ഉത്ര, വിസ്മയ, മോഫിയ… പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. വിഷയം ഒന്നുതന്നെയാണ്. സ്ത്രീധന പീഡന മരണങ്ങള്, അല്ല കൊലപാതകങ്ങള്‍. സമൂഹം എല്ലാ അര്‍ഥത്തിലും പുരോഗമനത്തിന്റെ പാതയിലാണെന്ന് വീമ്പു പറയുമ്പോഴും സ്ത്രീധന പീഡനങ്ങളുടെ പേരില്‍ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി ഷഹാനയുടെ മരണമാണ് അവസാനം ചര്‍ച്ചയായത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ഷഹാന മരിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും വളരെ എളുപ്പത്തില്‍ ഇരയാക്കപ്പെടുന്നു. പേരുകളും സ്ഥലപ്പേരുകളും മാത്രം മാറുന്നു. ക്രൂരതകള്‍ ഒരേ അളവിലും അനുപാതത്തിലും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സ്ത്രീകളുടെ പക്ഷത്തു നില്ക്കുന്നുവെന്നു പറയുന്ന സര്‍ക്കാരിനോ മറ്റു അധികാര കേന്ദ്രങ്ങള്‍ക്കോ ഒന്നും ചെയ്യാനാവുന്നില്ല. നിയമങ്ങള്‍ ശക്തമാക്കണം, നടപടികള്‍ വേഗത്തിലാക്കണം. പക്ഷേ, അതിനൊപ്പം ഓരോ മനുഷ്യരും മാറേണ്ടതുണ്ട്. ഓരോ വീടകങ്ങളും മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരു സമൂഹം പുരോഗമനത്തിന്റെ പാതയിലേക്ക് ചലിക്കൂ. എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങള്‍ ലഭ്യമാകൂ. വര്‍ധിച്ചുവരുന്ന സ്ത്രീധന-ഗാര്‍ഹിക പീഡനത്തിന് അറുതിവരുത്താന്‍ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്. മക്കളുടെ വിവാഹസമയത്ത് രക്ഷിതാക്കളുടെ പരിഗണനകളും ലക്ഷ്യങ്ങളും മാറേണ്ടതുണ്ട്. മക്കളുടെ ജീവിതത്തിന് ഗുണകരമാവുന്ന തീരുമാനമാവണം രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. വിവാഹശേഷവും മക്കളുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം സമീപിക്കാനും പരിഹരിക്കാനും കുട്ടികള്‍ക്ക് ധൈര്യവും പിന്തുണയും നല്‍കാനും, രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കഴിയേണ്ടതുണ്ട്. എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയേണ്ടതില്ലെന്നും, ക്ഷമയ്ക്കും സഹനത്തിനും അതിരുകളുണ്ടെന്നും തിരിച്ചറിയേണ്ടത് അവരുടെ കൂടെയുള്ളവരാണ്.
സ്ത്രീധനം വാങ്ങുന്നവര്‍ മാത്രമല്ല
കൊടുക്കുന്നവരും കുറ്റക്കാരല്ലേ?
ഡോ. ഖദീജ മുംതാസ്
(എഴുത്തുകാരി, ഡോക്ടര്‍)
പെണ്‍കുട്ടികള്‍ ധാരാളമായി വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. റാങ്കുകള്‍ വാങ്ങുന്നുണ്ട്. പക്ഷേ, അവരുടെ മാനസിക ശാക്തീകരണം ശരിയായ രീതിയില്‍ നടക്കുന്നില്ല. അതിന് ഉതകുന്ന ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ ബോധമൊന്നും ഇപ്പോഴത്തെ വിദ്യാഭ്യാസത്തില്‍ നിന്നു ലഭിക്കുന്നില്ല. അവരെ കോര്പറേറ്റ്വത്കൃതമായ തൊഴിലാളികളാവാനോ പ്രൊഫഷണലുകളാകാനോ മാത്രമേ അത് സഹായിക്കുന്നുള്ളൂ. അതിനപ്പുറത്തേക്കുള്ള ലിംഗസമത്വത്തിലുള്ള ബോധമുള്ളതല്ല നമ്മുടെ വിദ്യാഭ്യാസം. അത് പെണ്‍കുട്ടിയെ മാത്രമല്ല, ആണ്‍കുട്ടിയെയും ബാധിക്കുന്നുണ്ട്. ആണ്കുട്ടിയില് പുരുഷാധിപത്യ പ്രവണതയും രൂപപ്പെടുന്നുണ്ട്. കുടുംബത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ചെറിയ ക്ലാസുകളില്‍ നിന്നും ലഭിക്കുന്നതൊക്കെ ലിംഗവിവേചനത്തിന്റെ പാഠങ്ങളാണ്. പുരുഷപ്രധാനമായ ഒരു ലോകമാണിതെന്നും സ്ത്രീ പുരുഷനു താഴെ നില്‍ക്കേണ്ടതാണെന്നുമുള്ള ബോധമാണുണ്ടാവുന്നത്. അതിനു സഹായിക്കുന്നതാണ് സിനിമയും ഗാനചിത്രീകരണവുമൊക്കെ. പെണ്‍കുട്ടിയില്‍ താന്‍ പുരുഷനു താഴെ നില്‍ക്കേണ്ടവളാണെന്നും പുരുഷന് സ്ത്രീ തന്റെ താഴെയാണെന്നുമുള്ള ബോധം ഉണ്ടാവുന്നു. കുടുംബങ്ങളില്‍ പാട്രിയാര്‍ക്കിയുടെ സ്വാധീനം കൂടിയിട്ടേയുള്ളൂ. നവോത്ഥാനം എന്നു പറയുമ്പോഴും കുടുംബ യൂനിറ്റുകള്‍ അതിലൊരു അധികാരി അച്ഛന് ആ രീതിയിലുള്ള പാട്രിയാര്‍ക്യല്‍ സ്വഭാവം തന്നെയാണ് വരുന്നത്. മാത്രമല്ല, കമ്പോളത്തിന്റെ സ്വാധീനം കൂടിവരുന്നതുകൊണ്ട് ഒരു വ്യാജ അഭിമാന കേന്ദ്രങ്ങളായി മാറുന്നു. സമ്പത്തിനും സ്വര്‍ണത്തിനുമൊക്കെ പ്രാധാന്യം വരുന്നു. അഭിമാനമെന്നു പറയുന്നത് എത്ര ആഡംബരത്തില്‍ കല്യാണം കഴിക്കാന്‍ പറ്റും, ജീവിക്കാന്‍ പറ്റും എന്നൊക്കെയാണ് നോക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ വിവാഹം വളരെ ആഡംബരത്തോടെ നടത്തുക, കുറേ സ്വര്‍ണമിട്ട് നടത്തുക എന്നതൊക്കെ മാതാപിതാക്കളുടെ അഭിമാനമായി മാറുകയാണ്. അല്ലെങ്കില്‍ അതൊക്കെ നാണക്കേടെന്ന രീതിയിലേക്ക് മാറുകയാണ്. ഇങ്ങനെയൊക്കെ വിവാഹത്തിലേക്കെത്തുന്ന പെണ്‍കുട്ടിയും അധികാരഭാവത്തോടെ വളരുന്ന ആണ്‍കുട്ടിയും അവന്റെ അവകാശമാണ് അവളുടെ കൈയില്‍ നിന്നിത്ര കിട്ടുകയെന്നതൊക്കെയെന്നാണ് ചിന്തിക്കുന്നത്.
വിസ്മയ വിദ്യാഭ്യാസം ലഭിച്ച പെണ്‍കുട്ടിയായിരുന്നില്ലേ? ആ പെണ്‍കുട്ടിക്കു പോലും എന്തുകൊണ്ട് സ്ത്രീധനം ഇത്രയധികം വാങ്ങുന്നുവെന്ന് ചോദിക്കാന്‍ കഴിഞ്ഞില്ല. സ്ത്രീധനം തന്റെ അവകാശമാണെന്നും കിട്ടുന്നത് പോന്നോട്ടെ എന്നുള്ളതും അതുകൊണ്ട് തന്റെ ജീവിതം കൂടുതല്‍ സുന്ദരമാകുമെന്നും പെണ്‍കുട്ടികളും കരുതുന്നുണ്ട്. വിവാഹത്തോടുകൂടി കുടുംബവുമായുള്ള സാമ്പത്തിക ബന്ധം അറ്റുപോവുകയാണ് സ്ത്രീകള്‍ക്ക്. മറ്റു ബന്ധങ്ങള്‍ അങ്ങനെ നിലനില്‍ക്കുന്നുവെന്നേയുള്ളൂ.
വിവാഹജീവിതം പ്രശ്നത്തിലായി സ്ത്രീകള്‍ തിരിച്ചുവന്നാല്‍ അത് അപമാനവുമായി. പിന്നീട് അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാണ് രീതി. വിവാഹം ഏറ്റവും ലളിതമാക്കി നടത്തുന്നതിന് നിയമം തന്നെ കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം. സ്വര്‍ണം ഇത്ര കൊടുക്കരുത്, ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും സ്വത്തില്‍ തുല്യാവകാശം നല്‍കണം തുടങ്ങിയവയാണ് എനിക്ക് പറയാനുള്ളത്. നിയമം മാറിയതുകൊണ്ട് മാത്രമായില്ല, സമൂഹത്തിന്റെ മനോഭാവം കൂടി മാറണം. വിസ്മയയുടെ വിധി വന്നപ്പോള്‍ അയാള്‍ക്ക് ശിക്ഷ ലഭിച്ചതില്‍ നമ്മളെല്ലാവരും സന്തോഷിച്ചിരുന്നു. എന്നാല്‍ ഇത്രയധികം സ്ത്രീധനം നല്കിയ അമ്മയെയോ അച്ഛനെയോ കുറിച്ച് കോടതി ഒരഭിപ്രായം പോലും പറഞ്ഞില്ല. കോടതിയുടെ മനോഭാവം അതുതന്നെയാണ്. അവരുടെ നഷ്ടമൊക്കെ വലിയതാണ്. പക്ഷേ മാതാപിതാക്കളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടാവണം. സ്ത്രീധനം ഇത്രയധികം കൊടുത്തുവെന്ന കാര്യം നിയമവിരുദ്ധമാണെന്ന ചോദ്യം കോടതിയില്‍ നിന്നുണ്ടായില്ല. അതിനാല്‍ സമൂഹത്തിന്റെ മനോഭാവം തന്നെയാണ് കോടതിയുടെയും മനോഭാവം. അതുതന്നെയാണ് പോലീസിന്റെയും മനോഭാവം. ഈ മനോഭാവമാണ് മാറിവരേണ്ടത്. വിവാഹജീവിതം പ്രശ്നത്തിലായി തിരിച്ചുവരുന്ന സ്ത്രീകള്‍ക്ക് വീട്ടില്‍ സ്ഥാനമുണ്ടാവണമെങ്കില് സമ്പത്തില്‍ അടക്കം അവള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ഉണ്ടാവണം. അല്ലെങ്കില്‍ അവരൊരു അധികപ്പറ്റായി വീട്ടുകാര്‍ കണക്കാക്കും.
വിവാഹത്തോടെ തീരുന്നതല്ല
രക്ഷിതാക്കളുടെ ഉത്തരവാദിത്തം
ഡോ. പി എന്‍ സുരേഷ് കുമാര്‍
(കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്)
കേരളം നൂറു ശതമാനം സാക്ഷരത കൈവരിച്ചുവെന്നു പറയുമ്പോഴും എത്ര വലിയ സംസ്കാരസമ്പന്നരാണെന്നു പറയുമ്പോഴും ഇപ്പോഴും കേരളത്തില്‍ പുരുഷമേല്‍ക്കോയ്മ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അലിഖിതമായി പാരമ്പര്യമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഗതിയാണിത്. അതിന്റെ കാരണമായി നോക്കുകയാണെങ്കില്‍ ചെറുപ്പം മുതല്‍ നീ ആണ്‍കുട്ടി, നീ പെണ്‍കുട്ടി എന്നുള്ള വേര്‍തിരിവുകളുണ്ട്. വളര്‍ത്തുമ്പോള്‍ തന്നെ രീതികള്‍ അങ്ങനെയാണ്. അതുകൊണ്ടുതന്നെ എപ്പോഴും സ്ത്രീയും പുരുഷനും തുല്യരാണെന്ന പറച്ചില് മാത്രമാണുള്ളത്. എന്നാല്‍ അത് പ്രായോഗികമായിട്ടില്ല. അതിന്റെ പ്രതിഫലനമാണ് വളര്‍ന്നുവരുമ്പോള്‍ കണ്ടുവരുന്നത്.
വളര്‍ന്നുവരുമ്പോള്‍ സ്ത്രീകളുടെ ശാരീരിക ദൗര്‍ബല്യം ചൂഷണം ചെയ്ത് അവരെ അടിച്ചമര്‍ത്തി കൈക്കലാക്കാനുള്ള ശ്രമം ഏതു രംഗത്തുമുണ്ട്. അവരെ പേടിപ്പിച്ചും ഭയപ്പെടുത്തിയും കാര്യങ്ങള്‍ നേടുകയെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ ഗണ്യമായി സ്ത്രീകള്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണെന്ന് പറയാം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, സ്ത്രീധന പീഡനങ്ങള്‍ എന്നിവയെല്ലാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലാണ്. സാക്ഷരത കുറഞ്ഞ ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കണക്ക് നോക്കുമ്പോള്‍ കേരളം ഇപ്പോഴും അതേ നിലയില്‍ തന്നെയാണ് നില്ക്കുന്നതെന്നു പറയാന്‍ കഴിയും. ഇതിനു പരിഹാരം വേണമെങ്കില്‍ കുട്ടികളെ വളര്‍ത്തിയെടുത്ത രീതികളില്‍ പ്രത്യേകിച്ച് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വേര്‍തിരിവ് നിര്‍ത്തി രണ്ടു കൂട്ടരും ഒരുപോലെയാണെന്നു പഠിപ്പിക്കണം. ആണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ അവരേക്കാള്‍ ഉയര്‍ന്നവരാണെന്ന തോന്നല്‍ മാറിക്കിട്ടും. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നില്ല. അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും ആക്രമിക്കുന്നതും. മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി ബഹുമാനം ലഭിക്കുന്നുണ്ട്. സംസ്ഥാനം മുന്നില്‍ നില്ക്കുന്നുണ്ടെന്നു പറഞ്ഞാലും ഒരു സ്ത്രീക്ക് വൈകുന്നേരം ഒറ്റയ്ക്ക് നടക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടെയില്ല. മക്കളെ തുല്യരായി വളര്‍ത്താന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കുക, അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം വര്‍ധിപ്പിക്കുക, തൊഴില്‍ പഠിക്കുന്ന സ്ഥലത്തും പരസ്പരം ബഹുമാനിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കുക. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഫ്രീഡം ഓഫ് ലൈഫ് സ്റ്റൈലുണ്ട്. സ്ത്രീകളെ വസ്ത്രത്തിന്റെ പേരില്‍ കളിയാക്കലുകളില്ല. അത്തരത്തില്‍ ഇവിടെയില്ല. ഇതെല്ലാം ഉപേക്ഷിക്കുക എന്നതും ചെയ്യേണ്ടതാണ്.
പുരുഷന് ജോലി ചെയ്യുന്നു, സ്ത്രീ അവരെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന രീതിയാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും. സ്ത്രീക്കും സ്വതന്ത്രയായി നില്‍ക്കണമെന്ന തിരിച്ചറിവ് ഉണ്ടായിവരണം. സ്ത്രീകള്‍ക്ക് മാത്രമായി കൗണ്‍സലിങ് സെന്ററുകള്‍ വരണം. ഏതു സമയത്തും സഹായിക്കാന്‍ കഴിയുന്ന സെന്ററുകള്‍ സ്ത്രീകളിലേക്ക് എത്തണം. സ്ത്രീകള്‍ പ്രശ്നങ്ങള്‍ പുറത്തു പറയണം. വീട്ടുകാരോടോ സുഹൃത്തുക്കളോടോ തുറന്നു സംസാരിച്ചാല്‍ പല തരം വീര്‍പ്പുമുട്ടലുകളും ഇല്ലാതാവും.
സ്ത്രീശാക്തീകരണം പേപ്പറില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിയില്‍ നിന്ന് മാറണം. കല്യാണം കഴിച്ചുകൊടുത്തുകഴിഞ്ഞാല് കുടുംബത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ല. അവരുടെ മകള്‍ ആ വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നുകൂടി പരിശോധിക്കണം. ഉത്തരയുടെ കേസില്‍ കണ്ടില്ലേ, പണം കൂടുതല്‍ കൂടുതല്‍ കൊടുത്തിട്ട് കാര്യമില്ല. അയാളുടെ അവസ്ഥയും സ്വഭാവവും മനസ്സിലാക്കണം. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ഇട്ടിട്ട് പോരണമെന്നാണ് പറയാനുള്ളത്. മറ്റുള്ളവര്‍ എങ്ങനെ നോക്കും കാണും എന്നുള്ള ചിന്താഗതി മാറിയിട്ട്, പ്രശ്നമുണ്ടെങ്കില്‍ നീ ധൈര്യമായി വീട്ടില്‍ വന്നോ, നിനക്ക് ഞങ്ങളുണ്ട് എന്ന ധൈര്യം പെണ്‍കുട്ടികള്‍ക്ക് നല്കുന്ന മാതാപിതാക്കള്‍ ഉണ്ടാവേണ്ട കാലം അതിക്രമിച്ചു.
സര്‍ക്കാരിന്റെ സ്ത്രീകളുടെ ശാക്തീകരണ പദ്ധതികളൊക്കെ എത്രകണ്ട് സ്ത്രീകള്‍ക്കിടയില്‍ എത്തുന്നുെണ്ടന്ന് ആലോചിക്കണം. ബുദ്ധിമുട്ടുകള്‍ കൂടുതല്‍ നേരിടേണ്ടിവരുന്നത് വിദ്യാഭ്യാസം കുറഞ്ഞ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള താഴേക്കിടയിലുള്ള സ്ത്രീകള്‍ക്കാണ്. അവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട സഹായങ്ങള്‍, കൗണ്‍സലിങ് ഇതൊക്കെ എത്രത്തോളം ലഭിക്കുന്നുണ്ടെന്നത് സംശയമാണ്. വനിതാ കമ്മീഷന്, ജനമൈത്രി പോലീസൊക്കെ അവരെ ശാക്തീകരിക്കാനും സഹായിക്കാനും മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടുതല്‍ വേണ്ടത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്വന്തമായി ജോലിയുമാണ്. എന്നാലേ ഈ സാഹചര്യത്തിന് മാറ്റം വരുകയുള്ളൂ.
സ്ത്രീകള്‍ക്ക് വിവാഹമോചനം ലഭിക്കണമെങ്കിലോ സഹായം ലഭിക്കണമെങ്കിലോ നാലോ അഞ്ചോ വര്‍ഷമാണ് കുടുംബ കോടതികളില്‍ വേണ്ടിവരുന്നത്. പെട്ടെന്നുള്ളൊരു സഹായം ലഭിക്കുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമായി ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സംസ്ഥാനത്തുണ്ടാവണം. പഞ്ചായത്ത് തലത്തില്‍ ഫാമിലി കോര്‍ട്ടുകള്‍ ഉണ്ടാവേണ്ടതുണ്ട്. കേസുകള്‍ കൂടി വരുന്നതോടെ തത്സമയ പരിരക്ഷ ലഭിക്കുന്നില്ല. നിയമ പരിരക്ഷ പ്രായോഗികമല്ലാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ക്ക് ധൈര്യം ലഭിക്കുകയാണ്. നിയമം തന്നെ ശിക്ഷിക്കില്ലെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവുകയാണ്. നിയമത്തിന്റെ പഴുതുകള്‍ അടച്ചുകൊണ്ട് നിയമത്തിലൂടെ അവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാവണം.
നിന്റെ വീട്ടില്‍ ഒരു മുറി
നിനക്ക് എപ്പോഴുമുണ്ട്
ഡോ. ഷിംന അസീസ്
(ആരോഗ്യ പ്രവര്‍ത്തക, എഴുത്തുകാരി)
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുകയെന്നതാണ് ആദ്യം വേണ്ടത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവും ആത്മവിശ്വാസവും സാഹചര്യവും നേടണം. ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു പ്രശ്നം ഉണ്ടെന്നറിഞ്ഞാല്‍ പോലും പെണ്‍കുട്ടിയെ തിരിച്ചുവിളിക്കാന്‍ പല രക്ഷിതാക്കളും മടിക്കുന്നത് സമൂഹം എന്തു പറയുമെന്നു ഭയന്നാണ്. സമൂഹം ഒന്നിന്റെയും അവസാന വാക്കല്ല. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ എന്തുണ്ടെങ്കിലും ‘നിന്റെ വീട്ടില്‍ ഒരു മുറി നിനക്ക് എപ്പോഴുമുണ്ട്’ എന്നു പറയാനും കൂടെ നില്‍ക്കാനും മാതാപിതാക്കള്‍ തയ്യാറാവണം. സ്ത്രീകള്‍ക്ക് സംരക്ഷണം കിട്ടാത്ത അവസ്ഥയില്‍ സ്ത്രീക്ക് നിയമം പരിരക്ഷ നല്‍കും. എല്ലാ പോലീസ് സ്റ്റേഷനിലും വനിതാ സെല്ലുണ്ട്. അവിടെ പരാതി നല്‍കാം. അല്ലെങ്കില്‍ വനിതാ കമ്മീഷന് പോലുള്ള സ്ത്രീവേദികളുമുണ്ട്. പീഡനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ചു മുന്നോട്ടുപോകുന്ന ചിലരുടെ ജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ അത്തരം ജീവിതങ്ങളെ പ്രചോദനവും മാതൃകയുമാക്കി മുന്നോട്ടുപോകാന്‍ കഴിയണം.
ആര്‍ത്തിയെ ഒറ്റമൂലി കൊണ്ട്
നേരിടാനാവില്ല
വി പി റജീന
(മാധ്യമ പ്രവര്‍ത്തക)
ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആര്‍ത്തിയുടെ ഒരു സംസ്കാരമുണ്ടല്ലോ, അതിനു സ്ത്രീധനം പോലുള്ള സംവിധാനങ്ങള്‍ വളരെ ലെജിറ്റിമസി നല്‍കുന്നുണ്ട്. പണ്ട് ഉണ്ടായിരുന്ന, ഉണ്ടായിരുന്നുവെന്നു തോന്നുന്ന ഒരു മനോഭാവം ഇത്തരം സംഗതികളോടൊക്കെയുണ്ട്. ഇത് കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമുണ്ട്. കൊടുക്കുന്നവര്‍ക്ക് ഇത് ഞങ്ങളുടെ മകളുടെ ഭാവിക്ക് ഉപകരിക്കാനാണെന്ന, സോഷ്യല്‍ സ്റ്റാറ്റസിന്റെ പ്രകടനാത്മകത കൂടിയാണ്. കല്യാണം കഴിക്കുമ്പോള്‍ കുട്ടിക്ക് കൊടുക്കുന്നത് മറ്റുള്ളവര്‍ കാണുന്നത്, അതിലുള്ള അഭിരമിക്കലൊക്കെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ കൂടുതല്‍ കിട്ടാനുള്ള ആര്‍ത്തിയും ഉണ്ടാക്കുന്നു. ഈ ആര്‍ത്തിയെ ഒരൊറ്റമൂലി കൊണ്ട് നേരിടാന്‍ കഴിയില്ല. അത് ഈ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. അതിനകത്ത് എല്ലാ തരം ക്രിമിനല്‍ ക്യാപിറ്റല്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കല്യാണം എന്നത് പഴയപോലെയല്ല ഇപ്പോള്‍. രണ്ടു വ്യക്തികളുടെ കൂടിച്ചേരല്‍, കുടുംബത്തിന്റെ സന്തോഷം, നാട്ടുകാരുടെ ആഘോഷം എന്നതിനപ്പുറത്തേക്ക് വേറെ എന്തൊക്കെയോ കാട്ടിക്കൂട്ടലുകളാണ്. ഈ കാട്ടിക്കൂട്ടലുകള്‍ കൊണ്ടുവന്നൊരു സംസ്കാരമുണ്ട്. അതൊരു ഉത്തരാധുനികത കൊണ്ടുവന്ന പ്രശ്നമായി സമീപിക്കേണ്ടതാണ്. ഏത് മതത്തിനകത്ത് ഉണ്ടായിവന്നിട്ടുള്ള പ്രതിരോധത്തെയും അല്ലെങ്കില്‍ ബോധവത്കരണത്തെയും തോല്പിക്കുന്ന രൂപത്തില്‍ ഈ വ്യവസ്ഥ തച്ചുടച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വ്യവസ്ഥക്കെതിരെയുള്ള കലാപമെന്നു പറയുന്നത് സ്ത്രീധനത്തിനെതിരെയുള്ള കലാപമെന്നു പറഞ്ഞ് രക്ഷിച്ചെടുക്കാന്‍ കഴിയില്ല. നമ്മുടെ ജീവിതത്തില്‍ തന്നെ അടിമുടി മാറ്റുന്ന ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ കിട്ടാനുള്ള പുരുഷന്റെ പുരുഷാധിപത്യ മനോഭാവത്തില്‍ ഇനിയും കുറേയേറെ പെണ്‍കുട്ടികള്‍ക്ക് ജീവഹാനി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
സ്ത്രീധന മരണങ്ങളില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ കുറഞ്ഞുപോവുകയാണ്. ആദ്യഘട്ടത്തില്‍ നല്കുന്ന പിന്തുണ പിന്നീട് കുറയുന്നു. പണ്ടത്തെപ്പോലെ ആളുകള്‍ക്ക് മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാനോ ഒന്നും സമയമില്ല. ഇത്തരം വിഷയങ്ങളില്‍ എത്രതന്നെ പിന്തുണ നല്കിയാലും ഒരു വ്യക്തി ഒറ്റയ്ക്കു നിന്ന് പ്രതിരോധിക്കുമ്പോള്‍ തോറ്റുപോകുന്ന സാഹചര്യമുണ്ട്. ഇത് വളരെ കൃത്യമായ ആസൂത്രണത്തോടെ എതിര്‍ത്തു തോല്പിക്കേണ്ടതാണ്. ഇതിന് നിദാനമാകുന്ന വ്യവസ്ഥയെ അഴിച്ചുപണിതേ പറ്റൂ. അതിന് വ്യക്തികളില്‍ നിന്നു തുടങ്ങിയിട്ടുള്ള പുതിയ സാമൂഹിക വ്യവസ്ഥക്കും ധാര്‍മിക വ്യവസ്ഥക്കും വേണ്ടിയുള്ള കാര്യമായ ഇടപെടലുകള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇതിനു മതസംഘടനകള്‍ക്ക് വലിയ റോളുണ്ട്. എന്നാല്‍ അവര്‍ എല്ലാ കാലത്തെയും പോലെ ഇത്തരം വിഷയങ്ങളില്‍ നിന്നു തീണ്ടാപ്പാടകലെ നില്ക്കുന്ന സാഹചര്യമുണ്ട്. പേരിനു മാത്രം, മരണം നടക്കുമ്പോള്‍ നടക്കുന്ന കാമ്പയിന് പോലെ നടന്നിട്ട് കാര്യമില്ല. മതസംഘടനകളുടെ പിടിത്തത്തില്‍ നിന്ന് ഇത്തരം വിഷയങ്ങള്‍ പുറത്തേക്ക് കടന്നിരിക്കുകയാണ്. ഇവന്റ് മാനേജ്മെന്റ് പോലെയുള്ള സംഘങ്ങളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വീട്ടുകാര്‍ അവര്‍ക്കു വേണ്ടി വഴങ്ങിക്കൊടുക്കുന്ന സാഹചര്യമാണ്. ഇത്തരം സംഗതികളൊക്കെ എന്റര്‍ടെയിന്‍മെന്റിന്റെ മൂഡിലേക്ക് മാറുമ്പോള്‍ പെണ്‍കുട്ടിയാണ് സഹിക്കുന്നത്. പെണ്‍കുട്ടികളോട് ഇട്ടെറിഞ്ഞുപോകാന്‍ പറയുമ്പോള്‍ സ്വന്തം കാലില്‍ നില്ക്കുന്ന പെണ്‍കുട്ടികള്‍ പുറത്തേക്കു വരുന്നുണ്ട്. എങ്കില്‍ പോലും മിക്ക പെണ്‍കുട്ടികള്‍ക്കും അതിന് കഴിയാതെ ബന്ധിച്ചിടുന്ന അത്തരം ബന്ധങ്ങളില്‍ തന്നെ തുടരേണ്ടിവരുന്ന പല സാഹചര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റമൂലി ചികിത്സ ഇതില്‍ നടക്കില്ല. ഇതിനകത്ത് പല തരത്തിലുള്ള വിഷയങ്ങള്‍ വരുന്നുണ്ട്. വ്യക്തി, സമൂഹം, കുടുംബബന്ധങ്ങള്‍, സ്റ്റാറ്റസ് സിംബല്‍ ഇതൊക്കെ വരുന്ന ഒരു പ്രക്രിയയായി കല്യാണവും കല്യാണത്തിനു ശേഷമുള്ള ആചാരങ്ങളും മാറുമ്പോള്‍ സമഗ്രമായ ഒരഴിച്ചുപണിക്ക് ആര് നേതൃത്വം നല്കുമെന്നൊരു ചോദ്യമുണ്ട്. ഈ ചോദ്യത്തെ തന്നെയാണ് നമ്മള് അഡ്രസ് ചെയ്യേണ്ടതെന്നാണ് കരുതുന്നത്.
ആത്മഹത്യകളല്ല,
വ്യവസ്ഥാപിത കൊലപാതകം
നൂര്ജഹാന് കെ
(സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍)
ഗാര്‍ഹിക പീഡനങ്ങളും അതിനോടനുബന്ധിച്ചുള്ള ആത്മഹത്യകളും ആവര്‍ത്തിക്കുന്നതിനു പല കാരണങ്ങളുണ്ട്. സ്ത്രീധനം പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ്. വരന്റെ വീട്ടുകാര്‍ വധുവിനോടോ വധുവിന്റെ വീട്ടുകാരോടോ പണമോ സ്വര്‍ണമോ മറ്റോ ആവശ്യപ്പെടുന്നു എന്നു പറയുന്ന സിസ്റ്റമാണല്ലോ സ്ത്രീധനം. കല്യാണത്തോടെ വധുവും വധുവിന്റെ വീട്ടുകാരും വരനെയും വരന്റെ വീട്ടുകാരെയും പ്രീതിപ്പെടുത്തണമെന്ന ആശയത്തില്‍ നിന്നാണ് സ്ത്രീധനം എന്ന സമ്പ്രദായം രൂപപ്പെടുന്നത്. പെണ്‍കുട്ടിയോട് എപ്പോഴും പറയുന്നത് നീ അവരോട് നല്ലപോലെ നില്‍ക്കണം, അവരെ പ്രീതിപ്പെടുത്തണം എന്നൊക്കെയാണ്. ഇതൊക്കെ ഇതിന്റെ ഭാഗങ്ങളാണ്. നമ്മുടെ സാമൂഹികാവസ്ഥ തന്നെ അങ്ങനെയാണ് രൂപപ്പെടുത്തുന്നത്. വേറെയേതോ വീട്ടില്‍ പോയി അവിടെ നില്‍ക്കേണ്ട കുട്ടിയാണെന്നും അതുകൊണ്ട് ആളുകളോട് തര്‍ക്കുത്തരം പറയരുതെന്നുമൊക്കെയാണല്ലോ കുട്ടിക്കാലം മുതല്‍ പറഞ്ഞു പഠിപ്പിക്കുന്നത്. വളരെ താഴേത്തട്ടില്‍ ഉണ്ടാവുന്ന ഇത്തരം പ്രക്രിയയില്‍ നിന്നാണ് നേരിട്ടല്ലാതെ ചോദിക്കപ്പെടുന്ന, കൊടുക്കപ്പെടുന്ന പാരിതോഷികങ്ങളെന്ന പേരിലുള്ളത് അടക്കമുള്ള സ്ത്രീധനം ഉണ്ടാവുന്നത്. പെണ്മക്കളുടെ ഭര്ത്താക്കന്മാരെ പ്രീതിപ്പെടുത്തുക എന്നത് രക്ഷിതാക്കളുടെ കടമയായിട്ടാണ് സമൂഹം കാണുന്നത്. എങ്കിലേ പെണ്മക്കള്ക്ക് സന്തോഷം ലഭിക്കുകയുള്ളൂ എന്ന ബോധം. ഇനിയുള്ള ജീവിതകാലം മുഴുവന്‍ നോക്കേണ്ടത് അവനാണല്ലോ, അതുകൊണ്ട് ഞങ്ങടെ കോണ്ട്രിബ്യൂഷന് കൊടുക്കാമെന്നൊക്കെ. ഈ പറയുന്ന ബോധം നമ്മുടെയൊക്കെ ഉള്ളിലുണ്ട്. സ്ത്രീധന കൊലപാതകം നടക്കുന്ന, ആത്മഹത്യകള്‍ നടക്കുന്ന, സ്ത്രീധനം കൊടുക്കുന്ന, വാങ്ങുന്ന വീടുകളിലൊക്കെയും വിവാഹത്തെക്കുറിച്ചുള്ള ബോധം ഇതുതന്നെയാണ്. അതിന്റെ ബാക്കിപത്രമാണ് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന കുറ്റപ്പെടുത്തലുകള്‍. ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രീതിപ്പെടുത്തുന്നില്ല എന്നു പറയുന്ന കുറ്റങ്ങള്‍ മാറാത്തിടത്തോളം കാലം ഒന്നും മാറാന്‍ പോകുന്നില്ല.
സ്ത്രീധനത്തിന്റെ മറ്റൊരു വശമാണ് മെന്റലി, ഫിസിക്കലി, സോഷ്യലി ചലഞ്ചിങ് ആയ സാഹചര്യങ്ങളില്‍ നിന്ന് പോകുന്ന പെണ്‍കുട്ടികള്‍ക്ക് അതു മറയ്ക്കാന്‍ പണം കൊണ്ടും പാരിതോഷികമായും നല്‍കുന്നത്. സ്ത്രീധനം അവസാനിക്കുന്ന ഒരു പ്രക്രിയയല്ല. അതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. വിവാഹത്തിന്റെ സമയത്ത് നടക്കുന്നതിനെ സോഷ്യല്‍ ഡെഫനിഷനായി മാത്രമേ കാണാന്‍ കഴിയൂ. അതു കഴിഞ്ഞും കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതും സ്ത്രീധനത്തിന്റെ പേരില്‍ വരുന്നതാണ്. പ്രസവത്തിനു കൊണ്ടുപോകുമ്പോള്‍, പ്രസവിച്ചു കഴിയുമ്പോള്‍, അടുക്കള കാണാന്‍ പോകുമ്പോള്‍ തുടങ്ങി ഒരുപാട് സന്ദര്‍ഭങ്ങളില്‍ ഇതെല്ലാം നടക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ചലഞ്ചിങ് ആണെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. എന്നാലും സ്ത്രീകള്‍ക്ക് ഭര്‍ത്താവ് വേണമെന്നും ഭര്‍ത്താവില്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുമാണ് വരുന്നത്.
എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നതുകൂടി ആലോചിക്കേണ്ടതാണ്. നമ്മുടെ സമൂഹത്തില്‍ വിവാഹത്തെക്കുറിച്ചുള്ള ചിന്തകളില്‍ തന്നെ പ്രശ്നമുണ്ട്. വ്യവസ്ഥാപിത കൊലപാതകങ്ങളാണിതെല്ലാം. കുടുംബമെന്ന വ്യവസ്ഥക്കുള്ളില്‍ മരിക്കുന്നതിനെ ആത്മഹത്യകളെന്നു പറയുന്നത് ശരിയല്ല. ഇത് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം നടക്കുന്നതല്ല, കുടുംബമെന്ന വ്യവസ്ഥയില്‍ തന്നെയുള്ള ഉടച്ചുവാര്‍ക്കലുകള്‍ മാത്രമാണ് ഇതിനു പരിഹാരം. വിവാഹം അതില്‍ പെടുന്നതാണ്. വിവാഹത്തിലൂടെയാണ് കുടുംബങ്ങള്‍ ഉണ്ടാവുന്നത്. കുടുംബത്തിന്റെ ഉള്ളിലുള്ള കാണാത്തതും കാണുന്നതുമായ ആശയങ്ങളില്‍ ഉടച്ചുവാര്‍ക്കലുകള്‍ ആവശ്യമാണ്. വിസിബിളായതാണ് വിസ്മയ ഉള്‍പ്പെടെയുള്ള കേസുകളില്‍ കാണുന്നത്. വിസിബിളല്ലാത്തതുമുണ്ട്. നരകിച്ചു ജീവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടി പോലും നിരന്തരം മര്‍ദനമേല്‍ക്കുന്ന ദാമ്പത്യം തന്റെ കടമയാണെന്നാണ് വിചാരിച്ചുവെച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ ഇന്റേണലൈസ് ചെയ്യുന്ന തരത്തിലേക്ക് കുടുംബങ്ങള്‍ മാറിയിട്ടുണ്ട്. കുറേ സ്ത്രീകള്‍ മരിച്ചുജീവിക്കുകയാണ് ചെയ്യുന്നത്. മനോരോഗം, ഭ്രാന്ത്, ആത്മഹത്യ, കൊലപാതകം- ഇതെല്ലാം വ്യവസ്ഥാപിത കൊലപാതകങ്ങള്‍ തന്നെയാണ്.
പ്രതിസന്ധികളെ
ചെറുത്തുതോല്പിക്കുക
സല്‍മ അന്‍വാരിയ
(പ്രഭാഷക, എം ജി എം പ്രസിഡന്റ്)
സ്ത്രീകളുടെ വ്യക്തിത്വത്തെ വിലമതിക്കുന്ന, അര്‍ഹിക്കുന്ന സ്ഥാനം നല്കുന്ന ഒരു സ്പേസ് ഇവിടെ നിലവിലില്ല. അത് നേടിയെടുക്കുന്ന ഒരു സാഹചര്യം ഇവിടെയുണ്ടാകണം. സമൂഹത്തില്‍ മാത്രമല്ല മാറ്റങ്ങള്‍ വേണ്ടത്. അതിന് സര്‍ക്കാര്‍തലത്തില്‍ നിയമങ്ങള്‍ ശക്തമാകേണ്ടതുണ്ട്. നിയമങ്ങള്‍ ശക്തമായാല്‍ ആളുകള്‍ക്ക് പേടി കാണും. അടിക്കടിയുണ്ടായ പീഡനമരണങ്ങളില് കൃത്യമായ കേസുകളും നടപടികളും ഉണ്ടായപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഒന്നൊതുങ്ങിയതുപോലെയുണ്ട്. നിയമങ്ങള്‍ ശക്തമാവണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അവകാശങ്ങളുള്ള ഒരു സ്പേസ് ഇവിടെ ഉണ്ടായിവരണം. ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ തന്നെ തുല്യതയെക്കുറിച്ച് ബോധവാന്മാരാക്കി വളര്‍ത്തേണ്ടതുണ്ട്. സ്ത്രീധനത്തെക്കുറിച്ച് അവരെ ചെറുപ്പത്തില്‍ തന്നെ ബോധവത്കരിക്കണം. അങ്ങനെയൊരു ആശയം അവരില്‍ രൂപപ്പെടുന്നതിന് സമൂഹത്തിനു പങ്കുണ്ട്, സ്ത്രീകള്‍ക്കും പങ്കുണ്ട്. സ്ത്രീധനം ഉള്‍പ്പെടെയുള്ള സമ്പ്രദായങ്ങളില്‍ സ്ത്രീകളും കൂടിയാണ് പങ്കുള്ളവരായി മാറുന്നത്. ഈ മനോഭാവം മാറ്റാനാണ് ശ്രമിക്കേണ്ടത്. നീ ആണ്‍കുട്ടിയാണെന്നും നീ പെണ്‍കുട്ടിയാണെന്നുമുള്ള വിധത്തില്‍ വിവേചനം കാണിച്ച് മക്കളെ വളര്‍ത്തരുത്.
പ്രപഞ്ചത്തില്‍ ഓരോ ജീവിക്കും അവരുടെ ഇണകളോട് കരുതലുണ്ട്. മനുഷ്യനേക്കാള്‍ മറ്റു ജീവികളില്‍ അത് കാണുന്നുണ്ട്. മറ്റു ജീവികള്‍ക്ക് തന്റെ ഇണയോട് സ്നേഹത്തിന്റെ, കരുതലിന്റെ, പങ്കുവെക്കലിന്റെ പ്രത്യേക കരുതലുണ്ട്. അത് ആഹാരം കഴിക്കുന്നയിടത്തും പാര്‍പ്പിടം ഒരുക്കുന്നിടത്തും കുഞ്ഞുങ്ങളെ പരിചരിക്കുന്നിടത്തുമെല്ലാമുണ്ട്. അവര്‍ക്കുള്ള അവബോധത്തില്‍ നിന്നൊരിക്കലും അത് തെറ്റുന്നില്ല. എന്നാല്‍ മനുഷ്യ വര്ഗത്തിലല്ലാതെ സ്ത്രീകളെ, തന്റെ ഇണകളെ ഇങ്ങനെ ദ്രോഹിക്കുന്നത് കാണാന്‍ കഴിയില്ല. പ്രസവിക്കാറായ പെണ്പൂച്ചയെ ഒരാണ്പൂച്ച ഒരിക്കലും കയറി ആക്രമിക്കുന്നില്ല. മരിച്ചുപോയ ജഡത്തെ പോലും വെറുതെ വിടാത്തവരാണ് മനുഷ്യര്‍. എന്നാലോ, വിശേഷബുദ്ധി ഉള്ളവരാണ് മനുഷ്യരെന്നു പറയേണ്ടിയും വരുന്നു. സമൂഹത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന സിനിമ-സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ച് സമൂഹത്തിന് മാതൃകയാവേണ്ടതുണ്ട്. അവരുടെ പരസ്യങ്ങളില്‍ ഉള്‍പ്പെടെ മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പ്രാധാന്യം കൊണ്ടുവരണം. എത്രതന്നെ പ്രതിസന്ധിയിലായാലും പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കരുത്. നമ്മളെ സ്വയം ഇല്ലാതാക്കി ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കുണ്ടാവണം. അത് മതപരമായും തെറ്റാണെന്ന ബോധം കൂടി പെണ്‍കുട്ടികളിലുണ്ടാവണം. എല്ലാ പ്രതിസന്ധികളെയും ചെറുത്തുതോല്പിക്കലാണ് യഥാര്‍ഥ വിജയത്തിലേക്കുള്ള വഴി. രക്ഷിതാക്കളും സമൂഹവും അതിന് അവരെ സഹായിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കാനും ജീവിതത്തെ സംഘര്ഷഭരിതമാക്കാനുമല്ല, പ്രതിസന്ധികളിലൂടെ കടന്നുപോവുന്നവര്ക്കൊപ്പം നില്‍ക്കാനും പ്രയാസങ്ങളെ ലഘൂകരിക്കാനുമാണ് കുടുംബവും സമൂഹവും ശ്രമിക്കേണ്ടത്. വിവാഹമോചനവും അനിവാര്യ ഘട്ടങ്ങളില്‍ അനുവദനീയമാണ്. സ്ത്രീക്ക് അനുകൂലമായ നിയമങ്ങളും നിലപാടുകളുമാണ് അക്കാര്യത്തില്‍ ഇസ്ലാം മുന്നോട്ടുവെക്കുന്നത്. സ്നേഹത്തോടും കരുണയോടും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ദാമ്പത്യ ജീവിതം ഊഷ്മളമാക്കാനാണ് ഇണകള്‍ ശ്രമിക്കേണ്ടത്. ഇണകളെ തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീധനം വാങ്ങുന്നതോ കൊടുക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ വിവാഹങ്ങളില്‍ ഐശ്വര്യം പ്രതീക്ഷിക്കാനാവില്ല.