LoginRegister

ആരോഗ്യത്തിന്‍റെ ഹരിത ദര്‍ശനം

ജയപ്രകാശ് നിലമ്പൂര്‍

Feed Back

രണ്ടായിരാമാണ്ടില്‍ എല്ലാവര്‍ക്കും ആരോഗ്യമെന്നതായിരുന്നു നമ്മുടെ പഴയൊരു ആരോഗ്യമുദ്രാവാക്യം. എന്നാല്‍ ഇരുപത് വര്‍ഷത്തനപ്പുറം ആരോഗ്യമെന്നത് ആശുപത്രികളിലും മരുന്നുകടകളിലും ഫിറ്റ്നെസ് സെന്‍ററുകളിലും കയറിറങ്ങി വന്‍ തുക മുടക്കി വാങ്ങിച്ചു കൂട്ടേണ്ട ഒന്നാണെന്നാണ് ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മലയാളി ജനതയില്‍ മിക്കവരുടെയും ധാരണ. സ്വഭാവിക ഭക്ഷണ - ജീവിത ശീലങ്ങള്‍ മറന്ന് ജീവിക്കുന്ന മിക്ക മലയാളി ഭവനങ്ങളിലും സ്ഥിരം മരുന്നു കഴിക്കുന്ന ഒരാളെങ്കിലുമുണ്ട്. ഏതൊരു വ്യക്തിയുടെയും ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ് പൊതുവെ ആരോഗ്യമായി വിവക്ഷിക്കപ്പെടുന്നത്. അത് നന്നായുള്ള കേരളീയര്‍ ഇന്ന് എത്രയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ഒരു സൂക്ഷ്മതല പഠനം തന്നെ ആവശ്യമാണ്. ഇപ്പോഴും മികച്ച ആരോഗ്യമുള്ളവരെ കണ്ടെത്തി അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചാല്‍ മിക്കവാറും അത് നല്‍കേണ്ടത് കാട്ടിനുള്ളില്‍ പുറം ലോകവുമായി വലിയ ബന്ധമില്ലാതെ കഴിയുന്ന ആദിവാസി ജനതക്കാവും!

ഉപഭോഗാസക്തിയുടെ, പരസ്യക്കെണിയുടെ, നനുത്ത പ്രലോഭനങ്ങളുടെ നേര്‍ത്ത സത്യത്തില്‍ പൊതിഞ്ഞ വലിയ നുണകളിലൂടെ പല തരത്തിലുള്ള കെണികളില്‍ പെട്ടുകഴിഞ്ഞ ആശുപത്രികളുടെയും വന്‍കിട ലാബുകളുടെയും മരുന്ന് - മദ്യമാഫിയകളുടെയും മികച്ച ഇരകളായി കഴിഞ്ഞിട്ട് കാലമേറെയായി. നാം വീട്ടില്‍ വാങ്ങിവച്ച നിരവധി ഇനങ്ങള്‍ നമുക്ക് സൗകര്യമാണോ അസൗകര്യമാണോ സൃഷ്ടിച്ചതെന്ന് സ്വയം വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും.

സാര്‍സായും നിപ്പയായും കുരങ്ങ് -പക്ഷി - തക്കാളി - ഡെങ്കി പനികളായും ഇപ്പോള്‍ കൊറോണ വൈറസ് ബാധയായും മനുഷ്യകുലത്തിന് ഭീഷണിയാവുന്ന സാംക്രമിക രോഗങ്ങള്‍ക്ക് പിറകിലെ സ്വാഭാവിക ആവാസ വ്യസ്ഥകളും കാലങ്ങളായി തുടര്‍ന്നുവന്ന ഭക്ഷണ ജീവിത രീതികളും മാറ്റിമറിച്ച് പുത്തന്‍ വികസന രീതികളുടെയും പരിഷ്ക്കാരത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും പേരിലുള്ള നിര്‍മാണ - നശീകരണ പ്രവര്‍ത്തികള്‍ സൂക്ഷ്മ ജീവികളാല്‍ പേടിച്ചു വിറക്കുന്ന ലോകത്തെയാണ് സൃഷ്ടിച്ചത്. ആരോഗ്യത്തിന്‍റെ ഹരിത ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടാനായുള്ള ഈ ലേഖനത്തില്‍ നമ്മുടെ ഇന്നത്തെ ജീവിത - ഭക്ഷണ - പാനീയ ശീലങ്ങളെക്കുറിച്ചും അതിന്‍റെ പിഴവുകളെക്കുറിച്ചും വിപണിയുടെ താല്‍പര്യങ്ങള്‍ എങ്ങനെ നമ്മെ കെണിയിലാക്കുന്നു എന്നുമാണ് ചര്‍ച്ച ചെയ്യുന്നത്. 'താജാതകരെ മുമ്മാസം ചേനേം ചേമ്പും മുമ്മാസം, ചക്കെം മാങ്ങേം മുമ്മാസം, അങ്ങനെ ഇങ്ങനെം മുമ്മാസം' ഇതായിരുന്നു മലയാളി ജനതയുടെ ഭക്ഷണ ശീലത്തെ അന്വര്‍ഥമാക്കുന്ന നാട്ടുചൊല്ല്. എന്നാലിപ്പോള്‍ പ്രാദേശിക വിഭവങ്ങളെല്ലാം ഒഴിവാക്കി എല്ലാ കാലത്തും ഒരേ തരത്തിലുള്ള വിപണി ഭക്ഷണങ്ങളും നുണച്ചിതീറ്റകളും ബേക്കറികളില്‍ നിന്നുള്ള കളര്‍ഫുള്‍ ഇനങ്ങളും കുപ്പി പാനീയങ്ങളും മുഖ്യ ഭക്ഷണമായതോടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞ പോഷണക്കുറവുള്ള സമൂഹമായി നാം മാറി കഴിഞ്ഞിട്ട് വളരെക്കാലമായി. അതുവഴി മിക്ക മലയാളികളും ഏതെങ്കിലും തരത്തിലുള്ള രോഗപീഡക്ക് അടിമകളായിരിക്കുന്നു.

രോഗാവസ്ഥയും ഉന്നത ചികിത്സകളും നിത്യജീവിതത്തിന്‍റെ ഭാഗമായ ശരാശരി മലയാളിക്ക് ആരോഗ്യത്തിന്‍റെ യഥാര്‍ഥ പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ആരുമില്ലെന്നതാണ് വസ്തുത. സ്കൂള്‍ - കോളെജുകളിലെ പാഠപുസ്തകങ്ങളൊന്നും തന്നെ യഥാര്‍ഥ ഭക്ഷണ - ജീവിത രീതികള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കും വഹിക്കുന്നില്ല എന്ന ദുര്യോഗം പുകള്‍പെറ്റതായി വാഴ്ത്തപ്പെടുന്ന കേരള മോഡലിന്‍റെ മറുവശമാണ്. അതേ സമയം വായനക്കാര്‍ക്ക് ആകുലതകളും അനോരോഗ്യ ചിന്തയും വര്‍ധിക്കുന്ന 'ആരോഗ്യമാസികകള്‍' വന്‍കിട ആശുപത്രികളിലേക്ക് ആളുകളെ നിരന്തരം നയിക്കാന്‍ ലക്ഷ്യം വെച്ചാണ് പുറത്തിറക്കുന്നത്. ലോകത്ത് ഏറ്റവുമധികം മരുന്നുകള്‍ (അതും ന്യൂജനറേഷന്‍) നിത്യേന വില്‍ക്കപ്പെടുന്ന, ഏറ്റവുമധികം ആശുപത്രികളും ഡോക്ടര്‍മാരും രോഗികളും നഴ്സുമാരുമുള്ള കേരളത്തില്‍ മരുന്നുമാഫിയകളുടെ കുഴലൂത്തുകാരായി ഭിഷഗ്വര സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്തിന്‍റെ സൂചനയാണ്! മരുന്നു മാഫിയകള്‍ക്കായി അനാവശ്യ മരുന്നുകളെഴുതുന്നത് (ഇന്നും വൈദ്യകുലത്തിന്‍റെ നൈതികത നന്നായി കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചിലര്‍ ബാക്കിയുണ്ട്. അവരോട് ക്ഷമാപണം) രോഗികളെ കൂടുതല്‍ രോഗങ്ങളിലേക്ക് നയിക്കുന്ന അവസ്ഥ നിരന്തരം സംജമാകുന്ന കേരളത്തില്‍, വരുമാനത്തിന്‍റെ ഭൂരിപക്ഷവും ചികിത്സക്ക് ചെലവഴിക്കപ്പെടേണ്ടി വരുന്ന ഹതഭാഗ്യരായ ആളുകള്‍ എത്രയെങ്കിലുമുണ്ട്. മഴക്കാലത്തെ പനിക്കാലം മരുന്നു കച്ചവട ചാകരക്കാലമായും മാറ്റുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല. പൂച്ചക്കും പശുവിനും നായക്കും വരാത്ത പകര്‍ച്ചപ്പനി മനുഷ്യന് മാത്രം വര്‍ഷാവര്‍ഷം പടരുന്നതിന്‍റെ യഥാര്‍ഥ കാരണമന്വേഷിച്ചാല്‍ അത് ചിലരുടെ പണ താല്‍പര്യങ്ങളില്‍ ഉടലെടുക്കുന്നതാണ് എന്ന് നന്നായി തിരിച്ചറിയാനാവും. നാടൊട്ടുക്ക് മികച്ച സാമൂഹ്യ പ്രവര്‍ത്തനമായി നടത്തപ്പെടുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും മരുന്നു വിതരണവുമെല്ലാം കൂടുതല്‍ രോഗികളെ സൃഷ്ടിക്കാനും പുത്തന്‍ ശ്രേണിയിലെ മരുന്നു പരീക്ഷണങ്ങള്‍ക്കായുള്ള അവസരവുമാണെന്ന് വര്‍ഷാവര്‍ഷം ദശലക്ഷക്കണക്കിന് ഡോളറുകളുടെ വിപണിയുള്ള മരുന്നുകച്ചവടമാഫിയകള്‍ക്ക് നന്നായറിയാം. ലോകത്തെ ഏതു മരുന്നും ഉല്പന്നവും ആദ്യം പരീക്ഷിക്കുന്ന - ഉപയോഗിക്കുന്ന വിപണി കേരളമാണ്! ഭക്ഷണ കാര്യത്തില്‍ മലയാളിയുടെ ആര്‍ത്തിയും ദുരയും വികല രീതികളും എല്ലാം ചേര്‍ന്ന് ആമാശയ വ്യവസ്ഥ നിത്യേന തകരാറിലാവുന്നവരുടെ എണ്ണം നിത്യേന കൂടിവരികയാണ്. കൃത്രിമ കളറുകളും അധികരിച്ച ഉപ്പും വ്യാജമധുരങ്ങളും പ്രിസര്‍വേറ്റീവുകളും തുടങ്ങിയ മുന്തിയ പരസ്യത്തിന്‍റെ അകമ്പടിയുള്ള കപട ഭക്ഷ്യവസ്തുക്കള്‍ വൃക്ക - കരള്‍ - ത്വക്ക് - ശ്വാസകോശ രോഗങ്ങള്‍ക്ക് നിരന്തരം കാരണമായിട്ടും നിയമപ്രകാരം ഇത്തരം വിഷവസ്തുക്കള്‍ നിരോധിക്കേണ്ടവര്‍ ഉറക്കത്തിലാണ്.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഓരോ വീട്ടിലും രോഗികളുള്ള സമൂഹമായി വളര്‍ന്ന കേരളത്തില്‍ ആശുപത്രി വ്യവസായം കോടികളുടെ വിറ്റുവരവുള്ള മാഫിയകളുടെ പ്രവര്‍ത്തന മേഖലയായിട്ട് കാലമൊട്ടേറെയായി. പ്രഷര്‍, പ്രമേഹം, കൊളസ്ട്രോള്‍, കാന്‍സര്‍, ശ്വാസകോശ - ഉദര - കരള്‍ രോഗികളുടെ എണ്ണം നിത്യേന വര്‍ധിച്ചുവരുന്നത് തെറ്റായ ജീവിത - ഭക്ഷണ - പാനീയ ശീലങ്ങളാണെന്ന് വ്യക്തമായിട്ടും, ഭക്ഷണ നിഷ്ഠകളില്‍ അനിവാര്യമായ മറ്റം വരുത്താന്‍ തയ്യാറാവാത്ത മലയാളി ജനത തെറ്റായ ജീവിത ചര്യകളാണ് പുത്തന്‍ തലമുറകള്‍ക്കും കൈമാറുന്നത്.

വിരുദ്ധാഹാരങ്ങള്‍, വെളുത്ത വിഷങ്ങള്‍, കളര്‍ പലഹാരങ്ങള്‍, അമിത കീടനാശിനിയുള്ള ഇനങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിയുമെങ്കിലും യാതൊരു ശ്രദ്ധയുമില്ലാതെ ജങ്ക്ഫുഡുകളും കുപ്പിപ്പാനീയങ്ങളും നിര്‍ബാധം വാങ്ങിനല്‍കുന്ന വിദ്യാസമ്പന്നനായ മലയാളികളെ 'എഡ്യുക്കേറ്റഡ് ഇഡിയറ്റ്സ്' എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്.

പരിസ്ഥിതിയും ആരോഗ്യവും പരസ്പര പൂരകങ്ങളാണ് എന്ന തിരിച്ചറിവില്‍ അനിവാര്യ മാറ്റങ്ങള്‍ വരുത്തി നമ്മുടെ മനസ്സിനെയും രണ്ടാമതായി നമ്മുടെ അടുക്കളയെയും വീടിനെയും വീട്ടുമുറ്റത്തെയും തിരിച്ചുപിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഇനി വേണ്ടത്. നമ്മുടെ ആവാസമായ ഭൂമിയുടെ പരിസ്ഥിതിയില്‍ ആധുനിക വികസനത്തിന്‍റെ പേരില്‍ നാം നടത്തിയ വിനാശനിര്‍മിതികള്‍ ഈ ഭൂമുഖത്തെ മൊത്തം ജീവജാതികളുടെയും ആരോഗ്യത്തെയും നിലനില്‍പ്പിനെയും പൂര്‍ണമായും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ആധുനിക ജീവിത - ഭക്ഷണ രീതികളുടെ ഭാഗമായി കഴിഞ്ഞ കൃത്രിമ രാസവസ്തുക്കള്‍ ഭൂമിക്കും ജീവനും ഉയര്‍ത്തുന്ന ഭീഷണികള്‍ ഇന്ന് എല്ലാവരെയും നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ മൊത്തം ജനങ്ങളെയും ഭീതിയിലാക്കിക്കൊണ്ട് പടരുന്ന കൊറോണ വൈറസ് ബാധ എല്ലാ മേഖലകളെയും നിശ്ചലമാക്കിയിരിക്കുന്നു. തെറ്റായ ഭക്ഷണ - ജീവിത ശൈലികളിലൂടെ പ്രാഥമിക പ്രതിരോധ ശേഷി നശിച്ച എല്ലാ മനുഷ്യരിലും അതിവേഗം പടരുന്ന സാംക്രമിക രോഗങ്ങള്‍ മനുഷ്യകുലത്തിന്‍റെ സര്‍വനാശത്തിന് തന്നെ കാരണമാവുകയാണ്.

അമ്പരപ്പിക്കുന്ന ശാസ്ത്രനേട്ടങ്ങളിലും ഭൗതിക പുരോഗതിയിലും അഹങ്കരിക്കുന്ന ആധുനിക സമൂഹം പകച്ചു നില്‍ക്കുന്നത് തിരിച്ചുവരുന്ന മഹാമാരികള്‍ക്ക് മുന്‍പിലാണ്. ഒരുവശത്ത് പണത്തിന്‍റെ കുത്തൊഴുക്കില്‍ ചിലര്‍ തടിച്ചുകൊഴുക്കുമ്പോള്‍, മറുവശത്ത് ദാരിദ്ര്യത്തിന്‍റെ ഇരുണ്ട മൂലകളിലേക്ക് നിത്യേന എത്തപ്പെടുന്നവരുടെ എണ്ണവും ദൈന്യതകളും നിത്യേന കൂടിവരികയാണ്. ഭൂമുഖത്ത് പ്രതിദിനം കാല്‍ ലക്ഷത്തിലേറെ കുട്ടികളാണ് പട്ടിണി മൂലം മരണപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്യന്‍ നാടുകളില്‍ തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രകൃതിയിലേക്ക് മടങ്ങാം എന്ന പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ഏറ്റവും പ്രസക്തമാക്കിക്കൊണ്ട് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച് രാജ്യത്തെ ജനത മുഴുവന്‍ വീട്ടിലിക്കുന്ന ദിനത്തില്‍ എഴുതപ്പെടുന്ന ഈ ലേഖനം അക്ഷരാര്‍ഥത്തില്‍ ആധുനിക ജീവിതത്തിന്‍റെ പൊള്ളത്തരങ്ങള്‍ തന്നെയാണ് തുറന്നുകാട്ടുന്നത്. നമ്മുടെ അടുക്കളകളെയും സഹജ ആഹാര രീതികളെയും സ്വാസ്ഥ്യ ജീവിതത്തെയും തിരിച്ചുപിടിച്ചു മാത്രമേ ഇനി ഭൂമുഖത്ത് ജീവിക്കാനാവൂ എന്ന തിരിച്ചറിവില്‍ ഓരോ മനസ്സിലും ഓരോ വീട്ടിലും അനിവാര്യ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട നിര്‍ണായക കാലമാണിത്. ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഏവരെയും കാലം വിളിക്കുന്ന അസുലഭ അവസരം കൂടിയാണിത്. നമുക്കും പങ്കു ചേരാം. ആരോഗ്യമുള്ള ഭൂമിക്കും ഭാവിക്കും വേണ്ടി. . (നിലമ്പൂര്‍ പ്രകൃതി വിപണന കേന്ദ്രത്തിന്‍റെ ഡയറക്ടരാണ് ലേഖകന്‍)

വീടിനെ പരിസ്ഥിതി സൗഹൃദമുള്ളതാക്കാന്‍ അടുക്കള തിരിച്ചുപിടിക്കാം

ആവശ്യമുള്ളവ
. ഇലക്കറികള്‍, പച്ചക്കറികള്‍, കിഴങ്ങുകള്‍, പ്രാദേശിക
പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍
. ചാക്കരിക്ക് പകരം തവിടുള്ള കുത്തരി, പച്ചരി
. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള്‍
. പ്രാദേശിക ഇനങ്ങള്‍, മണ്‍പാത്രങ്ങള്‍
. അഞ്ചിനം ഇലക്കറി + പച്ചക്കറി + ഔഷധ ചെടികള്‍ വളര്‍ത്തല്‍
പകരം കണ്ടെത്തി ഉപയോഗിക്കാവുന്നവ
. ടൂത്ത് പേസ്റ്റിന് പകരം പല്‍പ്പൊടി
. കളര്‍പാനീയങ്ങള്‍ക്ക് പകരം നാടന്‍ പാനീയങ്ങള്‍
. കോട്ടണ്‍ - ഖദര്‍ വസ്ത്രങ്ങള്‍ ശീലമാക്കാം.
. ചായക്ക് പകരം ചാപ്പി, തുഞ്ചി
. കൃത്രിമ മസാല ഇനങ്ങള്‍ക്ക് പകരം പ്രാദേശികമായി
ലഭിക്കുന്നവ
. പാക്കറ്റ് വെളിച്ചെണ്ണക്ക് പകരം നാട്ടിലെ വെളിച്ചെണ്ണ
തീര്‍ച്ചയായും ഒഴിവാക്കേണ്ടവ
. പഞ്ചസാര, മൈദ, ഡാല്‍ഡ, വിന്നാഗിരി, അപ്പസോഡ,
ഉറുമ്പുപൊടി, എലിവിഷം, പാമോലിന്‍, അമിത ഉപ്പ്
. കൃത്രിമ മധുരമടങ്ങിയ, കളറടങ്ങിയ ബേക്കറികള്‍, കളര്‍
കുപ്പിവെള്ളങ്ങള്‍
. രാസകള - കുമിള്‍ - നാശിനികള്‍, പ്രിസര്‍വേറ്റീവുകള്‍
അടങ്ങിയ ഇനങ്ങള്‍
. ഡയപറുകള്‍, നാപ്കിനുകള്‍, മറ്റ് പ്ലാസ്റ്റിക് ഇനങ്ങള്‍
. പെട്രോളിയം, ബൈ ഉല്ന്നങ്ങളായി സോപ്പുപൊടി, ചാലുള്ള സോപ്പുകള്‍, ക്ലീനിംഗ് കളര്‍ ലായനികള്‍
. വിരുദ്ധാഹാരങ്ങള്‍, വെളുത്ത വിഷങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top