ഈ ലോകത്ത് നിനക്ക് ആരെയാണ് ഏറ്റവും പ്രിയം?”
”അരുണിനെ”- കൈത്തണ്ടയിലെ ഉണങ്ങിത്തുടങ്ങിയ ആഴമേറിയതും അല്ലാത്തതുമായ മുറിവുകളെ തലോടിക്കൊണ്ട് അവള്‍ മറുപടി തന്നു.
അല്‍പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു: ”നിനക്ക് നിന്നെ ഇഷ്ടമാണോ?”
കണ്ണീരിന്റെ കനം കൊണ്ടാവാം അവളുടെ മിഴികള്‍ എന്നിലേക്ക് ഉയരാതിരുന്നത്.
”എനിക്ക് എന്നെ ഇഷ്ടമല്ല. എനിക്ക് അച്ഛനും അമ്മയും എല്ലാവരുമുണ്ട്. എന്നാല്‍ എനിക്ക് ആരുമില്ല. എന്നെ ആര്‍ക്കും വേണ്ട.”
”നിനക്ക് നിന്നെയും…?”
പിന്നീട് എന്റെ കൗണ്‍സലിങ് റൂമില്‍ മുഴങ്ങിക്കേട്ടത് അവളുടെ ആര്‍ത്തുള്ള കരച്ചില്‍. അവയ്ക്കു നടുവില്‍ അങ്ങിങ്ങായി അവള്‍ പങ്കുവെച്ചത്, അവളുടെ കുട്ടിക്കാലം മുതല്‍ക്കേ മാതാപിതാക്കളില്‍ നിന്ന് നേരിടേണ്ടിവന്ന വൈകാരികമായ അവഗണനയും അടുത്ത ബന്ധുവിനാല്‍ ലൈംഗിക പീഡനത്തിനു വിധേയമാക്കപ്പെട്ടതു മൂലമുള്ള മാനസിക സംഘര്‍ഷങ്ങളുമാണ്. വിശദമായ പരിശോധനയിലൂടെ അവളില്‍ ഒറ്റപ്പെടലിന്റെ ഭയം, ആവേശഭരിതമായ പെരുമാറ്റങ്ങള്‍, അസ്ഥിരമായ വികാരങ്ങളും വ്യക്തിബന്ധങ്ങളും, നിയന്ത്രണാതീതമായ കോപം, തുടര്‍ച്ചയായുള്ള ആത്മഹത്യാ ശ്രമങ്ങള്‍/ ഭീഷണികള്‍/ ശരീരം മുറിപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെന്നും അത് ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ ആണെന്നുമുള്ള രോഗനിര്‍ണയത്തില്‍ എത്തിച്ചേര്‍ന്നു.
ഒരു വ്യക്തിക്ക് ജനിതകപരമായോ പാരമ്പര്യമായോ പകര്‍ന്നുകിട്ടുന്നതും അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുന്നതുമായ സ്ഥിരമായ സ്വഭാവസവിശേഷതകളെയാണ് വ്യക്തിത്വം എന്നു പറയുന്നത്. ഒരു സാഹചര്യത്തോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു, അവയോട് നമുക്കുള്ള കാഴ്ചപ്പാട്, ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ നമ്മള്‍ എങ്ങനെ നേരിടുന്നു തുടങ്ങിയവയില്‍ വ്യക്തിത്വം ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. എന്നാല്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ചെറിയ സമ്മര്‍ദങ്ങളോടുപോലും ആരോഗ്യപരമായി സമീപിക്കാന്‍ കഴിയാതെ ദോഷകരമായ രീതിയിലുള്ള പെരുമാറ്റരീതികള്‍ പ്രദര്‍ശിപ്പിക്കുകയും തത്ഫലമായി ചുറ്റുപാടുമുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആ വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍ മാറുകയും ചെയ്യുമ്പോഴാണ് വ്യക്തിത്വ വൈകല്യം എന്ന നിലയില്‍ രോഗനിര്‍ണയം ചെയ്യപ്പെടുന്നത്. എന്നാല്‍ ചില വ്യക്തികള്‍ക്ക് മനോരോഗങ്ങള്‍ കാരണമോ മസ്തിഷ്‌ക ക്ഷതം കാരണമോ അവരുടെ വ്യക്തിത്വത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ അവയെ വ്യക്തിത്വ വൈകല്യ രോഗങ്ങള്‍ എന്നു കണക്കാക്കാറില്ല. സാധാരണയായി ഇത്തരം രോഗലക്ഷണങ്ങള്‍ കുട്ടിക്കാലം മുതല്‍ അല്ലെങ്കില്‍ കൗമാരം മുതല്‍ പ്രകടമാവുകയും പ്രായപൂര്‍ത്തിയാകുമ്പോള്‍ തുടരുകയും ചെയ്യുന്നു. 10 തരം വ്യക്തിത്വ വൈകല്യ രോഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍.
രോഗകാരണങ്ങള്‍ പലതുമാകാം. അവയില്‍ ചിലത് കുട്ടിക്കാലത്തു നേരിടേണ്ടിവന്ന വൈകാരികമോ ശാരീരികമോ ലൈംഗികമോ ആയ പീഡനമോ ചൂഷണമോ ആവാം. കുട്ടിയായിരിക്കുമ്പോള്‍ ദീര്‍ഘകാല ഭയത്തിനോ വിഷമത്തിനോ വിധേയനാവുക, മയക്കുമരുന്ന് ഉപയോഗം പോലുള്ള ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയുള്ള കുടുംബാംഗത്തോടൊപ്പം വളരുക, അമിതമായ ലാളന, പാരമ്പര്യ ഘടകങ്ങള്‍ (മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെങ്കില്‍) തുടങ്ങിയവയും കാരണങ്ങളാവാം.
ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോഡര്‍ സ്ത്രീയുടെയും പുരുഷന്റെയും അനുപാതം 3:1 ആയി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളില്‍ ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ കൂടുതലാണെന്നു റിപോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഈ രോഗത്തോടൊപ്പം തന്നെ കൂടുതലായി മറ്റു മനോരോഗങ്ങളും (രീാീൃയശറ റശീെൃറലൃ)െ ഇത്തരം രോഗികളില്‍ കണ്ടുവരാറുണ്ട്. ഉല്‍കണ്ഠ രോഗങ്ങള്‍, ലഹരിപദാര്‍ഥങ്ങളുടെ ആശ്രയത്വ രോഗം, മൂഡ് ഡിസോര്‍ഡര്‍, ഈറ്റിങ് ഡിസോര്‍ഡര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, സൊമാറ്റോഫോം ഡിസോര്‍ഡര്‍ എന്നിവയാണ് അവയില്‍ ചിലത്.
ലക്ഷണങ്ങള്‍
1. അസ്ഥിരമായ വ്യക്തിബന്ധങ്ങള്‍
വളരെ പെട്ടെന്ന് മറ്റുള്ളവരുമായി സുഹൃദ്ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുക, അത്തരം ബന്ധങ്ങള്‍ പൊടുന്നനെ ഒരു പ്രണയബന്ധമായി വഴിമാറുകയും ചെയ്യുക. തുടക്കത്തില്‍ അവരെ മികച്ച വ്യക്തികളായി പരിഗണിക്കുകയും എന്നാല്‍ നിസ്സാര കാര്യങ്ങളാല്‍ അവരുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് എന്നും ഒരു പ്രിയപ്പെട്ട വ്യക്തി (എമ്ീൃശലേ ുലൃീെി) ഉണ്ടായിരിക്കുന്നതാണ്. അത് ആരുമാകാം. വ്യക്തിബന്ധങ്ങള്‍ക്കു സദാസമയവും ഉലച്ചില്‍ സംഭവിക്കുന്നതിനാല്‍ അത്തരം വ്യക്തികള്‍ സദാസമയവും മാറിക്കൊണ്ടിരിക്കാം. ഓരോ ബന്ധങ്ങളിലും അവര്‍ ഒരു പ്രിയപ്പെട്ട വ്യക്തിയെ സൃഷ്ടിക്കുന്നു. എന്നാല്‍ ആ ബന്ധം ശിഥിലമാകുമോ, അവര്‍ തന്നെ ഉപേക്ഷിക്കുമോ, അവഗണിക്കുമോ, അതുവഴി താന്‍ ഒറ്റപ്പെടുമോ എന്നുള്ള ഭയം ഇവരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആ ബന്ധം തകര്‍ന്നുകഴിഞ്ഞാല്‍ അടുത്ത നിമിഷം തന്നെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
2. അസ്ഥിരമായ സ്വന്തം പ്രതിച്ഛായ
ഇവരെ സംബന്ധിച്ചേടത്തോളം സ്വന്തം സ്വത്വത്തെപ്പറ്റിയുള്ള ആത്മനിര്‍വചനം സദാ മാറിക്കൊണ്ടിരിക്കുന്നു.
3. അനിയന്ത്രിതമായ വികാരവിക്ഷോഭങ്ങള്‍
വികാരങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന അവസ്ഥ. പെട്ടെന്ന് കോപം വരിക, അടുത്ത നിമിഷം കോപമെല്ലാം വെടിയുക, അതിനു ശേഷം പശ്ചാത്താപം തോന്നുക, സന്തോഷം വന്നാല്‍ അതിന്റെ ഉന്നതിയില്‍ അവ പ്രകടിപ്പിക്കുക. അനുതാപപൂര്‍വവും യുക്തിഭദ്രവുമായും പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നതാണ് അനുയോജ്യമായത്. എന്നാല്‍ ഇവരില്‍ മറ്റുള്ളവരോട് അതിരില്ലാത്ത സഹാനുഭൂതി ഉളവാകുകയും പിന്നീട് അതിതീവ്രമായി അവ അവരില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നു.
4. ആത്മഹത്യാ ശ്രമങ്ങള്‍/ ഭീഷണികള്‍
ജീവിതം അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയല്ലാതെ ചില ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുകയും ആത്മഹത്യാ ഭീഷണികള്‍ മുഴക്കുകയും ചെയ്യുക. പലപ്പോഴും മറ്റുള്ളവരെ ഭയപ്പെടുത്താനോ കാര്യസാധ്യത്തിനോ വേണ്ടിയുള്ള ഒരു ഉപാധിയായാണ് ഇത്തരം ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലല്ലാതെ മുറിവുകള്‍ ഉണ്ടാക്കുക, നിരന്തരമായി അനവധി മരുന്നുകള്‍ കഴിച്ച് ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുക എന്നിവയൊക്കെ സാധാരണയായി ഇവരില്‍ കണ്ടുവരാറുണ്ട്. എന്നാല്‍, ഇവരില്‍ ആത്മഹത്യാ നിരക്ക് ചെറുതുമല്ല.
5. ഉപേക്ഷിക്കപ്പെടും എന്ന ഭയം
ഇത്തരം ഭയങ്ങള്‍ ഒരുപക്ഷേ സാങ്കല്‍പികമോ യാഥാര്‍ഥ്യമോ ആകാം. ആരിലാണോ രോഗി കൂടുതലായി ബന്ധം സ്ഥാപിക്കുന്നത് അവരില്‍ നിന്ന് തനിക്ക് അവഗണനയോ അല്ലെങ്കില്‍ ഒറ്റപ്പെടുത്തലോ സംഭവിക്കുമോ എന്നുള്ള ചിന്തകള്‍ നിമിത്തം അവരുടെ പെരുമാറ്റ രീതികളിലോ വാക്കുകളിലോ അതീവ ജാഗ്രത പുലര്‍ത്തുന്നു. ഒറ്റപ്പെടലുകള്‍ ഒഴിവാക്കുന്നതിനായി രോഗി പലതരത്തിലുള്ള പെരുമാറ്റ വൈകൃതങ്ങളും പ്രകടിപ്പിക്കുന്നു. ആത്മഹത്യാ ഭീഷണികള്‍, ശ്രമങ്ങള്‍ എന്നിവയാണ് അവയില്‍ കൂടുതലായും കണ്ടുവരുന്നത്.
6. ആവേശപൂര്‍വമായ പെരുമാറ്റങ്ങള്‍
ആത്മനിയന്ത്രണത്തിന്റെ കുറവ് ഇവരെ ചില അപകടകരമായ പ്രവൃത്തികളിലേക്കു വഴിതിരിച്ചുവിടുന്നു. അനാരോഗ്യകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, കണക്കില്ലാതെ കാശ് ധൂര്‍ത്തടിക്കുക, അനിയന്ത്രിതമായി ഭക്ഷണം കഴിക്കുക, അപകടകരമാം വിധം വണ്ടി ഓടിക്കുക, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയവ ഉദാഹരണങ്ങള്‍.
7. മിഥ്യാധാരണകള്‍
മറ്റുള്ളവരുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മാനസിക സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ഇവരാല്‍ ഉണ്ടാക്കപ്പെടുന്ന മിഥ്യാധാരണകളാണിവ. മറ്റുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു, അവര്‍ തന്റെ നാശത്തിന് അല്ലെങ്കില്‍ തന്നെ വിഷമിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നു തുടങ്ങിയ ചിന്തകള്‍ അല്ലെങ്കില്‍ ധാരണകള്‍ ഇവരെ സദാ അലട്ടിക്കൊണ്ടിരിക്കും.
8. വൈകാരികമായ ശൂന്യത
ബോര്‍ഡര്‍ലൈന്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍ ഉള്ള ആളുകളുടെ ജീവിതത്തില്‍ വൈകാരികമായ ശൂന്യത അനുഭവപ്പെടും.
ചെറുപ്പത്തില്‍ തന്നെ ഇത്തരം വ്യക്തിത്വ വൈകല്യങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അമിതമായ പിടിവാശി, ആഗ്രഹിച്ച കാര്യങ്ങള്‍ നടന്നില്ല എങ്കില്‍ സാധനങ്ങള്‍ എടുത്തെറിയുക, മറ്റുള്ളവരെ ഉപദ്രവിക്കുക, മരിച്ചുകളയുമെന്നു ഭീഷണി മുഴക്കുക എന്നിവയാണ് അവയില്‍ ചിലത്. എന്നാല്‍ കുട്ടി കൗമാരപ്രായത്തിലേക്കു കടക്കുമ്പോള്‍ ലക്ഷണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ പ്രകടമാകുന്നു. ഉദാഹരണത്തിന്, വളരെ പെട്ടെന്ന് ബന്ധങ്ങള്‍ സ്ഥാപിക്കുക, അവ വൈകാതെ പ്രണയബന്ധങ്ങളിലേക്കോ ശാരീരികബന്ധങ്ങളിലേക്കോ വളരുക, നിസ്സാരമായ കാരണങ്ങളാല്‍ ആ ബന്ധം ശിഥിലമാവുക, പൊടുന്നനെ അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കുക, അനിയന്ത്രിതമായ വികാരവിക്ഷോഭങ്ങള്‍ ഉണ്ടാവുക- ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇതൊരു പൂര്‍ണമായ വ്യക്തിത്വരോഗമായി വളരുന്നത് തടയാന്‍ മനഃശാസ്ത്ര വിദഗ്ധരുടെ ഇടപെടലുകളിലൂടെ സാധിക്കുന്നതാണ്.
വൈരുധ്യാത്മക സ്വഭാവ ചികിത്സയും (ഉശമഹലരശേരമഹ യലവമ്ശീൃ ഠവലൃമു്യ) വൈകാരിക സ്ഥിരതക്കു സഹായകമാകുന്ന ഔഷധ ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയിലൂടെ രോഗത്തിന് നല്ല രീതിയിലുള്ള പുരോഗതി കൈവരാറുണ്ട്. വൈരുധ്യാത്മക സ്വഭാവ ചികിത്സയുടെ ആദ്യഘട്ടത്തില്‍ സ്വയം മുറിവേല്‍പിക്കാനുള്ള സ്വഭാവത്തെ പരിമിതപ്പെടുത്തുക, രണ്ടാമതായി മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ദുഃഖകരമായ അനുഭവങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക, തുടര്‍ന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നുള്ളതിന് വേണ്ടുന്ന ആസൂത്രണങ്ങള്‍ മെനയുക, അവസാന ഘട്ടത്തില്‍ സ്വന്തം യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായി അംഗീകരിച്ച് അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതുമായി താദാത്മ്യം പ്രാപിച്ചു മുന്നോട്ടുപോകാന്‍ പ്രാപ്തരാക്കുക.
ഈ ദീര്‍ഘകാലത്തെ സങ്കീര്‍ണമായ പെരുമാറ്റ ചികിത്സ നല്‍കുന്നത് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തെ മുഴുസമയ ക്ലിനിക്കല്‍ പരിശീലനത്തോടുകൂടി എം.ഫില്‍ ബിരുദവും നേടിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റോ, അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തെ മുഴുസമയ ക്ലിനിക്കല്‍ പരിശീലനത്തോടുകൂടി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ ബിരുദവും നേടിയ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറോ ആണ്. മനോരോഗ ചികിത്സാമേഖലയില്‍ അനവധി കള്ളനാണയങ്ങള്‍ നിലനില്‍ക്കുന്നു എന്ന അപകടം തിരിച്ചറിയാനാണ് പെരുമാറ്റ ചികിത്സകരുടെ യോഗ്യത വ്യക്തമാക്കിയത്.
ഒട്ടനവധി ചികിത്സാ സംവിധാനങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും ഉണ്ടായിരുന്നിട്ടുപോലും മാനസിക ആരോഗ്യ പരിരക്ഷ തീര്‍ത്തും അവഗണിക്കപ്പെട്ട സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വ്യക്തിത്വ വൈകല്യ രോഗങ്ങള്‍ പലപ്പോഴും സ്വഭാവദൂഷ്യം എന്നു മാത്രമായി വിധിയെഴുതി തള്ളിക്കളയുമ്പോള്‍ നമുക്ക് വേണ്ടത് വ്യക്തമായ അവബോധവും തക്കസമയത്തെ ഇടപെടലുകളുമാണ്