LoginRegister

ജീവിച്ചു മരിക്കുക

സഹീറാ തങ്ങള്‍

Feed Back


ഓരോ നിമിഷം പിന്നിടുംതോറും ജീവിതം നമ്മെ കൊണ്ടുപോകുന്നത് മരണത്തിലേക്കാണ്. ജനിച്ചാല്‍ മരിക്കുമെന്നും നമുക്ക് അറിയാം. അത് എന്ന്, എപ്പോള്‍, എങ്ങനെയെന്നൊന്നും നമുക്ക് അറിയില്ല.
മരണം സുനിശ്ചിതമാണെങ്കിലും അതിനെ നാം ഭയപ്പാടോടെ മാത്രം ഓര്‍മിക്കുന്നു. ഈ ലോകം വിട്ടുപോവാന്‍ നാം മടിക്കുന്നു. ഉറ്റവര്‍ അനാഥരാവുമെന്ന ആധി, അവരെ വിട്ടുപോകാനുള്ള വേദന… കാരണങ്ങള്‍ ഒരുപാടുണ്ട് നമുക്ക്.
എന്നാല്‍, സ്വന്തം ആരോഗ്യത്തെ വേണ്ടവിധം ശ്രദ്ധിക്കാത്തതുമൂലം സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥയിലേക്ക് പോവുമ്പോഴത്തെ സ്ഥിതി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്.
വെറും മരുന്നു കൊണ്ട് മാറിപ്പോവേണ്ട അസുഖങ്ങള്‍ വേണ്ട സമയത്ത് ഗൗരവമായി എടുക്കാതെ, വൈദ്യസഹായം തേടാതെ മാരകമാവുകയും സര്‍ജറിയില്‍ അവസാനിക്കുകയും, ആയിരത്തിനു പകരം ലക്ഷങ്ങള്‍ ചെലവാക്കേണ്ടിവരുകയും ചെയ്ത കേസുകള്‍ എനിക്ക് അറിയാം.
വളരെ അടുത്തറിയാവുന്ന ഒരു ഇത്ത, മാറില്‍ കല്ലിപ്പ് പോലെ തോന്നിയിട്ടും ഡോക്ടറെ കാണാന്‍ കൂട്ടാക്കാതെ (ഭയം മൂലം) കൊണ്ടുനടന്നു. കൂടുതല്‍ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായപ്പോള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും ചെയ്തു. അപ്പോഴേക്കും ബ്രെസ്റ്റ് കാന്‍സര്‍ പടര്‍ന്നുകഴിഞ്ഞിരുന്നു. കീമോയും ആശുപത്രി വാസവുമെല്ലാമായി അത്രമേല്‍ തകര്‍ന്നുപോയി അവര്‍.
ബ്രെസ്റ്റ് നീക്കം ചെയ്ത സര്‍ജറിക്കൊടുവില്‍ എല്ലാം ഭേദമായി, അവര്‍ മക്കളും ഭര്‍ത്താവുമൊത്ത് സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷേ ഇടയ്ക്ക് മുടങ്ങാതെ ചെയ്യേണ്ട തുടര്‍പരിശോധനകളില്‍ ചെറിയ ഒരു അലംഭാവം സംഭവിച്ചു. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു പിടിച്ചു.
ഒന്നും പ്രത്യേകിച്ചു ചെയ്യാനില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച്, തന്റെ യൗവനദശയില്‍ മരണത്തിനു മുഖാമുഖം നിസ്സഹായയായി ഇരുന്ന അവരുടെ നിര്‍ജീവ മുഖം മറക്കാനാവില്ല.
”ഞാന്‍ നേരത്തെത്തന്നെ ഡോക്ടറെ കാണേണ്ടതായിരുന്നു. എന്റെ കുട്ടികള്‍ക്ക് ഇത്ര ചെറുപ്പത്തിലേ ഉമ്മയില്ലാണ്ടാവുന്നത് എന്റെ ബുദ്ധിമോശം കൊണ്ടാണ്” എന്നു വിതുമ്പിയ ആ ശബ്ദം മറക്കാനാവില്ല.
മരണം സത്യമാണെങ്കില്‍ കൂടി, ഇനി നാളുകള്‍ മാത്രമേ ജീവന് ആയുസ്സുള്ളൂ എന്ന യാഥാര്‍ഥ്യം എത്രമേലാണ് ഒരു മനുഷ്യനെ ബാധിക്കുക എന്ന് ഓര്‍മിച്ചുനോക്കൂ. സങ്കല്‍പിച്ചുനോക്കൂ. അതില്‍ നമ്മുടെ അശ്രദ്ധയ്ക്കുകൂടി പങ്കുണ്ടെങ്കില്‍ മരിച്ചാലും മാറാത്ത കുറ്റബോധമാവും അത്.
അതുകൊണ്ടുതന്നെ ആരോഗ്യകാര്യങ്ങളില്‍ അലംഭാവം കാണിക്കാതിരിക്കുക. നാം പലപ്പോഴും രോഗലക്ഷണങ്ങളെ അവഗണിക്കും. പിന്നെ… പിന്നെ… എന്നു കരുതി മാറ്റിവെക്കും. എല്ലാ തിരക്കുകളും കഴിഞ്ഞു നോക്കാം ചികിത്സ എന്നു കരുതുമ്പോഴേക്കും വൈകും.
ദൈനംദിന ജീവിത തത്രപ്പാടിനെക്കുറിച്ച് നാമോരോരുത്തരും ആധിയോടെ ആലോചിക്കുകയും മക്കളുടെയും കുടുംബത്തിലുള്ള മറ്റുള്ളവരുടെയും ജീവിതസുരക്ഷയ്ക്കായി വേണ്ടതെല്ലാം സ്വരൂപിക്കുകയും ഭാവിയിലേക്കുള്ള മുന്‍കരുതലായി കൂട്ടിവെക്കുകയും ചെയ്യാന്‍ നാം മിടുക്കരാണ്. പക്ഷേ സ്വന്തം ആരോഗ്യകാര്യത്തില്‍ സീറോ പ്രാധാന്യം മാത്രമേ പലരും നല്‍കുന്നുള്ളൂ. പ്രത്യേകിച്ചു സ്ത്രീകള്‍. എല്ലാ വര്‍ഷവും ഒരു ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ തന്നെ അടിസ്ഥാനപരമായുള്ള ആരോഗ്യവ്യതിയാനങ്ങള്‍ നമുക്കു മനസ്സിലാക്കാനാവും.
വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പാശ്ചാത്യ സംസ്‌കാരം അനുകരിക്കുന്ന നാം പക്ഷേ അവര്‍ പാലിക്കുന്ന നല്ല കാര്യങ്ങള്‍ കാണുന്നില്ല. അതില്‍ ഏറ്റവും പ്രധാനമാണ് പിറന്നു വീണ കുഞ്ഞിനു പോലും എടുക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഒരു പുതിയ വാഹനം വാങ്ങിയാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ നമുക്കു നിരത്തില്‍ ഇറക്കാനാവുമോ? അത്ര പോലും പ്രാധാന്യം നാം നമ്മുടെ ആരോഗ്യത്തിനു നല്‍കുന്നില്ല. ഒരു കാറിനു ഇന്‍ഷുറന്‍സ് എടുക്കാന്‍ വേണ്ടിവരുന്ന തുക പോലും നമുക്കു ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു വര്‍ഷത്തില്‍ വരുന്നില്ല.
എപ്പോഴാണ് ആക്സിഡന്റാവുക എന്നറിയാത്ത പോലെത്തന്നെയാണ് നാം മനുഷ്യര്‍ക്ക് എപ്പോഴാണ് ഭീമമായ തുക വേണ്ടിവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്നതും. ഇതെല്ലാം നമ്മുടെ നിയന്ത്രണത്തിനും അപ്പുറമായിരിക്കെ മുന്‍കരുതലുകള്‍ എടുക്കുകയെന്നത് നാം വിവേകപൂര്‍വം ചെയ്യേണ്ടതുണ്ട്.
നാം ഇപ്പോള്‍ ഉണ്ടെന്നു കരുതുന്ന നമ്മുടെ പ്രശ്‌നങ്ങളും സമ്മര്‍ദങ്ങളും ഉല്‍ക്കണ്ഠയും ഒന്നും ഒരു ഗുരുതരമായ വ്യാധി വന്നാല്‍ അതിനു മുമ്പില്‍ ഒന്നുമല്ലാതാവും. അന്നുവരെ ഒഴുകിയ ജീവിതം എത്ര മനോഹരമായിരുന്നു, അനുഭവിച്ച സംഘര്‍ഷങ്ങള്‍ എത്ര ചെറുതായിരുന്നു എന്നോര്‍ത്തു പരിതപിക്കേണ്ടിവരും.
നമുക്കോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ അത്തരം അശ്രദ്ധ ആരോഗ്യകാര്യങ്ങളില്‍ ഉണ്ടെങ്കില്‍ നാം അത് നിര്‍ബന്ധമായും ഒഴിവാക്കിയേ പറ്റൂ. അത്തരം അലസത കൊണ്ട്, പ്രിയമുള്ളവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ഒരു ജന്മം മുഴുവന്‍ നമ്മെ കുറ്റബോധത്താല്‍ നീറ്റിക്കളയും.
കുറ്റബോധം ഒരു വ്യക്തിയെ വേരോടെ തകര്‍ത്തുകളയുന്ന വികാരമാണ്. മരിച്ചു ജീവിക്കേണ്ടിവരും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top