറഞ്ഞു: ”ഹോട്ടലില് ഇത്ര നല്ല ബീഫ് മസാല കിട്ടൂല.”
ഉമ്മ പറഞ്ഞു: ”മിനീ, ഇതൊക്കെ ഒരേലില് ഇങ്ങനെണ്ടാക്ക്ണ്. കറികള്ണ്ടാക്കാന്‍ എന്റെ ഉമ്മ എവിടെ, ഞാനെവിടെ?”
ബാപ്പ പറഞ്ഞു: ”സുബു എന്തുണ്ടാക്ക്യാലും പറയും, ഇതങ്ങനെണ്ടാക്കിപ്പോയതാ.”
അബു പറഞ്ഞു: ”ഭക്ഷണണ്ടാക്ക്ണ കാര്യത്തില് ഫസ്റ്റ്ക്ലാസാ, എന്നാ തിന്ന്ണ കാര്യത്തില് മഹാ മോശാ.”
”പോടാ, ഞാന്‍ ആവശ്യത്തിന് കഴിക്ക്ണ്ട്.” ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
നോമ്പുതുറ കഴിഞ്ഞ് കോലായിലിരിക്കുമ്പോള്‍ അബു പറഞ്ഞു: ”എന്റെ ജീവിതത്തില് ഇതുവരെ ഇത്ര സന്തോഷള്ള ഒരു നോമ്പ് ഉണ്ടായിട്ടില്ല.”
ഞാന്‍ അബുവിനെ സ്‌നേഹത്തോടെ നോക്കി. .
(പൂര്‍ണ പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന ‘അഭിയബി’ എന്ന നോവലിലെ ഒരു അധ്യായം)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top