LoginRegister

ദിനയുടെ അമ്മ

ഷെരീഫ് സാഗര്‍

Feed Back


ദിന എന്ന വീട്ടമ്മയുടെ കഥ വായിച്ചത് ഓര്‍ക്കുന്നു. ഓഫീസിലേക്ക് ബസില്‍ പോകുമ്പോള്‍ അയല്‍പക്കത്തെ അമ്മ ഒറ്റയ്ക്ക് ഉമ്മറത്തിരിക്കുന്നത് ദിന കാണാറുണ്ട്. പെട്ടെന്നൊരു നാള്‍ അവരെ കാണാതായി. ദിനയുടെ മനസ്സ് അസ്വസ്ഥമായി. അന്നത്തെ ഓഫീസ് ജോലികളൊന്നും ശരിയായില്ല. തിരിച്ചുവന്ന ഉടനെ ആ അമ്മയുടെ വീട്ടിലേക്ക് കയറിച്ചെന്നു. വീടും പരിസരവും വൃത്തികേടായി കിടക്കുന്നു. വാതില്‍ അടച്ചിരുന്നില്ല. കട്ടിലില്‍ പനി ബാധിച്ച് കിടക്കുകയാണ് എല്ലും തോലുമായ ആ അമ്മ. ദിന ഉടനെ ആ വീടിനെ ജീവനുള്ളതാക്കി. മുറ്റമടിച്ചു. അടുപ്പത്ത് വെള്ളം വെച്ചു. കഞ്ഞിയുണ്ടാക്കി. അമ്മയെ കുടിപ്പിച്ചു. വണ്ടി വിളിച്ചുവരുത്തി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ദിന വലിയൊരു കുടുംബത്തിലെ അംഗമായിരുന്നില്ല. അവളും ഒറ്റയ്ക്കായിരുന്നു താമസം. വാര്‍ധക്യത്തിലാണ് ആ അമ്മ ഒറ്റപ്പെട്ടതെങ്കില്‍, യൗവനത്തിലാണ് ദിന ഒറ്റപ്പെട്ടത്. ഒരിക്കല്‍ ദിനയും ദീനം വന്നു കിടപ്പിലായി. ഇടുപ്പു വേദന. എഴുന്നേല്‍ക്കാനാവുന്നില്ല. ഒരു ദിവസം രാവിലെ തന്റെ വീടിന്റെ മുറ്റം ആരോ അടിച്ചു വൃത്തിയാക്കുന്ന ശബ്ദം കേട്ടാണ് ദിന ഉണര്‍ന്നത്. വേഗം പോയി നോക്കി. അത് മറ്റാരുമായിരുന്നില്ല. ആ അമ്മയായിരുന്നു! ആ കാഴ്ച അവളെ കരയിപ്പിച്ചു. തനിക്കും ആരൊക്കെയോ ഉണ്ടെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ അവര്‍ ഒരു കുടുംബം പോലെ കഴിഞ്ഞുവന്നു.
ആരുമില്ലാത്തവരുടെ ആശ്വാസങ്ങളിലൊന്നാണ് നല്ല അയല്‍ക്കാര്‍. എന്നാല്‍ നമ്മുടെ അയല്‍ക്കാരെ നമുക്ക് അറിയാമോ? ഇന്ത്യയില്‍ ഏറ്റവുമധികം മതിലുകളുള്ള സംസ്ഥാനം കേരളമായിരിക്കും. വീടു വെക്കുന്നതിനു മുമ്പേ മതില്‍ കെട്ടാനാണ് നമ്മുടെ ആഗ്രഹം. അതും ഉറപ്പുള്ള മതില്‍. ചിലതൊക്കെ ആര്‍ക്കും എത്തിനോക്കാനാവാത്തത്. ജയിലിന്റെ മതില്‍ പോലെ ഉയരമുള്ളത്. അകത്തുള്ളതൊന്നും കാണാതിരിക്കാനായി കെട്ടിപ്പൂട്ടിയത്.
കൂട്ടായ്മകള്‍ കുറഞ്ഞു. സ്ത്രീകളുടെ അയല്‍ക്കൂട്ടങ്ങള്‍ വലിയ ആശ്വാസമാണ്. എന്നാല്‍ അതെല്ലാം സാമ്പത്തിക താല്‍പര്യങ്ങളിലേക്ക് ചുരുങ്ങുന്ന സ്ഥിതിയുണ്ട്. കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളില്‍ കുറഞ്ഞുതുടങ്ങി. ഓരോ മൂലയിലും ഓരോ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലം ഓര്‍മയായി. കൊയ്‌തൊഴിഞ്ഞ പാടങ്ങളിലെ സെവന്‍സ് ഫുട്‌ബോളുകളും ക്ലബ് വാര്‍ഷിക പരിപാടികളും നാട്ടില്‍ കുറഞ്ഞുതുടങ്ങി. കലാ-കായിക മേഖലകളിലെ നാട്ടരങ്ങുകള്‍ അപ്രത്യക്ഷമായി. കളിയും കാര്യവുമൊക്കെ ചാനലിലും മൊബൈലിലും വീഡിയോ ഗെയിമുകളിലും ഒതുങ്ങി.
മണ്ണിന്റെയും മനുഷ്യന്റെയും വിലയറിയുന്ന തലമുറ വളര്‍ന്നുവരണമെങ്കില്‍ പൊതുകാര്യങ്ങളിലേക്ക് താല്‍പര്യപ്പെടുന്ന രീതിയില്‍ അവരെ മാറ്റിയെടുക്കണം. വീടിന്റെ അകത്തളങ്ങള്‍ക്കുമപ്പുറം യാഥാര്‍ഥ്യങ്ങളുടെ വലിയൊരു ലോകമുണ്ടെന്ന് അവരെ പഠിപ്പിക്കണം. പാഠ്യപദ്ധതിയില്‍ അതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.
‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല’ എന്നാണ് വിശ്വാസികളോടുള്ള പ്രവാചകാധ്യാപനം. അനന്തര സ്വത്തിന് അവകാശിയായിപ്പോകുമോ എന്നു തോന്നിപ്പോകും വരെ ജിബ്‌രീല്‍ തന്നെ അയല്‍വാസിയുടെ വിഷയത്തില്‍ ഉപദേശിച്ചുകൊണ്ടിരുന്നു എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. തന്നെ സ്‌നേഹിക്കുന്നതുപോലെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്നാണ് യേശുദേവന്റെ ആഹ്വാനം. ലോകത്തിനാകെ സുഖം ഭവിക്കട്ടെ എന്ന് ഹൈന്ദവ ദര്‍ശനങ്ങളും ഉറക്കെ പറയുന്നു. മനുഷ്യര്‍ക്കിടയില്‍ മതം മതില്‍ കെട്ടിയിട്ടില്ലെന്ന് ഈ മഹത്തായ വാക്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
നമ്മുടെ അയല്‍പക്ക ബന്ധങ്ങളില്‍ കഴിഞ്ഞ കുറേ കാലമായി കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍ പോലും ഈ വ്യത്യാസം വേഗത്തില്‍ അനുഭവപ്പെട്ടുതുടങ്ങി. നഗരം ഗ്രാമങ്ങളെ കയ്യേറുന്ന കാലത്താണ് നഗരശീലങ്ങളും ഗ്രാമങ്ങളെ പിടികൂടുന്നത്. അതിലൊന്നാണ് അയല്‍പക്കങ്ങളെ അറിയാതിരിക്കുക എന്നത്. അയല്‍വാസിക്ക് വെള്ളവും വഴിയും മുടക്കുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അവര്‍ക്ക് നടന്നുപോകാന്‍ ഒരടി വഴി കൊടുക്കാതിരിക്കല്‍, കൊടുത്താല്‍ തന്നെ മാര്‍ക്കറ്റ് വിലയുടെ അഞ്ചിരട്ടി വാങ്ങല്‍ എന്നിങ്ങനെ പലരും അയല്‍വാസിയോട് ചെയ്യാത്ത ദ്രോഹങ്ങളില്ല.
തൊട്ടയല്‍പക്കത്ത് ഒരാള്‍ മരണപ്പെട്ടാല്‍ അറിയാതിരിക്കുന്ന അത്രയും അടുപ്പമില്ലായ്മ അയല്‍പക്ക ബന്ധങ്ങളില്‍ വന്നുതുടങ്ങി. അയല്‍പക്ക ബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെടുകയും കൂടുതല്‍ സ്വാര്‍ഥമായ ഇടങ്ങളിലേക്ക് കുടുംബങ്ങള്‍ ചുരുങ്ങുകയും ചെയ്യുമ്പോഴാണ് അമ്മയുടെ പുഴുവരിച്ച മൃതദേഹത്തിനരികെ മനോവൈകല്യമുള്ള മകള്‍ക്ക് ദിവസങ്ങളോളം കഴിയേണ്ടിവരുന്നത്. അടൂരിലെ നെല്ലിവിളയില്‍ ഒരമ്മ മരിച്ചത് ദിവസങ്ങള്‍ക്കു ശേഷമാണ് പുറം ലോകം അറിയുന്നത്. ആ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയപ്പോള്‍ മാത്രം. മനോവൈകല്യമുള്ള മകളോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. തൊട്ടപ്പുറത്ത് മകള്‍ താമസിച്ചിരുന്നുവെങ്കിലും അമ്മയോട് പിണങ്ങി ആ മകള്‍ അങ്ങോട്ട് കയറിയിരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ ദുരന്തവുമല്ല. പരസ്പരം മനസ്സിലാക്കാനുള്ള മനസ്സില്ലായ്മയാണ്. ഈ മനസ്സില്ലായ്മ നമ്മുടെ ബന്ധങ്ങളെ ഏറെ സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു.
നഗരങ്ങളിലെ അണുകുടുംബങ്ങളുടെ വാതിലുകള്‍ അപരിചിതരെ ഭയന്ന് അടഞ്ഞുകിടന്നപ്പോഴും ഗ്രാമങ്ങളിലെ കൂരകള്‍ അയല്‍വാസിയുടെ സൗഹൃദത്തിനു വേണ്ടി തുറന്നുകിടന്നിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പിറ്റേന്ന് ചായക്ക് പഞ്ചസാരയില്ലെങ്കിലും അയല്‍പക്കത്ത് ചോദിക്കാം എന്ന ആശ്വാസമായിരുന്നു ഗൃഹനാഥയുടെ ബലം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ കടം കൊടുക്കാനും വാങ്ങാനുമുള്ള ബന്ധം. ഉള്ളിലുള്ളതൊക്കെയും തുറന്നുപറയാവുന്ന അടുപ്പം. വിശേഷപ്പെട്ടത് വെച്ചുണ്ടാക്കിയാല്‍ ചെറിയൊരു പാത്രത്തിലാക്കി വേലിക്കപ്പുറത്തേക്ക് നീട്ടുന്ന സൗഹൃദം. അതായിരുന്നു പഴയ കാലത്തെ അയല്‍പക്കങ്ങളുടെ സൗന്ദര്യം. അവരെ വേര്‍പെടുത്താന്‍ വര്‍ഗീയതയുടെയോ ജാതീയതയുടെയോ വിഭജന തന്ത്രങ്ങള്‍ക്കൊന്നും സാധിച്ചിരുന്നില്ല. അങ്ങനെയൊരു സൗഹൃദ ഗ്രാമത്തിലേക്ക് ഇത്തരം വിഷവിചാരങ്ങള്‍ കടന്നുചെല്ലുകയുമില്ല. നല്ല അയല്‍പക്ക ബന്ധങ്ങള്‍ക്കും ജാതി-മതചിന്തകള്‍ക്ക് അതീതമായ സൗഹൃദ കൂട്ടായ്മകള്‍ക്കും വേണ്ടി ഓരോരുത്തരും ശ്രമിച്ചാല്‍ നമ്മുടെ ഗ്രാമത്തില്‍ വിഷം കലക്കാന്‍ ഒരു വര്‍ഗീയ ശക്തിക്കും കഴിയില്ല.
സമൂഹത്തെ ഒന്നാകെ മാറ്റാന്‍ നമുക്ക് കഴിയില്ല. പക്ഷേ, നമ്മുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ നമുക്കേ പറ്റൂ. അയല്‍ക്കാരനെ കാണുമ്പോള്‍ ഒന്നു ശ്രദ്ധിക്കുക, ഒന്ന് ചിരിക്കുക, ‘എന്തുണ്ട് വിശേഷം’ എന്നൊരു വാക്കെങ്കിലും ചോദിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top